രാജ്യത്ത് സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും അസ്വസ്ഥമാക്കുന്ന സംഭവവികാസങ്ങളാണ് ഗ്യാൻവാപി പള്ളിയുടെപേരിൽ ഉയർന്നുവന്നിരിക്കുന്നത്. ബാബരി മസ്ജിദിന്റെ തകർക്കൽ കലുഷിതമാക്കിയ സാമൂഹിക അന്തരീക്ഷത്തെ വലിയ വിസ്ഫോടനങ്ങളിലേക്കു നയിക്കാതെ നിയന്ത്രിച്ചുനിർത്താൻ ഒരുപരിധിവരെ നമുക്കുകഴിഞ്ഞത് 1991 ൽ പാർലമെന്റ് പാസാക്കിയ ആരാധനാലയങ്ങൾ സംബന്ധിച്ച നിയമമാണ്. അതനുസരിച്ച് തർക്കവിഷയമായിരുന്ന ബാബരി മസ്ജിദ് ഒഴികെ എല്ലാ ആരാധനാലയങ്ങളും 1947 ഓഗസ്റ്റ് മാസത്തെ സ്ഥിതി എന്തായിരുന്നുവോ അത് നിലനിർത്തണമെന്ന് നിയമം നിഷ്കർഷിക്കുന്നു. ഇപ്പോൾ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിരിക്കുന്ന തർക്കങ്ങളും കോടതിവ്യവഹാരങ്ങളും ആ നിലപാടിൽനിന്നുള്ള പിന്നോട്ടുപോക്കും രാജ്യത്തെ സാമൂഹിക അന്തരീക്ഷത്തെ അസ്വാസ്ഥ്യത്തിലേക്ക് നയിക്കുന്നതുമാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. പാർലമെന്റ് പാസാക്കിയതും സുപ്രീം കോടതി ശരിവച്ചതുമായ ആരാധനാലയം സംബന്ധിച്ച നിയമത്തെ മറികടന്നാണ് വാരാണസി സിവിൽക്കോടതി ഗ്യാൻവാപി പള്ളിയിൽ പരിശോധന നടത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. മതപരമായ ഒരു വൈകാരിക വിഷയത്തെപ്പറ്റി അന്വേഷിക്കാൻ ആദ്യം നിയോഗിച്ച അഭിഭാഷകനും പിന്നീട് വിപുലീകരിച്ച മൂന്നംഗ അഭിഭാഷക കമ്മിഷനും അതിന്റെ മതപരമായ സ്വഭാവത്തിൽ നിഷ്പക്ഷമാണെന്ന് കരുതാൻ ഒരു ന്യായവും കാണുന്നില്ല. അഭിഭാഷക കമ്മിഷന്റെ കണ്ടെത്തലുകൾ കോടതിയിൽ സമർപ്പിക്കുംമുമ്പ് സാമൂഹമാധ്യമങ്ങളിലടക്കം ചോർന്നു എന്നത് നിരുപദ്രവമായി കാണാനും കഴിയുന്നതല്ല. അഭിഭാഷക കമ്മിഷന്റെ കണ്ടെത്തലിന്റെ സാധുത പരിശോധിക്കപ്പെടും മുൻപ് ഗ്യാൻവാപി പള്ളിയിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനംപോലും നിഷേധിക്കാൻ സിവിൽക്കോടതി മുതിർന്നു എന്നത് കോടതിയുടെ നിഷ്പക്ഷതയിൽത്തന്നെ സംശയം ഉയർത്തുന്നു. ബാബരി മസ്ജിദ് തകർക്കലിനെ തുടർന്ന് തീവ്ര ഹിന്ദുത്വശക്തികൾ തങ്ങളുടെ അടുത്ത ലക്ഷ്യം മഥുരയും കാശിയുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തി ൽ അധികാരത്തിൽവന്ന ബിജെപി ആ ലക്ഷ്യങ്ങൾ നേരിട്ട് നടപ്പാക്കാൻ മുതിർന്നില്ല.
അതിനുപകരം ചില തീവ്ര ഹിന്ദുത്വ സംഘടനകളിലൂടെ തങ്ങളുടെ ലക്ഷ്യം നിറവേറ്റാനാണ് അവർ ശ്രമിക്കുന്നത്. ഇപ്പോ ൾ ഗ്യാൻവാപി പള്ളിക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത് ഏറെ കേട്ടുകേൾവിയൊന്നും ഇല്ലാത്ത വിശ്വ വേദിക് സനാതൻ സംഘ് എന്ന സംഘടനയാണ്. അത്തരം ഇടപെടലുകൾക്ക് ബിജെപിയൊ ആർഎസ്എസൊ നേരിട്ട് രംഗത്തുവന്നാൽ അത് രാജ്യത്തും ആഗോളതലത്തിലും സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ഉത്തമബോധ്യമാണ് വളഞ്ഞവഴികൾ സ്വീകരിക്കാൻ അവരെ നിർബന്ധിതമാക്കുന്നത്. ബിജെപിക്ക് അവർക്ക് ഇപ്പോഴുള്ള പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ആരാധനാലയങ്ങൾ സംബന്ധിച്ച 1991 ലെ നിയമം ഭേദഗതി ചെയ്യാവുന്നതാണ്. എന്നാൽ അത് രാജ്യത്തിനകത്തും പുറത്തും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ആ നിയമത്തെ മറ്റുമാർഗങ്ങളിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രഖ്യാപിത ലക്ഷ്യം. അതുതന്നെയാണ് ഗ്യാൻവാപി പള്ളി വിവാദത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സംഘടനയുടെയും പ്രഖ്യാപിത ലക്ഷ്യം. ജനജീവിതത്തെ വീർപ്പുമുട്ടിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നരേന്ദ്രമോഡി സർക്കാർ സമ്പൂർണ പരാജയമാണ്. അവയുടെപേരിൽ ഭരണത്തുടർച്ച ഉറപ്പുവരുത്താനാവില്ല. മതവിദ്വേഷം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപി ഒരു കാൽനൂറ്റാണ്ട് അധികാരത്തിൽ തുടരുമെന്ന നരേന്ദ്രമോഡിയടക്കം നേതാക്കളുടെ പ്രതീക്ഷയ്ക്കും ആത്മവിശ്വാസത്തിനും മങ്ങലേറ്റിരിക്കുന്നുവെന്ന് സമീപകാലത്തെ പ്രതികരണങ്ങൾ പലതും സൂചിപ്പിക്കുന്നുണ്ട്. ബിജെപി നേതാക്കളുടെ അമിത ആത്മവിശ്വാസത്തെപ്പറ്റി മോഡി തന്നെ ഇക്കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കുകയുണ്ടായി. ഹിന്ദി ദേശീയഭാഷയാക്കി അടിച്ചേല്പിക്കാൻ അമിത്ഷാ നടത്തിയ ശ്രമത്തെ മോഡി തള്ളിപ്പറഞ്ഞതും ശ്രദ്ധേയമാണ്. നരേന്ദ്രമോഡിയും ബിജെപിയും മുന്നോട്ടുവച്ച സാമ്പത്തിക കാഴ്ചപ്പാടുകൾ ഒന്നുംതന്നെ വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല രാജ്യം അതീവ ഗുരുതരമായ സാമ്പത്തിക കുഴപ്പത്തിലേക്കാണ് കൂപ്പുകുത്തുന്നത്. അതിനെ മറികടക്കാനുള്ള ഒറ്റമൂലികളാണ് ഗ്യാൻവാപി അടക്കമുള്ള വിവാദങ്ങളിലൂടെ മറനീക്കി പുറത്തുവരുന്നത്. അത് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അനുവദിച്ചുകൂടാ.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.