27 December 2024, Friday
KSFE Galaxy Chits Banner 2

വേണ്ടത് സമഗ്രമായ ഇന്ത്യൻ കുടിയേറ്റ നിയമം

Janayugom Webdesk
September 15, 2023 4:45 am

2022ജൂലൈയില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് ഒരു പുതിയ കുടിയേറ്റനിയമം അവതരിപ്പിക്കുമെന്ന് രാജ്യസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയില്ല. 2019ൽ ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ച ഘട്ടത്തിൽത്തന്നെ ഗവേഷകരും പ്രവാസി സംഘടനകളും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരും ശക്തമായ കുടിയേറ്റ നിയമമായിരിക്കണം അവതരിപ്പിക്കപ്പെടേണ്ടത് എന്ന ആവശ്യം ഉന്നയിച്ചിരുന്നു. 2019ലെ ബില്ലിന്റെ കരട് ലക്ഷ്യംവയ്ക്കുന്നത് 1983 ലെ എമിഗ്രേഷൻ ആക്ട് പരിഷ്കരിക്കാനാണ്. കുടിയേറ്റ ഒഴുക്കുകളെ നിയന്ത്രിക്കാൻ അനേകം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും 1983ലെ കാലഹരണപ്പെട്ട നിയമം തന്നെയാണ് സർക്കാർ ഇന്നും പിന്തുടരുന്നത്. രാജ്യത്ത് നിന്ന് വിവിധ ആവശ്യങ്ങൾക്കായി കുടിയേറുന്നവരുടെ എമിഗ്രേഷൻ പ്രക്രിയ സുതാര്യവും നിയമാനുസൃതവും ചിട്ടയുള്ളതുമാണെന്ന് ഉറപ്പ് വരുത്തുകയും അതുവഴി കുടിയേറുന്ന രാജ്യങ്ങളിൽ അവരുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കുന്നതുമായിരിക്കണം പുതിയ നിയമത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും. 1983ലെ നിയമപ്രകാരം കേന്ദ്രസർക്കാർ പ്രത്യേകമായി വിളംബരപ്പെടുത്തിയ 18 രാജ്യങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാരെ രണ്ടായി വേർതിരിക്കും. മെട്രിക്കുലേഷൻ പാസാകാത്തവർ (പിന്നീട് ഇത് സെക്കന്‍ഡറി വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർ എന്നതിലേക്ക് ഭേദഗതി ചെയ്തു) ഇസിആർ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വേഡ്) എന്ന വിഭാഗത്തിൽ ക്രമീകരിക്കപ്പെടും; സെക്കന്‍ഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഇസിഎൻആർ (എമിഗ്രേഷന്‍ ക്ലിയറന്‍സ് നോട്ട് റിക്വേ‍ഡ്) എന്ന വിഭാഗത്തിലും. ആദ്യ വിഭാഗമായ ഇസിആറിൽ ഉൾപ്പെടുന്നവർക്ക് പ്രസ്തുത 18 രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ പ്രോക്ടർ ജനറൽ ഓഫ് എമിഗ്രൻസിന്റെ ക്ലിയറൻസ് ആവശ്യമാണ്. എന്നാൽ ഇസിഎൻആർ പാസ്പോർട്ട് ഉള്ളവർക്ക് ക്ലിയറൻസ് ഇല്ലാതെ തന്നെ പോകാം. ഇതുകൂടാതെ മൂന്നാമതൊരു വിഭാഗത്തെ കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്. അത് പഠന വിസയിൽ പോയി അതാത് രാജ്യങ്ങളിൽ ജോലി കണ്ടെത്തേണ്ടി വരുന്ന വിദ്യാർത്ഥികളെയാണ്.

ഇന്ത്യയുടെ കുടിയേറ്റ നിയമങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1834ൽ കരാർ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ (ഇന്‍ഡന്റേഡ് വര്‍ക്കേഴ്സ്) വിവിധ തൊഴിലുകൾക്കായി മൗറീഷ്യസിലേക്കും തുടർന്ന് മറ്റുരാജ്യങ്ങളിലേക്കും കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ്. ചൂഷണങ്ങൾ ഒഴിവാക്കാൻ വേണ്ടി അന്നത്തെ കൊളോണിയൽ ഭരണം 1837ൽ ആദ്യ എമിഗ്രേഷൻ ആക്ട് നടപ്പിലാക്കി. പിന്നീട് 1842ൽ ഒരു നിയമ നിർമ്മാണം കൂടിയുണ്ടായി. ഈ നിയമപ്രകാരം തൊഴിൽ ആവശ്യങ്ങൾക്കായി മനുഷ്യരെ കരാർ അടിസ്ഥാനത്തിൽ കൊണ്ടുപോകുന്ന കപ്പലുകൾ വരുന്ന തുറമുഖങ്ങളിൽ ഒരു എമിഗ്രേഷൻ ഏജന്റിനെ നിയമിക്കണം. ഈ നിയമം 1864ൽ ഭേദഗതിക്ക് വിധേയമാവുകയും എമിഗ്രേഷന്‍ ആക്ട് 12 നിലവിൽ വരികയും ചെയ്തു. 1882ലെ എമിഗ്രേഷന്‍ ആക്ട് 17 അവതരിപ്പിക്കപ്പെട്ടപ്പോഴാണ് ഒരു സമഗ്രമായ കുടിയേറ്റ നിയമം സംജാതമായത്. 1916ൽ കരാർ അടിസ്ഥാനത്തിലുള്ള കുടിയേറ്റങ്ങൾ നിരോധിക്കപ്പെട്ട ശേഷം കുടിയേറ്റ നിയമങ്ങളിൽ ഒരു പരിഷ്കാരം സംഭവിക്കുന്നത് 1922ലാണ്. ഈ നിയമം തന്നെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറെക്കാലം ഉണ്ടായിരുന്നത്. കോളനിപൂർവ ഇന്ത്യയുടെ ആദ്യനാളുകളിൽ എമിഗ്രേഷൻ നിയമങ്ങൾക്കോ പ്രവാസി/ കുടിയേറ്റക്കാർക്കോ യാതൊരു പ്രാധാന്യവും ലഭിച്ചിരുന്നില്ല. എന്നാൽ എഴുപതുകളിൽ ജിസിസി രാജ്യങ്ങളിലേക്ക് സംഭവിച്ച കുടിയേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വളരെയേറെ ചൂഷണങ്ങളും തട്ടിപ്പുകളും ഉണ്ടാകുകയും ഒടുവിൽ 1979ലെ പ്രമാദമായ കാംഗയും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള കേസിൽ സുപ്രീം കോടതി നൽകിയ വിധിപ്രസ്താവനയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ ആക്ട് 1983ന്റെ നിയമ നിർമ്മാണം നടക്കുകയുമായിരുന്നു. ഈ നിയമത്തിന്റെ പ്രധാന പോരായ്മ പല രാജ്യങ്ങളിലും ഇന്ത്യൻ പൗരന്മാർ നേരിടുന്ന ചൂഷണങ്ങളെ തടയാൻ കഴിയാത്തതാണ്. അധികം കേസുകളിലും അന്താരാഷ്ട്ര അതിർത്തികൾ കടന്നുചെല്ലാൻ കഴിയാത്തവിധം ദുർബലമാണ് നമ്മൾ ഇപ്പോൾ പിന്തുടരുന്ന ഈ നിയമം. കുടിയേറ്റക്കാരുടെ ക്ഷേമകാര്യങ്ങൾ ഉറപ്പാക്കുന്നതിനെക്കാൾ കുടിയേറ്റങ്ങളെ നിയന്ത്രിക്കുന്നതിലാണ് അത് ശ്രദ്ധ നൽകുന്നത്.


ഇതുകൂടി വായിക്കൂ: തൊഴിലാളികളും ആധുനിക അടിമത്തവും


2019ൽ കേന്ദ്രസർക്കാർ ഇറക്കിയ എമിഗ്രേഷൻ ബില്ലിന്റെ കരട് രേഖയിലും ഒരു മനുഷ്യത്വ കേന്ദ്രീകൃത സമീപനം പ്രകടമല്ലെന്നു മാത്രമല്ല നിലവിലുള്ള നിയമത്തിലേതു‌പോലെ നിയന്ത്രണത്തിലാണ് ഊന്നൽ നൽകുന്നത്. സാമ്പത്തിക ആവശ്യങ്ങൾക്കായി കുടിയേറുന്നവർക്ക് മാത്രമാണ് കരടിൽ പ്രാധാന്യം നൽകുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോകുന്നവർ, പ്രവാസികളുടെ കുടുംബങ്ങൾ, ആശ്രിതർ തുടങ്ങിയ ഘടകങ്ങളെ ഒന്നും അഭിസംബോധന ചെയ്യുന്നില്ല. പ്രവാസികളുടെ കുടുംബം കുടിയേറ്റങ്ങളിൽ ഒരു പ്രധാന ഘടകമായി പരിഗണിക്കേണ്ടതാണ് എന്ന് ബോധ്യപ്പെട്ടത് കോവിഡ് കാലത്താണ്. പുതിയ ബില്ലിന്റെ കരട് പ്രകാരം ചില സ്റ്റാറ്റ്യൂട്ടറി ബോഡികൾ സ്ഥാപിച്ച് അവയെ ഉപയോഗപ്പെടുത്താനാണ് നിയമം ശ്രമിക്കുക. എന്നാൽ ഇവയുടെ പ്രവർത്തനസീമകൾ പരിമിതമാണ്. പഠനാവശ്യങ്ങൾക്കായി കുടിയേറുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെയോ സങ്കീർണതകളെയോ കൃത്യമായി അഭിസംബോധന ചെയ്യുന്നതിൽ കരട് ബില്ല് പരാജയമാണ്. വിവിധ വിഭാഗങ്ങളിലായി തരംതിരിക്കാവുന്ന കുടിയേറ്റങ്ങൾക്ക് അതിന്റെ വിഭിന്ന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ധാരാളം പ്രശ്നങ്ങളുണ്ട്. അതിനെയൊന്നും സമഗ്രമായി നേരിടാൻ കരട് ബില്ലിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം വൈവിധ്യമാര്‍ന്ന സമസ്യകളെ നേരിടാനാകാത്തവിധം ദുർബലമാണ് നിർദിഷ്ട ബിൽ എന്ന യാഥാർത്ഥ്യത്തെ തുറന്നുകാണിക്കുന്നു. കുടിയേറ്റക്കാർ അനുഭവിക്കുന്ന വലിയ ദുരിതങ്ങളിൽ ഒന്നാണ് വിസ തട്ടിപ്പും സുതാര്യമല്ലാത്ത റിക്രൂട്ടിങ് ഏജൻസികളും. വിദേശ രാജ്യങ്ങളിൽ വച്ച് അശ്രദ്ധ മൂലവും റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിൽപ്പെട്ടും കുഴപ്പത്തിലാകുന്ന ധാരാളം പ്രവാസികളുണ്ട്. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ വേണ്ട നടപടികൾ ഒന്നും തന്നെ 2019ലെ കരടിൽ നിഷ്കർഷിച്ചിട്ടില്ല. എമിഗ്രേഷൻ നിയമം ലംഘിക്കുന്ന സാഹചര്യത്തിൽ കുടിയേറ്റക്കാർക്ക് പിഴചുമത്താനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. എന്നാൽ റിക്രൂട്ടിങ് ഏജൻസികളിലെ ചതികളിൽ മനുഷ്യർ വീണുപോകാൻ സാധ്യതയുണ്ടെന്ന യാഥാർത്ഥ്യം മനസിലാക്കി ഈ വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. മുതിർന്ന രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തിൽ ഏജൻസികളെ എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏല്പിച്ച് പിന്മാറാനുള്ള സർക്കാരിന്റെ ശ്രമം അപ്രായോഗികവും അപകടകരവുമാണ്. ഇത്തരം ഒരു ബിൽ യാഥാർത്ഥ്യങ്ങളെ സ്പർശിക്കാത്ത, ചൂഷണങ്ങളെ തടയാത്ത വെറുമൊരു കടലാസായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

റിക്രൂട്ടിങ് ഏജൻസികൾക്ക് അപേക്ഷകരിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അനുവാദം ബില്ല് നൽകുന്നുണ്ട്. എന്നാൽ ഇത് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) മാനദണ്ഡങ്ങളുടെ പരസ്യമായ ലംഘനമാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം റിക്രൂട്ടിങ് ഏജൻസികൾ ഭീമമായ തുകയാണ് അപേക്ഷകരിൽ നിന്ന് ഈടാക്കുന്നത്. ഇതിന് ബദലായി റിക്രൂട്ടിങ് ചെലവുകൾ ഏറ്റെടുക്കാൻ തൊഴിലുടമയെ നിയമം ചുമതലപ്പെടുത്തണം. മതിയായ രേഖകളില്ലാത്ത വ്യക്തികളെ അനധികൃത കുടിയേറ്റക്കാർ എന്ന് മുദ്രകുത്തുന്നതിന് പകരം അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം നിയമത്തിലുണ്ടാകണം. രേഖകളില്ലാത്ത കുടിയേറ്റക്കാർ എന്ന് മുദ്രകുത്തപ്പെടുന്നവരിൽ ഭൂരിഭാഗവും തട്ടിപ്പുകൾക്ക് ഇരയായവരോ നടപടിക്രമങ്ങളിൽ പരാജയപ്പെട്ടവരോ ആകും. ഇവരെയൊക്കെ നിയമവിരുദ്ധ കുടിയേറ്റക്കാരായി മുദ്രകുത്തുന്നത് യുക്തിഹീനമായ പ്രവൃത്തിയാണ്. വിദേശത്തുള്ള ഇന്ത്യൻ കുടിയേറ്റക്കാരിൽ പ്രമുഖമായ ഒരു വിഭാഗം വനിതാ തൊഴിലാളികളാണ്. ഇവരുടെ എമിഗ്രേഷനുകൾ നിയന്ത്രിക്കുന്ന ധാരാളം ഉത്തരവുകൾ മുൻകാലങ്ങളിൽ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഗാർഹിക ജോലികൾക്കായി പോകുന്ന സ്ത്രീകൾ ഇസിആർ കാറ്റഗറിയുടെ ഭാഗമാണ്. 2003ൽ വിദേശത്ത് ഗാർഹിക ജോലികൾക്കുപോകാൻ വിസ സമർപ്പിക്കുന്ന സ്ത്രീകളുടെ പ്രായം 30ന് താഴെയാക്കി സർക്കാർ ഉത്തരവിറക്കി. 2007ൽ ഈ പ്രായപരിധി ഇസിആർ കാറ്റഗറിയിലെ എല്ലാ സ്ത്രീകൾക്കും നിജപ്പെടുത്തി മറ്റൊരു ഉത്തരവിറക്കി. ഇത് സ്ത്രീകളുടെ അനധികൃതമായി കുടിയേറ്റങ്ങൾ വർധിക്കാൻ കാരണമായി. 2016ൽ ഏഴ് ഔദ്യോഗിക ഏജൻസികൾ ഒഴികെ മറ്റു ചാനലുകൾ വഴിയുള്ള ഇസിആർ വിഭാഗത്തിലെ എല്ലാ സ്ത്രീകളുടെയും റിക്രൂട്ട്മെന്റ് സർക്കാർ നിരോധിച്ചു.


ഇതുകൂടി വായിക്കൂ:  പ്രധാനമന്ത്രിയുടെ തള്ളലും ; ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും


നഴ്സുമാരുടെ റിക്രൂട്ടിങ്ങിൽ സംഭവിക്കുന്ന തട്ടിപ്പുകളും ക്രമക്കേടുകളും വർധിച്ച പശ്ചാത്തലത്തിലാണ് 2015ൽ സ്വകാര്യ ഏജൻസികൾ വഴിയുള്ള നഴ്സ് റിക്രൂട്ട്മെന്റ് നിരോധിച്ച് സർക്കാർ ഏജൻസികളിലേക്ക് മാത്രമായി ചുരുക്കിയത്. പിന്നീട് നഴ്സുമാരെ ഇസിആർ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും കർശനമായ നിയമനടപടികൾ പാലിച്ച് കൃത്യമായ രജിസ്ട്രേഷനുള്ള സ്വകാര്യ ഏജൻസികൾക്ക് ഇസിആർ രാജ്യങ്ങളിലേക്ക് റിക്രൂട്ടിങ് നടത്താമെന്ന തീരുമാനമുണ്ടായി. എന്നാൽ വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിൽ ഇന്ത്യൻ വനിതകൾ നേരിടുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തിൽ നിർദിഷ്ട ബിൽ ഒരു ലിംഗാധിഷ്ഠിതമായ സമീപനം പുലർത്തണം. സ്ത്രീകളുടെ കുടിയേറ്റങ്ങൾ നിരോധിക്കുന്നതിന് പകരം അതാ ത് വിദേശ രാജ്യങ്ങളിൽ അ വരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ക്രിയാത്മകമായ നടപടികൾ സൃഷ്ടിക്കുവാൻ സർക്കാരിന് കഴിയണം. മിക്ക ദക്ഷിണേഷ്യൻ രാജ്യങ്ങളിലും കുടിയേറ്റത്തെ സംബന്ധിക്കുന്ന ശക്തമായ നിയമങ്ങളും നയങ്ങളുമുണ്ട്. എടുത്തുപറയേണ്ടത് ഫിലിപ്പീൻസിലെ മൈഗ്രന്റ് വര്‍ക്കേഴ്സ് ആന്റ് ഓവര്‍സീസ് ഫിലിപ്യന്‍സ് ആക്ട് ഓഫ് 1995 എന്ന നിയമമാണ്. ലോകത്തിൽ തന്നെ ഏറ്റവുമധികം കുടിയേറ്റക്കാരെ അയയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ഇപ്പോഴും വിദേശത്തേക്ക് പഠനത്തിനും ജോലികൾക്കുമായി പോകുന്ന തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വേണ്ട ഫലപ്രദവും സമഗ്രവുമായ ഒരു നിയമമില്ല എന്നത് വിരോധാഭാസമാണ്. കോവിഡ് 19, ഉക്രെയ്‌നിലും ആഫ്രിക്കയിലും പശ്ചിമേഷ്യയിലും നടക്കുന്ന ഹിംസാത്മകമായ സംഘർഷങ്ങൾ, ഏറ്റവുമൊടുവിൽ നൈജറിൽ സംഭവിച്ച അട്ടിമറി എന്നിവ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ ജീവൻ വിവിധ ഭീഷണികൾ നേരിടുന്നുവെന്ന് തെളിയിക്കുന്നു. ആഗോള സാഹചര്യങ്ങളെ മനസിലാക്കിയും അവയെ അടിസ്ഥാനപ്പെടുത്തിയും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ ജീവനും അവകാശങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്ന നയം വിഭാവനം ചെയ്യുന്നതിന് പകരം കുടിയേറ്റങ്ങളെ കേവലമായി നിയന്ത്രിക്കുന്ന പ്രക്രിയ മാത്രമായി കരട് മാറുന്നു. കുടിയേറുന്നവരുടെ ക്ഷേമത്തെക്കാൾ ഇന്ത്യക്കാരുടെ കയറ്റുമതിയിൽ മാത്രമാണ് സർക്കാരിന് താല്പര്യമെന്ന് തോന്നിപ്പോകുന്ന വിധമാണ് ബില്ലിന്റെ ഘടന.കുടിയേറ്റം ഒരു സങ്കീർണമായ പ്രതിഭാസമാണ്. നിയന്ത്രണ ചട്ടക്കൂടിനെക്കാൾ മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് കുടിയേറ്റ നിയമങ്ങൾ പുലർത്തേണ്ടത്. അതിനാൽ നിർദിഷ്ട കരട് ബില്ലിൽ ഭേദഗതികൾ കൊണ്ടുവരികയും 2018ൽ മൊറോക്കോയിൽ വച്ച് രൂപീകരിക്കപ്പെട്ട കുടിയേറ്റ വിഷയങ്ങളിലെ അന്താരാഷ്ട്ര സഹകരണ, നയതന്ത്ര രൂപരേഖയായ ഗ്ലോബല്‍ ഇംപാക്ട് ഫോര്‍ സേഫ്, ഓര്‍ഡര്‍ലി ആന്റ് റഗുലര്‍ മൈഗ്രേഷന്‍ (ജിസിഎം), മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾക്ക് അനുസൃതമായി ബില്ലിനെ പുനഃക്രമീകരിക്കുകയും വേണം.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.