22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 17, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

അരുണാചൽ പ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

Janayugom Webdesk
ഇറ്റാനഗർ
December 11, 2025 10:38 pm

അരുണാചൽ പ്രദേശിൽ തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. ഇന്ത്യ‑ചൈന അതിർത്തിക്ക് സമീപമുള്ള വിദൂര പ്രദേശമായ അഞ്ചാവ് ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് നൂറുകണക്കിന് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ട്രക്കിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായതെങ്കിലും, മലയോരമേഖലയുടെ ദുർഘടമായ ഭൂപ്രകൃതി കാരണം പുറത്തറിയാൻ വൈകി. അപകടത്തിൽ ട്രക്ക് പൂർണമായി തകർന്ന് ആളുകൾ അതിനുള്ളിൽ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ട്രക്കിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഈ തൊഴിലാളിയാണ് അപകട സ്ഥലത്തുനിന്ന് മലകയറി സമീപത്തെ നഗരസഭാ ആസ്ഥാനത്തെത്തി അധികൃതരെ വിവരമറിയിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

അപകടസമയത്ത് ട്രക്കിൽ ഏകദേശം 25 പേർ ഉണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഞ്ചാവ് ജില്ലാ ഭരണകൂടം അറിയിച്ചതനുസരിച്ച് ഇതുവരെ 13 മൃതദേഹങ്ങൾ കണ്ടെടുത്തു. മോശം കാലാവസ്ഥയും പ്രദേശത്തിന്റെ ദുർഘടമായ അവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. 

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും, തുടർ നടപടികളും വിശദമായ അന്വേഷണവും പിന്നാലെയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.