26 December 2024, Thursday
KSFE Galaxy Chits Banner 2

ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കണം ഭാരതീയ പൈതൃകം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
February 25, 2023 4:45 am

രാമായണം എന്നതിന്റെ അര്‍ത്ഥവിപുലത ഇരുട്ടു മായണം എന്നാണ്. ഒരു വേടന്‍ ക്രൗഞ്ചമിഥുന പക്ഷികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയപ്പോള്‍ ആദികവി വാത്മീകി “മാ നിഷാദ” – അരുത് വേടാ എന്ന് ശപിച്ചു.
“ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കാം, പൂര്‍വപാഠങ്ങളൊക്കെയും അരികില്‍പ്പോന്നിരുന്നാലും താങ്കള്‍ ദൂരസ്ഥനാകൊലാ/വത്സ: നീയൊന്നുമേ ചോദിച്ചീലെന്നോര്‍പ്പേനിതേവരെ/കുനിയും നിന്‍ മുഖത്തെന്തേ നിന്ദയോ? താപഭാരമോ?’’ എന്ന് ‘ഉപനിഷത്ത്’ എന്ന കവിതയില്‍ പാടുന്നു.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും മതനിരപേക്ഷ മൂല്യങ്ങളെയും കൊലവിളിയാല്‍ കവര്‍‍ന്നെടുക്കുമ്പോള്‍ ”ഒരുതുള്ളി ഒരുതുള്ളിയെന്ന് കേണാകാശ മരുഭൂമി താങ്ങുമിക്കാറ്റിന്റെയൊട്ടകം’’ എന്ന മട്ടില്‍ ഇന്ത്യന്‍ ജനത ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ഉലയുകയാണ്.
ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും നരേന്ദ്രമോഡിയുടെയും മോഹന്‍ ഭാഗവതിന്റെയും അമിത് ഷായുടെയും സ്വേച്ഛാധിപത്യത്തിന്‍ കീഴില്‍ അട്ടിമറിക്കപ്പെടുകയാണ്. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍ സംഘചാലകായിരുന്ന മാധവ്സദാശിവ ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിയത് രക്തവിശുദ്ധി ഉള്ളവനാണ് യഥാര്‍ത്ഥ ഹിന്ദു എന്നാണ്. വിശുദ്ധിയുള്ളത് ആര്യന്റെ രക്തത്തിനാണ് എന്നുകൂടി അദ്ദേഹം നിര്‍വചിച്ചു. ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും രക്തത്തിന് മാത്രമാണ് രക്തവിശുദ്ധി അദ്ദേഹം കല്പിച്ച് നല്‍കിയത്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ തന്നെ പറഞ്ഞു: നമുക്ക് മൂന്ന് മുഖ്യശത്രുക്കളുണ്ട്‍, ഒന്ന് മുസ്ലിങ്ങള്‍, രണ്ട് ക്രിസ്ത്യാനികള്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍.


ഇതുകൂടി വായിക്കൂ:  മതാതീത സംസ്കാരം


രക്തവിശുദ്ധി ഇല്ലാത്ത മുസ്ലിങ്ങളും ക്രിസ്ത്യാനികളും അവര്‍ണരായ ഹിന്ദുക്കളും അടിമകളെപ്പോലെ പൗരാവകാശമില്ലാതെ ഇന്ത്യയില്‍ കഴിഞ്ഞുകൂടണം അല്ലെങ്കില്‍ അവര്‍ രാജ്യം വിട്ടുപോകണം എന്ന് ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. ഉള്ളിലുള്ള ശത്രുവിന് എതിരായാണ് യുദ്ധം നടത്തുന്നതെന്നും ഇത് ഹിന്ദുസമൂഹത്തെയും ഹിന്ദു സംസ്കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പരസ്യ പ്രസ്താവന നടത്തിയത് വര്‍ഗീയ വിഷലിപ്ത രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വര്‍ഗീയ ലഹളകള്‍ക്കും ചോരപ്പുഴ ഒഴുക്കലിനും നേതൃത്വം നല്‍കിയിരുന്ന സംഘ്പരിവാര കൂടാരത്തിലെ പ്രമാണിമാര്‍ വീണ്ടും ചോരപ്പുഴകള്‍ സൃഷ്ടിക്കുവാനുള്ള പരിശ്രമത്തിലാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ പൂര്‍ണമായും അടിമകളെപ്പോലെ കീഴ്‌പ്പെട്ട് ജീവിക്കാമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഗോള്‍വാള്‍ക്കറിന്റെ സ്വരം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നതാണ്.
ദളിതരെയും ആദിവാസികളെയും വേട്ടയാടി കൊലപ്പെടുത്തുന്നവരുടെ ഹിന്ദുത്വരാഷ്ട്രീയം നാടാകെ തിരിച്ചറിയുന്നുണ്ട്. സംഘ് പരിവാറിന്റെ ഹിന്ദുത്വം സവര്‍ണ പൗരോഹിത്യത്തിന്റെ ഹിന്ദുത്വമാണ്. ബ്രാഹ്മണ ക്ഷത്രിയ പൗരോഹിത്യത്തെയാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മോഹന്‍ ഭാഗവതും നരേന്ദ്ര മോഡിയും അമിത്ഷായും ഈ ജനവിരുദ്ധ, രാഷ്ട്രവിരുദ്ധ നിലപാടുകളെയാണ് മുന്നോട്ടുവയ്ക്കുന്നത്.


ഇതുകൂടി വായിക്കൂ:  സംസ്കാരത്തിന്റെ ശത്രു അധികാരമാണ്


പ്രമുഖ ചരിത്രകാരനായ സതീഷ്ചന്ദ്ര എഴുതിയ ‘മധ്യകാല ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഭാരതീയ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സിന്ധു നദീതട സംസ്കാരത്തെക്കുറിച്ചും വസ്തുനിഷ്ഠമായി വിവരിച്ചിട്ടുണ്ട്. അത് ഇന്ത്യയുടെ ഭാരതീയ സാംസ്കാരിക പ്രമാണങ്ങളുടെ നേര്‍ചിത്രമാണ്. ഇന്ന് നരേന്ദ്രമോഡിയും അമിത് ഷായും മോഹന്‍ ‍ഭാഗവതും ഭാരതീയ സാംസ്കാരിക പൈതൃകത്തെ നിഷ്കരുണം തമസ്കരിക്കുകയാണ്.മോഡി സര്‍ക്കാര്‍ നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യ ഹൃദയത്തോട് ചേര്‍ത്തുവച്ച മുദ്രയെ തകര്‍ത്ത് തരിപ്പണമാക്കാന്‍ പരിശ്രമിക്കുകയും ഇന്ത്യയെ വര്‍ഗീയകലാപങ്ങളുടെ ദുഷ്കര ഭൂമികയാക്കി മാറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.‘മകനെ, ഇതിന്ത്യയുടെ മാര്‍ത്തടം, ഹിമപുഷ്പ‑മുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും വിശ്വത്തിനായ്‍ത്തുടിക്കുമീ മാറില്‍നിന്നൊരു സ്വരജ്വാലയായ്, നീയുയിര്‍ക്ക’. മോഡിമാരും അമിത്ഷാമാരും വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളാല്‍ മഹത്തായ ഇന്ത്യയുടെ മാര്‍ത്തടം പിളര്‍ക്കാതിരിക്കാന്‍ നമുക്ക് കരുതലോടെ കാവലിരിക്കാം. ഭാരതീയ പൈതൃക സാംസ്കാരിക പൈതൃകത്തെ, ഭൗതികശാസ്ത്രീയ ചിന്തയെ നമുക്ക് മറക്കാതിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.