15 November 2024, Friday
KSFE Galaxy Chits Banner 2

ഇറക്കുമതി നയം തിരിച്ചടിയായി: അടയ്ക്ക വില താഴോട്ട്

Janayugom Webdesk
June 10, 2022 10:47 pm

കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയത്തെ തുടർന്ന് ഇന്ത്യൻ അടക്കയ്ക്ക് ഡിമാന്റ് കുറയുന്നു. ഇതോടെ വില താഴോട്ട്. വിദേശത്ത് നിന്ന് അടയ്ക്കയെത്തിയതിനെ തുടർന്ന് കാംപ്കോ ഗോഡൗണുകളിൽ അടയ്ക്ക കെട്ടികിടക്കുകയാണ്. മികച്ച വില നൽകി കർഷകരിൽ നിന്ന് കാംപ്കോ ശേഖരിച്ച അടയ്ക്കയാണ് 30 ഗോഡൗണുകളിലായി കെട്ടിക്കിടക്കുന്നത്. മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് അടയ്ക്ക വീണ്ടും ഇറക്കുമതി ചെയ്തതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. അതോടെ വിപണിയിൽ നിന്ന് സ്വകാര്യ വ്യക്തികൾ പിൻവലിഞ്ഞതും അടയ്ക്ക കെട്ടിക്കിടക്കാൻ ഇടയാക്കി. രണ്ടു വർഷം മുമ്പ് പഴയ അടയ്ക്കക്ക് കിലോയ്ക്ക് 530 മുതൽ 540 രൂപ വരെ വില കിട്ടിയിരുന്നു. ഇപ്പോൾ കിലോയ്ക്ക് 340 രൂപ മുതൽ 360 രൂപ വരെയാണ് ലഭിക്കുന്നത്. നിലവിൽ കാംപ്കോയിൽ 400 മുതൽ 420 രൂപ വരെ ലഭിക്കുമെങ്കിലും ഗോഡൗണുകൾ നിറഞ്ഞിരിക്കുന്നതിനാൽ ശേഖരിക്കാനാവാത്ത സ്ഥിതിയാണ്. മഴ ആരംഭിക്കുന്നതോടെ വിപണിയിലെ വിലയിൽ കുറവുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. 

കോവിഡ് കാലത്ത് മറ്റെല്ലാ വ്യാപാര മേഖലകളും തകർന്നപ്പോഴും അടയ്ക്കക്ക് മാന്യമായ വിലയാണ് ലഭിച്ചത്. ലോക്ഡൗണിനു മുമ്പ‌് മാർച്ചിൽ 266 രൂപയും 298 രൂപയുമായിരുന്നു. പിന്നീട് 350 രൂപയ്ക്ക് മുകളിൽ വില ഉയർന്നിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ അടയ്ക്ക ഇറക്കുമതി നിലച്ചതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യം വർധിച്ചതുമാണ് ഉയർന്ന വിലയ്ക്കുള്ള കാരണം. എന്നാൽ വീണ്ടും ഇറക്കുമതിക്ക് അനുമതി നൽകിയതോടെ കാംപ്കോയിലടക്കം സംഭരിച്ചു വച്ചിരിക്കുന്ന അടയ്ക്ക വിൽക്കാനാവാതെ പ്രതിസന്ധിയിലാവുന്ന ഘട്ടത്തിലെത്തി. 

ശ്രീലങ്ക, നേപ്പാൾ, ബർമ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്തിരുന്നത്. ഉത്തരേന്ത്യയിൽ ഏറെ പ്രിയപ്പെട്ടതാണ് കേരള-കർണാടക അടയ്ക്ക. പാൻമസാല, ഗുഡ്ക്ക ഉപയോഗം കോവിഡിനെ തുടർന്ന് കുറയും എന്ന വെല്ലുവിളി മുമ്പിലുണ്ടായിരുന്നെങ്കിലും ഈ കണക്കുകൂട്ടൽ തെറ്റിച്ചാണ് അടയ്ക്ക വില അന്ന് വർധിച്ചത്. കേരളത്തിലെയും കർണാടകയിലെയും അടയ്ക്ക ഗുണമേന്മയുള്ളതാണ്. ഇവ ഗുഡ്കയ്ക്ക് ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ വെറ്റില മുറുക്കിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പാൻമസാല പലയിടങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റില മുറുക്ക് വിവിധ സംസ്ഥാനങ്ങളില്‍ ശീലമാണ്. കർണാടകയിൽ അഞ്ചു ലക്ഷവും കേരളത്തിൽ കാസർകോട് ജില്ലയിൽ മാത്രം ഒരു ലക്ഷവും ഉൾപ്പെടെ രാജ്യത്ത് രണ്ടുകോടി കവുങ്ങ് കർഷകരുണ്ടെന്നാണ് കണക്ക്. ഉത്തരേന്ത്യയിൽ ആഘോഷങ്ങൾ തുടങ്ങുകയും ഇറക്കുമതി കുറയുകയും ചെയ്താൽ അടയ്ക്ക വിപണി വീണ്ടും ഉണരുമെന്നാണ് കർഷകരുടെ പ്രതീക്ഷ. 

Eng­lish Summary:Import pol­i­cy revers­es areca
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.