20 February 2026, Friday

Related news

February 20, 2026
August 23, 2025
June 19, 2025
June 1, 2025
January 3, 2025
May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023

കുട്ടനാടിനെ അറിയാന്‍ ഇന്ദ്ര വരുന്നു; അറബ് മാതൃകയില്‍ കുട്ടനാടന്‍ സാഫാരി ഇന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
February 20, 2026 12:27 pm

കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും,തനത് സംസ്കാരവും സഞ്ചാരികള്‍ക്ക് മുന്നിലെത്തിക്കുന്ന ജലഗതാഗത വകുപ്പിന്റെ കുട്ടനാടന്‍ സഫാരി പാക്കേജ് ഇന്ന് മുതല്‍ ആരംഭിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്‌പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും.കൊച്ചിയിലെ കായൽ വിനോദസഞ്ചാരത്തിന് കരുത്തേകിയ രാജ്യത്തെ ആദ്യ സോളാർ ക്രൂയിസ് ബോട്ടായ ഇന്ദ്രയാണ് കുട്ടനാടൻ സഫാരിക്കായി സർവീസ് നടത്തുന്നത്.

3.7 കോടി രൂപ ചെലവിൽ കറ്റാമറൈൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഇന്ദ്ര, ശബ്ദ‑വായു മലിനീകരണമില്ലാതെ നൂറുപേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ടാണ്.എയർ കണ്ടീഷൻ ചെയ്ത താഴത്തെ നിലയും കായൽക്കാഴ്ചകൾ നേരിട്ട് ആസ്വദിക്കാൻ ഭാഗികമായി തുറന്ന മുകൾ നിലയും ഇന്ദ്രയുടെ പ്രത്യേകതയാണ്. 24 മീറ്റർ നീളമുള്ള ഈ സോളാർ ബോട്ടിൽ മഴക്കാലത്ത് സർവീസ് നടത്താനായി ചാർജിംഗ് സൗകര്യമുള്ള രണ്ട് കരുത്തുറ്റ ബാറ്ററികളും സജ്ജീകരിച്ചിട്ടുണ്ട്.അറബ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിയുടെ മാതൃകയിൽ ഒരുക്കിയിട്ടുള്ള ഈ പാക്കേജിൽ കുട്ടനാടൻ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. രാവിലെ 10‑ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6‑ന് അവസാനിക്കുന്ന യാത്രയിൽ കുട്ടനാടിന്റെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ പ്രദർശനവും ഓല മെടയൽ, കയർപിരി തുടങ്ങിയ തൊഴിലുകൾ നേരിട്ട് കാണാനുള്ള അവസരവുമുണ്ടാകും.

സി ബ്ലോക്കിലെ ചുണ്ടൻവള്ളങ്ങളും ആർ ബ്ലോക്കിലെ പ്രശസ്തമായ കള്ളുഷാപ്പുകളിലെ ഭക്ഷണവും യാത്രയുടെ ഭാഗമാണ്. പദ്ധതിയുടെ പ്രധാന ആകർഷണമായ പാതിരാമണൽ ദ്വീപിൽ പുല്ലും മുളയും ഉപയോഗിച്ച് നിർമ്മിച്ച ആംഫി തിയേറ്ററിൽ കളരിപ്പയറ്റ്, ഗരുഡൻ പയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും.വേലകളി, കുത്തിയോട്ടം തുടങ്ങിയ നാടൻ കലകളുടെ ചരിത്രവും ആലപ്പുഴയുടെ പാരമ്പര്യവും യാത്രയ്ക്കിടെ സഞ്ചാരികൾക്ക് പകർന്നുനൽകും. ഒരാൾക്ക് 1000 രൂപ നിരക്കിൽ ലഭ്യമാകുന്ന ഈ പാക്കേജ് കേരളത്തിന്റെ ജലസഞ്ചാര മേഖലയിൽ പുതിയൊരു അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.