19 December 2024, Thursday
KSFE Galaxy Chits Banner 2

സെര്‍ട്ട്-ഇന്‍ വിവരാവകാശ പരിധിക്ക് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2023 11:01 pm

ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സെര്‍ട്ട്-ഇൻ) വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്ത്. 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നാണ് സൈബര്‍ സുരക്ഷാ ഭീഷണികള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സെര്‍ട്ട്-ഇന്നിനെ ഒഴിവാക്കുന്നത്. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലാണ് സെര്‍ട്ട്-ഇന്നിന്റെ പ്രവർത്തനം. കേന്ദ്ര നടപടി സൈബര്‍ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമല്ലാതാക്കുമെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഏജൻസിയെ വിവരാവകാശ നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കുന്നത്. 2016 ൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവയ്ക്ക് പുറമെ 26 കേന്ദ്ര ഗവൺമെന്റ് രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഏജൻസികളും ഒഴിവാക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ആര്‍ടിഐ നിയമത്തിന്റെ രണ്ടാം പട്ടികയില്‍ ഉൾപ്പെടുന്നുണ്ട്. ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ), എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആപ്പിളിന്റെ സുരക്ഷാ അറിയിപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് വിവരാവകാശ നിയമത്തിൽ നിന്ന് ഏജൻസിയെ ഒഴിവാക്കിയതെന്നതും സംശയാസ്പദമാണ്. ഭരണകൂട ഹാക്കിങ്ങിന് സാധ്യതയുണ്ടെന്നായിരുന്നു ആപ്പിള്‍ പ്രതിപക്ഷ എംപിമാര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്. വിഷയത്തില്‍ ആപ്പിളിന്റെ സൈബർ സെക്യൂരിറ്റി എക്‌സിക്യൂട്ടീവുകൾ ഈ മാസം സെര്‍ട്ട്-ഇൻ ന്റെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയേക്കും. 2022‑ൽ 13,91,457 സൈബർ സുരക്ഷാ സംഭവങ്ങൾ സെര്‍ട്ട്-ഇന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.

റാൻസംവേർ ആക്രമണങ്ങളും ഡാറ്റ ലംഘനങ്ങളും ഉൾപ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി സൈബർ ആക്രമണങ്ങൾ ഇത് എടുത്തുകാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഏജന്‍സിയെ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ അടക്കം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Eng­lish Summary:Indian Com­put­er Emer­gency Response Team exempt­ed From RTI Act
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.