ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ളത് ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളാണ് ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടിരിക്കുന്നത്. ആകെ ക്ഷയരോഗികളില്‍ 27 ശതമാനവും ഇന്ത്യയിലാണ്. ഇത് ഏകദേശം 28.2 ലക്ഷം വരും. ഇവരില്‍ 12 ശതമാനം (3,42,000 പേര്‍) രോഗബാധിതരായി മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ക്ഷയരോഗികളില്‍ 87 ശതമാനവും 30 രാജ്യങ്ങളിലാണ്. ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്, 10 ശതമാനം. ചൈന (7.1), ഫിലിപ്പീന്‍സ് (7), പാകിസ്ഥാന്‍ (5.7) നൈജീരിയ (4.5), ബംഗ്ലാദേശ് (3.6), കോംഗോ (3 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍.
ക്ഷയബാധിതരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2015ല്‍ ഒരു ലക്ഷത്തില്‍ 258 പേര്‍ ക്ഷയരോഗികളായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 199 ആയി കുറഞ്ഞു. എന്നാല്‍ രോഗബാധിതരുടെ നിരക്ക് ആഗോളശരാശരിക്ക് മുകളിലാണ്. ഒരു ലക്ഷം പേരില്‍ 133 ക്ഷയരോഗികളെന്നതാണ് ആഗോളശരാശരി. രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണത്തിലും രാജ്യം മുന്നിലാണ്. നൂറ് രോഗികളില്‍ 12 പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ഇത് ആഗോള ശരാശരിയുടെ ഇരട്ടിയാണ്. 5.8 ശതമാനമാണ് ആഗോളശരാശരി. ക്ഷയരോഗമരണനിരക്ക് ഒരു ശതമാനം മാത്രമുള്ള സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാമത്. നാല് ശതമാനമുള്ള ചൈന 14-ാം സ്ഥാനത്താണ്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് ക്ഷയം.
എന്നാല്‍ തിരിച്ചറിയാനെടുക്കുന്ന കാലതാമസമാണ് വിലങ്ങുതടിയാകുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ക്ഷയരോഗബാധിതരായി മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020–22 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ 60,000 പേര്‍ കൂടുതലായി മരിച്ചുവെന്നാണ് കണക്കുകള്‍. 192 രാജ്യങ്ങളിലുമായി 75 ലക്ഷം ക്ഷയരോഗബാധിതരുണ്ടെന്നാണ് വിവരം.
1995ല്‍ ഡബ്ല്യുഎച്ച്ഒ ക്ഷയരോഗബാധിതരുടെ എണ്ണം തിട്ടപ്പെടുത്താന്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ 71 ലക്ഷം, 2020ല്‍ 58 ലക്ഷം, 2021ല്‍ 64 ലക്ഷം എന്നിങ്ങനെയാണ് മുന്‍ വര്‍ഷത്തെ കണക്കുകള്‍. രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
English Summary: India Has Maximum Cases Of Tuberculosis In The World
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.