1 കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
2 അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പ്രതിപ്പട്ടികയിലുള്ള 16 പേരില്‍ നാലും പതിനൊന്നും പ്രതികളെ വെറുതെവിട്ടു. സാക്ഷികളില്‍ പലരും വിചാരണക്കിടെ കൂറുമാറിയ കേസിലാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാളെയാണ് പ്രതികളുടെ ശിക്ഷാവിധി.
3 തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റിൽ മരം വീണ് രണ്ട് പേര്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് വൃദ്ധയുമാണ് മരിച്ചത്. അതേസമയം, നാളെ വടക്കന്‍ കേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
4 ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
5 മൂല്യനിർണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധത്തിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടരുതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കന്‍ഡറി അധ്യാപകരിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് സമരം നടത്തിയതെന്നും കേരള ജനത അവർക്ക് മാപ്പ് കൊടുക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
6 നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി ആറന്മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് മാതാവ് നവജാത ശിശുവിനെ ഉപേക്ഷിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ശിശുവിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
7 സിക്കിമിലെ നാഥുലയിലുണ്ടായ മഞ്ഞിടിച്ചിലിൽ വിനോദസഞ്ചാരികളായ ആറ് പേർ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. 11 പേർക്ക് പരിക്കേറ്റു. പതിനഞ്ചോളം വിനോദ സഞ്ചാരികൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
8 ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. സാങ്കേതിക തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നത് 137 യാത്രക്കാരാണ്. എല്ലാ യാത്രക്കാരും സുരക്ഷിതർ എന്ന് ഡിജിസിഎ അറിയിച്ചു.
9 പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീക് ഇ ഇൻസാഫ് ചെയർമാനുമായ ഇമ്രാന്‍ ഖാന് മൂന്ന് കേസുകളില്‍ ലാഹോറിലെ ഭീകര വിരുദ്ധ കോടതിഇടക്കാല ജാമ്യം അനുവദിച്ചു. തീവയ്പ്, പൊലീസിനെതിരായ അതിക്രമവും നാശനഷ്ടമുണ്ടാക്കലും, സില്ലെ ഷാ കൊലപാതകം എന്നീ കേസുകളിലാണ് ജമ്യം അനുവദിച്ചത്. ഏപ്രിൽ 13 വരെയാണ് ഇടക്കാല ജാമ്യം നിലനിൽക്കുക. ഈ മൂന്ന് കേസുകളിലും തീവ്രവാദ വിരുദ്ധ നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
10 നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനെെസേഷന്റെ (നാറ്റോ) 31-ാം അംഗരാജ്യമായി ഫിന്‍ലന്‍ഡ്. നാറ്റോ ആസ്ഥാനത്ത് നടന്ന ചടങ്ങുകളില്‍ ഫിന്‍ലാന്‍ഡ് സഖ്യത്തിന്റെ ഭാഗമായതായി സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ് പ്രഖ്യാപിച്ചു. ഫിൻലാൻഡ് പ്രസിഡന്റ് സൗലി നീനിസ്തോ, പ്രതിരോധ മന്ത്രി ആന്തി കൊക്കൊനെൻ, വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്തോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജൂലൈയിൽ ലിത്വാനിയയിൽ നടക്കുന്ന അടുത്ത ഉച്ചകോടിയിൽ ഫിൻലാൻഡിന് നാറ്റോയിൽ ഔദ്യോഗികമായി അംഗത്വം നല്‍കും.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം, കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വെബ്സൈറ്റ് യുട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക.ഐ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.