2 May 2024, Thursday

Related news

May 1, 2024
April 27, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024

കണ്ണു തുറപ്പിക്കുന്ന ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട്

എം കെ നാരായണമൂര്‍ത്തി
April 6, 2023 4:30 am

2023 ഏപ്രിൽ നാലിന് പുറത്തുവിട്ട മൂന്നാമത് ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട് രാജ്യത്തെ നിയമവ്യവസ്ഥയും പൊലീസ് സംവിധാനവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാര്യക്ഷമമായി അപഗ്രഥിച്ചിരിക്കുന്നു. പൊലീസ്, ജുഡീഷ്യറി, ജയിലുകൾ, നിയമ സഹായ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ വിലയിരുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമായ ജീവനക്കാരില്ലാത്തതും നിയമസംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാൻ വിവിധ സംസ്ഥാനങ്ങൾ അവരുടെ ബജറ്റിൽ ആവശ്യമായ തുക നീക്കിവയ്ക്കാത്തതും, അഥവാ നീക്കിവച്ചാൽത്തന്നെ അത് ചെലവിടാത്തതും ഈ റിപ്പോർട്ടിൽ വിമർശിക്കപ്പെടുന്നുണ്ട്. നിറഞ്ഞുകവിയുന്ന ജയിലുകളും, പൊലീസ് സേനകൾക്ക് ആവശ്യമായ പരിശീലനം നൽകാൻ വേണ്ട പരിശീലന കേന്ദ്രങ്ങളുടെ എണ്ണക്കുറവും വിവിധ കോടതികളിലെ ജഡ്ജിമാരുടെ മുന്നിലെത്തുന്ന കേസുകളുടെ എണ്ണത്തിലുണ്ടാവുന്ന വർധനവുമെല്ലാം നമ്മുടെ നീതിന്യായവ്യവസ്ഥയെ എത്തരത്തിലാണ് ബാധിക്കുന്നതെന്ന് റിപ്പോർട്ട് സവിസ്തരം പറയുന്നുണ്ട്. നഗരകേന്ദ്രീകൃതമാകുകയാണ് നമ്മുടെ പൊലീസിങ് സംവിധാനമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊലീസ് സംവിധാനത്തിന്റെ 60 ശതമാനവും പ്രവർത്തിക്കുന്നത് നഗരകേന്ദ്രീകൃതമായിട്ടാണ്.

1981ൽ നാഷണൽ പൊലീസ് കമ്മിഷൻ ശുപാർശ പ്രകാരം ഗ്രാമീണ മേഖലയിലും പൊലീസ് സംവിധാനം ശക്തമാക്കിയിട്ടുള്ളത് ഗോവ, തമിഴ്‌നാട്, ബിഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ്. ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ ജനസംഖ്യാ വിസ്ഫോടനം തന്നെ നടന്നെങ്കിലും പൊലീസ് സ്റ്റേഷനുകളുടെ എണ്ണമോ, പൊലീസിങ് സംവിധാനമോ മെച്ചപ്പെട്ടില്ല. ഇത് പരിഹരിച്ചില്ലെങ്കിൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ 26.88 ലക്ഷം വരുന്ന പൊലീസ് സേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ ആകെ 211 സ്ഥാപനങ്ങളെ ഉള്ളൂവെന്നത് വലിയ ന്യൂനതയാണ്. അനുനിമിഷം സാങ്കേതിക വിദ്യകൾ മാറുകയും അവയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ക്രിമിനലുകൾക്കും ദേശവിരുദ്ധർക്കും കഴിയുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെ പൊലീസ് സേനാംഗങ്ങൾക്ക് സർവീസിൽ നിരന്തരമായ പരിശീലനം ആവശ്യമായി വരും. കൂടുതൽ കാര്യങ്ങൾ അവർ അനുദിനമെന്നോണം മനസിലാക്കേണ്ട ആധുനികകാലത്ത് മതിയായ പരിശീലന സംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്തതും അതിനാവശ്യമായ തുക മാറ്റിവയ്ക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തതും ചെറുതായ വിപത്തല്ല സൃഷ്ടിക്കാൻ പോകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ഉത്തര്‍പ്രദേശിലെ കോടതികള്‍


വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലായി 2021ലെ കണക്കുപ്രകാരം 18 ലക്ഷം ആൾക്കാരുണ്ട്. 1319 ജയിലുകളാണ് നമുക്കുള്ളത്. സമയബന്ധിതമായി കേസുകൾ തീരാത്തതുകൊണ്ടും ഉദ്യോഗസ്ഥ അവഗണനകൊണ്ടും രാഷ്ട്രീയ കിടമത്സരങ്ങൾ കൊണ്ടുമാണ് ഇത്രയധികം പേർ നമ്മുടെ ജയിലുകളിലുള്ളത്. ഇന്ത്യയാകെ നോക്കുമ്പോൾ ജയിലുകളുടെ ഉൾക്കൊള്ളാനുള്ള സ്ഥലത്തേക്കാൾ 135 ശതമാനം അധികമാണ് ജയിൽവാസികളുടെ എണ്ണം. ഉത്തരാഖണ്ഡ് പോലുള്ള ചെറിയ സംസ്ഥാനങ്ങളിൽ ഇത് 185 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 391 ജയിലുകളിൽ നിരക്ക് 150 ശതമാനത്തിന് മുകളിലും 709 ജയിലുകളിൽ 100 ശതമാനത്തിന് മുകളിലുമാണ്. ജയിലുകളെ കറക്ഷണൽ ഹോമുകളായി കരുതുന്ന ഇക്കാലത്ത് ജയിലുകളിലെ ഈ അധികഭാരം കുറ്റകൃത്യങ്ങൾ കൂടാനെ കാരണമാകുന്നുള്ളൂ. മതിയായ പരിശീലനമില്ലാത്ത ജയിൽ ജീവനക്കാരും അതിൽത്തന്നെ അഴിമതിക്കാരുടെ ആധിക്യവും രാജ്യത്തെ ജയിലുകളുടെ സ്ഥിതി ദയനീയമാക്കുന്നു. വിചാരണത്തടവുകാരായി മാത്രം 4.30 ലക്ഷം പേരാണ് നമ്മുടെ തടവറകളിലുള്ളത്. 2010ൽ ഇത് 2.14 ലക്ഷം പേരായിരുന്നു. 2017നും 2021നും ഇടയിൽ അരുണാചൽപ്രദേശ്, മേഘാലയ, നാഗാലാൻഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഒഴികെ ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിചാരണത്തടവുകാരുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്. ഇതിൽ പഞ്ചാബും ഗോവയും അപകടകരമായ നിലയിലാണെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.

2022 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ കോടതികളിലായി 4.9 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നതെന്ന് കണക്കുകൾ നിരത്തി റിപ്പോര്‍ട്ടിൽ വിവരിക്കുന്നു. ഇതിൽ 1.90 ലക്ഷം കേസുകൾ മുപ്പത് വർഷം കഴിഞ്ഞതും 56 ലക്ഷം പത്തു വർഷം കഴിഞ്ഞതുമാണ്. സുപ്രീം കോടതിയിൽ മാത്രം 70,000 കേസുകൾ വിധിയാകാതെ കിടക്കുന്നു. ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത് ഉത്തർപ്രദേശിലാണ്. താഴെത്തട്ടിലുള്ള കോടതികളിൽ വനിതാ ജഡ്ജിമാരുടെ ആനുപാതികമായ പ്രാതിനിധ്യമില്ലായ്മ വലിയൊരു പോരായ്മയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020–22 കാലയളവിൽ വിവിധ ഹൈക്കോടതികളിലെ വനിതാ ജഡ്ജിമാരുടെ എണ്ണത്തിലുള്ള വർധന കേവലം രണ്ട് ശതമാനമാണ്. സംവരണവിഭാഗത്തിലുള്ളവർക്കായി നീക്കിവച്ചിരിക്കുന്ന ജഡ്ജിമാർക്കുള്ള ഒഴിവുകൾ കഴിഞ്ഞ 10 വർഷങ്ങളായി നികത്തപ്പെടുന്നില്ല. ഇതുണ്ടാക്കുന്ന സാമൂഹികാഘാതം വളരെ വലുതായിട്ടും സർക്കാരുകൾ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് തുടരുന്നതെന്ന് ഈ റിപ്പോർട്ട് വായിക്കുന്ന ഏതൊരാൾക്കും മനസിലാകും. സംവരണാടിസ്ഥാനത്തിലുള്ള ന്യായാധിപ നിയമനം നൂറ് ശതമാനം പൂർത്തിയാക്കിയ ഒരേയൊരു സംസ്ഥാനം തമിഴ്‌നാടാണ്. ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ സ്വാധീനമാണ് ഇതിന് കാരണം. ജുഡീഷ്യറിയെ വലതുപക്ഷവൽക്കരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് തമിഴ്‌നാടിന്റെ ഈ നേട്ടം മഹത്തരമാണ്.


ഇതുകൂടി വായിക്കൂ: കോടതി വിധികള്‍ മൂലം നഷ്ടമാകുന്ന ചുമട് ജീവിതം


ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയെന്ന് കരുതപ്പെടുന്ന ഗുജറാത്തിൽ ഈ സംവരണ തത്വം വെറും 18 ശതമാനത്തിലേക്ക് ചുരുങ്ങുന്നു. ഏതൊരു ജനാധിപത്യ സംവിധാനത്തിലും ഏറ്റവും പാവപ്പെട്ടവനുപോലും നീതി ലഭിക്കണം. അത് അവരുടെ അവകാശവുമാണ്. ഇത്തരത്തിൽ സാധാരണക്കാരന് നീതി ലഭിക്കാനായി നമ്മുടെ രാജ്യത്ത് വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമാണ് സൗജന്യമായി നിയമ സേവനങ്ങൾ ലഭ്യമാക്കുന്ന നിയമ സഹായ കേന്ദ്രങ്ങൾ. ഇന്ന് ഇവയുടെ പ്രവർത്തനങ്ങൾ ശോചനീയമാണെന്ന് കണക്കുകൾ നിരത്തി ഈ റിപ്പോർട്ട് പറയുന്നു. ഇവയ്ക്ക് പ്രവർത്തിക്കാനാവശ്യമായ ഫണ്ട് നല്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ വളരെ ഉദാസീനമായ സമീപനമാണ് കാണിക്കുന്നത്. സാധാരണക്കാരന് അപ്രാപ്യമായ നിരവധി നിയമപരമായ അവകാശങ്ങൾ ഇത്തരത്തിൽ നിഷേധിക്കുന്നതിലൂടെ നമ്മുടെ ജനാധിപത്യ സംവിധാനം അതിന്റെ ഏറ്റവും താഴത്തെ കള്ളികളിലേക്ക് പതിക്കുന്നു. രാഷ്ട്രീയമായ കാരണങ്ങളാലും കെടുകാര്യസ്ഥതകളിലൂടെയും സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ അതിന്റെ ഇരകളാകുന്നത് സമൂഹത്തിന്റെ കീഴ്ത്തട്ടിൽ ജീവിക്കുന്നവരാണെന്ന് പിന്നെയും ഉറപ്പിക്കുകയാണ് ഈ റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.