ലോകത്തെ മൊത്തം ജനസംഖ്യയുടെ 35.82 ശതമാനം അധിവസിക്കുന്നത് ചെെനയിലും ഇന്ത്യയിലും കൂടിയാണ്. ഈ രാജ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യവും പരസ്പരസഹകരണവും ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ രണ്ട് രാജ്യങ്ങളും എത്തിച്ചേരുന്നത് 1945–50 കാലഘട്ടത്തിലാണ്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുകയും ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയാവുകയും ചെയ്തതിനെ തുടര്‍ന്ന് പുരോഗതിയുടെ നിരവധി പടവുകള്‍ കയറാന്‍ രാജ്യത്തിനായി. 1949 ഒക്ടോബര്‍ ഒന്നിന് പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചെെന നിലവില്‍ വരികയും രാജ്യത്തിന്റെ ചെയര്‍മാനായി മാവോസെഡോങ് ചുമതലയേല്‍ക്കുകയും ചെയ്തു. 28 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് പോരാട്ടത്തിനൊടുവിലായിരുന്നു ഇത്. സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്നു. 1950 ഫെബ്രുവരി മാസത്തില്‍ ചെയര്‍മാന്‍ മാവോസെതുങ്ങും പ്രധാനമന്ത്രി ചൗവന്‍ലായും മോസ്കോയിലെത്തി സ്റ്റാലിനുമായി ചര്‍ച്ച നടത്തുകയും നിരവധി സഹകരണ കരാറുകളില്‍ ഒപ്പിടുകയും ലോകത്തിന്റെ മോചനത്തിനായി കൂട്ടായി പരിശ്രമിക്കുവാന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ലോകത്തെ കമ്മ്യൂണിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും ആവേശംകൊള്ളിച്ച പ്രഖ്യാപനങ്ങളാണ് അന്നുണ്ടായത്. മാര്‍ക്‌സിം-ലെനിനിസം ചെെനയുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് നടപ്പിലാക്കുമെന്ന് മാവോ ലോകത്തോട് പറഞ്ഞു. എന്നാല്‍ 1960 കാലഘട്ടം മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അകലാന്‍ തുടങ്ങി.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇതൊരു വഴിത്തിരിവായി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു. 1966–76 കാലഘട്ടത്തില്‍ മാവോയുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരിക വിപ്ലവം രാജ്യത്തെ പിറകോട്ട് കൊണ്ടുപോയി എന്നാണ് ചരിത്രം വിലയിരുത്തുന്നത്. മാവോയുടെ ഭരണകാലഘട്ടത്തില്‍ മൂന്ന് കോടിയിലധികം മനുഷ്യര്‍ പട്ടിണി കിടന്ന് മരിച്ചു എന്നും കണക്കാക്കപ്പെടുന്നു. 1976 സെപ്റ്റംബര്‍ മാസത്തില്‍ മാവോ അന്തരിച്ചു. തുടര്‍ന്ന് ഡെങ്ങ്സിയാവോ പിങ് അധികാരത്തില്‍ വന്നു. സമൂലമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. സ്വകാര്യവല്‍ക്കരണത്തിന് വഴിതുറന്നു. വിദേശനിക്ഷേപം പ്രോത്സാഹിപ്പിച്ചു. എല്ലാ വഴികളിലൂടെയും ഉല്പാദകശക്തികളെ കെട്ടഴിച്ചുവിട്ടു. അതോടൊപ്പം തന്നെ പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനുമുള്ള അന്തരീക്ഷം സൃഷ്ടിച്ചു. ഏകാധിപത്യ പ്രവണതകള്‍ മുളയിലെ നുള്ളുന്നതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ചു. 68 വയസ് കഴിഞ്ഞവര്‍ ചുമതലകള്‍ ഒഴിയണമെന്നും രണ്ട് പ്രാവശ്യത്തില്‍ക്കൂടുതല്‍ (10വര്‍ഷം) ഒരാള്‍ക്ക് പ്രസിഡന്റായി തുടരുവാന്‍ കഴിയില്ല എന്നുമുള്ള വ്യവസ്ഥ കൊണ്ടുവന്നു. കൂട്ടായ നേതൃത്വം എന്ന കമ്മ്യൂണിസ്റ്റ് ശെെലിക്ക് വലിയ പ്രാധാന്യം നല്കി. സാമ്പത്തികരംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഡെങ്ങ്സിയാവോയുടെ കാലഘട്ടത്തില്‍ രാജ്യത്തുണ്ടായത്. 2012ല്‍ ഷീ ജിന്‍പിങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി.
2013ല്‍ അദ്ദേഹം പ്രസിഡന്റായും കേന്ദ്ര മിലിട്ടറി കമ്മിഷന്‍ ചെയര്‍മാനായും ചുമതലയേറ്റു. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഒക്ടോബര്‍ 16മുതല്‍ ഒരാഴ്ച നടക്കുകയാണ്. 9.5 കോടി പാര്‍ട്ടി അംഗങ്ങളാണുള്ളത്. 34 ഘടകങ്ങളില്‍ (പ്രവിശ്യകള്‍) നിന്നായി 2290 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഈ സമ്മേളനത്തിലൂടെ ഷീ ജിന്‍പിങ് മൂന്നാമതും പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും മുഖ്യ ചുമതലക്കാരനായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1950 കാലഘട്ടത്തില്‍ മിക്ക കാര്യങ്ങളിലും ഇന്ത്യയുടെയും ചെെനയുടെയും അവസ്ഥ സമാനമായിരുന്നു. ജനസംഖ്യ, ആയുര്‍ദെെര്‍ഘ്യം, ജിഡിപി, ശരാശരി, ആളോഹരി വരുമാനം, തുടങ്ങിയവയിലെല്ലാം ഈ സമാനത ദൃശ്യമായിരുന്നു. 1980 വരെയും ഈ അവസ്ഥ തുടര്‍ന്നു. 1978ല്‍ ഇന്ത്യയുടെ ജിഡിപി 140 ബില്യണ്‍ ഡോളര്‍ ആയിരുന്നപ്പോള്‍ ചെെനയുടേത് 149 ബില്യന്‍ ഡോളര്‍ ആയിരുന്നു. അന്ന് ലോകസമ്പത്തിന്റെ 1.69 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ സംഭാവന എങ്കില്‍ ചെെനയുടേത് 1.75 ശതമാനവും. ഡെങ്ങ്സിയാവോയുടെ പരിഷ്കരണം കാര്യങ്ങളെ മാറ്റിമറിച്ചു. വിപണി അടിസ്ഥാനമാക്കി സാമ്പത്തിക പരിഷ്കാരം കൊണ്ടുവന്നു. കാര്യക്ഷമതയ്ക്കും പ്രൊഫഷണലിസത്തിനും വലിയ പ്രാധാന്യം നല്കി. പുത്തന്‍ സാങ്കേതികവിദ്യ സമസ്ത മേഖലകളിലും ഉപയോഗപ്പെടുത്തി. വിദേശമൂലധനം സ്വീകരിച്ചു. ഉല്പാദനം വര്‍ധിപ്പിച്ചു തദ്ദേശ സര്‍ക്കാരുകളെ ശക്തിപ്പെടുത്തി.
‘മാവോയുടെ ഭരണപരിഷ്കാരം 70 ശതമാനം ശരിയും 30 ശതമാനം തെറ്റും ആയിരുന്നു’ എന്ന് ഡെങ്ങ്സിയാവോ പരസ്യമായി പറഞ്ഞു. ചെെനയില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ നടന്ന കാലട്ടത്തില്‍ത്തന്നെ ഇന്ത്യയിലും ധാരാളം പരിഷ്കാരങ്ങള്‍ നടക്കുകയുണ്ടായി. പുത്തന്‍ സാമ്പത്തികനയങ്ങള്‍ ആഗോളവല്ക്കരണം, ഉദാരവല്ക്കരണം ഇതെല്ലാം രാജ്യത്ത് നടപ്പിലാക്കി. വലിയ വളര്‍ച്ച രാജ്യത്ത് ഉണ്ടാവുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഭാഗികമായേ ഇത് പ്രയോജനപ്പെട്ടുള്ളു. ഇന്ന് ഓരോ രംഗത്തും ചെെന എത്തിനില്‍ക്കുന്ന അവസ്ഥയും ഇന്ത്യയുടെ അവസ്ഥയും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോഴാണ് അന്തരത്തിന്റെ ആഴം വ്യക്തമാകുന്നത്. 141 കോടി ആണ് ഇന്ത്യയുടെ ജനസംഖ്യ. ചെെനയുടേത് 143 കോടിയും. ഇന്ത്യയുടെ ജിഡിപി 2,593 ട്രില്യണ്‍ ഡോളര്‍ ആണെങ്കില്‍ ചെെനയുടേത് 15,222 ട്രില്യണ്‍ ഡോളറാണ്. ലോകത്തെ മൊത്തം സമ്പത്ത് ഉല്പാദനത്തില്‍ ഇന്ത്യയുടെ വിഹിതം 3.14 ശതമാനമായിരിക്കുമ്പോള്‍, ചെെനയുടേത് 15.12 ശതമാനമാണ്. ഭക്ഷ്യസാധനങ്ങളുടെ ഉല്പാദനത്തില്‍ ചെെനയുടെ പകുതിപോലും ഇന്ത്യ ഉല്പാദിപ്പിക്കുന്നില്ല. ഇന്ത്യക്കാര്‍ കഴിക്കുന്നതിന്റെ ഇരട്ടിയിലധികം ഭക്ഷണം അവര്‍ കഴിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയുടെ ശരാശരി ആളോഹരി വരുമാനം 1.51 ലക്ഷം രൂപയായിരിക്കുമ്പോള്‍ ചെെനയുടേത് 9.36 ലക്ഷം രൂപയാണ്. ഇന്ത്യയുടെ ശരാശരി ആയുര്‍ദെെര്‍ഘ്യം 68 വയസും ചെെനയുടേത് 78 വയസുമാണ്. ശരാശരി ഇന്ത്യക്കാര്‍ ജീവിക്കുന്നതിനെക്കാള്‍ 10 വര്‍ഷം കൂടുതല്‍ ചെെനക്കാര്‍ ജീവിക്കുന്നു. കായികരംഗത്ത് ചെെനയുടെ കുതിപ്പിന് അടുത്തൊന്നും എത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 1980ന് ശേഷം 80 കോടിയിലധികം മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുകൊണ്ടുവന്നു എന്ന ചെെനയുടെ അവകാശവാദം തെറ്റല്ല എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകളും സാക്ഷ്യപ്പെടുത്തുന്നത്.
നിരക്ഷരത, തൊഴിലില്ലായ്മ, സ്വന്തമായി വീടില്ലാത്ത അവസ്ഥ, ചികിത്സ കിട്ടാതെ മരിക്കുന്ന അവസ്ഥ, വനിതകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു വലിയ പരിധിവരെ ചെെന പരിഹാരം കണ്ടെത്തി. ഇന്ന് ലോകസാമ്പത്തികരംഗത്ത് അമേരിക്കയ്ക്ക് തൊട്ടുതാഴെയാണ് ചെെനയുടെ സ്ഥാനം. 2030ന് മുമ്പ് സാമ്പത്തികരംഗത്ത് ചെെന അമേരിക്കയെ മറികടക്കും എന്നാണ് ലോകം വിലയിരുത്തുന്നത്. ഇന്ത്യ വന്‍ സാമ്പത്തികവളര്‍ച്ച കെെവരിക്കുന്നു എന്ന് മോഡി സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ്, ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരും നിരക്ഷരരും തൊഴിലില്ലാത്തവരും ചികിത്സ കിട്ടാതെ മരിക്കുന്നവരും ഇന്ത്യയിലാണെന്ന അവസ്ഥ നിലനില്‍ക്കുന്നത്. ശിശുമരണം, പോഷകാഹാരക്കുറവ്, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, മനുഷ്യാവകാശ ലംഘനം, മാധ്യമ സ്വാതന്ത്ര്യ നിഷേധം, സിവില്‍ സര്‍വീസിന്റെ ശോഷണം, വിലക്കയറ്റം ഇക്കാര്യങ്ങളിലൊന്നും ഇന്ത്യയും ചെെനയും തമ്മില്‍ യാതൊരു താരതമ്യവുമില്ല. ചെെനയുടെ നേട്ടങ്ങള്‍ അടിവരയിട്ട് പറയുമ്പോള്‍ത്തന്നെ അവരുടെ മറ്റൊരു ഭാഗംകൂടി പറഞ്ഞുപോകാതെ കഴിയില്ല. സോവിയറ്റ് യൂണിയന്‍ എന്ന കമ്മ്യൂണിസ്റ്റ് രാജ്യം ഇന്ന് നിലവിലില്ല. എങ്കിലും സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്തെ നന്മകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. ലോകജനതയെയും തൊഴിലാളി വര്‍ഗത്തെയും ഒന്നായി കാണുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും സോവിയറ്റ് യൂണിയന്‍ സഹായിച്ചിരുന്നു.
എന്നാല്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെ പിടിച്ച് മനുഷ്യരാശിയെ മുന്നോട്ട് നയിക്കുന്ന ശെെലി ആയിരുന്നില്ല ചെെന കെെക്കൊണ്ടിരുന്നത്. ദേശീയതയ്ക്ക് അവര്‍ അമിതമായ പ്രാധാന്യം നല്കി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാട്ടം നടത്തുന്ന ലോകജനതയെ പലപ്പോഴും അവര്‍ കണ്ടില്ലെന്ന് നടിച്ചു. സോവിയറ്റ് യൂണിയനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിന് തയാറാകാതെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിക്കുകയും നിരവധി രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ പരിശ്രമിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇത് വലിയ തിരിച്ചടിയായി. നിരവധി രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍പ്പിനെ നേരിട്ടു. ഇന്ത്യയിലും അത് സംഭവിച്ചു. ലോകത്തെ കോര്‍പറേറ്റ് ശക്തികള്‍ക്കും ജാതി-മത ശക്തികള്‍ക്കും ആയുധ കച്ചവടക്കാര്‍ക്കും ഒക്കെയാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി നല്ല ബന്ധത്തില്‍ പോകാന്‍ ചെെന തയാറായില്ല എന്ന് മാത്രമല്ല, 1962ല്‍ ഇന്ത്യയ്ക്ക് മേല്‍ യുദ്ധം അടിച്ചേല്പിക്കുകയും ചെയ്തു. വിയറ്റ്നാം, ഇന്‍ഡോനേഷ്യ, മലേഷ്യ, ബ്രൂണെ, ഫിലിപ്പീന്‍സ്, ജപ്പാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായും ചെെനയ്ക്ക് നല്ല ബന്ധമല്ല നിലവിലുള്ളത്. ഇന്നും ഇന്ത്യ‑ചെെന ബന്ധം നല്ല രീതിയിലല്ല. കിഴക്കന്‍ ലഡാക്കിലെ ചെെനയുടെ കടന്നുകയറ്റം, ഗല്‍വാനിലെ പ്രശ്നങ്ങള്‍, ഇന്ത്യ‑പാകിസ്ഥാന്‍ തര്‍ക്കങ്ങളില്‍ എപ്പോഴും പാകിസ്ഥാന് അനുകൂല നിലപാട് സ്വീകരിക്കല്‍ ഇതൊന്നും മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം അംഗീകരിക്കുന്ന ഒരു രാജ്യത്തിന് ഭൂഷണമല്ല. (അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.