23 December 2024, Monday
KSFE Galaxy Chits Banner 2

കോര്‍പറേറ്റ് കാലത്തെ ഇന്ത്യ

കെ ദിലീപ്
നമുക്ക് ചുറ്റും
July 27, 2023 4:32 am

‘ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അമൃതകാലം’ എന്നാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആരാധകര്‍ ഇന്നത്തെ ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ 2014മുതല്‍ അധികാരത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലം കോര്‍പറേറ്റ്‌വല്‍ക്കരണത്തിന്റെ ആസുരകാലമായാണ് ഇന്ത്യയിലെ സാധാരണക്കാരന് അനുഭവവേദ്യമാവുന്നത്. ദിവസംചെല്ലുന്തോറും സാധാരണമനുഷ്യരുടെ ദുരിതങ്ങള്‍ ഏറിവരികയും ചെയ്യുന്നു. 2016ല്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ നോട്ട് നിരോധനം തകര്‍ത്തത് ഇന്ത്യയിലെ ഇടത്തരം-ചെറുകിട‑സൂക്ഷ്മ വ്യവസായങ്ങളെയാണ്. അസംഘടിത മേഖലയിലെ തൊഴിലവസരങ്ങളെ അത് പാടെ ഇല്ലാതാക്കി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികമേഖലയിലുണ്ടായിരുന്ന നേരിയപുരോഗതി പൂര്‍ണമായും ഇല്ലാതായി. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ കിടക്കുമ്പോള്‍ത്തന്നെ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വെട്ടിച്ച പണവുമായി വിദേശത്തേക്ക് കടന്ന നീരവ് മോഡി, ഭാര്യ അമി, സഹോദരന്‍ നിശാല്‍ മോഡി, അമ്മാവന്‍ മെഹുല്‍ ചോസ്കി, ലളിത് മോഡി, വിജയ് മല്യ തുടങ്ങി 31 ശതകോടീശ്വരന്മാര്‍ ചേര്‍ന്ന് 40,000 കോടി രൂപ ഇന്ത്യന്‍ ബാങ്കുകളിലെ നിക്ഷേപകരില്‍ നിന്ന് ചോര്‍ത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി അനേകം ദേശസാല്‍കൃത ബാങ്കുകള്‍ക്ക് വലിയ നഷ്ടമുണ്ടായി. 2008ല്‍ ലോകത്താകെ ബാങ്കിങ് മേഖല തകര്‍ന്നപ്പോഴും പിടിച്ചുനിന്ന ഇന്ത്യന്‍ ബാങ്കുകള്‍ ഈ വെട്ടിപ്പുകളില്‍ ആടിയുലഞ്ഞു. മേല്പറഞ്ഞ ഒരു രാജ്യദ്രോഹിയെയും അറസ്റ്റ് ചെയ്യാനോ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്ത് ശിക്ഷിക്കാനോ നാളിതുവരെ സാധിച്ചിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ഇത്തരത്തില്‍ കിട്ടാക്കടം എഴുതിത്തള്ളിയത് 10.57 ലക്ഷം കോടി രൂപയാണ്. ഇതെല്ലാംതന്നെ ശതകോടീശ്വരന്മാര്‍ നടത്തിയ വായ്പാ തട്ടിപ്പുകളാണ്. അതേസമയം കൃഷിനാശം മൂലം തിരിച്ചടവ് മുടങ്ങിയ കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, കച്ചവടക്കാര്‍ തുടങ്ങി ചെറിയ വായ്പകളെടുത്ത സാധാരണ മനുഷ്യരുടെ സ്വത്ത് സര്‍ഫാസി നിയമമുപയോഗിച്ച് കണ്ടുകെട്ടി, അവരെ തെരുവിലിറക്കുന്നത് സര്‍വസാധാരണവുമാണ്. നൂറുകണക്കിന് കര്‍ഷകരും ചെറുകിട സംരംഭകരുമൊക്കെ കടക്കെണിയില്‍പ്പെട്ട് ആത്മഹൂതി ചെയ്യുന്നത് സാധാരണമാവുമ്പോള്‍, ശതകോടികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കെെക്കലാക്കിയ നീരവ് മോഡിയും നിശാല്‍ മോഡിയും ലളിത് മോഡിയുമൊക്കെ വിദേശങ്ങളില്‍ സ്വതന്ത്രരായി വിഹരിക്കുന്നു.

 


ഇതുകൂടി വായിക്കൂ; ഉഭയകക്ഷി വ്യാപാര വ്യവസ്ഥയും ഇന്ത്യയും


അതിനിടയില്‍ കടന്നുവന്ന കോവിഡ് കാലം സ്വതന്ത്ര ഇന്ത്യ ഇതുവരെ കാണാത്ത വലിയ ദുരന്തങ്ങളുടെ കാലമായിരുന്നു. നോട്ടുനിരോധനത്തില്‍ സംഭവിച്ചതുപോലെ തന്നെ ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യം മുഴുവന്‍ 2020 തുടക്കത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാ യാത്രാമാര്‍ഗങ്ങളുമടഞ്ഞ കുടിയേറ്റ തൊഴിലാളികള്‍ ഉപജീവനം നഷ്ടപ്പെട്ട് കൂട്ടത്തോടെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് ദേശീയപാതകളിലൂടെയും റെയില്‍വേലെെനുകളിലൂടെയും നടന്നുനീങ്ങിയ കാഴ്ച സ്വല്പമെങ്കിലും മനഃസാക്ഷി അവശേഷിക്കുന്ന ഒരാള്‍ക്കും മറക്കാനാവില്ല. പലരും വഴിയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചുവീണു. റെയില്‍പ്പാളത്തില്‍ കിടന്നുറങ്ങി തീവണ്ടികയറി മരിച്ചവര്‍, യാത്രയില്‍ മരിച്ച ഉറ്റവരുടെ മൃതദേഹവുമായി നടന്നുനീങ്ങിയവര്‍, ഇവരിലെത്രപേര്‍ സ്വന്തം ഗ്രാമങ്ങളിലെത്തി എന്നതിന് ഒരു കണക്കുമില്ല. ലഭ്യമായ കണക്കുകള്‍ പറയുന്നത് 43 ദശലക്ഷം‍ കുടിയേറ്റ തൊഴിലാളികളില്‍ 35 ദശലക്ഷം‍ പേര്‍ കാല്‍നടയായി സ്വന്തം ഗ്രാമങ്ങളിലേക്ക് പോവാന്‍ ശ്രമിച്ചുവെന്നാണ്. ഇത്തരം 96 ശതമാനം തൊഴിലാളികള്‍ക്കും റേഷന്‍പോലും ലഭ്യമായില്ല. 90 ശതമാനം പേര്‍ക്കും ദിവസവേതനവും ലഭിച്ചില്ല. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകളില്‍ ഭക്ഷണമെത്തിക്കുകയും അവര്‍ക്ക് ജീവിതസാഹചര്യങ്ങളൊരുക്കുകയും ചെയ്തു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും ഫലപ്രദമായി പ്രതിരോധം തീര്‍ത്ത് ജനങ്ങള്‍ക്ക് സംരക്ഷണവും ചികിത്സയും നല്‍കിയത് കേരളമാണ്. പൊതുജനങ്ങളില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായം ലഭിക്കുകയുണ്ടായി. ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും കോവിഡ് കാലത്ത് ധാരാളം മരണങ്ങളുണ്ടായി. ഗംഗാനദിയില്‍ ശവങ്ങളൊഴുകി നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇതുകൂടി വായിക്കൂ;ദുരന്തം വിഴുങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍


 

ഇതേസമയംതന്നെ രാജ്യത്ത് ഏഴ് കോടിയിലധികം ആസ്തിയുള്ള ധനികരുടെ എണ്ണം 2021ല്‍ 11 ശതമാനം വര്‍ധിച്ചു. ഓക്സ്ഫാം റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും ധനികരായ 100 ഇന്ത്യക്കാരുടെ സ്വത്തില്‍ 77,500 കോടി ഡോളര്‍ വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഇന്ത്യയിലെ 90 ശതമാനം സമ്പത്തും വെറും 100 ശതകോടീശ്വരന്മാരുടെ കയ്യിലാണ്. അതിന്റെ 90 ശതമാനം വെറും 10പേരുടെ അധീനതയിലും. ഇതേ കാലഘട്ടത്തില്‍ത്തന്നെ പ്രതിഷേധസ്വരമുയര്‍ത്തിയ ബുദ്ധിജീവികളെയും സാമൂഹ്യപ്രവര്‍ത്തകരെയും സാംസ്കാരിക പ്രവര്‍ത്തകരെയുമൊക്കെ വിവിധ കേസുകളില്‍ അകപ്പെടുത്തി തുറുങ്കിലടയ്ക്കുന്നതും സാധാരണ സംഭവമായി. ഫാദര്‍ സ്റ്റാന്‍സ്വാമി എന്ന വയോധികനായ പുരോഹിതന്‍ ജയിലിലടയ്ക്കപ്പെട്ടു. കോവിഡ് ബാധിച്ച് അവസാന ദിവസങ്ങളില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും അവിടെവച്ച് മരിക്കുകയും ചെയ്തു. ഒരു ജീവിതകാലം മുഴുവന്‍ അധഃസ്ഥിതരായ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ജസ്യൂട്ട് പുരോഹിതനാണ് ഈ ഗതി വന്നത്.

 


ഇതുകൂടി വായിക്കൂ; ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം


 

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ബാലറ്റ് പേപ്പറിലെ മഷിയുണങ്ങും മുമ്പ് കൂറുമാറി സര്‍ക്കാരുകള്‍ രൂപീകരിക്കുന്ന കാഴ്ചയും ഗോവ, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നമ്മള്‍ കാണുകയുണ്ടായി. പണക്കൊഴുപ്പുകൊണ്ട് ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന രീതി സാധാരണമായി മാറി. ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നു. ബീഫ് കെെവശം വച്ചു എന്ന് ആരോപിച്ച് നിരപരാധികളെ അക്രമി സംഘങ്ങള്‍ ആക്രമിച്ച് കൊല്ലുന്നു. ദരിദ്ര ദളിത് വിഭാഗങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നു. ഇന്ത്യയുടെ അഭിമാനമായ, ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ ഗുസ്തിതാരങ്ങള്‍ സ്വന്തം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ പോയ സംഭവം നടന്നിട്ട് അധികനാളായിട്ടില്ല. ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് അവരുടെ ഗ്രാമീണ കാര്‍ഷിക വിപണി ഇല്ലാതാക്കുന്ന കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ കൊടുംചൂടിലും കൊടുംതണുപ്പിലും മാസങ്ങളോളം സമരം ചെയ്യേണ്ടിവന്നു. മണിപ്പൂരില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ വംശീയ സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. ഗ്രാമങ്ങളും പട്ടണങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെയുള്ള വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മാനഭംഗം ചെയ്യപ്പെട്ടവരില്‍ രാജ്യത്തിനുവേണ്ടി കാര്‍ഗിലില്‍ പൊരുതിയ വീരസെെനികന്റെ പത്നിയും ജീവനോടെ ചുട്ടെരിക്കപ്പെട്ടവരില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനിയുടെ വയോധികയായ പത്നിയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുമാസമായിട്ടും കലാപം ശമിച്ചിട്ടില്ല. അതിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ഒരു ശ്രമവും സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നവരില്‍ നിന്ന് ഉണ്ടായിട്ടുമില്ല. എന്നാല്‍ നമ്മുടെ ശതകോടീശ്വരന്മാര്‍ അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്കുയരുന്നു. അവരുടെ മക്കളുടെ വിവാഹങ്ങളും ആഘോഷങ്ങളുമൊക്കെ ഗംഭീരമായി നടക്കുന്നു. സാധാരണക്കാര്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും പതിക്കുന്നു. എന്നുമാത്രമല്ല കൊടിയ അക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. വംശീയതയ്ക്കും വര്‍ഗീയതക്കുമെതിരെ ഭിന്നിപ്പിന്റെ, വെറുപ്പിന്റെ ശക്തികള്‍ക്കെതിരെ ഒന്നായി ഒരുമിച്ചുനിന്ന് പോരാടുന്നതിലൂടെ മാത്രമേ ഈ സ്ഥിതിവിശേഷത്തില്‍ നിന്നും രാജ്യം രക്ഷപ്പെടുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.