ഇന്ത്യയുടെ ജനസംഖ്യ 140 കോടിയിലെത്തുകയാണ്. ദുരിതക്കയത്തിലാണ്ട മഹാഭൂരിപക്ഷത്തെയും വഹിച്ചാണ് ഇന്ത്യന്‍ ജനസംഖ്യയുടെ മുന്നേറ്റം. ഒരു വര്‍ഷം രണ്ടു കോടി പേര്‍ക്ക് തൊഴില്‍ നല്കുമെന്ന വാഗ്ദാനം നല്കി 2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ എട്ടുവര്‍ഷം പിന്നിടുമ്പോള്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വാഗ്ദാനം നല്കിയ എണ്ണം പാലിക്കുകയല്ല തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. അതിന്റെ കൂടി ഫലമായി രാജ്യത്തെ തൊഴിലില്ലാത്തവര്‍ അഞ്ചു കോടി കടന്നിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തു വന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 5.1 കോടിയാണ് ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം. ഈ വര്‍ഷം നവംബര്‍ മാസംവരെ ശരാശരിയെടുത്തുള്ള കണക്കാണിത്. ലോക്ഡൗണിനും സമ്പദ്ഘടനയിലെ മരവിപ്പിനും കാരണമായ കോവിഡ് മഹാമാരി പിടിമുറുക്കിയ 2020ന് മുമ്പുള്ള കാലത്തേക്ക് തിരിച്ചുപോകാന്‍ സാധിച്ചില്ലെന്നുമാത്രമല്ല ആ വര്‍ഷത്തെ നിരക്കിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് തൊഴിലില്ലായ്മ. ലോക്ഡൗണുണ്ടായ 2020ല്‍ 5.3 കോടിയായിരുന്നു തൊഴിലില്ലായ്മാനിരക്ക് കണക്കാക്കിയിരുന്നത്. 2019ല്‍ 4.5 കോടിയായിരുന്നതാണ് 2020ല്‍ ഇത്രയുമായത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയ 2021ല്‍ നിരക്ക് 4.8 കോടിയിലേയ്ക്ക് താഴ്ന്നുവെങ്കിലും ഈ വര്‍ഷം ഇതുവരെയായി എണ്ണം അഞ്ചുകോടി കടന്നിരിക്കുന്നുവെന്നാണ് സിഎംഐഇ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തൊഴിലന്വേഷകരും ലഭ്യതക്കുറവുകാരണം തൊഴിലന്വേഷിക്കേണ്ടിവരുന്നവരും ഉള്‍പ്പെടുന്ന എണ്ണം കൂട്ടിയാണ് ആകെ തൊഴില്‍ രഹിതരെ നിശ്ചയിക്കുന്നത്. സിഎംഐഇയുടെ കണക്കനുസരിച്ച് തൊഴിലുള്ളവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2019ല്‍ 44.2 കോടിയായിരുന്നു രാജ്യത്തെ തൊഴില്‍ ശക്തിയെങ്കില്‍ 2020ല്‍ 42.4 കോടിയായി കുറഞ്ഞു. അടുത്ത വര്‍ഷം അതായത് 2021ല്‍ എണ്ണം 43.5 കോടിയായെങ്കിലും ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 43.7 കോടിയാണ് തൊഴില്‍ ശക്തിയിലുള്ളത്. 2019ലേതിനെക്കാള്‍ കുറവുണ്ടായെന്നര്‍ത്ഥം. തൊഴില്‍ രഹിതരുടെ എണ്ണം കൂടുക മാത്രമല്ല തൊഴിലുള്ളവരുടെ തൊഴില്‍ നഷ്ടം കൂടി വ്യാപകമാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സമൂര്‍ത്തമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ചുമതലകളില്‍ ഒന്നാണ്. തൊഴില്‍ നല്കിയതിന്റെ പെരുപ്പിച്ച കണക്കുകള്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്നാണ് സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കേണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നല്കിയ മറുപടികള്‍ ഇക്കാര്യം അടിവരയിടുന്നുണ്ട്. സര്‍ക്കാര്‍ തസ്തികകളില്‍ പോലും ഒഴിവുകള്‍ നികത്തുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 9.79 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. പേഴ്സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയില്‍ നല്കിയ മറുപടി പ്രകാരം ഇതില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള ഗ്രൂപ്പ് സി തസ്തികകളാണ് കൂടുതല്‍. 8.4 ലക്ഷത്തോളം. ഗ്രൂപ്പ് ബി 1.18 ലക്ഷം, ഗ്രൂപ്പ് എ 23,584 തസ്തികകളും നികത്തിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ 3.14, പ്രതിരോധ വകുപ്പില്‍ 2.65 ലക്ഷം വീതം തസ്തികകളാണ് ഒഴിവുള്ളത്. റെയില്‍വേയിലെ ഒഴിവുകളില്‍ 3.13 ലക്ഷവും ഗ്രൂപ്പ് സി തസ്തികകളാണ്. ആഭ്യന്തര വകുപ്പില്‍ 1.45 ലക്ഷം ഒഴിവുകളുമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കേന്ദ്ര സര്‍വകലാശാലകളില്‍ 18,956 അധ്യാപക തസ്തികകളില്‍ 6,180 എണ്ണവും നികത്താതെ കിടക്കുകയാണ്. ഐഐടി, ഐഐഎം പോലുള്ള ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ചേര്‍ത്താല്‍ ഇത് 11,000ത്തിലധികമാണ്. വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ ഒഴിഞ്ഞു കിടക്കുന്നുവെന്നത് ഗുണനിലവാരത്തെ പോലും ബാധിക്കുന്നതാണ്.
സര്‍ക്കാര്‍ തലത്തിലുള്ള ഒഴിവുകള്‍ പോലും നികത്താന്‍ സന്നദ്ധമാകാത്ത കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് തൊഴിലാളികളെ തോന്നിയതുപോലെ പിരിച്ചുവിടുന്നതിന് സഹായകമാകുന്ന നിയമഭേദഗതികളും പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. താല്ക്കാലിക ജീവനക്കാരെ നിയമിച്ച് ചൂഷണത്തിന് അവസരമൊരുക്കുകയും നിലവിലുള്ള ജീവിത സുരക്ഷിതത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ അവകാശപ്പെടുന്നതനുസരിച്ചാണെങ്കില്‍ രാജ്യത്ത് പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നുണ്ട്. വ്യവസായികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് വരാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയുമാണ്. എന്നിട്ടും തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു തന്നെ തയ്യാറാക്കേണ്ടിവരുന്നുവെങ്കില്‍ അവകാശവാദം പൊള്ളയാണെന്ന് മനസിലാക്കാവുന്നതാണ്. മാത്രവുമല്ല സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് രാജ്യത്തെ തൊഴിലില്ലാപ്പടയുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമെന്ന വസ്തുത സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.