28 December 2024, Saturday
KSFE Galaxy Chits Banner 2

ആവേശപ്പോരാട്ടം; ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിധിനിര്‍ണായകം

Janayugom Webdesk
July 17, 2022 8:48 am

ഇന്ത്യ‑ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഇന്ന് ഫൈനല്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ ജയത്തോടെയാണ് ആതിഥേയരായ ഇംഗ്ലണ്ട് തിരിച്ചെത്തിയത്. പരമ്പര നിശ്ചയിക്കപ്പെടുന്നതിനാല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങും. ടി20 പരമ്പര 2–1ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഏകദിന പരമ്പര പിടിക്കേണ്ടത് ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ അഭിമാന പ്രശ്‌നം കൂടിയാണ്.

ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും കസറിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ തീര്‍ത്തും നിറം മങ്ങി. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ശിഖര്‍ ധവാനെ പുറത്തിരുത്തി ഇഷാന്‍ കിഷന് ഇന്ത്യ അവസരം നല്‍കിയേക്കും. രണ്ട് മത്സരത്തിലും വലിയ സ്‌കോര്‍ നേടാന്‍ ധവാന് സാധിച്ചില്ല. ആദ്യ മത്സരത്തില്‍ പുറത്താവാതെ നിന്നെങ്കിലും മികച്ച ബാറ്റിങ്ങായിരുന്നില്ല അദ്ദേഹം കാഴ്ചവച്ചത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പേസ് നിരയില്‍ തുടരുമ്പോള്‍ സ്പിന്‍ മൂന്നാം പേസറായി ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ മൂന്നാം മത്സരത്തില്‍ പരിഗണിച്ചേക്കില്ല. രണ്ട് മത്സരങ്ങളിലും വലിയ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത പ്രസിദ്ധിനെ പുറത്തിരുത്തി പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ മികവ് കാട്ടിയിട്ടുള്ള സിറാജിന് ഏകദിനത്തിലും ഇന്ത്യ അവസരം നല്‍കിയേക്കും.

അതേസമയം വിമര്‍ശനങ്ങളുടെ നടുവിലാണെങ്കിലും വിരാട് കോലി ഇന്ന് കളിക്കാനിറങ്ങും. രണ്ടാം ഏകദിനത്തില്‍ നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയ കോലി 25 പന്തുകളിൽ നിന്ന് 16 റൺസ് മാത്രമാണ് നേടിയത്. ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെ കടന്നുപോവുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലും അഞ്ച് മത്സര ടി20 പരമ്പരയിലും കോലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.

അതേസമയം ജോസ് ബട്ലറുടെ കീഴിൽ ആദ്യ ഏകദിന പരമ്പര കളിക്കുന്ന ഇം​ഗ്ലണ്ട് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മുൻനിര ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ഇം​ഗ്ലണ്ടും നേരിടുന്ന പ്രശ്നം. ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്ക്, ജോസ് ബട്ലർ, ലിയാം ലിവിങ്സ്റ്റൺ എന്നീ ബാറ്റർമാരിൽ ആ​ർക്കും പരമ്പരയിൽ ഇതുവരെ അർധ സെഞ്ചുറി പോലും കണ്ടെത്താനായിട്ടില്ല.

Eng­lish summary;India-England ODI series final today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.