16 November 2024, Saturday
KSFE Galaxy Chits Banner 2

പുതുചമയങ്ങളണിഞ്ഞ ഭീഷണക്കോലങ്ങൾ

Janayugom Webdesk
May 22, 2022 5:00 am

ലക്ഷ്യം സുവ്യക്തമാണ്, വ്യതിയാനം വഴികളിൽ മാത്രമാണ്. 1949‑ൽ അയോധ്യയിലെ ബാബറി മസ്ജിദിൽ നടന്നത് അതിഗൂഢമായ കർമ്മമായിരുന്നു. സമാനമായി വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഇപ്പോൾ നടക്കുന്നതോ ലജ്ജാകരമായ ചെയ്തികളും. വാരാണസിയിലെ പ്രാദേശിക കോടതി രാജ്യത്തെ നിയമം പാലിച്ചിരുന്നെങ്കിൽ ശിവലിംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ഉടലെടുക്കുമായിരുന്നില്ല. 1991ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം, 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന മതപരമായ സ്വഭാവം നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നു. 2019 നവംബറിലെ അയോധ്യാവിധിയിൽ സുപ്രീം കോടതിയും ഈ നിയമത്തെ ശ്ലാഘിച്ചു. പൊതു ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ഓഗസ്റ്റ് 15 മാനദണ്ഡമാക്കി സംരക്ഷിക്കുന്നതിനും പൊതു ആരാധനാ ഇടങ്ങൾ പരിവർത്തനം ചെയ്യുന്നതിനെതിരെയും നിലകൊള്ളുന്നതിലും പാർലമെന്റ് പ്രതിജ്ഞാബദ്ധമാണ്. സാമ്രാജ്യത്വ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ഭൂതകാലത്തിലെ അനീതികൾ പരിഹരിക്കുന്നതിനുള്ള ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുന്നു. ഓരോ മതസമൂഹത്തിനും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്തില്ല എന്നതിലും ഭരണഘടനാ ആത്മവിശ്വാസം നൽകുന്നു, സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പക്ഷെ, പുലർത്തേണ്ട എല്ലാ കരുതലുകളും കാറ്റിൽ പറത്തി വാരാണസിയിലെ കീഴ്‌ക്കോടതി, ഹർജി തള്ളുന്നതിൽ മടിച്ചു. ഒരു സ്വകാര്യ ഫോട്ടോഗ്രാഫറെ ഉപയോഗിച്ച് ഗ്യാൻവാപി പള്ളിയിൽ വീഡിയോ-ഗ്രാഫിക് സർവേയ്ക്ക് ഉത്തരവിട്ടു. സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പുതന്നെ, പള്ളിയെ പ്രതിനിധീകരിക്കുന്ന കക്ഷിപോലും ഹാജരാകാത്ത ഒരു വാദവേളയിൽ, ജലസംഭരണിയിൽ ഒരു ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദു ഹർജിക്കാരുടെ വാദം പരിഗണിക്കുന്നു. ഗ്യാൻവാപി പള്ളിയുടെ ഒരു ഭാഗം സീൽ ചെയ്യാനും നമസ്കാരം നിർവഹിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും തുടർന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടു. കീഴ്‌ക്കോടതിയുടെ ഈ പ്രവൃത്തി രാജ്യത്തിന്റെ ബഹുസ്വരതയെ ശിഥിലമാക്കും. തീവ്രഹിന്ദുത്വ ശക്തികൾക്ക് മുന്നേറാൻ അവസരം ഒരുക്കുകയും ചെ യ്യും. 1949‑ൽ ബാബറി മസ്ജിദ് മലിനമാക്കുകയും ഒരു വർഗീയ കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്തപ്പോഴും പ്രയോഗിച്ച മാർഗം ഇതായിരുന്നു.


ഇതുകൂടി വായിക്കാം; കിരാത നിയമം മരവിപ്പിച്ചത് സ്വാഗതാര്‍ഹം


ഡിസംബർ 22ന് രാത്രിയിൽ ബാബറി മസ്ജിദിന്റെ മധ്യ താഴികക്കുടത്തിനടിയിൽ രാംലല്ലയുടെ വിഗ്രഹം അതിനിഗൂഢമായി പ്രത്യക്ഷപ്പെട്ടത് ഒട്ടേറെ ദുർലക്ഷണങ്ങൾ വെളിപ്പെടുത്തിയായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇതിന്റെ പര്യായം പോലെ ചുട്ടുപൊളളിക്കുന്ന ഗ്യാൻവാപി വിവാദത്തിന് കളമൊരുക്കുന്നു. ബാബ്റി മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ചത് തീവ്രഹിന്ദുത്വ നേതൃത്വത്തിന്റെ ചട്ടുകമായ ഹിന്ദു മഹാസഭ പ്രവർത്തകൻ അഭിരാം ദാസായിരുന്നു. ഹിന്ദു മഹാസഭ തങ്ങൾ നടത്തിയ ഗൂഢാലോചനയ്ക്ക് ദിവ്യത്വം നൽകാനാണ് രഹസ്യനീക്കങ്ങൾ നടത്തിയത്. ഫൈസാബാദിലെ പ്രാദേശിക നിയമവ്യവസ്ഥ വ്യത്യസ്തമായി പ്രവർത്തിച്ചിരുന്നെങ്കിൽ ആ ഗൂഢാലോചന പരാജയപ്പെടുമായിരുന്നു. പക്ഷെ, അത് നടന്നില്ല. ക്രിമിനൽ നടപടി നിയമത്തിലെ 145-ാം വകുപ്പ് ഉപയോഗിച്ചത് കൈയേറ്റ ചെയ്തികളെ തിരുത്താനായിരുന്നില്ല, മറിച്ച് അതിന് സാധൂകരണം നൽകാനാണ്. തങ്ങളുടെ അവകാശവാദങ്ങൾ ഫയൽ ചെയ്യാൻ കക്ഷികളോട് ആവശ്യപ്പെടാൻ സെക്ഷൻ 145 മജിസ്ട്രേറ്റിന് അധികാരം നൽകുന്നു. വസ്തുവിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയല്ല മറിച്ച് തർക്ക വിഷയത്തിന്റെ യഥാർത്ഥ കൈവശം എന്നതിലാണ് വാദമുഖങ്ങൾക്ക് അവസരം ഒരുക്കിയത്. ഏത് കക്ഷികളാണ് കൈവശം വച്ചിരുന്നത്’ എന്ന് മജിസ്ട്രേറ്റ് തീരുമാനിക്കുന്നു. ഏതെങ്കിലും ഒരു കക്ഷിയെ ‘നിർബന്ധിതമായി അല്ലെങ്കിൽ അന്യായമായി’ പുറത്താക്കിയിട്ടുണ്ടെങ്കിൽ, മജിസ്ട്രേറ്റിന് അവർക്കുള്ള കൈവശം പരിഗണിക്കാം. തുടർന്ന് സ്വത്തിൽ അവകാശം സ്ഥാപിക്കാൻ ഒരു സിവിൽ കേസ് ഫയൽ ചെയ്യാൻ അതിക്രമിച്ച് കടന്നവർക്ക് വഴിയൊരുക്കുന്നു. 145-ാം വകുപ്പിന്റെ ഗൗരവമായ ഘടകങ്ങൾ ഈ നടപടികളിലെല്ലാം ബോധപൂർവം ഒഴിവാക്കപ്പെട്ടു. വർഗീയ ശക്തികൾക്ക് മസ്ജിദ് തകർക്കാൻ കളമൊരുങ്ങി, അത് സംഭവിച്ചു. ജനാധിപത്യം പുലരണമെങ്കിൽ അതിന്റെ മൂന്ന് തൂണുകളുടെയും സ്വതന്ത്രമായ പ്രവർത്തനം അനിവാര്യമാണ്. അതിൽ നിർണായകമാണ് ജുഡീഷ്യറി. വാരാണസിയിലെ പ്രാദേശിക കോടതി സഞ്ചരിക്കേണ്ട മാർഗത്തിൽ നിന്ന് വ്യതിചലിച്ചു. തെറ്റുതിരുത്തുന്നതിൽ പരാജയപ്പെടുന്നത് ജനാധിപത്യത്തെ അതിന്റെ തകർച്ചയിലേക്ക് നയിച്ചേക്കാം.

You may also like this video;

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.