
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആര്‍) വഴി വൻതോതിൽ വോട്ടർമാരെ ഒഴിവാക്കിയത് പ്രതിപക്ഷ സഖ്യത്തിന് (മഹാസഖ്യം) കനത്ത തിരിച്ചടിയായെന്ന് കണക്കുകൾ.
ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണവും എൻഡിഎയുടെ വിജയിച്ച ഭൂരിപക്ഷവും താരതമ്യം ചെയ്യുമ്പോൾ ഈ നിഗമനം ശക്തിപ്പെടുന്നു. വലിയ തോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും കടുത്ത മത്സരം നടക്കുകയും ചെയ്ത പല നിർണായക മണ്ഡലങ്ങളിലും മഹാസഖ്യം നേരിയ മാർജിനിൽ പരാജയപ്പെടുകയോ, അവരുടെ മുൻകൈ നഷ്ടപ്പെടുകയോ ചെയ്തു.
174 നിയമസഭാ മണ്ഡലങ്ങളിലെ എൻഡിഎയുടെ ഭൂരിപക്ഷം, ഇവിടങ്ങളിൽ നിന്ന് ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറവായിരുന്നുവെന്ന് വിശകലനങ്ങള്‍ തെളിയിക്കുന്നു, ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിച്ച 91 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധേയമാണ്. ഇത്തവണ ഇവയില്‍ 75 സീറ്റുകൾ എൻഡിഎ നേടി, പ്രതിപക്ഷ സഖ്യം 15 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. മറ്റ് കക്ഷികൾക്ക് ഒരു സീറ്റും ലഭിച്ചിരുന്നു.
2020 തെരഞ്ഞെടുപ്പില്‍ ഈ 91 സീറ്റുകളിൽ 71 എണ്ണവും മഹാസഖ്യത്തിന്റെ കൈവശമായിരുന്നു. അന്ന് എൻഡിഎയ്ക്ക് 14 സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. 24,000‑ൽ അധികം വോട്ടര്‍മാരെ ഒഴിവാക്കിയ കുർഹാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി 616 വോട്ടിനാണ് വിജയിച്ചത്. 25,682 വോട്ടുകള്‍ ഒഴിവാക്കപ്പെട്ട സന്ദേശ് മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി രാധ ചരണ്‍സിങ്ങിന്റെ ജയം വെറും 27 വോട്ടിനായിരുന്നു. എസ്ഐആറിലൂടെ മതിയായ പരിശോധനയില്ലാതെ, ദുർബല വിഭാഗങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലും നിന്നുള്ള വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഒഴിവാക്കലുകൾ നടന്നതെന്നും ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.