വിശപ്പ് ഒരു ഭരണകൂടത്തിന്റെ പ്രകടന മാനദണ്ഡമായി കണക്കാക്കാമെങ്കില്‍ മോഡി സര്‍ക്കാര്‍ അതിന്റെ മുന്‍ഗാമികളെക്കാളും അയല്‍ രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണെന്ന് 2021 ലെ ആഗോള വിശപ്പ് സൂചിക വ്യക്തമാക്കുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി മോഡിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും ആരാധക വൃന്ദത്തിന്റെയും എല്ലാ അവകാശവാദങ്ങളെയും പൊളിച്ചടുക്കുന്നു. വിശപ്പ്സൂചിക ‘യാഥാര്‍ത്ഥ്യങ്ങളെയും വസ്തുതകളെയും കണക്കിലെടുത്തുള്ളതല്ലെന്ന’ മോഡിസര്‍ക്കാരിന്റെ പ്രതിരോധം വിവിധ വിഷയങ്ങളില്‍ ഇന്ത്യയുടെ പ്രകടനം സംബന്ധിച്ച് പുറത്തുവരുന്ന പഠനങ്ങള്‍ക്കെതിരെ ഭരണകൂടം തുടര്‍ന്നുവരുന്ന ‘നിഷേധമുറ’യുടെ ഭാഗം മാത്രമാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു.
ആഗോള വിശപ്പ് സൂചിക 2021 ലെ നിഗമനങ്ങള്‍ അതിന്റെ പ്രസാധകരുടെ സ്വന്തം കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളവ അല്ല. ഐക്യരാഷ്ട്രസഭ, യുഎന്‍ അന്താരാഷ്ട്ര ഏജന്‍സികളായ ഭക്ഷ്യ കൃഷി സംഘടന (എഫ്എഒ), യുനിസെഫ്, ശിശുമരണ തോത് നിര്‍ണയത്തിനായുള്ള യുഎന്‍ ഏജന്‍സികളുടെ കൂട്ടായ്മ (യുഎന്‍ ഐജിഎംഇ), ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ലോകബാങ്ക് എന്നിവ കാലാകാലങ്ങളായി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് വിശപ്പ്സൂചിക തയാറാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സമഗ്രദേശീയ പോഷകാഹാര പഠനം (സിഎന്‍എന്‍എസ്) 2016–2018 ന്റെ 2019ല്‍ പ്രസിദ്ധീകരിച്ച ദേശീയ റിപ്പോര്‍ട്ട് വിശപ്പ്സൂചിക തയാറാക്കുന്നതില്‍ വിപുലമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഡി സര്‍ക്കാരിന്റെ നിഷേധം സ്വന്തം മുഖവൈകൃതം മറച്ചുവയ്ക്കാനുള്ള ശ്രമമായി മാത്രമെ കാണാനാവു.
2030 തോടെ വിശപ്പ്‌രഹിത ലോകം എന്ന ഐക്യരാഷ്ട്രസഭയുടെ സ്ഥായിയായ വികസന ലക്ഷ്യം (എസ്‌ഡിജി) കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല എന്ന വിശപ്പ് സൂചികയുടെ വിലയിരുത്തലാണ് മോഡി ഭരണകൂടത്തെ ഏറെയും ചൊടിപ്പിക്കുന്നത്. സുരക്ഷിതവും പോഷക സമൃദ്ധവും മതിയായതോതിലുമുള്ള ഭക്ഷണം എല്ലാവര്‍ക്കും ഉറപ്പുവരുത്തുക വഴി ന്യൂനപോഷണത്തെ 2030 ഓടെ മറികടക്കുക എന്നത് യുഎന്റെ സ്ഥായിയായ വികസന ലക്ഷ്യത്തില്‍ ഒന്നാണ്. 2025 ഓടെ ശിശുവളര്‍ച്ചാ മുരടിപ്പിനെ അതിജീവിക്കുക എന്നത് ലോക ആരോഗ്യ അസംബ്ലിയുടെ ലക്ഷ്യവും യുഎന്റെ സ്ഥായിയായ വികസന പുരോഗതി അളക്കാനുള്ള ഉപാധിയുമാണ്. അഞ്ചുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറച്ചുകൊണ്ടുവരിക എന്നതും സ്ഥായിയായ വികസന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. 2021 ലെ ആഗോള വിശപ്പ്സൂചിക ഔദ്യോഗികമായി യുഎന്‍ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും അംഗീകരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിനുള്ളില്‍ മേല്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവില്ലെന്ന് സ്ഥാപിക്കുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ മോഡി ഭരണകൂടത്തിന്റെ മുഖംമൂടി പിച്ചിചീന്തിയിരിക്കുന്നു.
2006ല്‍ ആരംഭിച്ചതു മുതല്‍ നാളിതുവരെ പതിവുപോലെ ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കുന്ന ആഗോള വിശപ്പ്സൂചിക ഇത്തവണ മോഡി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം തികച്ചും പ്രതികൂലമായ അവസരത്തിലാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാമത് മോഡി സര്‍ക്കാര്‍ അതിന്റെ കാലാവധിയുടെ പകുതി പിന്നിടുകയും യുപി അടക്കം സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത വെല്ലുവിളി നേരിടുകയും ചെയ്യുന്ന സമയമാണിത്. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ യുപിയടക്കം സംസ്ഥാനങ്ങളില്‍ എന്തായിരിക്കും ബിജെപിയുടെ നില എന്നതിന്റെ സൂചകമായി മാറുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാന്‍ മോഡി ഭരണകൂടം എന്തുചെയ്തുവെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന വസ്തുതകളാണ് ആഗോള വിശപ്പ് സൂചിക പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 -ാമതാണ്. മോഡി അധികാരത്തിലേറിയ 2014ല്‍ ഇന്ത്യ 55-ാം സ്ഥാനത്തായിരുന്നു. വിശപ്പിന്റെ രൂക്ഷത വ്യക്തമാക്കുന്ന തോതില്‍ 2021 ല്‍ ഇന്ത്യ 27.5 പോയിന്റില്‍ എത്തിനില്‍ക്കുന്നു എന്നു മാത്രമല്ല ഇന്ത്യയ്ക്കു പിന്നില്‍ 116ല്‍ 15 രാജ്യങ്ങള്‍ മാത്രമെ ഉള്ളു എന്നതും ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നു. പാപുവ ന്യു ഗിനിയ, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, കോംഗോ റിപ്പബ്ലിക്, മൊസാംബിക്, സിയാറാലിയോണ്‍, ടിമോര്‍-ലെസ്റ്റെ, ഹൈത്തി, ലൈബീരിയ, മഡഗാസ്കര്‍, കോംഗോ ജനാധിപത്യ റിപ്പബ്ലിക്, ഛാഡ്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, യമന്‍, സോമാലിയ എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് പിന്നില്‍.
ഇന്ത്യ ദക്ഷിണേഷ്യയിലെ താരതമ്യേന ദുര്‍ബലമെന്ന് കരുതപ്പെടുന്ന രാജ്യങ്ങളെക്കാളും പിന്നിലാണ് വിശപ്പ് പരിഹരിക്കുന്നതില്‍ എന്ന് വിശപ്പ് സൂചിക അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ സ്ഥാനം സൂചികയില്‍ 92ഉം, നേപ്പാളും ബംഗ്ലാദേശും ഏറെ മുന്നില്‍ 76-ാം സ്ഥാനത്തും ശ്രീലങ്ക 65 -ാം സ്ഥാനത്തുമാണെന്നത് മോഡി ഭരണകൂടത്തെ ശരിക്കും പ്രതിക്കൂട്ടിലാക്കുന്നു. വിശപ്പ് ഗുരുതര പ്രശ്നമായി തുടരുന്ന 31 രാജ്യങ്ങളുടെ പട്ടികയിലാണ് സൂചിക ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പഠന വിധേയമായ 107 രാജ്യങ്ങളുടെ പട്ടികയില്‍ 94-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കൊല്ലം ഏഴ് സ്ഥാനങ്ങള്‍ പിന്നോട്ടടിക്കപ്പെട്ടു. സൂചികക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന മോഡി സര്‍ക്കാര്‍ അയല്‍ക്കാരുടെ മെച്ചപ്പെട്ട പ്രകടനത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തിയും മറച്ചുവയ്ക്കുന്നില്ല.
ന്യൂനപോഷണം, പാഴാവുന്ന ബാല്യം, ശിശുവളര്‍ച്ചാ മുരടിപ്പ്, ശിശുമരണ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് അഗോള വിശപ്പ് സൂചിക തയാറാക്കുന്നത്. 2012 മുതല്‍ ന്യൂനപോഷണം, പാഴ്ബാല്യം എന്നിവ വര്‍ധിച്ചുവരുന്നതായി പഠനം വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് 15.3 ല്‍ നിന്നും 17.3 എന്ന തോതിലേക്കാണ് ഉയര്‍ന്നത്. 2006–2012 കാലയളവില്‍ അത് 20 ശതമാനത്തില്‍ നിന്ന് 19.6 ആയും 2012 ല്‍ 15.1 ശതമാനത്തില്‍ നിന്ന് 15 ആയും കുറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ രണ്ട് ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ചമുരടിപ്പില്‍ 2012 ലെ 38.7 ശതമാനത്തില്‍ 34.7 എന്ന നേരിയ പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനായിട്ടുണ്ട്. ശിശുമരണ നിരക്കിലും 5.2 ശതമാനത്തില്‍ നിന്ന് 3.4 എന്ന പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്.
2016–18ല്‍ ശിശു വളര്‍ച്ചാ മുരടിപ്പ് 34.7 ആയിരുന്നത് ഇക്കൊല്ലം 17.3 ആയി കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പക്ഷെ അതുപോലും ‘ഗുരുതര’മെന്നാണ് സൂചിക വിലയിരുത്തുന്നത്. ശിശു വളര്‍ച്ചമുരടിപ്പില്‍ ഇന്ത്യ ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍ രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണെന്ന് സൂചിക ചൂണ്ടിക്കാണിക്കുന്നു. അതാവട്ടെ 1988–1999 ദശകത്തിലേതിനെക്കാളും തെല്ലു കൂടുതലാണെന്നതും അവഗണിച്ചുകൂട.
2014 ല്‍ മോഡി അധികാരം കയ്യാളുന്നതിനു മുമ്പുള്ള ദശകത്തില്‍ രാജ്യത്തെ വിശപ്പിന്റെ തോത് ‘ഗുരതര’മായിരുന്നുവെങ്കിലും ആ കാലഘട്ടത്തില്‍ ‘ഭയാനകമായ’ അവസ്ഥയില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. അന്ന് ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ അയല്‍രാജ്യങ്ങളെക്കാള്‍ മുന്നിലായിരുന്നു. ഇപ്പോള്‍ ഇന്ത്യ ദക്ഷിണേഷ്യയിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും പിന്നിലായി എന്നത് ഭരണകൂട മുന്‍ഗണനകളെയാണ് തുറന്നു കാട്ടുന്നത്.
2030 ഓടെ വിശപ്പുരഹിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള വിലപ്പെട്ട ഏഴര വര്‍ഷങ്ങളാണ് മോഡി ഭരണകൂടം പാഴാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടു എന്ന വസ്തുതയാണ് സൂചിക തുറന്നുകാട്ടുന്നത്. ആഗോള വിശപ്പുസൂചികയെ നിഷേധിച്ചും മുന്‍സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയും മോഡി സര്‍ക്കാരിന് തുടര്‍ന്ന് അതിന്റെ നിരാശാജനകമായ പ്രകടനം മറച്ചുപിടിക്കാനാവില്ല.
കടപ്പാട് : ഇന്ത്യ പ്രസ് ഏജന്‍സി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.