23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

ഗാസ സംഘര്‍ഷം: കൂട്ടക്കുരുതിക്ക് മൗനസമ്മതം

യുഎന്‍ പ്രമേയത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ
ഭൂരിപക്ഷം രാജ്യങ്ങള്‍ അപലപിച്ചു 
Janayugom Webdesk
ജനീവ
October 28, 2023 10:58 pm

കാലങ്ങളായി തുടരുന്ന വിദേശനയത്തില്‍ നിന്നും വ്യതിചലിച്ച് ഗാസയിലെ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്ക് മൗനസമ്മതവുമായി ഇന്ത്യ. ഇസ്രയേൽ നടത്തുന്ന ഗാസ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. യുഎസും ഇസ്രയേലും അടക്കം 14 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തുവെങ്കിലും 120 രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം പാസായി. നിരാലംബരായ പലസ്തീന്‍ ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കാന്‍ മേഖലയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതായിരുന്നു പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവന്ന പ്രമേയം.

സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണം, ഇരുപക്ഷവും ബന്ദികളാക്കിയവരെ ഉപാധികളില്ലാതെ മോചിപ്പിക്കണം, അടിയന്തരമായി ഗാസയിലേക്ക് ഇന്ധനവും വൈദ്യുതിയും മെഡിക്കല്‍ സഹായങ്ങളും എത്തിക്കണം, വടക്കൻ ഗാസയിൽ നിന്ന് ജനങ്ങളെ നിർബന്ധപൂർവം കുടിയൊഴിപ്പിക്കരുത്, മനുഷ്യാവകാശ പ്രവർത്തകർക്ക് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുത് തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലുണ്ടായിരുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും പ്രമേയം അംഗീകരിച്ചിട്ടുണ്ട്. റഷ്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാനാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ ജർമ്മനി, ജപ്പാൻ, ഇറ്റലി, നെതർലാൻഡ്സ്, ഉക്രെയ്ൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

അതേസമയം ഹമാസിനെ അപലപിച്ചും ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കാനഡ അവതരിപ്പിച്ച ഭേദഗതിയെ ഇന്ത്യ അനുകൂലിച്ചു. നേരത്തേ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങള്‍ വീറ്റോ ചെയ്തതിനെത്തുടര്‍ന്ന് നിരസിക്കപ്പെട്ടിരുന്നു. ഹമാസ് ബന്ദികളാക്കിയവരെക്കുറിച്ചോ അക്രമങ്ങളെക്കുറിച്ചോ പ്രമേയത്തിൽ പരാമർശിച്ചിട്ടില്ലെന്നും അതിനാലാണ് വിട്ടുനിൽക്കുന്നതെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി യോജ്‌ന പട്ടേല്‍ വിശദീകരിച്ചു.

ഗാസയിലെ സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്നും മേഖലയിലെ സംഘര്‍ഷത്തെ ഇന്ത്യ ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും ആവര്‍ത്തിച്ച അവര്‍ സംഘര്‍ഷത്തിന് ഇരുപക്ഷവും കാരണക്കാരാണെന്നും കുറ്റപ്പെടുത്തി. നേരത്തെ ഇസ്രയേലിനെ പിന്തുണച്ചാണ് നിലപാടെടുത്തതെങ്കിലും പലസ്തീൻ നേതാക്കളെ വിളിച്ച് മാനുഷിക സഹായങ്ങൾ എത്തിക്കാമെന്ന് ഇന്ത്യ ഉറപ്പുനൽകിയിരുന്നു. പിന്നാലെ ഈജിപ്ത് അതിർത്തി വഴി ഇന്ത്യ സഹായം എത്തിക്കുകയും ചെയ്തു.

വിനാശം; തിരിച്ചടിക്കുമെന്ന് ഹമാസ് 

ജെറുസലേം: ഗാസയെ നിശേഷം നശിപ്പിച്ചുകൊണ്ട് കര‑വ്യോമാക്രമണങ്ങൾ ശക്തമാക്കി ഇസ്രയേൽ സൈന്യം. നിലവിൽ ഗാസ അതിർത്തിയിൽ ടാങ്കുകളടക്കം ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. 150ലധികം കേന്ദ്രങ്ങളില്‍ ഇന്നലെ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാകയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. അതേസമയം ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഗാസയിലെ ആക്രമണം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഗാസയില്‍ ഇതുവരെ 7300 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പ്രദേശത്തെ ഇന്റർനെറ്റ്, ആശയവിനിമയ സേവനങ്ങൾ പാടെ തകർന്നു. 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. ആരോഗ്യസംവിധാനങ്ങളും താറുമാറായി.

ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ഗാസയിലുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹമാസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മുഴുവൻ ശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഹമാസ് സൈന്യം പ്രതിജ്ഞയെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഞെട്ടിക്കുന്ന നടപടി: ഇടതുപക്ഷം

ന്യൂഡല്‍ഹി: യുഎൻ ജനറൽ അസംബ്ലി ഭൂരിപക്ഷത്തോടെ അംഗീകരിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് സിപിഐ, സിപിഐ(എം) സംയുക്ത പ്രസ്താവന. പൗരന്മാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ഉടമ്പടികളും ഉയർത്തിപ്പിടിക്കണമെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ ആക്രമണത്തിന് മാനുഷിക പരിഗണനവച്ചുള്ള താല്‍ക്കാലിക വിരാമം ഉണ്ടാവണമെന്നും ആവശ്യപ്പെടുന്നതായിരുന്നു വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ച പ്രമേയം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിധേയ സഖ്യകക്ഷിയായി മാറിയതിന്റെയും യുഎസ്-ഇസ്രയേൽ‑ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് ദൃഢമാക്കാനുള്ള മോഡി സർക്കാരിന്റെ നടപടികളുടെയും തലത്തിലേക്ക് രാജ്യത്തിന്റെ വിദേശനയം മാറിയിരിക്കുന്നുവെന്നാണ് ഇത്തരമൊരു പ്രമേയത്തിൽ ഇന്ത്യ വിട്ടുനിന്നതിലൂടെ വ്യക്തമാകുന്നത്.

പലസ്തീൻ എന്ന ആവശ്യത്തിന് ദീര്‍ഘകാലമായി ഇന്ത്യ നല്‍കിവരുന്ന പിന്തുണയെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രമേയം അംഗീകരിച്ചതോടെ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ വംശഹത്യക്കായി നടത്തുന്ന വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. 22 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ഗാസയിലേക്കുള്ള എല്ലാ ആശയ വിനിമയോപാധികളും വിച്ഛേദിക്കുകയും ചെയ്തിരിക്കുന്നു. യുഎൻ ജനറൽ അസംബ്ലിയുടെ നിര്‍ദേശം മാനിച്ച് ഉടൻ വെടിനിർത്തൽ ഉണ്ടാകണം. 1967ന് മുമ്പുള്ള അതിര്‍ത്തികളും കിഴക്കൻ ജെറുസലേം തലസ്ഥാനവുമായുള്ള പലസ്തീൻ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശം നടപ്പിലാക്കാൻ ഐക്യരാഷ്ട്രസഭ സ്വയം സന്നദ്ധമാകണമെന്നും ജനറല്‍ സെക്രട്ടറിമാരായ ഡി രാജ, സീതാറാം യെച്ചൂരി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: India Abstains From UN Vote On Israel Which Did­n’t Men­tion Hamas Attack
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.