
14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്പിവി വാക്സിനേഷൻ പദ്ധതി സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
ദേശീയ വാക്സിനേഷൻ കാമ്പയിനിന്റെ ഭാഗമായാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിക്കും. കോർപറേഷൻ മേയർ വി വി രാജേഷ് അധ്യക്ഷത വഹിക്കും.
14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും മൂന്ന് മാസത്തിനകം ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസ് പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്സിൻ നൽകും. ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്പിവി വാക്സിൻ നൽകും.
വാക്സിൻ ലഭിക്കുന്നതിന് യു — ഡബ്ല്യുവിന്‍ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. https: //uwin. mohfw. gov. in/home എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ സമീപിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.