22 December 2024, Sunday
KSFE Galaxy Chits Banner 2

പൊതുമേഖല വിറ്റിട്ടും നികുതി ഉയര്‍ത്തിയിട്ടും കടം കുതിക്കുന്നതെങ്ങനെ?

സി ആർ ജോസ്‌പ്രകാശ്
December 31, 2021 7:00 am

ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍, ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ 62 ശതമാനം ആകും എന്നാണ് കഴിഞ്ഞയാഴ്ച കേന്ദ്രധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞത്. ധനക്കമ്മിയും കടവും കുറയ്ക്കാന്‍, സ്വകാര്യവല്‍ക്കരണവും സബ്സിഡി കുറയ്ക്കലും ഒഴിവാക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ത്തന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റിസര്‍വ് ബാങ്കിന്റെയും ഐഎംഎഫിന്റേതുമായിരുന്നു അവ. രണ്ടിലും പറയുന്നത്, സാമ്പത്തികരംഗത്ത് ഇന്ത്യ കുതിച്ചുചാട്ടത്തിന്റെ വഴിയില്‍ എത്തിയിരിക്കുന്നു എന്നും ഈ സാമ്പത്തികവര്‍ഷം ജിഡിപി വളര്‍ച്ച 9.50 ശതമാനം കടക്കുമെന്നുമാണ്. രാജ്യത്തെ വളര്‍ച്ചയുടെ കണക്ക് കഴിഞ്ഞ 30 വര്‍ഷത്തിലധികമായി നാം സ്ഥിരമായി കേള്‍ക്കുന്നതാണ്. പക്ഷെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോഴാണ് ഈ അവകാശവാദങ്ങളിലെ പൊള്ളത്തരം മനസിലാകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും വിറ്റുകൊണ്ടിരിക്കുന്നു. ദേശീയപാതയും റയില്‍വേ സ്റ്റേഷനുകളും എയര്‍പോര്‍ട്ടുകളും സര്‍ക്കാരിന്റെ കെെവശമുള്ള ഭൂമിയും ഉള്‍പ്പെടെ വിറ്റഴിക്കുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി മൂന്നിരട്ടിയിലധികമാണ് മോഡി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സബ്സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ചികിത്സ, കൃഷി, തൊഴിലുറപ്പു പദ്ധതി തുടങ്ങി മിക്ക കാര്യങ്ങള്‍ക്കുമുള്ള ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തി. കേന്ദ്രസര്‍വീസില്‍ 7.21 ലക്ഷം തസ്തികകള്‍ നികത്താതെ ഇട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ കുറവ് വരുത്തിയിരിക്കുന്നു. ജിഎസ്‌ടി നഷ്ടപരിഹാര തുക പോലും യഥാസമയം നല്കുന്നില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുറച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കഴിഞ്ഞും, രാജ്യത്തിന്റെ ആഭ്യന്തര കടവും വിദേശകടവും കുതിച്ചുയരുന്നതിന്റെ യുക്തിയാണ് മനസിലാകാത്തത്. 2020–21 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റില്‍ പറഞ്ഞിരുന്നത്, 22.45 ലക്ഷം കോടി രൂപയുടെ വരവും 30.42 ലക്ഷം കോടി രൂപയുടെ ചെലവുമുണ്ടാകുമെന്നാണ്. ബജറ്റ് പ്രകാരം 5.36 ലക്ഷം കോടി രൂപയുടെ കമ്മി മാത്രമേ ഉണ്ടാകു. എന്നാല്‍ നവംബര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കമ്മി 11 ലക്ഷം കോടി കടന്നു. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഇത്, 18.21 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെയാകെ വില്പനക്ക് വച്ചിട്ടും ജനങ്ങളുടെ ദുരിതം ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചെെന ഉള്‍പ്പെടെ ഇന്ത്യക്ക് ചുറ്റുമുള്ള ഒരു രാജ്യത്തും ഇങ്ങനെ സംഭവിക്കുന്നില്ല. റിസര്‍വ് ബാങ്കിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, 2022–23 സാമ്പത്തികവര്‍ഷത്തില്‍ പൊതുവിപണിയില്‍ നിന്ന് 20 ലക്ഷം കോടി രൂപ കൂടി കടമെടുക്കേണ്ടിവരുമെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ 2.10 ലക്ഷം കോടി രൂപ ഈ വര്‍ഷം ഖജനാവിലെത്തുമെന്നാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. അതിന്റെ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. പാസഞ്ചര്‍ ട്രെയിനുകള്‍, വാതക പെെപ്പ് ലെെന്‍, തുറമുഖങ്ങള്‍, കല്‍ക്കരിഖനികള്‍, സ്റ്റേഡിയങ്ങള്‍ മുതലായവയുടെ വില്പനയിലൂടെ ആറ് ലക്ഷം കോടി രൂപ നാല് വര്‍ഷംകൊണ്ട് സമാഹരിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ബജറ്റിന് പുറത്തായിരുന്നു ഈ പ്രഖ്യാപനം. 1980 വരെ രാജ്യത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് 3.6 ശതമാനം ആയിരുന്നു. സാമ്പത്തിക പരിഷ്കാര നടപടികള്‍ക്കുശേഷം വളര്‍ച്ചാനിരക്കില്‍ വര്‍ധനവുണ്ടായി എന്നത് വസ്തുതയാണ്. 1990–2010 കാലഘട്ടത്തെ ശരാശരി വളര്‍ച്ചാനിരക്ക് 7.6 ശതമാനം ആയിരുന്നു. 2010ന് ശേഷം ഇത് 11 ശതമാനം വരെ ഉയര്‍ന്ന സന്ദര്‍ഭവും ഉണ്ട്. ഒരു രാജ്യത്തിന്റെ സമ്പദ്‌ഘടന വളരുന്നത്, ആ രാജ്യത്തിനും ലോകത്തിനുതന്നെയും ഗുണകരമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ അതിന്റെ നേട്ടം ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കണം എന്നു മാത്രം. പക്ഷെ ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് ദുഃഖകരമായ സംഗതി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ വര്‍ഷവും വളര്‍ച്ചാനിരക്ക് താഴേക്ക് വരികയായിരുന്നു. നോട്ടുനിരോധനവും ജിഎസ്‌ടി പരിഷ്കാരവും ഇതില്‍ വലിയ പങ്ക് വഹിച്ചു. കോവിഡ് കാലഘട്ടത്തിനു മുന്‍പുതന്നെ വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. 2019–20 കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന 7.31 ശതമാനം ചുരുങ്ങിയിരുന്നു എന്ന് കേന്ദ്ര സര്‍ക്കാരിനുതന്നെ സമ്മതിക്കേണ്ടിവന്നു. 2018–19 ല്‍ ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ മൂല്യം 145 ലക്ഷം കോടിയായിരുന്നത്, 2019–20ല്‍ 134.62 ലക്ഷം കോടിയായി കുറഞ്ഞു. അഞ്ച് വര്‍ഷംകൊണ്ട് സമ്പദ്ഘടനയുടെ മൂല്യം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വളര്‍ച്ചാനിരക്ക് സ്ഥിരമായി രണ്ടക്കത്തിന് മുകളില്‍ നിര്‍ത്തിയില്ലെങ്കില്‍ ഇത് സാധ്യമാകില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടി രൂപയാണ്. ഇതില്‍ 10.72 ലക്ഷം കോടിയും എഴുതിത്തള്ളിയത് മോഡി സര്‍ക്കാരിന്റെ കാലത്താണ്.


ഇതുകൂടി വായിക്കാം; അപകടത്തിലാകുന്ന ജനാധിപത്യം 


എഴുതിത്തള്ളിയ തുകയുടെ 74.62 ശതമാനം തുകയും പൊതുമേഖലാ ബാങ്കുകളുടേതാണ്. 2019–20 ല്‍ 2.34 ലക്ഷം കോടിയും 18–19ല്‍ 2.36 ലക്ഷം കോടിയും 17–18ല്‍ 1.61 ലക്ഷം കോടിയും 16–17ല്‍ 1.08 ലക്ഷം കോടിയും എഴുതിത്തള്ളി. ഇതിന്റെ ഫലമായി ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കില്‍ എത്തിയപ്പോള്‍, ജനങ്ങളുടെ നികുതിപ്പണമെടുത്ത് ബാങ്കുകളെ നിലനിര്‍ത്താന്‍ ചെലവഴിക്കേണ്ട അവസ്ഥ വന്നു. നടപ്പു ബജറ്റില്‍ അതിനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനം ആയിരുന്നത്, 22 ശതമാനമായി വെട്ടിക്കുറച്ചതിലൂടെ 1.45 ലക്ഷം കോടി രൂപ വരുമാനത്തില്‍ കുറയും. ഇത് രണ്ട് ലക്ഷം കോടി കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് ജിഎസ്‌ടി പരിഷ്കാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉദ്ദേശിച്ചവിധം ഫലപ്രദമാകാതെ പോയത്. ഒരുമാസം 1.31 ലക്ഷം കോടി രൂപ ജിഎസ്‌ടിയിലൂടെ ലഭിക്കുന്നത് വലിയ നേട്ടമായാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒരുമാസം രണ്ട് ലക്ഷം കോടിയിലധികം രൂപ ഈ വഴിയിലൂടെ പിരിച്ചെടുക്കാന്‍ കഴിയുമെന്നതാണ് വസ്തുത. എങ്കില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചേരുമായിരുന്നില്ല. ഇന്ത്യയുടെ ഓരോ വര്‍ഷത്തെയും ചെലവില്‍ ശരാശരി 13 ശതമാനം വര്‍ധനവുണ്ടാകുന്നു. വരവിലും ഇതേ ക്രമത്തില്‍ വര്‍ധനവുണ്ടാകുന്നില്ലെങ്കില്‍ കടം കുതിച്ചുയരും. ജിഎസ്‌ടി നടപ്പിലാക്കുമ്പോള്‍ ഓരോ വര്‍ഷവും വരവില്‍ 17 ശതമാനം വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിന്റെ പകുതി വര്‍ധനവ് പോലും ഉണ്ടാകുന്നില്ല എന്നതാണവസ്ഥ. സംസ്ഥാനങ്ങള്‍ നികുതിവരുമാനത്തിന്റെ 51.82 ശതമാനം വരുന്ന വിഭവങ്ങള്‍ ജിഎസ്‌ടിയിലേക്കു മാറ്റിയപ്പോള്‍, കേന്ദ്രം കെെവിട്ടത് 28.81 ശതമാനം മാത്രമായിരുന്നു എന്നതും ഓര്‍ക്കണം. വിദ്യാഭ്യാസം, ചികിത്സ, ഭൂമിവിതരണം, പൊതുവിതരണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇവയുടെയെല്ലാം ചുമതലകള്‍ സംസ്ഥാനങ്ങള്‍ക്കാണ്. സംസ്ഥാനങ്ങളില്‍ നടക്കുന്ന ശരാശരി മൂലധന നിക്ഷേപത്തിന്റെ 73 ശതമാനം നിര്‍വഹിക്കുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ്. സത്യത്തില്‍ ഭരണഘടനയില്‍ പറയുന്ന ഫെഡറല്‍ തത്വങ്ങള്‍ക്കെതിരെ, വലിയ സമ്പത്തുകേന്ദ്രീകരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സഹകരണമേഖലയില്‍ അടക്കം കേന്ദ്രത്തിന്റെ കടന്നുകയറ്റം തുടരുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ കടം വാങ്ങുന്നതിനുപോലും കര്‍ശനമായ നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെ ബജറ്റ് കണക്കുപ്രകാരം കേന്ദ്രത്തിന്റെ കടം 87.97 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 100 ലക്ഷം കോടി കടക്കുമെന്ന കാര്യം ഉറപ്പാണ്. രാജ്യത്തെ മൊത്തം വരവിന്റെ 19 ശതമാനം ചെലവഴിക്കുന്നത് പലിശ നല്കാന്‍ മാത്രമാണ് എന്നതും കാണേണ്ടതുണ്ട്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്, ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയുടെയും കടക്കെടുതിയുടെയും ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും ശിശുമരണത്തിന്റെയും തൊഴിലില്ലായ്മയുടെയും എല്ലാം മുഖ്യകാരണം കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യനെ മറന്നുള്ള സാമ്പത്തികനയങ്ങളാണ് എന്നാണ്. നോട്ടുനിരോധനം, ജിഎസ്‌ടി പരിഷ്കാരം, കോര്‍പറേറ്റ് ടാക്സ് കുറക്കല്‍, വന്‍കിടക്കാരുടെ കടം എഴുതിത്തള്ളല്‍, സബ്സിഡി വെട്ടികുറയ്ക്കല്‍, പദ്ധതി ചെലവുകള്‍ ചുരുക്കല്‍, സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയവയെല്ലാം ആത്യന്തികമായി സഹായകരമായി മാറുന്നത് കോര്‍പറേറ്റുകള്‍ക്കുതന്നെയാണ്. പൊതുമേഖലയുടെ വിറ്റഴിക്കല്‍ അവര്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ വരുമാനത്തില്‍ കോവിഡുകാലത്ത് വന്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ കോര്‍പറേറ്റുകളുടെ വരുമാനത്തില്‍ ശരാശരി 36 ശതമാനം വര്‍ധനവുണ്ടായത്. കേന്ദ്രത്തില്‍ പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും പ്രതിലോമകരമായ ബജറ്റായിരിക്കും ഇത് എന്നാണ് സൂചന. രാജ്യത്തെ ജനങ്ങളെ വിശേഷിച്ച് തൊഴിലാളികളെ വിസ്മരിച്ചുള്ള ബജറ്റായിരിക്കും ഇത്. ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്തുക എന്നത് വര്‍ഷങ്ങളായുള്ള കീഴ്‌വഴക്കമാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നേരിടുന്ന ഗുരുതരമായ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു ഉള്‍പ്പെടെയുള്ള ഒന്‍പത് സംഘടനകള്‍ സര്‍ക്കാരിന് വിശദമായ നിവേദനം നല്കി. ഡിസംബര്‍ 18ന് അവരെ പ്രീ-ബജറ്റ് ചര്‍ച്ചക്ക് വിളിച്ചു. പക്ഷെ ഒരു സംഘടനക്ക് അനുവദിച്ചത് മൂന്ന് മിനിറ്റ് മാത്രം! മോഡി സര്‍ക്കാരിന്റെ നയം വ്യക്തമാണ്. വന്നതിനേക്കാള്‍ കൂടുതല്‍ വരാനിരിക്കുന്നു എന്നതാണവസ്ഥ. അതിന്റെ വിളംബരമായി 2022–23 സാമ്പത്തികവര്‍ഷത്തെ ബജറ്റ് മാറാനാണ് സാധ്യത. രാജ്യം കരുതിയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.