4 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യൻ സമ്പദ് രംഗം തളര്‍ച്ചയിൽ

Janayugom Webdesk
ന്യൂഡൽഹി
May 31, 2022 11:09 pm

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കോവിഡ് കാലത്തേതിനേക്കാൾ മന്ദഗതിയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാനം കോവിഡ് നിയന്ത്രണങ്ങൾ നിലനില്ക്കേ കണക്കാക്കിയതിനേക്കാൾ കുറഞ്ഞതാണ് വളർച്ചയെന്നാണ് പുതിയ റിപ്പോർട്ട്. റഷ്യ‑ഉക്രെയ്ൻ സംഘർഷവും പണപ്പെരുപ്പവുമാണ് സാമ്പത്തിക വീണ്ടെടുക്കലിൽ തടസം സൃഷ്ടിച്ചത്.

ബ്ലൂംബെർഗ് സർവേ പ്രകാരം 2022 മാർച്ച് വരെ മൊത്ത ആഭ്യന്തര ഉല്പാദനം 8.7 ശതമാനം വർധിച്ചു. എന്നാല്‍ മൂന്ന് മാസം മുമ്പ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രവചിച്ച 8.9 ശതമാനത്തിലേക്കെത്തിയില്ല. ജനുവരി-മാർച്ച് പാദത്തിൽ, സമ്പദ്‌വ്യവസ്ഥ 3.9 ശതമാനം വളർച്ചയാണ് കാണിച്ചത്. ഇത് ഈ വർഷത്തെ ഏറ്റവും താഴ്ന്ന പ്രകടനമാണിത്. കോവിഡിൽ നിന്ന് മോചനം നേടാനുള്ള സാമ്പത്തിക ശ്രമങ്ങളെ ഉക്രെയ്നിലെ യുദ്ധം പിന്നോട്ടടിച്ചതായും ആഗോളതലത്തിൽ ഇന്ധനവില കൂടിയത് പണപ്പെരുപ്പ സമ്മർദ്ദം രൂക്ഷമാക്കുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു. ‘വികസ്വര മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2022ൽ 6.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് 2021ലെ 8.8 ശതമാനത്തെക്കാൾ താഴെയാണ്. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച ആറ് ശതമാനമാകുമെന്നാണ് നിഗമനം’-റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമിക്രോൺ വ്യാപനത്തിനും നിയന്ത്രണങ്ങൾക്കുമിടയിൽ വളർച്ചയുടെ വേഗത കുറഞ്ഞുവെന്നാണ് ബാർക്ലേസ് പിഎൽസിയിലെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ രാഹുൽ ബജോറിയ ​​പറഞ്ഞത്. നിയന്ത്രണങ്ങൾ ഹ്രസ്വകാലത്തേക്കായിരുന്നെങ്കിലും, ആഗോളതലത്തിലെ വിതരണ ക്ഷാമം, ഉയർന്ന ചെലവ് എന്നിവ വളർച്ചയെ തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയിൽ ഒമിക്രോൺ കേസുകളുടെ വർധനക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കോവിഡ് മാന്ദ്യത്തിൽ നിന്ന് കരകയറാൻ തുടങ്ങിയിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഉക്രെയ്നിലെ യുദ്ധം ദുരിതങ്ങൾ കൂടുതൽ വർധിപ്പിച്ചു. ചരക്കുകളുടെ വില ഉയരുകയും വിതരണം തടസപ്പെടുകയും ചെയ്തു. ഉയർന്ന വിലപ്പെരുപ്പത്തെ തുടർന്ന് റിപ്പോ നിരക്കുകൾ 40 ബേസിസ് പോയിന്റ് വർധിപ്പിക്കാൻ റിസർവ് ബാങ്കിനെ നിർബന്ധിതരാക്കി.

ജൂൺ എട്ടിന് അടുത്ത അവലോകനത്തിൽ കൂടുതൽ വർധനയ്ക്ക് സാധ്യതയെന്ന് ഗവർണർ ശക്തികാന്ത ദാസ് സൂചന നല്കിയിട്ടുമുണ്ട്. ഉയർന്ന വില, ആഗോള വളർച്ചാ മാന്ദ്യം, പണനയം കർശനമാക്കൽ എന്നിവ വളർച്ചാ സാധ്യതകളെ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുംബൈയിലെ നിർമൽ ബാങ് ഇക്വിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധ തെരേസ ജോൺ പറഞ്ഞു.

ജിഡിപി നിരക്ക് 8.7 ശതമാനം

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം 2021–22 ൽ 8.7 ശതമാനം ആയി വളർന്നുവെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 6.6 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നതാണിതെന്നും സര്‍ക്കാര്‍ പറയുന്നു.

ധനമന്ത്രാലയം നേരത്തെ കണക്കാക്കിയ 8.9 ശതമാനത്തേക്കാൾ കുറവാണ് ഇന്നലെ പുറത്തുവിട്ട നിരക്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനമാകട്ടെ 9.5 ശതമാനമായിരുന്നു. ജനുവരി-മാർച്ച് പാദത്തിലെ വളർച്ചാ നിരക്ക് 4.1 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.

Eng­lish summary;Indian econ­o­my in recession

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.