23 December 2024, Monday
KSFE Galaxy Chits Banner 2

അരങ്ങുജീവിതത്തിന്റെ അകം കാഴ്ചകൾ

സുരേഷ് കീഴില്ലം
April 3, 2022 7:00 am

‘നൂറുദിനം നൂറു പുസ്തകം’ പദ്ധതിയിൽ കേരള സംഗീത നാടക അക്കാദമി പുറത്തിറക്കിയ സേവ്യർ പുൽപ്പാട്ടിന്റെ ‘അരങ്ങിലൂടെ ഒരു യാത്ര’ എന്ന അനുഭവക്കുറിപ്പുകൾ വായനക്കാർക്ക് പ്രിയപ്പെട്ടതാവാനുള്ള കാരണം അവ കേവലം വ്യക്തിഗതമായ ഓർമ്മക്കുറിപ്പുകളല്ല എന്നതുകൊണ്ടാണ്. മലയാളത്തിന്റെ സുഭഗമായ നാടകക്കാലത്തിന്റെ ദീപ്തമായ ചരിത്രമാണത്. ലോകനാടകവേദി തൊട്ട് പ്രാദേശികമായ അമേച്വർ നാടകാവതരണങ്ങൾ വരെ പരാമർശിച്ചു പോകുന്നുണ്ട് ഗ്രന്ഥകാരൻ. ഷേക്സ്പിയർ, ഇബ്സൺ, കാളിദാസൻ, സോഫോക്ലിസ് തുടങ്ങിയ അതുല്യ പ്രതിഭകളെ കുറിച്ച് മുതൽ ജീവിക്കാൻ വേണ്ടി നാടകത്തിനായി മുഖത്തുചായം തേയ്ക്കാൻ തയ്യാറായ നാട്ടിൻപുറത്തുകാരികളായ നടിമാരുടെ വരെ ജീവിതം നമുക്കിവിടെ വായിക്കാം.

മലയാള നാടകവേദിയിലൂടെ ശ്രദ്ധേയരായ പ്രിയപ്പെട്ട കലാകാരൻമാരെ പരിചയപ്പെടുത്തുകയോ അവരുടെ ഓർമ്മകൾ കെട്ടുപോകാതെ സൂക്ഷിക്കുകയോ ചെയ്യുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിൽ പ്രധാനപ്പെട്ട ഒരാളാണ് നാടകവേദിയിലും പിന്നീട് സിനിമയിലും തിളങ്ങിയ എൻ എഫ് വർഗീസ്. സേവ്യർ പുൽപ്പാട്ടും എൻ എഫ് വർഗ്ഗീസും വേദിയിലൊരുമിക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. സിനിമയിൽ തിരക്കേറിയപ്പോഴും എൻ എഫ്, സേവിയുമായുള്ള ബന്ധം ഊഷ്മളതയോടെ മുന്നോട്ടുകൊണ്ടുപോകുന്നു. എൻ എഫ് വർഗ്ഗീസിന്റെ ജീവിതത്തിലും വേദികളിലും ഉണ്ടായ നിരവധി സംഭവങ്ങൾ ഈ പുസ്തകത്തിൽ കാണാം. അമ്മിണിക്കുട്ടൻ, എം എസ് മണി തുടങ്ങി അകാലത്തിൽ പൊലിഞ്ഞ പല പ്രതിഭകളേയും പുസ്തകം പരിചയപ്പെടുത്തുന്നു. അഭിനയത്തിനിടയിൽ, അരങ്ങിൽ വച്ച് മരണം തട്ടിയെടുത്ത എം കെ മുരളീധരൻ അതിലൊരാളാണ്. അരങ്ങിൽ കാണികളെ സന്തോഷിപ്പിക്കുന്ന നാടക കലാകാരൻമാരുടെ യഥാർത്ഥജീവിതത്തിന്റെ കണ്ണീർ ഈ പുസ്തകത്താളിലെമ്പാടുമുണ്ട്. അമ്മ മരിച്ചാൽ പോലും ലീവെടുക്കാൻ കഴിയാത്ത അപൂർവ്വം ജോലികളിലൊന്നാണ് നാടകാഭിനയം. വേണ്ടപ്പെട്ടവർ മരിച്ച് സംസ്കാരം കാത്ത് കിടക്കുമ്പോഴും അരങ്ങിലെത്തി കാണികളെ ചിരിപ്പിക്കേണ്ടി വരുന്ന നടീനടൻമാരുടെ ഗതികേട് നമുക്കിതിൽ കാണാം. ഒരു ദിവസം മൂന്നും നാലും വേദികളിൽ നാടകം അവതരിപ്പിച്ചിരുന്ന കാലഘട്ടം. മുഖത്തെ ചായം പോലും മാറ്റാതെ അടുത്ത വേദിയിലേക്കുള്ള പാച്ചിൽ. ഇതൊക്കെ പുതിയ തലമുറയ്ക്ക് ചിന്തിക്കാൻപോലും അസാദ്ധ്യമാണ്. പുരോഗമന പ്രസ്ഥാനങ്ങളുമായി കൈകോർത്ത് നാടകകലാകാരൻമാർ പിന്നിട്ട വഴിത്താരകളെ പറ്റി ‘പോരാട്ടവഴികളിൽ നാടകം’ എന്ന അദ്ധ്യായം പ്രതിപാദിക്കുന്നു. മലയാള നാടകചരിത്രത്തിന്റെ ആവേശ്വോജ്ജ്വലമായ അദ്ധ്യായമായി അതുകൊണ്ടുതന്നെ അത് മാറുന്നു.

കെ. ടി മുഹമ്മദ്, തോപ്പിൽ ഭാസി, എൻ. എൻ പിള്ള, പി ജെ ആന്റണി, പറവൂർ ജോർജ്ജ്, കെ. പി. എ. സിയുടെ സ്ഥാപകനായിരുന്ന അഡ്വ. ജനാർദ്ദക്കുറുപ്പ് തുടങ്ങിയ അതുല്യനാടകാചാര്യൻമാരെ പറ്റിയുള്ള ഓർമ്മകൾ ഇവിടുണ്ട്. സുപ്രസിദ്ധ കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റേയും പ്രശസ്ത സാഹിത്യകാരനായ പൊൻകുന്നം വർക്കിയുടേയും മറ്റും നാടകരംഗത്തെ സംഭാവനകൾ യവനിക നീക്കി ഇവിടെ അടയാളപ്പെടുന്നു. ബാബറി മസ്ജിദ് തകർത്ത ഡിസംബർ ആറിന് വഴിയിൽ കുടുങ്ങിപ്പോയ നാടകസംഘത്തിന്റെ ഭീതിദമായ അവസ്ഥ ജനാധിപത്യത്തെ സംബന്ധിച്ചും രാഷ്ട്രീയത്തെ സംബന്ധിച്ചുമുള്ള ഉത്കണ്ഠകൾ പങ്കുവയ്ക്കുന്നു. അതൊടൊപ്പം അരങ്ങിലും അണിയറയിലും ഉണ്ടായ രസകരമായ അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. നാടകാവതരണ സമയത്ത് അഭിനയിക്കേണ്ടയാൾ എത്താതിരിക്കുക, രംഗത്ത് കുഴഞ്ഞുവീഴുക, രാഷ്ട്രീയ എതിരാളികൾ അവതരണം അലങ്കോലപ്പെടുത്താൻ ശ്രമിക്കുക, നാടകം ഏറ്റെടുത്ത ജനക്കൂട്ടം ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുക എന്നിങ്ങനെ എത്രയോ സന്ദർഭങ്ങൾ. ആലുവായുടെ നാടക ചരിത്രം, നാടക സാഹിത്യത്തെ സംബന്ധിച്ച ആകുലതകൾ, മലയാളനാടകരംഗം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എന്നിങ്ങനെ വിവിധ വിഷങ്ങൾ ഈ യാത്രയിൽ ചർച്ചചെയ്യപ്പെടുന്നു. ഇരുപത്തിയഞ്ചു കുറിപ്പുകൾ അടങ്ങുന്ന ‘അരങ്ങിലൂടെ ഒരു യാത്ര’ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാം. ആയിരക്കണക്കിനുവരുന്ന ആൾക്കൂട്ടത്തിനിടയിലിരുന്ന് ഒരു നാടകം കണ്ടെഴുന്നേൽക്കുന്ന പ്രതീതിയാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുക. നാടകീയമായ സംഭവങ്ങൾ കൊണ്ടും വൈവിദ്ധ്യമുള്ള സജീവമായകഥാപാത്രങ്ങളാലും സമ്പന്നമായ ഒരു നാടകം കണ്ട പ്രതീതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.