കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് 21 കോടി രൂപ തട്ടിയെടുത്ത കേസിൽ പിഎൻബി മുൻ സീനിയർ മാനേജർ എം പി റിജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭയുടെ ഏഴ് എക്കൗണ്ടുകളിൽ നിന്നുൾപ്പെടെ പഞ്ചാബ് നാഷണൽ ബേങ്കിൽ നിന്ന് 21 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മുക്കം ചാത്തമംഗലം എരുമലയിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി തള്ളിയെങ്കിലും തട്ടിപ്പിൽ കോർപ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്ക് കൂടി പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രസ്തുത കോടതിയിൽ റിജിൽ ഇന്നലെ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൂടാതെ, പഞ്ചാബ് നാഷണൽ ബാങ്കിലെ എക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട 10. 7 കോടി രൂപ കോഴിക്കോട് കോർപ്പറേഷന് പിഎൻബി ഇന്നലെ കൈമാറി. ഡൽഹിയിൽ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനപ്രകാരമാണ് നടപടി. പണം അക്കൗണ്ടിൽ ലഭിച്ചതായി കോർപ്പറേഷൻ സെക്രട്ടറിയും സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെയുള്ള കണക്ക് പ്രകാരം കോർപ്പറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ ലഭിച്ചുവെന്നും സെക്രട്ടറി വ്യക്തമാക്കി. നേരത്തെ 2.53 കോടി രൂപ ബാങ്ക് കോർപറേഷന് നൽകിയിരുന്നു. ഇത് കൂടാതെയാണ് ഇന്നലെ 10. 7 കോടി കൂടി നൽകിയത്.
തട്ടിപ്പ് പുറത്തറിഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ മാസം 29ന് വീട്ടിൽ നിന്നിറങ്ങിയ റിജിൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു കഴിയുകയായിരുന്നു. പ്രഥമ ഘട്ടത്തിൽ ലോക്കൽ പോലീസ് കേസന്വേഷണം നടത്തിയെങ്കിലും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രതി രാജ്യം വിടാതിരിക്കാൻ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത തുക ബേങ്ക് മാനേജർ റിജിൽ ഓൺലൈൻ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനുമാണ് ഉപയോഗിച്ചതെന്നാണ് സൂചന. പഞ്ചാബ് ബാങ്കിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയ ശേഷം പിന്നീട് ആക്സിസ് ബാങ്കിൽ തന്റെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് ഉപയോഗിച്ചെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. കോർപ്പറേഷന്റേത് കൂടാതെ വിവിധ വ്യക്തികളുടെ അക്കൗണ്ടിൽ നിന്നും പ്രതി പണം പിൻവലിച്ചതായി സൂചനയുണ്ട്. റിജിലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു വരുന്നു.
അതേസമയം കോഴിക്കോട് കോർപ്പറേഷന് പഞ്ചാബ് നാഷനൽ ബാങ്ക് 10. 7 കോടി രൂപ തിരികെ നൽകി. ഇന്നലെചേർന്ന ഡയരക്ടർ ബോർഡണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുൻപ് റിജിൽ അഞ്ച് ലക്ഷം രൂപ പിൻവലിച്ചുവെന്നു നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത തുകയിൽ 10 കോടി രൂപ റിജിൽ ഓഹരി വിപണിയിലാണ് ചെലവാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ റമ്മി, വായ്പ തിരിച്ചടവ്, വ്യക്തിഗത പണമിടപാട് എന്നിവയ്ക്കായി ബാക്കി തുക ഉപയോഗിച്ചതായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളുണ്ട്. റിജിലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സ്വന്തം ശമ്പളവും വായ്പയും ഉപയോഗിച്ച് ഓഹരി വിപണിയിൽ ഇടപെട്ടു തുടങ്ങിയ റിജിൽ 2021 മുതൽ കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് പണം തിരിമറി നടത്തിയതായാണ് കണ്ടെത്തൽ. പിഎൻബി ലിങ്ക് റോഡ് ശാഖയിൽ ജോലിചെയ്യുമ്പോഴാണ് റിജിൽ തട്ടിപ്പ് നടത്തിയത്.
English Summary: Incident of stealing money from Kozhikode Corporation account; PNB ex-senior manager Rijil in custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.