23 December 2024, Monday
KSFE Galaxy Chits Banner 2

അസമത്വങ്ങളും കോവിഡ് ദുരന്തങ്ങളും: ‘ഓക്സ്ഫാം’ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 6, 2022 7:00 am

ഏറ്റവുമൊടുവിലായി ജനുവരി 2022ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഓക്സ്ഫാം, എന്ന എന്‍ജിഒ പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം തന്നെ ‘അസമത്വങ്ങള്‍ കൊന്നൊടുക്കുന്നു; ‘ഇന്‍ ഇക്വാലിറ്റികില്‍സ്’ എന്നാണ്. ഹ്രസ്വമായ ഈ ശീര്‍ഷകം തന്നെ അതിന്റെ ഉള്ളടക്കം എന്താണെന്ന ധാരണ വ്യക്തമാക്കുന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ഈ റിപ്പോര്‍ട്ടിന്റെ നിഗമനം, മനുഷ്യസൃഷ്ടിയായ അസമത്വങ്ങളാണ് കോവിഡ് 19 എന്ന മഹാമാരിയുടേതിലുമധികം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തിയത് എന്നാണ്. സ്വത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണം സമൂഹത്തില്‍ കഴിയുന്നത്ര വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന പരിഹാരവും അതിലുണ്ട്. എന്നാല്‍ സാമ്പത്തികാസമത്വങ്ങള്‍ പരിഹരിക്കാന്‍ മറ്റു പോംവഴികളൊന്നും ഇല്ല. 2020ല്‍ കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് പ്രചാരത്തിലിരുന്നൊരു ധാരണ ഈ മാരകരോഗം വര്‍ഗ, ജാതി മത, പ്രാദേശിക ഭേദമില്ലാതെ മുഴുവന്‍ ലോകജനതയെയും ഒരുപോലെ ബാധിക്കുമെന്നായിരുന്നു. എന്നാല്‍, ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു. മഹാമാരിക്ക് മുന്‍പും പിന്‍പുമുള്ള കാലഘട്ടങ്ങളില്‍ ആഗോളതലത്തില്‍ വിഭവങ്ങള്‍, വാക്സിനുകള്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വിതരണത്തിലടക്കം അന്തരങ്ങള്‍ ഉണ്ടായി. ആധുനിക കാലഘട്ടത്തില്‍ ആഗോളതലത്തില്‍ നിലവിലിരിക്കുന്ന വരുമാനത്തിന്റെയും സ്വത്തിന്റെയും പങ്കിടല്‍ പ്രക്രിയ തൃപ്തികരമല്ലെന്ന് തീര്‍ത്തുപറയാനാവും. നാലു ദശകങ്ങളായി ഇന്ത്യയടക്കമുള്ള ലോകരാജ്യ സമ്പദ്‌വ്യവസ്ഥകള്‍ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ സാമ്പത്തിക സാമൂഹ്യ നയങ്ങളുടെ സ്വാധീനവുമുണ്ട്. മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയതോടെ, സ്ഥിതിഗതികള്‍ കൂടുതല്‍ വ്യാപകവും ഗുരുതരവുമായി മാറുകയും ചെയ്തു. പൊതു ആരോഗ്യ ചെലവുകള്‍ക്കു ഫണ്ട് ലഭ്യമല്ലാതാവുകയും പൊതു ഏജന്‍സികള്‍ക്കു പകരം ജനങ്ങള്‍ മൊത്തത്തില്‍ സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതും ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു. അധ്വാനിക്കുന്ന വര്‍ഗവും ചെറുകിട, ഇടത്തരം വരുമാന വിഭാഗക്കാരും രണ്ടറ്റം മുട്ടിക്കാന്‍ പെടാപ്പാടുപെടുമ്പോഴും ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ ബില്യനയര്‍മാരുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ലോകത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ള പത്ത് ബില്യനയര്‍മാര്‍ ഈ കോവിഡ് കാലയളവില്‍ അവരുടെ സമ്പത്തും വരുമാനവും ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഇന്ത്യയിലെ ബില്യനയര്‍ ക്ലബ്ബിന്റെ അംഗസംഖ്യ ഇപ്പോള്‍ 126ല്‍ എത്തി. പിന്നിട്ട ഒന്നരവര്‍ഷക്കാലത്തിനിടയില്‍ ഇവരുടെ എണ്ണം 85ല്‍ നിന്ന് 126ലേക്കാണ് കുതിച്ചുയര്‍ന്നത്. 126 ബില്യനയര്‍മാരുടെ മൊത്തം സ്വത്തിന്റെ മൂല്യം 23.14 ലക്ഷം കോടിയില്‍ നിന്ന് 53.15 ലക്ഷം കോടി രൂപയായി ഉയര്‍ന്ന്, ഇത് 2022ല്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയുടെ ജിഡിപി, വര്‍ധനവിന്റെ (2947 ബില്യന്‍ ഡോളര്‍)‍ നാലിലൊന്നു വരുമെന്ന് കാണുന്നു. പരമ്പരാഗതമായി ലിസ്റ്റില്‍ കാണപ്പെടുന്ന അംബാനിമാരോടും അഡാനിമാരോടുമൊപ്പം പുത്തന്‍കൂറ്റുകാരായ ഫന്‍ഗുനിനായര്‍, അഭിഷേക് ലോധാ തുടങ്ങിയവരും ഉള്‍പ്പെടുന്നു. ഓരോ പുതിയ ബില്യനയര്‍ ജനിക്കുമ്പോഴും 160 മില്യന്‍ പേരാണ് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുന്നത്.


ഇതുകൂടി വായിക്കാം ; കോവിഡ് കാലം: ചില അനുഭവങ്ങൾ


മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഓരോ 24 മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഈ ദുരന്ത പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിന്റെ അര്‍ത്ഥം, അസമത്വം ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല എന്നുതന്നെയാണ്. സാര്‍വദേശീയതലത്തില്‍ ഘടനാപരമായ നീക്കുപോക്കുകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും മുതലാളിത്ത, നവലിബറല്‍ വ്യവസ്ഥക്ക് ഉത്തേജനം നല്കുന്നതില്‍ സാര്‍വദേശീയ നാണയനിധി(ഐഎംഎഫ്)യും ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും (എഡിബി) അവയുടേതായ പങ്കുവഹിച്ചുവരികയുമായിരുന്നു എന്ന് വ്യക്തമാണ്. ഐഎംഎഫിന്റെ ഉപദേശാനുസരണം 73 രാജ്യങ്ങളാണ് ചെലവുചുരുക്കല്‍ നടപടികള്‍ക്ക് കീഴടങ്ങേണ്ടിവന്നത്. ഈ രാജ്യങ്ങളില്‍ ഏറ്റവുമധികം ചെലവു ചുരുക്കലുണ്ടായത് ആരോഗ്യമേഖലയിലുമായിരുന്നു. അതിക്രമങ്ങളും കയ്യേറ്റങ്ങളും മഹാമാരിയുടെ കാലയളവിലും അതിനുശേഷവും വര്‍ധിച്ചിട്ടുണ്ടെന്നത് അംഗീകരിക്കുമ്പോള്‍ത്തന്നെ അതിലേക്കെല്ലാം നയിച്ചിട്ടുള്ളത് സാമ്പത്തിക പരാധീനതകളാണെന്നതാണ് യാഥാര്‍ത്ഥ്യം. ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പ്രതിഭാസത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ‘അവഗണിക്കപ്പെട്ട പാന്‍ഡെമിക്ക്’ എന്നാണ്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു ശ്രദ്ധേയമായ വസ്തുത താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളില്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന നിലവാരം ഉറപ്പാക്കാവുന്നതുമായ വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള കഴിവോ യോഗ്യതയോ ഇല്ലെന്ന വാദഗതി ഉയര്‍ത്തി ഒരുതരം ശാസ്ത്രീയ വര്‍ഗചിന്ത (സയിന്റിഫിക് റേസിസം) വളര്‍ത്തിയെടുക്കുന്ന എന്ന ലക്ഷ്യമുണ്ടായിരുന്നു എന്നാണ്. ഇതിന്റെ പേരുപറഞ്ഞാണ് ഔഷധ നിര്‍മ്മാണ സാങ്കേതിക വിദ്യ പങ്കിടുന്നതില്‍ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ഔഷധ കുത്തകകള്‍ കൂട്ടാക്കാതിരിക്കുന്നത്. ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ മേഖലകളിലെ നൂറില്‍പ്പരം കമ്പനികള്‍ക്ക് കോവിഡ് 19 പ്രതിരോധ ഔഷധങ്ങളും വാക്സിനുകളും നിര്‍മ്മിക്കാന്‍ കഴിയുന്ന അത്തരം ഘടനാ സജ്ജീകരണങ്ങളുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഔഷധ കുത്തകകള്‍ സന്നദ്ധമല്ല. അതുകൊണ്ടാണ് വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിജ്ഞാനം പ്രസ്തുത കമ്പനികളുമായി പങ്കിടാന്‍ അവര്‍ തയാറാവാതിരിക്കുന്നതത്രെ. ഇത്തരമൊരു നിഗമനത്തിന് യാതൊരുവിധ നീതീകരണവുമില്ലെന്നതിന് റിപ്പോര്‍ട്ട് ഉദാഹരണമാക്കുന്നത് കോസ്റ്റാറിക്കാ എന്ന ചെറിയൊരു രാജ്യത്തിന്റെ അനുഭവമാണ്. ദാരിദ്ര്യത്തിന്റെ കണക്കെടുപ്പിലൂടെ കാണാന്‍ കഴിയുക, മഹാമാരിക്കുമുമ്പ് ലോകബാങ്കിന്റെ ദാരിദ്ര്യരേഖ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍ പ്രതിദിന വരുമാനം 5.50 ഡോളറില്‍ താഴെയുള്ള 3.2 ബില്യന്‍ ജനങ്ങളാണുണ്ടായിരുന്നത് എന്നാണ്. മഹാമാരിയെ തുടര്‍ന്നുണ്ടായ വര്‍ധന 163 മില്യന്‍ ജനങ്ങളെക്കൂടി ഇതിന്റെ ഭാഗമാക്കി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ ഈ കണക്കും ചേര്‍ന്നിട്ടുണ്ട്. ഓക്സ്ഫാം മൂന്നു നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒന്ന്, നമ്മുടെ നികുതിവ്യവസ്ഥയുടെ പുനഃസംവിധാനത്തിലൂടെ കൂടുതല്‍ പുരോഗമന സ്വഭാവമുള്ള ധനകാര്യ വിഭവ സമാഹരണ സ്രോതസായി അതിനെ രൂപാന്തരപ്പെടുത്തുക. ഇതിലേക്കായി കോവിഡ് 19 സൃഷ്ടിച്ച അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് അവിഹിതമായി സ്വത്തും പണവും കുന്നുകൂട്ടി ബില്യനയര്‍മാരായി മാറിയവരില്‍ നിന്നും അവര്‍ കെെവശപ്പെടുത്തിയ സമ്പത്തിന്റെ ഒരു ഭാഗമെങ്കിലും ഒരു പ്രത്യേക നികുതി വഴി ഈടാക്കുകയാണ് ചെയ്യേണ്ടത്.


ഇതുകൂടി വായിക്കാം ; ശതകോടീശ്വരന്മാര്‍ പെരുകുമ്പോള്‍ സാമ്പത്തിക വളര്‍ച്ച മുടന്തി നീങ്ങുന്നു


അടിയന്തര സ്വഭാവത്തോടെ ഏര്‍പ്പെടുത്തുന്ന 99 ശതമാനം നികുതി വഴി ലോകത്തിലെ പത്ത് അതിസമ്പന്നരില്‍ നിന്നു മാത്രമായി 812 ബില്യന്‍ ഡോളറെങ്കിലും മുതല്‍ക്കൂട്ടാനാവുമെന്നാണ് ന്യായമായും കണക്കാക്കിയിരിക്കുന്നത്. ഇത്തരമൊരു നികുതിയെ ‘ബില്യനയര്‍ നികുതി’ എന്നോ മറ്റോ വിശേഷിപ്പിക്കുന്നതിലും അപാകതയില്ല. ഈ വിധത്തില്‍ സമാഹരിക്കുന്ന അധിക ധനകാര്യ വിഭവം വഴി മഹാമാരിയുടെ ബാധിത ലോകജനതക്കു മുഴുവന്‍ വാക്സിന്‍ ലഭ്യമാക്കുന്നതിന് ഉപകരിക്കുമത്രെ. നിസാരമായി കാണേണ്ടൊരു മാര്‍ഗമല്ല ഇത്. രണ്ടാമത്തേത്, പുതുതായി ഏര്‍പ്പെടുത്തുന്ന നികുതിയിലൂടെ സമ്പത്തിന്റെ അസന്തുലിതാവസ്ഥ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാനാകും എന്നതാണ്. അതുവഴി ആഗോള ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും കഴിയുമെന്നും പറയുന്നു. ഇതെല്ലാം ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് വേണ്ടത്. ആരോഗ്യ രക്ഷാ സൗകര്യങ്ങള്‍ വിലകൊടുത്തു വാങ്ങുന്ന ഏര്‍പ്പാടിന് പൂര്‍ണ വിരാമമാകുകയും വേണം. മൂന്ന്, ലോകബാങ്കിന്റെ ഘടനയുടെ ദാനമായി ഇന്നും തുടരുന്ന ബൗദ്ധിക സ്വത്തവകാശവും ബന്ധപ്പെട്ട നിയമവ്യവസ്ഥകളും ജീവന്‍ രക്ഷാ ഔഷധങ്ങളുടെ നിര്‍മ്മാണകാര്യങ്ങളില്‍ നിന്നെങ്കിലും ഉടനടി ഒഴിവാക്കുകയാണ് കരണീയം എന്നാണ്. ഇന്ത്യയിലെ 84 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തില്‍ 2020 മാര്‍ച്ച് മുതല്‍ 2021 നവംബര്‍ വരെയുള്ള കാലയളവില്‍ കുത്തനെ ഇടിവു രേഖപ്പെടുത്തിയപ്പോള്‍, ബില്യനയര്‍മാരുടെ എണ്ണത്തില്‍ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 102ല്‍ നിന്നും 142ലേക്കായിരുന്നു. പിന്നിട്ട നാല് വര്‍ഷക്കാലയളവിലെ സ്ഥിതിയും സമാനമായിരുന്നു. 2016ല്‍ സ്വത്തുനികുതി ഉപേക്ഷിക്കപ്പെട്ടു. അതോടെ ഗുരുതരമായ അവഗണനക്ക് വിധേയമാക്കപ്പെട്ടത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളായിരുന്നു. ഇന്ത്യയിലെ 98 ബില്യനയര്‍മാരുടെമേല്‍ കേവലം ഒരു ശതമാനം നികുതി ചുമത്തുന്നതിലൂടെ കിട്ടുന്ന നികുതി വരുമാനമുണ്ടെങ്കില്‍ മോഡിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കാവശ്യമായ മുഴുവന്‍ പണവും സ്വരൂപിക്കാന്‍ കഴിയും. വരുന്ന ഏഴ് വര്‍ഷക്കാലത്തേക്കുള്ള വാര്‍ഷിക ബജറ്റില്‍ ഇതിലേക്കായി പണം നീക്കിവയ്ക്കേണ്ടിവരികയുമില്ല. മുകളില്‍ വിവരിച്ച ഇന്ത്യന്‍ സാഹചര്യങ്ങള്‍ സംബന്ധമായ കണ്ടെത്തലുകളും നിഗമനങ്ങളും പരിഹാര നിര്‍ദേശങ്ങളും പരസ്യമായി തള്ളിക്കളയാന്‍ ഏറെപ്പേര്‍ തയാറല്ലെങ്കിലും ഇതെല്ലാം ഏതുവിധേന കുഴിച്ചുമൂടാമെന്നതു സംബന്ധമായ അണിയറനീക്കങ്ങള്‍ ശക്തമായിത്തന്നെ അധികാരകേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടെന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. മോഡി സര്‍ക്കാരിനെ സംബന്ധിച്ചാണെങ്കില്‍ ‘അസമത്വം കൊന്നൊടുക്കുന്നു’ എന്ന വാചകം ഉറക്കംകെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.