17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 17, 2024
August 10, 2024
August 3, 2024
March 8, 2024
February 20, 2024
January 28, 2024
January 12, 2024
January 7, 2024
December 26, 2023

മലേഷ്യയിൽ ഒരു ഹ്രസ്വ സന്ദർശനം

അഡ്വ. രാധാകൃഷ്ണൻ പെരുമ്പള
August 10, 2024 6:48 pm

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുകയും അവിടുത്തെ പ്രധാന നഗരങ്ങളിൽ താമസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഞാൻ രാജ്യത്തിനു പുറത്തേക്ക് ഒരു യാത്ര പോയിരുന്നില്ല. ലോക സഞ്ചാരം വളരെ നാളായി മനസ്സിലിട്ട് നടക്കുന്ന സ്വപ്നമാണെങ്കിലും പല കാരണങ്ങളാൽ അത് സാധ്യമായില്ല എന്നതാണ് വാസ്തവം. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനിടയിൽ 1980 കളുടെ അവസാനം കൊറിയയിൽ നടന്ന ലോകയുവജനോത്സവത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും പാസ്പോർട്ട് കയ്യിലില്ലാത്തതിനാൽ അന്ന് പോകാൻ കഴിഞ്ഞില്ല. ഇന്ത്യയിൽ നിന്നും ഒട്ടേറെ ഇടതുപക്ഷ യുവജന വിദ്യാർത്ഥി സംഘടനാ നേതാക്കൾ അവിടെ പങ്കെടുത്തിരുന്നു.

പിന്നീട് ഏതാനും വർഷങ്ങൾക്കു മുമ്പ് കുടുംബസമേതം യു.കെ.യിൽ പോകാൻ ക്ഷണമുണ്ടായപ്പോൾ തിരക്കിട്ട് പാസ്പോർട്ട് സംഘടിപ്പിച്ചുവെങ്കിലും ചില പ്രത്യേക സാഹചര്യത്തിൽ ആ യാത്ര നടന്നില്ല. ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളും ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ സന്ദർശിക്കാൻ പല തവണ ക്ഷണമുണ്ടായിരുന്നെങ്കിലും അങ്ങോട്ടും പോകാനായില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം എൻ്റെ പുതിയ കവിതാ പുസ്തകമായ “സ്വപ്നഋതു ” തയ്യാറായപ്പോൾ അതിൻ്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ വെച്ച് നടത്താമെന്ന് പ്രസാധക്കായ ഹരിതം ബുക്സിൻ്റെ മേധാവി പ്രതാപൻ തായാട്ട് നിർദ്ദേശിച്ചുവെങ്കിലും അപ്പോഴും പോകാൻ കഴിഞ്ഞില്ല.

അങ്ങനെയിരിക്കെ, വളരെ ആകസ്മികമായാണ് മലേഷ്യയിലേക്കുള്ള യാത്ര സാധ്യമായത്. കാസർക്കോട് ട്രാവൽ ക്ലബ്ബിലെ ചില സുഹൃത്തുക്കളിൽ നിന്നും പ്രചോദിതയായി രമയാണ് ആശയം മുന്നോട്ടുവച്ചത്. സർവ്വീസിൽ നിന്നും പിരിഞ്ഞ സാഹചര്യത്തിൽ കുടുംബസമേതം ചില യാത്രകളൊക്കെ ആകാമെന്ന ആലോചനയിലായിരുന്നു അത്. ദുബായ് — അബൂദബി ടൂറിനായിരുന്നു ആദ്യം പദ്ധതിയിട്ടത്. പക്ഷെ അതിനു നിശ്ചയിച്ച സമയം മോളുടെ പരീക്ഷ വരാനിടയുണ്ടെന്ന് മനസ്സിലായപ്പോൾ അതു നടക്കില്ലെന്നു വന്നു. അഡ്വാൻസ് നൽകിയ തുക തിരിച്ചു കിട്ടുമോയെന്ന് അന്വേഷിച്ചപ്പോഴാണ് ഉടൻ തന്നെ ഒരു മലേഷ്യൻ യാത്രയുണ്ടെന്നും ചേരുന്നുണ്ടങ്കിൽ അഡ്വാൻസ് തുക മുഴുവനായി തന്നെ അതിലേക്ക് അഡ്ജസ്റ്റ് ചെയ്യാമെന്നും ട്രാവൽസ് ക്ലബ്ബ് ഭാരവാഹികൾ സൂചിപ്പിച്ചത്. പിന്നെ ഒന്നും കൂടുതലായി ആലോചിക്കാനുണ്ടായിരുന്നില്ല., അതിനു സന്നദ്ധമാവുകയായിരുന്നു.

ജൂലായ് 30 ന് രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു ഞങ്ങൾക്ക് വിമാനം കയറേണ്ടിയിരുന്നത്. അതിനായി അന്നു രാവിലെ എറനാട് എക്സ്പ്രസ് ട്രെയിനിൽ ആലുവയിലും തുടർന്ന് ബസ്സിൽ രാത്രിയോടെ നെടുംബാശ്ശേരിയിലും എത്തിച്ചേർന്നു. അങ്ങനെ ജൂലായ് 30 ന് രാത്രി 11.55 ന് കൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ നിന്നു ടേയ്ക്ക് ഓഫ് ചെയ്ത എയർ ഏഷ്യാ വിമാനം പിറ്റേന്ന് രാവിലെ 6 മണിയോടെ ക്വാലാ ലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

സംഗതിവശാൽ അന്നേ ദിവസം ജൂലായ് 31 ന് എൻ്റെ ജന്മ ദിനമായിരുന്നു. അക്കാര്യം ആ സമയം കൂട്ടത്തിലുള്ള ആരോടും പറഞ്ഞില്ലെങ്കിലും അങ്ങനെയൊരു ദിവസം തന്നെ ആദ്യമായി ഒരു വിദേശ രാജ്യത്ത് കാലു കുത്താനായതിലുള്ള ഒരു ആത്മഹർഷം ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കാർക്ക് മലേഷ്യയിൽ വിസ ഇളവുള്ളതുകൊണ്ട് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സെൻ്ററിൽ നമ്മുടെ പാസ്പോർട്ടിനൊപ്പം വിശദവിവരങ്ങൾ രേഖപ്പെടുത്തിയ ഒരു അറൈവൽ കാർഡ് സമർപ്പിച്ചാൽ മതിയാകുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങിയ ഞങ്ങളുടെ യാത്രാ സംഘം ഒരു ബസ്സിൽ ആദ്യമായി, താമസസ്ഥലത്തേക്കാണ് പോയത്.

മജ്ലിസ് എന്ന സ്ഥലത്തുള്ള മെട്രോ സ്റ്റാർ എന്ന ഹോട്ടലിലായിരുന്നു എല്ലാവർക്കും താമസ സൗകര്യം ഒരുക്കിയിരുന്നത്. വിമാനത്താവളത്തിൽ നിന്നും ഒരു മണിക്കൂറിലേറെ യാത്ര ചെയ്ത് ഹോട്ടലിലെത്തുമ്പോഴേക്കും 11 മണിയോളമായി. എന്നിട്ടും രാവിലെ നൽകുന്ന പ്രാതൽ
അവിടെ ലഭ്യമാക്കിയിരുന്നു. മലേഷ്യൻ വിഭവങ്ങളോടൊപ്പം ഇന്ത്യൻ വിഭവങ്ങളായ ഇഡ്ഡലി, ദോശ, സാമ്പാർ, ചമ്മന്തി, ഉപ്പുമാവ്, ബ്രഡ്, ബട്ടർ, മുട്ട, പൊറോട്ട, നാൻ എന്നിവയും വത്തക്ക പോലുള്ള പഴങ്ങളും പഴച്ചാറുകളും ഉണ്ടായത് ആശ്വാസകരമായിരുന്നു.

മലേഷ്യൻ രീതിയിലുള്ള ചില സസ്യവിഭവങ്ങളും കോഴിയിറച്ചിയും മറ്റും കൊണ്ടുണ്ടാക്കിയവയടക്കമുള്ള സസ്യേതര വിഭവങ്ങളും ഉണ്ടായിരുന്നു. സസ്യേതതര ഭക്ഷണം ചെറിയ അളവിൽ കഴിക്കുമെങ്കിലും പൊതുവേ സസ്യാഹാരിയും പരിചിതമായ ഭക്ഷണം മാത്രം കഴിക്കാൻ ഇഷ്ടപ്പെടുന്നയാളുമായതുകൊണ്ടും ശരീരം പിണങ്ങിക്കളയുമോ എന്ന ഭയമുള്ളതുകൊണ്ടും ഞാൻ അത്തരം വിഭവങ്ങൾ കഴിക്കാൻ ഒരുങ്ങിയില്ല.

പ്രാതൽ കഴിഞ്ഞ് വിശ്രമിച്ചതിനു ശേഷം ഉച്ചയോടെ പുറത്തിറങ്ങി ഒരു വലിയ ഭക്ഷണ ശാലയിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. എല്ലാത്തരം വിഭവങ്ങളുമുൾപ്പെടുത്തിയ സമൃദ്ധമായ ഭക്ഷണമായിരുന്നു അവിടെയും ഏർപ്പാടാക്കിയിരുന്നത്. ഞാൻ അവിടെയും മിതത്വം പാലിച്ചു. ഭക്ഷണശേഷം ക്വാലാലംപൂർ നഗരക്കാഴ്ചകൾ കാണാനാണ് ഇറങ്ങിയത്. ക്വാലാലംപൂർ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലൂടെ ഞങ്ങളുടെ ലക്ഷ്വറി ബസ് നീങ്ങി. ഇരു ഭാഗങ്ങളിലും ഗംഭീരമായ നിർമ്മാണ ചാതുരിയോടെ കൂറ്റൻ കെട്ടിടങ്ങൾ നിരന്നു നിൽക്കുന്നുണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ നഗരത്തിൻ്റെ ഏറ്റവും തലയെടുപ്പുള്ള കെ.എൽ. ടവറിനടുത്ത് എത്തിച്ചേർന്നു. നാനൂറോളം മീറ്റർ ഉയരമുള്ള കെ.എൽ ടവറിൻ്റെ മുകളിൽ കയറി നഗരം മുഴുവൻ ആകാശത്തിൽ നിന്നെന്ന പോലെ കണ്ടു. വിസ്മയത്തിൽ ആവോളം മുഴുകിക്കൊണ്ട് മുകളിൽ നിന്നും താഴെയിറങ്ങി നിലത്തു നിന്നും ഫോട്ടോകളും വീഡിയോകളും എടുത്തു. അതിനു ശേഷം അവിടത്തെ തിരക്കേറിയ ഫുഡ് സ്ട്രീറ്റിൽ പോയി. പല തരം ഭക്ഷണ പദാർത്ഥങ്ങൾ ഒരുക്കി വച്ചിരിക്കുന്നതു കണ്ടു.. മീനുകളുടെയും മൃഗങ്ങളുടെയും മാംസം കൊണ്ടുള്ള വിഭവങ്ങളിൽ കോഴി, മാട്, തുടങ്ങിയവ കൂടാതെ തവള ‚ചില ഇഴജന്തുക്കൾ തുടങ്ങിയവയുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു.
ഇളനീരും പഴങ്ങളും പഴച്ചാറുകളും ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ അതു വാങ്ങിക്കഴിച്ചു.
അവിടെ മുഴുവൻ ചുറ്റി നടന്ന് കണ്ട് സന്ധ്യയോടെ മടങ്ങി.

രാത്രി ഭക്ഷണമൊരുക്കിയിരുന്നത് മലയാളികൾ നടത്തുന്ന ഒരു ഭക്ഷണശാലയിലായിരുന്നു. തൃശൂർക്കാരൻ നടത്തുന്ന ”റസ്റ്റോറൻ ധാവത് ” എന്ന ആ ഭക്ഷണശാലയിൽ സമൃദ്ധമായ ഭക്ഷിണേന്ത്യൻ ഭക്ഷണം ലഭിച്ചു. രണ്ടാം ദിവസം രാവിലെ പ്രശസ്തമായ ബട്ടു ഗുഹകൾ സന്ദർശിച്ചു. സെലങ്കർ എന്ന സ്ഥലത്തുള്ള സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വിസ്തൃതമായ ഗുഹയും അതിലുള്ള ക്ഷേത്രവും സഞ്ചാരികളിൽ വിസ്മയം സൃഷ്ടിക്കുന്നവയാണ്. ചുണ്ണാമ്പുകല്ലിലുള്ള കൂറ്റൻ മലയുടെ മധ്യേ ഏകദേശംനാലു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഈ ഗുഹ ഒരു ജിയോളജിക്കൽ അൽഭുതം തന്നെയാണ്.

മലയുടെ മുകളിൽ നിൽക്കുന്ന ഗുഹയിലേക്ക് മുന്നൂറിലേറെ പടവുകൾ കയറി വേണം എത്തിച്ചേരാൻ. വിസ്തൃതമായ ഗുഹയ്ക്കകത്താണ് മുരുകൻ്റെ ക്ഷേത്രം. അതും കഴിഞ്ഞ് പിന്നീട് അകത്തേക്ക് കയറി ചെല്ലുമ്പോൾ ശിവക്ഷേത്രം ഉണ്ട്. പ്രധാന ഗുഹയ്ക്കു പുറമേ ഡാർക്ക് ‘കേവ് പോലുള്ള ചെറു ഗുഹകളും ഉണ്ട്. മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയുള്ളവർക്ക് മാത്രം കയറാൻ പറ്റുന്ന ഈ പടവുകൾ കയറുന്നത് ഒരു സാഹസിക കൃത്യം കൂടിയായി.

താഴെ തുറന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന നൂറടി ഉയരമുള്ള വെങ്കലത്തിലുള്ള കൂറ്റൻ മുരുകൻ പ്രതിമ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നവയാണ്. ബട്ടു ഗുഹകളിൽ നിന്നിറങ്ങി യാത്ര തിരിച്ച് പിന്നീട് പോയത് ഗെൻ്റിങ് ഹൈ ലാൻഡ്‌സി( Genting High­lands) ലേക്കായിരുന്നു.

സമുദ്രനിരപ്പിൽ നിന്നും ആയിരക്കണക്കിന് അടി ഉയരത്തിൽ ടിട്ടി വാങ്സാ (Titi wangsa)മലനിരകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഗെൻ്റിങ് ഹൈലാൻ്റ്സിലേക്കുള്ള യാത്ര തികച്ചും ത്രസിപ്പിക്കുന്ന ഒന്നായിരുന്നു. റോപ്പിൽ നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്ന കേബിൾ കാറിൽ ചാടിക്കയറിയിരുന്നായിരുന്നു മലമുകളിലേക്കുള്ള യാത്ര. പ്രകൃതിയുടെ മനോഹാരിത തുടിച്ചു നിൽക്കുന്ന മലനിരകൾക്കു മുകളിലൂടെ കേബിൾ കാറുകളിൽ കയറിയിരുന്നുള്ള യാത്ര വിസ്മയകരമായ അനുഭവമായി മാറി.

ഗെൻ്റിങ് ഹൈലാൻ്റ്സിൽ ആദ്യം സന്ദർശിച്ചത് ചിൻസീ (Chinsi)ക്ഷേത്രമാണ്. ചൈനീസ് ബുദ്ധക്ഷേത്രമായ ചിൻസീ ക്ഷേത്രം അതിൻ്റെ ശില്പചാരുത കൊണ്ട് ആരെയും ആകർഷിക്കും. കൂറ്റൻ ബുദ്ധപ്രതിമയും പ്രത്യേകം ശ്രദ്ധേയമാണ്. ക്ഷേത്ര സന്ദർശനത്തിനു ശേഷം പിന്നെയും ഉയരത്തിൽ മലയുടെ ഉച്ചിയിൽ നിർമ്മിക്കപ്പെട്ട അത്യാധുനിക നഗരത്തിലേക്ക് പോയി. അവിടെത്തെ പ്രധാനപ്പെട്ട ഒരു ഭക്ഷണശാലയിലായിരുന്നു ഉച്ചഭക്ഷണം ഏർപ്പാടാക്കിയിരുന്നത്.

 

ഉച്ചഭക്ഷണത്തിന്ന ശേഷം വൈകും വരെ നഗരം ചുറ്റിക്കണ്ടു. അവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി അവിടത്തെ സ്കൈ കാസിനോ (Sky cassi­no ) എന്ന ചൂതാട്ട കേന്ദ്രമായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രമായ കാസിനോയിൽ ആയിരക്കന്നക്കിനാളുകൾ പലതായ ഗെയിമുകളിൽ ഏർപ്പെടുന്നുണ്ടായിരുന്നു. സാധാരണ കുലുക്കിക്കുത്തുകൾ മുതൽ ഇൻ്റർനെറ്റുപയോഗിച്ചു പ്രവർത്തിക്കുന്ന പലതരം ഗെയിമുകളിൽ ആളുകൾ പണം മുടക്കി ഏർപ്പെടുന്നത് കണ്ടു.

ഫോട്ടോ നിരോധിച്ച കാസിനോയിൽ ഞാൻ ഏതാനും ദൃശ്യങ്ങൾ പകർത്തുന്നതു കണ്ട ഒരു ജീവനക്കാരി അതു തടയുകയും ഫോണിൽ നിന്നു കളയാൻ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും ഞാൻ അതു കൂട്ടാക്കാതെ അവിടെ നിന്നും ആൾക്കൂട്ടത്തിലേക്ക് നീങ്ങി പുറത്തിറങ്ങി നടന്നു.

മൂന്നാം ദിവസം ക്വാലാ ലംപൂർ നഗരസന്ദർശന മായിരുന്നു. രാവിലെ ആദ്യം രാജകൊട്ടാരം സന്ദർശിച്ചു. മഞ്ഞ നിറത്തിലുള്ള പതാക ഉയർന്നു പാറുന്ന ഗംഭീരമായ കൊട്ടാരത്തിൻ്റെ കവാടത്തിൽ മാത്രമായിരുന്നു പ്രവേശനം. ദേശീയ സ്മാരകവും ( Nation­al Monument)തുടർന്ന് സ്വാതന്ത്ര്യ ചത്വരവും (Lib­er­ty Square)സന്ദർശിച്ചു.

പിന്നീട് കോലാലംപൂരിൻ്റെ ഏറ്റവും ആകർഷകങ്ങളായ പെട്രോനാസ് (Petronas) ഇരട്ട ഗോപുരങ്ങൾ എന്നറിയപ്പെടുന്ന മനോഹരമായ രണ്ടു കൂറ്റൻ ടവറുകൾ സന്ദർശിച്ചു. മലേഷ്യയിൽ വരുന്ന ആരും ഈ ഇരട്ടഗോപുരങ്ങൾ സന്ദർശിക്കാതെ പോകാറില്ലത്രേ.

ഉച്ചഭക്ഷണത്തിനു ശേഷം പ്രത്യേകിച്ച് നിശ്ചയിക്കപ്പെട്ട സന്ദർശനം ഇല്ലായിരുന്നു. ആ സമയം ഷോപ്പിങ്ങിനായി നീക്കിവെച്ചിരുന്നു. പലരും തങ്ങളുടെ അഭിരുചിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് വിവിധ മാളുകളിലും വ്യാപാരത്തെരുവിലും ചെന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടി.

നാലാം ദിവസം മലേഷ്യൻ സന്ദർശനത്തിൻ്റെ അവസാന ദിവസമായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ ഹോട്ടൽമുറി പൂട്ടി താക്കോൽ കൗണ്ടറിൽഏല്പിച്ച് പുറപ്പെട്ടു. ആദ്യമായി അവിടത്തെ പ്രശസ്തമായ അക്വേറിയം സന്ദർശിച്ചു. പല തരം അലങ്കാര മത്സ്യങ്ങളുടെ ഒരു കടൽ തന്നെയായിരുന്നു, അവിടെ അസംഖ്യം ചില്ലു പേടകങ്ങളിൽ ഒരുക്കിയിരുന്നത്. അക്വേറിയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു.

തുടർന്ന് ചൈനീസ് മാർക്കറ്റ് സന്ദർശിച്ചു . സാധനങ്ങൾ വിലപേശി വാങ്ങാൻ സൗകര്യമുള്ള അവിടെ വില പേശി വാങ്ങി പലരും നേടുകയും മറ്റു ചിലർ നഷ്ടം നേരിടുകയും ചെയ്തു. മലേഷ്യയുടെ പുതിയ രാഷ്ട്രീയ തലസ്ഥാനമായി പുതുതായി നിർമ്മിച്ച പുത്രജയ (Putra Jaya )എന്ന നഗര സന്ദർശനമായിരുന്നു അവസാന ദിവസത്തെ ഒരു പ്രധാനപരിപാടി .

വാസ്തവത്തിൽ ഞങ്ങൾ ആദ്യം വന്നിറങ്ങിയ വിമാനത്താവളം നിൽക്കുന്നത് പുത്രജയയിൽ ആണ്. ഞങ്ങൾ പക്ഷേ സൗകര്യത്തിനു വേണ്ടി അന്നു തന്നെ ഒരു മണിക്കൂറിലേറെ യാത്ര ചെയ്ത് ക്വാലാലംപുരിലെത്തി അവിടെ യാണ് താമസിച്ചത്. അവസാന ദിവസം അക്വേറിയം സന്ദർശത്തിനു ശേഷം ഉച്ചഭക്ഷണത്തിനു ശേഷം പുത്രജയയിലേക്ക് പുറപ്പെട്ടു. വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത പുത്രജയ എന്ന നഗരം എല്ലാം കൊണ്ടും മനോഹരമായിരുന്നു. അവിടത്തെ പ്രശസ്തമായ മുസ്ലീം പള്ളി സന്ദർശിച്ചതിന ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന മനോഹരമായ കൂറ്റൻ മന്ദിരം സന്ദർശിച്ചു.

ആറു മണിയോടെ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. രാത്രി 10.25 ന് പുറപ്പെടുന്ന കൊച്ചിയിലേക്കുള്ള എയർ ഏഷ്യാ വിമാനം കാത്ത് ഇരുന്നു. അതിടയിൽ വിമാനം വന്നു നിൽക്കുന്ന ഗേറ്റ് പെട്ടെന്ന് മാറ്റിയതായി അറിയിപ്പുണ്ടായതിനെത്തുടർന്ന് പുതുക്കിയ ഗേറ്റിലേക്ക് ലഗ്ഗേജുമായി എത്തിച്ചേരുന്നതിന് അല്പം അലച്ചിൽ ഉണ്ടായി. എങ്കിലും സൗകര്യപ്രദമായി വിമാനത്തിൽ കയറാനും പിറ്റേന്ന് രാവിലെയോടെ തിരിച്ച് നാട്ടിലെത്തിച്ചേരാനും കഴിഞ്ഞു.

ജനസംഖ്യയിൽ കേരളത്തിലുള്ളതിലും അല്പം കുറവ് ആളുകൾ മാത്രമാണ് ഉള്ളതെങ്കിലും 13 സംസ്ഥാനങ്ങളും 3 ഫെഡറൽ പ്രദേശങ്ങളും ചേർന്ന , മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്നാലുണ്ടാകുന്നത്രയും ഭൂവിസ്തൃതിയുള്ള, വലിയ ഒരു രാജ്യമായ മലേഷ്യയിലെ ഏതാനും നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും മാത്രമാണ് ചുരുങ്ങിയ സമയപരിധിക്കകത്ത് സന്ദർശിക്കാൻ കഴിഞ്ഞത്.

ഒരു ബഹു വംശീയ സമൂഹമാണെങ്കിലും ഭരണഘടന പ്രകാരം ഒരു മുസ്ലീം രാഷ്ട്രമായ മലേഷ്യയിൽ കണക്കു പ്രകാരം 63.5 ശതമാനം മുസ്ലീങ്ങളൂം 18.7 ശതമാനം ബുദ്ധമതാനുയായികളും 9.1 ശതമാനം കൃസ്ത്യാനികളും 6.1 ശതമാനം ഹിന്ദുക്കളും, 2.7 ശതമാനം മറ്റുള്ളവും അധിവസിക്കുന്നു. സിഖ് മതം, ബഹായി വിശ്വാസം, ആനിമിസം, നാടോടി വിശ്വാസങ്ങൾ എന്നിവയാണ് മറ്റുള്ളവയിൽ പെടുക. നിരീശ്വരവാദം നിരോധിക്കപ്പെട്ടതിനാൽ അതു സംബന്ധിച്ച കണക്കുകൾ ഇല്ല.
അങ്ങനെ പ്രഖ്യാപിക്കുന്നവർ പ്രോസിക്യൂഷനെ നേരിടേണ്ടി വരികയോ ബഹിഷ്ക്കരിക്കപ്പെടുകയോ ചെയ്യുമെന്നതാണ് പ്രശ്നം. നിരീശ്വരവാദികളോടുള്ള സർക്കാരിൻ്റെ വിവേചനത്തിൻ്റെ പേരിൽ മനുഷ്യാവകാശ സംഘടനകളുടെ വിമർശനത്തിന് രാജ്യഭരണകൂടം വിധേയമായിട്ടുണ്ട്.

മലേഷ്യയിലെ പ്രധാന വംശീയ വിഭാഗങ്ങൾ മലായ് ജനതയും ഹാൻ ചൈനക്കാരും തമിഴരുമാണ്. മലയാളികൾ ഉൾപ്പെടെ മറ്റ് പല വംശീയവിഭാഗങ്ങളും ചെറിയ അളവിൽ ഉണ്ട്. ഓരോന്നിനും അതിൻ്റേതായ ഭാഷകളുണ്ട്. മലായ് വിഭാഗക്കാർക്ക് മലായ് (ബഹാസ) ചൈനക്കാർക്ക് മന്ദാരിൻ ‚കൻ്റോണിസ്, ഇന്ത്യക്കാർക്ക് തമിഴ്, ഹിന്ദി . എന്നാൽ വ്യത്യസ്തമായ വംശീയ വിഭാഗക്കൾക്ക് ആശയ വിനിമയം എളുപ്പമാക്കാനും മലേഷ്യയുടെ ബഹു സാംസ്കാരിക സമൂഹത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിഫലിപ്പിക്കുന്നതുമാക്കാനും ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു .

 

രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പും ഒക്കെ ഉണ്ടെങ്കിലും ജനാധിപത്യ വ്യവസ്ഥയെന്നു പറയാമെങ്കിലും മലേഷ്യൻ ഭരണകൂടത്തിന്മേൽ മതപരമായ ആധിപത്യം നിലനിൽക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിക്കും മന്ത്രിസഭയ്ക്കും മുകളിൽ പരമ്പരാഗതമായി നിയോഗിക്കപ്പെടുന്ന സുൽത്താനാണ് ഭരണകൂടത്തിൻ്റെ അധിപൻ എന്നതാണ് വാസ്തവം.

ഒരു മുസ്ലീം മത രാഷ്ട്രമാണെങ്കിലും നഗരജീവിതത്തിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയന്ത്രണങ്ങളോ വിവേചനമോ ശ്രദ്ധയിൽ പെട്ടില്ല. എങ്ങും ആധുനിക രീതിയിൽ വേഷം ധരിച്ച സ്ത്രീ പുരുഷന്മാർ സ്വതന്ത്രരായി വിഹരിക്കുന്നതു കാണാമായിരുന്നു. പർദ അണിഞ്ഞ സ്ത്രീകളെ അപൂർവ്വമായേ കണ്ടുള്ളൂ. പുത്രജയ യിലെ പള്ളി സന്ദർശന സമയത്ത് മാത്രമാണ് പള്ളിക്കകത്ത് പ്രവേശിക്കാൻ സ്ത്രീകൾക്ക് തലപ്പാവ് ധരിക്കണമെന്ന നിർദ്ദേശമുണ്ടായത്.

മലേഷ്യയുടെ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും പറ്റി പറയുകയാണെങ്കിൽ ഏറെക്കുറെ നമ്മുടെ നാടിൻ്റെ അവസ്ഥ പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. ഒരു മിത ശീതോഷ്ണാവസ്ഥ. ഒരുപക്ഷെ മറ്റു സമയങ്ങളിൽ വ്യത്യസ്തമായിരിക്കാം. ഞങ്ങൾ അവിടെയുള്ളപ്പോൾ ഇടയ്ക്ക് ഒന്നു രണ്ടു പ്രാവശ്യം മഴ പെയ്തിരുന്നു.

ആവശ്യത്തിന് മഴ ലഭിക്കുന്നതു കൊണ്ട് കൃഷിക്കനുകൂലമായ സാഹചര്യമാണ് മലേഷ്യയിലുള്ളത്. ഭൂമിയുടെ ഭൂരിഭാഗവും കൃഷിക്കാണ് നീക്കിവച്ചിട്ടുള്ളത്. നെല്ലാണ് മുഖ്യ കൃഷി. ഈന്തപ്പനയും റബ്ബറും ധാരാളമുണ്ട്. വിമാനത്താവളത്തിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ വഴിയരികിൽ വിസ്തൃതമായി കിടക്കുന്ന ഈന്തപ്പനത്തോട്ടങ്ങൾ കണ്ടു.

അറിഞ്ഞിടത്തോളം, പാശ്ചാത്യ രാജ്യങ്ങളെ കിടപിടിക്കുന്ന സൗകര്യങ്ങളും വൃത്തിയുമുള്ള ഒരു വൻ നഗരമാണ് ക്വാലാലംപൂർ എന്നു പറയാതിരിക്കാനാവില്ല.

കോഴിക്കോട് എംബ്രേസ്‌ ( Embrace) എന്ന ടൂറിസ്റ്റ് കമ്പനിയുമായി ചേർന്നായിരുന്നു കാസർക്കോട് ട്രാവൽ ക്ലബ്ബ് ഈ വിനോദയാത്ര സംഘടിപ്പിച്ചത്. ആദ്യമായി നടത്തുന്ന വിദേശയാത്രയ്ക്ക് ആവശ്യമായ ഒരുക്കങ്ങളെ ക്കുറിച്ച് കൃത്യമായി നേരത്തേ തന്നെ വിവരം നൽകുന്നതിൽ സംഘാടകർ പ്രത്യേകിച്ച് സണ്ണി ജോസഫ് ശ്രദ്ധിച്ചിരുന്നു. അവിടെ ചെലവാക്കാൻ ആവശ്യമായ തദ്ദേശീയമായ നാണയമായ റിങ്കിറ്റ് ഉൾപ്പെടെ ഒരുക്കിവെക്കാനും കഴിഞ്ഞത് യാത്രയിൽ ഉപകരിച്ചു.

യാത്രയിൽ വഴികാട്ടികളായി വന്ന വിദ്യാ സുബ്രഹ്മണ്യൻ , നിർമ്മല എന്നിവരുടെ സേവനവും എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യൻ വംശജരായ ഇവർ സംസാരിക്കവേ ഇംഗ്ലീഷിന്നെ കൂടാതെ പലപ്പോഴും തമിഴ് ഭാഷയും ഉപയോഗിച്ചത് ഞങ്ങളൊക്കെ ഇന്ത്യയിൽ തന്നെയാണോയെന്നു പോലും തോന്നിപ്പിച്ചു .

എംബ്രേസ് കമ്പനിയുടെ പ്രതിനിധിയെന്ന നിലയിൽ വിനോദും യാത്രയിലുടനീളം ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. കാസർക്കോടു മുതൽ പത്തനംതിട്ടവരെയുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള നാല്പതിലേറെ പേരുൾപ്പെടുന്ന യാത്രാ സംഘം യഥാർത്ഥത്തിൽ കേരളത്തിൻ്റെ ഒരു പരിച്ഛേദം തന്നെയായിരുന്നു. മലയാളത്തിൻ്റെ വിവിധങ്ങളായ പ്രയോഗങ്ങൾ ഞങ്ങളുടെ സംഭാഷണങ്ങളെ സമൃദ്ധമാക്കി. നാടക‑സിനിമാഗാനങ്ങളും തമാശകളും ക്ഷീണമകറ്റി.

കാസർക്കോട് ഗവ.കോളേജിൽ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകൻ പ്രൊഫ. കെ.നരേന്ദ്രനാഥും സഹധർമ്മിണി ഭാരതി ടീച്ചറും അദ്ദേഹത്തിൻ്റെ അനിയനും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനുമായ വിശ്വനാഥൻ, വിവിധ കോളേജുകളിൽ ജിയോളജി അദ്ധ്യാപകരായിരുന്ന ഡോ.എൻ. അശോക് കുമാർ, ഡോ.രാധാകൃഷ്ണൻ നായർ, ഒട്ടേറെ അന്തർദേശിയ യാത്രകളിൽ പങ്കെടുത്ത ഹരിദാസ്, ട്രാവൽ ക്ലബ്ബിൻ്റെ ചുമതലക്കാരനായ ശശി മാഷ്, തുടങ്ങിയവരുടെ സാന്നിദ്ധ്യം യാത്രാ സംഘത്തിലുണ്ടായത് ഉടനീളം ഒരു സുരക്ഷിതത്വബോധം ഉണ്ടാക്കിയിരുന്നു.

ആഹ്ലാദത്തോടെ ആരംഭിച്ച യാത്രയ്ക്കിടെ ഉണ്ടായ വയനാട് ഉരുൾപൊട്ടലും കൂട്ടമരണങ്ങളും വ്യാപകമായ നാശ നഷ്ടങ്ങളും സംബന്ധിച്ച വാർത്തകൾ എല്ലാവരേയും മ്ലാനവദനരാക്കി.

തുടക്കത്തിൽ ഫോട്ടോയും വീഡിയോകളും എടുത്തു ഫേസ് ബുക്കിലും മറ്റും സന്തോഷത്തോടെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നത് നിരുത്സാഹപ്പെട്ടു.

ഈ ദുരന്ത സംഭവങ്ങൾക്കെല്ലാം മുമ്പേ വിദൂരദേശത്ത് തുടങ്ങിപ്പോയ ഒരു യാത്ര ഒഴിവാക്കുന്നത് പ്രത്യേകിച്ച് ഒരു അർത്ഥവുമുണ്ടാക്കില്ല എന്നതുകൊണ്ട് അത് നിശ്ചയിച്ച രീതിയിൽ അങ്ങനെ തുടർന്നു പൂർത്തീകരിക്കുകയായിരുന്നു എന്നതാണു വാസ്തവം

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.