
രണ്ട് വര്‍ഷമായി രാജ്യത്തെ ഐഐടികളും ഐഐഎമ്മുകളും നടത്തിയ അധ്യാപക നിയമനങ്ങളില്‍ എസ‍്സി-എസ‍്ടി വിഭാഗങ്ങളില്‍ നിന്ന് 10 ശതമാനമേ ഉള്ളുവെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റി നിയമനത്തിന് മിഷന്‍ മോഡ് റിക്രൂട്ട്മെന്റ് ആരംഭിച്ച ശേഷമാണിത്. 2022 സെപ്റ്റംബര്‍ മുതല്‍ ഐഐടികളും ഐഐഎമ്മുകളും എസ‍്സി, എസ‍്ടി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്താന്‍ റിക്രൂട്ട്മെന്റ് യജ്ഞം നടത്തിയെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജൂംദാറാണ് അറിയിച്ചത്. 2024 ഡിസംബര്‍ 23 വരെ നടത്തിയ 3,027 നിയമനങ്ങളില്‍ 328 പട്ടികജാതിക്കാരും 52 ഗോത്രവര്‍ഗക്കാരും ഉള്‍പ്പെടുന്നു.
കേന്ദ്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (സിഎച്ച്ഇഐ) അധ്യാപക കേഡര്‍ സംവരണ നിയമം 2021 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ‍്തിരുന്നു. പട്ടികജാതി, പട്ടികവര്‍ഗം, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവരുടെ നിയമനങ്ങളില്‍ സംവരണം നല്‍കുന്നതിനാണ് വിജ്ഞാപനം നടത്തിയത്. ഇതേ മാസം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ സിഎച്ച്ഇഐകളോടും ഒഴിവുകള്‍ നികത്താന്‍ പ്രത്യേക യജ്ഞം സംഘടിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 2024 ഓഗസ്റ്റ് 23 വരെ 15,637 ഫാക്കല്‍റ്റികള്‍ ഉള്‍പ്പെടെ 26,751 തസ്തികകള്‍ നികത്തി. ഇതില്‍ ഐഐടികളും ഐഐഎമ്മുകളുംആകെ 7,239 ഒഴിവുകളാണ് നികത്തിയത്. അതില്‍ 3,027 എണ്ണം അധ്യാപക തസ്തികകളാണ്.
രണ്ട് ഐഐടികളിലും മൂന്ന് ഐഐഎമ്മുകളിലും 90 ശതമാനത്തിലധികം അധ്യാപക തസ്തികകള്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്ന വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. ആറ് ഐഐടികളിലും നാല് ഐഐഎമ്മുകളിലും ഈ കണക്ക് 80–90 ശതമാനമാണ്. കേന്ദ്ര നിയമമനുസരിച്ച് ഐഐടികളും ഐഐഎമ്മുകളും ഉള്‍പ്പെടെ മിക്കവാറും എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫാക്കല്‍റ്റി തസ്തികകളില് 27 ശതമാനം പിന്നാക്കക്കാര്‍ക്കും 15 ശതമാനം പട്ടികജാതിക്കാര്‍ക്കും 7.5 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ‍്തിട്ടുണ്ട്.
ഡല്‍ഹി എയിംസ് 2018–19ല്‍ 172 ഫാക്കല്‍റ്റി തസ‍്തികകളില്‍ 12 ശതമാനത്തിലധികം പേരെ എസ‍്സി-എസ‍്ടി വിഭാഗങ്ങളില്‍ നിന്നാണ് നിയമിച്ചത്. 2021–22ല്‍ 270 ഫാക്കല്‍റ്റി തസ്തികകളില് 14 ശതമാനം ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.