28 April 2024, Sunday

ഘോസിയില്‍ ഇന്ത്യ

അഭിമാനപ്പോരാട്ടത്തില്‍
പ്രതിപക്ഷ സഖ്യത്തിന് ജയം
ബംഗാളില്‍ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി 
Janayugom Webdesk
ലഖ്നൗ
September 8, 2023 9:03 pm

ഉത്തര്‍പ്രദേശിലെ ഘോസി നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മുന്‍ എസ്‌പി നേതാവ് കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി ധാരാ സിങ്ങിന് തോല്‍വി നേരിട്ടു. എസ്‌പി സ്ഥാനാര്‍ത്ഥി സുധാകര്‍ സിങ് 42,759 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സുധാകര്‍ സിങ്ങിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതോടെ “ഇന്ത്യാ സഖ്യത്തിന്റെ” സ്ഥാനാര്‍ത്ഥി എന്ന നിലയിലും സുധാകര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2024 തെരഞ്ഞെടുപ്പിന് മുമ്പ് ഇരുസഖ്യവും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരമായിരുന്നു ഇത്. എതിര്‍പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് മണ്ഡലം നേടിയെടുക്കുന്ന ബിജെപിയുടെ തന്ത്രത്തിനും കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. യുപിയിലെ ആദിത്യനാഥിന്റെ അപ്രമാദിത്വത്തിനും തെരഞ്ഞെടുപ്പിലെ തോല്‍വി ആരംഭം കുറിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിശ്വഗുരു ആകാനുള്ള മത്സരത്തില്‍ മോഡിക്കെതിരെയുള്ള ആദിത്യനാഥിന്റെ നീക്കങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് തോല്‍വി തിരിച്ചടിയായി. 2022 ലെ തെരഞ്ഞെടുപ്പില്‍ എസ്‌പി ചിഹ്നത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ധാരാ സിങ് ചൗഹാൻ രാജിവച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജിവെച്ച ധാരാ സിങ് ചൗഹാൻ പിന്നാലെ ബിജെപിയില്‍ ചേരുകയും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു. 2022ലെ തെരഞ്ഞെടുപ്പില്‍ 22,216 വോട്ടിന്റെ വിജയമായിരുന്നു ധാരാ സിങ് ചൗഹാൻ സ്വന്തമാക്കിയിരുന്നത്.

ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ധുപ്ഗുരി നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടി. ബിജെപിയുടെ സിറ്റിങ് സീറ്റാണ് നഷ്ടമായത്. ബിജെപി സ്ഥാനാര്‍ത്ഥി താപസി റോയിയെ 4383 വോട്ടുകള്‍ക്കാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി നിര്‍മ്മല്‍ ചന്ദ്രറോയ് പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍വതി ദാസിന് വിജയം സ്വന്തമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഝാർഖണ്ഡിലെ ധുമ്രിയിൽ 15,153 വോട്ടുകൾക്ക് ഝാർഖണ്ഡ് മുക്തി മോർച്ച സ്ഥാനാർത്ഥി ബേബി ദേവിയാണ് ജയിച്ചത്. എജെഎസ്‌യു‌ സ്ഥാനാർത്ഥി യശോദ ദേവിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ബേബി ദേവി 1,00,317 വോട്ടും യശോദ ദേവി 83,164 വോട്ടും നേടി.

ത്രിപുരയില്‍ ജനാധിപത്യ കശാപ്പ്

ഇടതുപക്ഷം വോട്ടെണ്ണല്‍ ബഹിഷ്കരിച്ചു 

അഗര്‍ത്തല: വ്യാപകമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് വേദിയായ ത്രിപുരയിലെ ധന്‍പൂര്‍, ബോക്സാനഗര്‍ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും ബിജെപിക്ക് വിജയം. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപിച്ച്‌ ഇടതുപാര്‍ട്ടികള്‍ വോട്ടെണ്ണല്‍ ബഹിഷ്കരിച്ചിരുന്നു. ബോക്സാനഗറില്‍ തഫാജ്ജല്‍ ഹൊസൈനും, ധൻപൂരില്‍ ബിന്ദു ദേബ്നാഥുമാണ് വിജയിച്ചത്. ബോക്സാനഗറില്‍ ബിജെപിയുടെ തഫാജല്‍ ഹുസൈന്‍ 30,237 വോട്ടിനു ജയിച്ചു. സിപിഐഎമ്മിന്റെ മിസാന്‍ ഹുസൈന് 3909 വോട്ടു മാത്രമേ നേടാനായുള്ളൂ. ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബാനാഥ് 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. ദേബാനാഥിന് 30,017 വോട്ടും സിപിഐഎമ്മിലെ കൗശിക് ചന്ദയ്ക്ക് 11,146 വോട്ടും കിട്ടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ജനാധിപത്യ കശാപ്പാണ് ത്രിപുരയില്‍ നടന്നതെന്ന് നേരത്തെ ഇടതുപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് മണ്ഡലങ്ങളിലും വ്യാപകമായി ബൂത്തുപിടിത്തം ഉണ്ടായി. പോളിങ് ഏജന്റുമാരെ ബൂത്തുകളില്‍ കടക്കാൻ പോലും ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ബോക്സാനഗറില്‍ 16ഉം ധൻപൂരില്‍ 19ഉം പോളിങ് ഏജന്റുമാര്‍ക്ക് മാത്രമാണ് ബൂത്തുകളില്‍ പ്രവേശിക്കാൻ സാധിച്ചത്. എന്നാല്‍ ഇവരെയും പിന്നീട് ബലം പ്രയോഗിച്ച് പുറത്താക്കി. രണ്ട് മണ്ഡലങ്ങളിലും റീ പോളിങ് നടത്തണമെന്ന് നേരത്തെ ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

Eng­lish sum­ma­ry; India in Ghosi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.