ധനസഹായം സംബന്ധിച്ച് അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) ശ്രീലങ്കയുമായി ഉദ്യോഗസ്ഥതല കരാറിലെത്തി. 2.9 ബില്യണ്‍ ഡോളറിന്റെ വായ്പക്കാണ് ധാരണയായത്. നാല് വര്‍ഷത്തിനുള്ളില്‍ പണം നല്‍കുന്ന രീതിയിലാണ് പ്രാഥമിക തലത്തില്‍ ധാരണയായതെന്നാണ് നാണയനിധി പ്രസ്താവനയില്‍ അറിയിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് വായ്പയുടെ ലക്ഷ്യമെന്നും ഐഎംഎഫ് അറിയിച്ചു. ഉദ്യോഗസ്ഥതല കരാര്‍ ഒരു നീണ്ട പാതയുടെ തുടക്കം മാത്രമാണ്. ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരംഭിച്ച സാമ്പത്തിക പരിഷ്കരണ പ്രകിയകള്‍ നിശ്ചയദാര്‍ഢ്യത്തോടെ തുടരണമെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥന്‍ പീറ്റര്‍ ബ്രൂയര്‍ പറഞ്ഞു.
ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക അവസ്ഥ, അടിയന്തിരമായി സമ്പത്ത് വഴിതിരിച്ചുവിടേണ്ട മേഖലകൾ, സുതാര്യമായ ഓഡിറ്റിങ് അടക്കം ഐഎംഎഫ് പരിശോധിക്കും. ഇരു മേഖലയിലേയും സാമ്പത്തിക വിദഗ്ധരാണ് യോഗത്തിലുണ്ടായിരുന്നത്. ശ്രീലങ്കയുടെ സമഗ്രമായ സാമ്പത്തിക സുസ്ഥിര വികസനത്തിനാണ് പണം നൽകുന്നത്. അന്താരാഷ്‌ട്ര തലത്തിലെ സാമ്പത്തിക മാർഗരേഖകളനുസരിച്ച് നീങ്ങാൻ ശ്രീലങ്കയ്‌ക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.
നികുതി പരിഷ്കരണം, സർക്കാർ വരുമാനം ഉയർത്തല്‍, ഇന്ധനത്തിനും വൈദ്യുതിക്കും പുതിയ വിലനിർണയം അവതരിപ്പിക്കുക, കേന്ദ്ര ബാങ്ക് സ്വയംഭരണാധികാരം ഉയർത്തുക, വിദേശ കരുതൽ ശേഖരം പുനർനിർമ്മിക്കുക എന്നീ വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുന്നു.
ധനസഹായം ലഭ്യമാകുന്നതിന് രാജ്യത്തിന്റെ പൊതുകടം ക്രമീകരിക്കണമെന്ന് ഐഎംഎഫ് നിര്‍ദ്ദേശിച്ചിരുന്നു. ഇതു പ്രകാരം വായ്പ പുനഃക്രമീകരണത്തിനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉപദേശകരെ നിയോഗിച്ചു. ഏകദേശം 30 ബില്യൺ ഡോളർ പൊതുകടം ശ്രീലങ്കയ്ക്ക് പുനഃക്രമീകരിക്കേണ്ടതുണ്ട്. ഐഎംഎഫിന് ശ്രീലങ്കയുടെ ഔദ്യോഗിക കടക്കാരിൽ നിന്ന് ഫിനാൻസിങ് അഷ്വറൻസ് ലഭിക്കണം. വായ്പക്കാർ ഉറപ്പ് നൽകാൻ തയ്യാറായില്ലെങ്കിൽ, അത് ശ്രീലങ്കയുടെ പ്രതിസന്ധിയെ ആഴത്തിലാക്കുകയും തിരിച്ചടവ് ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും ബ്രൂവർ വ്യക്തമാക്കി.
എന്നാല്‍ കടബാധ്യതയുള്ള രാജ്യങ്ങള്‍ സഹകരിക്കാന്‍ തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും ഉൾപ്പെടെയുടെ വിദേശ കടക്കാരുമായി ചർച്ചകൾക്ക് നേതൃത്വം നൽകാമെന്ന് ജപ്പാൻ വാഗ്‍ദാനം നല്‍കിയിരുന്നു. ബെല്‍റ്റ് ആന്റ് റോഡ് സംരംഭത്തിന്റെ ഭാഗമായി ചെെന ശ്രീലങ്കയില്‍ നിക്ഷേപം നടത്തിയിരുന്നു. ധനമന്ത്രി കൂടിയായ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഐഎംഎഫ് ധനസഹായം ലക്ഷ്യമിട്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. 2022 ലെ ശ്രീലങ്കയുടെ വ്യാപാര കമ്മി, മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 9.8 ശതമാനമായി ബജറ്റില്‍ പരിഷ്കരിച്ചു. മൂല്യവർധിത നികുതികളിലെ വർധനവ് ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചിരുന്നു.
English Summary:IMF financing for Sri Lanka
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.