വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ എന്‍ജിഒ ശേഖരിച്ചതിനെ ചൊല്ലി കര്‍ണാടകയില്‍ രാഷ്ട്രീയ വിവാദം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ മറയാക്കി ബംഗളുരുവിലെ ആയിരത്തിലധികം വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതര സംഘടന ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.
വോട്ടർമാരുടെ അവകാശങ്ങളെക്കുറിച്ചും വോട്ടർപട്ടിക പുനഃപരിശോധിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ചുമതലയാണ് സര്‍ക്കാര്‍ എന്‍ജിഒക്ക് നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി ഇവര്‍ വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഈ എൻജിഒയുടെ ഡയറക്ടര്‍മാര്‍ക്ക് ഒരു ഇലക്ഷൻ മാനേജ്‌മെന്റ് കമ്പനിയുമായി അടുത്ത ബന്ധവുമുണ്ട്. എന്തിനാണ് ഈ ഡാറ്റ ശേഖരിച്ചത്, ആർക്കൊക്കെ ഇത് പ്രയോജനം ചെയ്യും എന്ന ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ബൊമ്മൈ സര്‍ക്കാര്‍ വെട്ടിലായി. ഓണ്‍ലൈന്‍ മാധ്യമങ്ങളായ ദ ന്യൂസ് മിനിറ്റ്, പ്രതിധ്വനി എന്നിവരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക ബോധവൽക്കരണ പരിപാടി മുതലെടുത്താണ് ചിലുമെ എജ്യൂക്കേഷണല്‍ കള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത്. ബൃഹത് ബംഗളുരു മഹാനഗര പാലികെ (ബിബിഎംപി) യാണ് എസ്‌വിഇഇപി എന്ന അവബോധ ക്യാമ്പയിനിന് എന്‍ജിഒയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഈ ഉത്തരവ് എന്‍ജിഒ ദുരുപയോഗം ചെയ്യുകയും ബിബിഎംപിയുടെ പേരില്‍ വ്യജ ഐഡികാര്‍ഡുകള്‍ ഉണ്ടാക്കി ഏജന്റുമാര്‍ വഴി വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരെന്ന വ്യാജേനയാണ് ഇവര്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തിയത്. ആധാർ നമ്പർ, ഫോൺ നമ്പർ, വിലാസം, വോട്ടർ ഐഡി നമ്പർ, ഇമെയിൽ വിലാസം എന്നിവയ്‌ക്കൊപ്പം ജാതി, മാതൃഭാഷ, മാരിറ്റല്‍ സ്റ്റാറ്റസ്, വയസ്, ലിംഗം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രകടനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ രജിസ്ട്രേഷൻ ആപ്പുകളായ ഗരുഡ, വോട്ടർ ഹെൽപ്പ് ലൈൻ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് പകരം വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ചിലുമെയുടെ സ്വന്തം ആപ്പായ ഡിജിറ്റൽ സമീക്ഷയിലേക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നു. വിവാദത്തിന് പിന്നാലെ എന്‍ജിഒയ്ക് നല്‍കിയ അനുമതി ബിബിഎംപി പിന്‍വലിച്ചു. അതേസമയം ഇതുവരെ ചിലുമെയിൽ നിന്നും ഡാറ്റ വീണ്ടെടുത്തിട്ടില്ലെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷന്റെ ഭാഗമായി മോഷ്ടിച്ച ഡാറ്റയ്ക്ക് വലിയ വാണിജ്യ മൂല്യമാണുള്ളതെന്ന് ടെക്നോളജി മേഖലയിലെ വിദഗ്ധര്‍ പറയുന്നു. സ്വകാര്യ കോര്‍പറേറ്റുകളും രാഷ്ട്രീയക്കാരും ഇത്തരം ഡാറ്റാ ശേഖരം വന്‍ വില കൊടുത്തുതന്നെ വാങ്ങാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
English Summary: In Karnataka, voter information to private NGO
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.