അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ നിരോധിച്ചു. നേരത്തെ വഡോദര നഗരസഭയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സസ്യേതര വിഭവങ്ങളും മുട്ട വിഭവങ്ങളും തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്രധാന റോഡരികിലെ സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ ദേവാങ് ദാവി മാധ്യമങ്ങളോട് പറഞ്ഞു. ആരാധനാലയങ്ങള്‍, പൂന്തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ മാംസാഹാരം പൂര്‍ണമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഡോദരക്ക് പുറമെ, രാജ്‌കോട്ടിലും തെരുവുകളില്‍ മാംസാഹാരം നിരോധിച്ച് ഉത്തരവിറങ്ങിയിരുന്നു. മാംസാഹാരം പൊതു സ്ഥലങ്ങളില്‍ വില്‍ക്കുന്നത് ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മാംസാഹാരം പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് അധികൃതരുടെ വാദം.
ഭരണസമിതിയുടെ തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. ആളുകള്‍ എന്തുകഴിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടിക്കോ സര്‍ക്കാരിനോ തീരുമാനിക്കാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് അമി റാവത്ത് പറഞ്ഞു. അതേസമയം ഗുജറാത്ത് സര്‍ക്കാരിന് ജനങ്ങള്‍ ഏത് തരം ഭക്ഷണം കഴിക്കുന്നതിലും വിരോധമില്ലെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. ഏത് തരം ഭക്ഷണം വിറ്റാലും ശുചിത്വം പാലിക്കണമെന്നും ഗതാഗത തടസ്സം പാടില്ലെന്നും ലംഘിച്ചാല്‍ വഴിയോര സ്റ്റാളുകള്‍ എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആനന്ദിലെ ബന്‍ധാനി ഗ്രാമത്തില്‍ നടന്ന ബിജെപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര പട്ടേല്‍.
ENGLISH SUMMARY:In Ahmedabad, meat was banned from street vendors
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.