സംസ്ഥാന മന്ത്രിയടക്കം ആറ് എംഎല്‍എമാര്‍ ഉദയ്പുര്‍ റിസോര്‍ട്ടില്‍ എത്താതിരുന്നതോടെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍വി ഭീഷണിയില്‍. രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുന്നതിലുമധികം സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തിയതോടെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ സാധ്യത തെളിഞ്ഞത്.
ഹരിയാനയിലും രാജസ്ഥാനിലും കുതിരക്കച്ചവടം ലക്ഷ്യമിട്ടുകൊണ്ട് ബിജെപി രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കുമോ എന്നതാണ് നേതാക്കള്‍ക്ക് തലവേദനയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലെ വീഴ്ചകളുടെ പേരില്‍ സംസ്ഥാന അധ്യക്ഷന്മാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന കോണ്‍ഗ്രസിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതായി ബിജെപിയുടെ നീക്കം.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് ഹരിയാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. ഇതേത്തുടര്‍ന്ന്, വോട്ടുകള്‍ ചോരാതിരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയായിരുന്നു.
രാജസ്ഥാനില്‍ പഞ്ചായത്തിരാജ് മന്ത്രി രാജേന്ദ്ര ഗുദ്ധ അടക്കം ആറ് പേരാണ് റിസോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 2019 ല്‍ ബിഎസ്‌പിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എംഎല്‍എമാരിലൊരാളാണ് ഇദ്ദേഹം.
ഈ സംഘത്തിലുണ്ടായിരുന്ന വാജിദ് അലി, ലഖന്‍ സിങ്, സന്ദ്പീ കുമാര്‍ എന്നിവരും ക്യാമ്പിലെത്തിയിട്ടില്ല. കൂടാതെ ഗിരിരാജ് സിങ്, ഖിലാഡി ലാല്‍ ഭൈരവ എന്നിവരും ഉദയ്‌പുരിലെ റിസോര്‍ട്ടില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇതില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്നും എംഎല്‍എമാരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും വക്താവ് സ്വര്‍ണിം ചതുര്‍വേദി പറഞ്ഞു.
ബിജെപിയുടെ കുതിരക്കച്ചവട ഭീതിയില്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യവും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുന്നത്.
രാജ്യസഭയിലേക്കുള്ള ആറാമത്തെ സീറ്റില്‍ ബിജെപിയും ശിവസേനയും നേരിട്ടുള്ള മത്സരത്തിനാണ് കളമൊരുങ്ങിയിട്ടുള്ളത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് മഹാരാഷ്ട്രയില്‍ രാജ്യസഭയിലേക്ക് വോട്ടെടുപ്പ് വേണ്ടിവരുന്നത്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന എംവിഎ സഖ്യത്തിന്റെ ആവശ്യം ബിജെപി തള്ളുകയായിരുന്നു.
42 എംഎല്‍എമാരുടെ പിന്തുണയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വേണ്ടത്. 105 എംഎല്‍എമാരുള്ള ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ശിവസേനയ്ക്ക് 56ഉം, എന്‍സിപിക്ക് 54ഉം കോണ്‍ഗ്രസിന് 44ഉം എംഎല്‍എമാരാണുള്ളത്. വോട്ടെടുപ്പില്‍ ചെറുകിട പാര്‍ട്ടികളുടെയും സ്വതന്ത്ര എംഎല്‍എമാരുടെയും നിലപാട് നിര്‍ണായകമായി മാറിയിട്ടുണ്ട്.
English Summary:In Rajasthan, six MLAs did not make it to the resort; Congress threatened with defeat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.