26 December 2024, Thursday
KSFE Galaxy Chits Banner 2

ഇന്ത്യ — റഷ്യ ഉച്ചകോടി മുന്നോട്ടുവയ്ക്കുന്ന സന്ദേശം

Janayugom Webdesk
December 9, 2021 5:00 am

ഇന്ത്യയും റഷ്യയും തമ്മിലുളള വാര്‍ഷിക ഉച്ചകോടി തിങ്കളാഴ്ച നടക്കുകയുണ്ടായി. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ഉച്ചകോടി മൂന്നര മണിക്കൂറുകള്‍ മാത്രമാണ് നീണ്ടുനിന്നതെങ്കിലും വളരെ സുപ്രധാനമായിരുന്നു. 2019 സെപ്റ്റംബറിലായിരുന്നു വ്ലാഡിവോസ്റ്റോക്കില്‍ കഴിഞ്ഞ ഉച്ചകോടി നടന്നത്. ഒമ്പത് അന്തര്‍ സര്‍ക്കാര്‍ ഉടമ്പടികളും 19 വാണിജ്യ കരാറുകളുമാണ് ഡല്‍ഹി ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇരുനേതാക്കളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ പ്രധാനഭാഗം അഫ്ഗാന്‍ സംബന്ധിച്ചതായിരുന്നു. കാരണം ഇരുരാജ്യങ്ങള്‍ക്കും താലിബാന്റെ കാര്യത്തിലുള്ളത് വ്യത്യസ്ത നിലപാടുകളാണ് എന്നതുതന്നെ. താലിബാന്റെ രാഷ്ട്രീയ — ഭരണപര നിലപാടുകളോടുള്ള വിയോജിപ്പുകള്‍ മാറ്റിവച്ചുകൊണ്ട് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും തീവ്രവാദവും മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്നങ്ങളുമാണ് ചര്‍ച്ചാ വിഷയമായത്. അതിനെക്കാളേറെ അഫ്ഗാന്‍ നേരിടുന്ന ജീവല്‍പ്രശ്നങ്ങളാണ് സമവായത്തോടെ പരിഗണിച്ചതെന്നാണ് ഇരുവിഭാഗങ്ങളും സംയുക്തമായി കൈക്കൊണ്ട തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്. അഫ്ഗാന്‍ ജനതയിലെ പകുതിയോളം പേര്‍ പട്ടിണി അഭിമുഖീകരിക്കുമ്പോള്‍ മറ്റെല്ലാ വിയോജിപ്പുകളും മാറ്റിവച്ച് അവരെ സഹായിക്കുകയെന്ന മാനുഷികനിലപാടാണത്. അടിയന്തര സഹായം ചെയ്യുന്നതിന് ഇരുരാജ്യങ്ങളും ധാരണയായത് അതുകൊണ്ടാണ്. 50,000 മെട്രിക് ടണ്‍ ധാന്യങ്ങള്‍ അഫ്ഗാനിലേയ്ക്ക് അയക്കുന്നതിന് ഇന്ത്യ സന്നദ്ധത പ്രകടിപ്പിക്കുകയും തങ്ങളുടെ രാജ്യാതിര്‍ത്തിയിലൂടെ അത് കൊണ്ടുപോകുന്നതിന് പാകിസ്ഥാന്‍ സമ്മതിക്കുകയും ചെയ്തു. ഐഎസ്, അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് അഭയം നല്കുവാനും പരിശീലനം നടത്തുന്നതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണം നടത്തുന്നതിനും അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം ഉപയോഗപ്പെടുത്തരുതെന്ന വ്യക്തമായ നിലപാട് ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. തീവ്രവാദവും മയക്കുമരുന്നുകടത്തും ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.


ഇതുകൂടി വായിക്കാം;  ‌അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട് അടിതെറ്റുന്ന ഇന്ത്യന്‍ നയതന്ത്രം


അത്യാധുനിക എകെ 203 തോക്കുകൾ വാങ്ങുന്നതിനും കലാനിഷ്ക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്തുന്നതിനുമുള്ള ഉടമ്പടിയില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഒപ്പുവച്ചു. ഇന്തോ — റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആറു ലക്ഷത്തിലേറെ എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്ന കരാറിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും റഷ്യൻ മന്ത്രി സെർജെ ലവ്റോവും ഒപ്പുവച്ചത്. പത്തു വർഷത്തേക്കുള്ള സൈനിക സഹകരണവും ഇരുരാജ്യങ്ങളും ഉറപ്പാക്കുന്നുണ്ട്. 5,000 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി. ചേരിചേരാനയം സ്വീകരിച്ചപ്പോഴും ഇന്ത്യയുമായി സൗഹൃദവും സഹകരണവും പുലര്‍ത്തിപ്പോന്ന രാജ്യമായിരുന്നു പഴയ സോവിയറ്റ് യൂണിയന്‍. റഷ്യയും ആ സഹകരണം തുടര്‍ന്നുവെങ്കിലും ബിജെപി അധികാരത്തിലെത്തിയതിനുശേഷം യുഎസുമായി കൂടുതല്‍ ആഭിമുഖ്യം കാട്ടുന്ന സമീപനമാണ് സ്വീകരിച്ചുപോരുന്നത്. എന്നിട്ടും ഇന്ത്യയുമായി സൗഹൃദ നിലപാട് റഷ്യ തുടരുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഉച്ചകോടിയില്‍ പുടിനും വിദേശകാര്യ വകുപ്പ് മന്ത്രി സെർജെ ലവ്റോവും നടത്തിയ പ്രസ്താവനകള്‍ പ്രസക്തമാണ്. ഇന്ത്യയെ വൻശക്തിയായാണ് റഷ്യ കാണുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നുമാണ് പുടിന്‍ വ്യക്തമാക്കിയത്. റഷ്യയുടെ ഭാഗത്തുനിന്ന് ഇനിയും നിക്ഷേപങ്ങളുണ്ടാകും. സൈനിക, സാങ്കേതിക തലങ്ങളിൽ മറ്റൊരു രാജ്യത്തേക്കാളും കൂടുതൽ ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്നും പുടിൻ അഭിപ്രായപ്പെടുകയുണ്ടായി. വന്‍ രാഷ്ട്രമെന്ന നിലയിലല്ല സാമന്തരാജ്യമെന്ന നിലയിലാണ് പലപ്പോഴും യുഎസ് ഇന്ത്യയെ സമീപിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അമേരിക്ക ഉയർത്തിയ തടസങ്ങൾ മറികടന്നാണ് എസ് ‑400 എയർ പ്രതിരോധ മിസൈൽ ഇന്ത്യക്കു നൽകാൻ തീരുമാനമെടുത്തതെന്ന് സെർജെ ലവ്റോവ് പറയുകയുണ്ടായി. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിന്നുതന്നെ ഇന്ത്യയോടുള്ള അമേരിക്കന്‍ നിലപാടിലെ ഇരട്ടത്താപ്പ് വ്യക്തമാണ്. വിധേയരാഷ്ട്രമായി ഇന്ത്യയെ നിലനിര്‍ത്തണമെന്ന ശാഠ്യം തന്നെയാണ് അമേരിക്കയ്ക്ക് ഉള്ളതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിയോജിപ്പുകളുള്ളപ്പോഴും രാജ്യത്തെ അംഗീകരിക്കുവാനും സഹകരണം തുടരുവാനും സന്നദ്ധമാകുന്ന റഷ്യയുടെ സമീപനവുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസിന്റെ ഇന്ത്യയോടുള്ള സമീപനം ഏതു വിധത്തിലുള്ളതാണെന്ന വിലയിരുത്തല്‍ നടത്തുന്നതിനും സാമ്രാജ്യത്ത വിധേയത്വത്തോടെയുള്ള അമേരിക്കന്‍ അനുകൂല സമീപനങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതിനും നമ്മുടെ ഭരണാധികാരികള്‍ തയാറാകണമെന്ന ശക്തമായ സന്ദേശം ഈ ഉച്ചകോടി മുന്നോട്ടുവയ്ക്കുന്നുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.