15 November 2024, Friday
KSFE Galaxy Chits Banner 2

കപട സന്ന്യാസിമാര്‍ അറിയണം ആദിത്യനാഥിന്റെ യുപിയല്ല കേരളം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
February 18, 2022 7:00 am

“ഭാരതമെന്നു കേട്ടാല്‍
അഭിമാനപൂരിതമാകണമന്തഃരംഗം
കേരളമെന്നുകേട്ടാലോ, തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍”
മലയാളത്തിന്റെ ശബ്ദമാധുര്യമായ മഹാകവി വള്ളത്തോള്‍ സ്വാതന്ത്ര്യസമര നാളുകളില്‍ എഴുതിയ ദേശാഭിമാന പ്രചോദിതവും ഉല്‍ഫുല്ലവുമായ വരികളാണിത്. അഖണ്ഡ ഭാരതവും മതനിരപേക്ഷ ഇന്ത്യയും ഈ വരികളെ ഇന്നും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. ഭാരതത്തെ അന്തഃരംഗത്തില്‍ അഭിമാനപൂര്‍വം ചേര്‍ത്തുവയ്ക്കുന്നു. കേരളത്തെ തിളയ്ക്കുന്ന ചോരയാല്‍ ഞരമ്പുകളില്‍ വിപ്ലവമണ്ണായി ഭാരതീയര്‍ കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. ദേശാഭിമാനബോധത്തിന്റെയും അഖണ്ഡഭാരതൈക്യബോധത്തിന്റെയും ഉജ്ജ്വല കാവ്യസന്ദേശമാണ് വള്ളത്തോള്‍ മുന്നോട്ടുവച്ചത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വാക്‌ഭടാനന്ദനും വിഷ്ണു ഭാരതീയനും വൈകുണ്ഠസ്വാമികളും പി കൃഷ്ണപിള്ളയും കെ കേളപ്പനുമടക്കമുള്ളവരുടെ ആദര്‍ശനിഷ്ഠതയിലധിഷ്ഠിതമായ മണ്ണാണ് നവോത്ഥാന കേരളം. ആ കേരളത്തെയാണ് വംശവിദ്വേഷ തന്ത്രങ്ങളുമായി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രി ആദിത്യനാഥ് അധിക്ഷേപിക്കുന്നത്.
സൂക്ഷിച്ച്, കരുതലോടെ വോട്ടു ചെയ്തില്ലെങ്കി­ല്‍ യുപി കേരളമോ ബംഗാളോ കശ്മീരോ ആയി മാറിപ്പോകുമെന്ന് പലയാവര്‍ത്തി പ്രഖ്യാപിക്കുന്നു. യുപി കേരളമായി മാറിയാല്‍ അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ സുരക്ഷിതത്വത്തിലേക്കും സുഭിക്ഷതയിലേക്കും ആനയിക്കപ്പെടും. പ്രാണശ്വാസം കിട്ടാതെ, ഓക്സിജന്‍ ലഭ്യമാകാതെ മരണപ്പെടുന്ന പിഞ്ചുകുഞ്ഞു­ങ്ങളുടെയും മാതാക്കളുടെയും ദുരന്തഭൂമിയല്ല കേരളം. ആദിത്യനാഥിന്റെ സ്വന്തം ആശ്രമം നിലകൊള്ളുന്ന ഗോരഖ്പുരില്‍ പ്രാണവായു കിട്ടാതെ മരണം വരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണമെത്ര? ആ പിഞ്ചു ജീവിതങ്ങള്‍ക്ക് ആര് മറുപടി പറയും?
നിതി ആയോഗിന്റെ പഠന റിപ്പോര്‍ട്ടില്‍ വികസനത്തിലും വിശപ്പകറ്റലിലും ഒന്നാം സ്ഥാനത്താണ് കേരളം. ഏറ്റവും പിന്നിലാണ് ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. ക്രൈം റിക്കോഡ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് കുറ്റകൃത്യങ്ങളിലാണ് ഒന്നാം സ്ഥാനത്ത്. ഉന്നാവയെയും ഹത്രാസിനെയും മറക്കുവാനാവുമോ ഇന്ത്യന്‍ മനഃസാക്ഷിക്ക്? ഉന്നാവയില്‍ കരളും ആമാശയവും അറുത്തുമാറ്റിയ; കപട സന്ന്യാസിയുടെ ഉപദേശ പ്രകാരം ദമ്പതികള്‍ക്ക് കരള്‍ സമ്മാനിച്ച, 1500 രൂപ പ്രതിഫലം നല്കിയ ഹൃദയശൂന്യര്‍ ആരുടെ പക്ഷത്ത്? ഹത്രാസിലെ പെണ്‍കുട്ടിയുടെ ദീനരോദനം ആര് കേള്‍ക്കുന്നു. അധരാത്രിയുടെ മറവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ഭരണകൂടം മാതാപിതാക്കളെ പോലും അന്ത്യദര്‍ശനം അനുവദിക്കാതെ കത്തിച്ചുകളഞ്ഞതു കാഷായ വസ്ത്രധാരി ആദിത്യനാഥിന്റെ മണ്ണിലല്ലേ! ആ കലുഷിത കാഷായ യു പിയല്ല കേരളം. അതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ ആദിത്യനാഥും അദ്ദേഹത്തെ ഭയപ്പെടുന്നു. എന്നാല്‍ അത് വെളിപ്പെടുത്താന്‍ കഴിയാത്ത നിസംഗതയില്‍ കഴിയുന്ന അമിത് ഷായും നരേന്ദ്രമോഡിയും പഠിക്കണം. അപ്പോള്‍ കേരളം പോലെയല്ല യുപി എന്ന് വെളിച്ചമുള്ള പാഠം വെളിപ്പെടും.


ഇതുകൂടി വായിക്കാം;തൊഴിലില്ലായ്മ വളർച്ചയെ ആഴത്തിലാക്കുന്ന മോഡിയുടെ മാന്ത്രികവിദ്യ


 

ഇന്ത്യ അരക്ഷിതാവസ്ഥയിലാണെന്നും വര്‍ഗീയ ഫാസിസ്റ്റുകള്‍ സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യയെ അടിയറവയ്ക്കുന്നുവെന്നും അടുത്തിടെ പറഞ്ഞത് ലോക പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്നാണ്. ഇന്ത്യ ആള്‍ക്കൂട്ട ആക്രമണ രാഷ്ട്രമായി മാറി എന്ന് ഹൃദയവ്യഥയോടെ വിലപിച്ചത് ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയിയാണ്. ‘ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറുകഷ്ണങ്ങളായി വിഭജിക്കുവാന്‍ കഴിഞ്ഞേക്കും. പക്ഷേ, ഇന്ത്യന്‍ ജനത നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ഫാസിസ്റ്റ് തന്ത്രങ്ങളെ ചെറുത്തു തോല്പിക്കും… ഇപ്പോള്‍ ഇന്ത്യ അകപ്പെട്ടിരിക്കുന്ന ഇരുണ്ട തുരങ്കത്തില്‍ നിന്ന് രാഷ്ട്രം പുറത്തുവരും” എന്ന പ്രത്യാശയും അരുന്ധതിറോയി മുന്നോട്ടുവയ്ക്കുന്നു. അമര്‍ത്യാസെന്നും അരുന്ധതി റോയിയുമെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷ ബോധത്തിന്റെയും അലയൊടുങ്ങാത്ത ശബ്ദമാണ്.
അയോധ്യക്കു പിന്നാലെ മഥുരയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിക്കുവാനിറങ്ങുന്നവര്‍ ചരിത്ര പുസ്തകങ്ങള്‍ ആവര്‍ത്തിച്ച് വായിക്കണം. ആഗ്രയിലെയും ഫത്തേപ്പൂര്‍ സിക്രിയിലെയും ഐതിമദ് ഉദ് ദൗളയുടെയുമൊക്കെ ചരിത്രം വായിച്ചെടുക്കണം. മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ ജീവിതം കൂടി വായിക്കണം. ആഗ്രാഫോര്‍ട്ടിന്റെ ചരിത്ര പാഠങ്ങള്‍കൂടി വായിച്ചാല്‍ ആദിത്യനാഥിന് ഇ­ന്ത്യ­ന്‍ ചരിത്രം ബോധ്യപ്പെടും. സതീഷ് ചന്ദ്രയുടെ ‘മധ്യകാല ഇന്ത്യ’ എന്ന പുസ്തകം വായിച്ചാ­ല്‍ യഥാര്‍ത്ഥ ഇന്ത്യയുടെ ചരിത്രവും പഠിക്കാം.
‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ഗ്രന്ഥത്തില്‍ ലാരികോളിന്‍സും ഡൊമിനിക് ലാപ്പിയറും ഇങ്ങനെ എഴുതി’ “ഏതു വെളിച്ചത്തിന്റെ തിരോധാനത്തെ കുറിച്ചാണോ നെഹ്രു വിലപിച്ചത് ആ വെളിച്ചം ഇന്ത്യക്കെന്നതുപോലെ ലോകത്തിനും അവകാശപ്പെട്ടതായിരുന്നു”. ആ പുലര്‍കാല വെളിച്ചത്തെയാണ് ആദിത്യനാഥുമാര്‍ കെടുത്തിക്കളയുന്നത്.
കേരളം സൂര്യശോഭയോടെ പ്രസരിക്കുമ്പോള്‍ കശ്മീരിനെ വിഭജിച്ചവര്‍ സമുന്നതമായ ശിരസിനെ കുറിച്ചോര്‍മ്മിപ്പിച്ച ടാഗൂറിന്റെ ബംഗാളിനെ അപഹസിക്കുന്ന കൂട്ടര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടും. ഇത് ചരിത്രസത്യം. ഗുജറാത്തില്‍ പ്രസംഗമത്സര വിഷയം ‘ഗോഡ്സെ എന്ന മാതൃക’ എന്നാണ്. ഗാന്ധിജിയെ ഇകഴ്ത്തി, ഗോഡ്സയെ പുകഴ്ത്തി പ്രഭാഷണം നടത്തിയ വിദ്യാര്‍ത്ഥിനി ജേതാവാകുകയും ചെയ്തു. ഇതാണ് മോഡിയുടെയും അമിത് ഷായുടെയും വര്‍ത്തമാനകാല ഇന്ത്യ. ഇവരെ ചവറ്റുകുട്ടയില്‍ മതനിരപേക്ഷ ഇന്ത്യ, നാനാത്വത്തില്‍ ഏകത്വത്തെ മാറോടണച്ചുപിടിക്കുന്ന, സാംസ്കാരിക പൈതൃകമുള്ള ഇന്ത്യ എങ്ങനെ വലിച്ചെറിയാതിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.