ഫെയ്ക്ക് ഐഡിയില്‍ നിന്ന് ഉണ്ടായ ഹേറ്റ് സ്പീച്ച് /ഹരാസ്‌മെന്റ് അതി ഭീകരമാണ്. സംവിധായിക എന്ന നിലയില്‍ ഞാനും, അഭിനയിച്ചവര്‍ എന്ന നിലയില്‍ മറ്റു സ്ത്രീകളും സംഘടിതമായ ആക്രമണം നേരിടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും സിനിമ കണ്ടിട്ടില്ല എന്നതും മനസിലാക്കണം. അതുകൊണ്ട് തന്നെ പുതിയ തലമുറ മാറ്റം ഉള്‍ക്കൊള്ളുന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്…
ബി 32 മുതല്‍ 44 വരെ സിനിമയുടെ സംവിധായിക ശ്രുതി ശരണ്യം ജനയുഗം പ്രതിനിധി ഇ ആര്‍ ജോഷിയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്…
ബി 32 മുതല്‍ 44 വരെ മികച്ച പ്രേക്ഷക അഭിപ്രായം നേടി എന്ന് സിനിമ റിവ്യൂകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും സാക്ഷ്യപെടുത്തുന്നുണ്ട്. അപ്പോഴും സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററുകളുടെ വിവരം സംവിധായികയ്ക്ക് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കേണ്ട അവസ്ഥ ഉണ്ടെന്ന് മനസിലാക്കുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്?
നിര്‍ഭാഗ്യവശാല്‍ സിനിമ തിയ്യറ്ററുകളില്‍ എത്തിയത് ആരും അറിഞ്ഞില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സോഷ്യല്‍ മീഡിയ യില്‍ മാത്രമാണ് പ്രചരണം നടന്നത്. സിനിമ കണ്ട് ഇഷ്ടപ്പെട്ടവര്‍ റിവ്യൂ ഇടാന്‍ തുടങ്ങിയപ്പോഴേക്കും സിനിമ തിയ്യറ്റര്‍കളില്‍ നിന്നും പോയിരുന്നു. നല്ല സെന്ററുകള്‍ കിട്ടാതിരുന്നതും ഒരു പ്രശ്‌നം ആയിരുന്നു. ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് സിനിമ എത്തിക്കുന്നതില്‍ അതുകൊണ്ടു തന്നെ തടസ്സം നേരിട്ടു. അതാണ് സംഭവിച്ചത്.
എങ്ങനെ ആണ് ഈ സിനിമ യാഥാര്‍ത്ഥ്യമായത്, അതിന്റെ നാള്‍ വഴികള്‍ ഓര്‍ത്തെടുക്കാമോ?
2018 മുതല്‍ ഈ ആശയം ഉള്ളില്‍ ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് വിഷയത്തെ കുറിച്ച് പറഞ്ഞു. ഒരു സാധാരണ നിര്‍മ്മാതാവിന്റെ അടുത്ത് പോയാല്‍ നിരവധി ഇടപെടലുകള്‍ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഉടലിന്റെ രാഷ്ട്രീയം പറയുന്ന/സ്ത്രീകളെ മുന്‍ നിര്‍ത്തുന്ന സിനിമകള്‍ ഏറ്റെടുക്കാന്‍ എത്ര നിര്‍മ്മാതാക്കള്‍ ഉണ്ടാകും എന്നത് ഒരു ചോദ്യമാണ്. അപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ന്റെ വനിതാ സംവിധായികമാരെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയെ കുറിച്ച് കേള്‍ക്കുന്നതും അതിലേക്ക് അപ്ലൈ ചെയ്യുന്നതും. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് ഒരു മികച്ച തീരുമാനമായി എനിക്ക് തോന്നുന്നു. കാരണം വിഷയത്തില്‍ യാതൊരുവിധ ഇടപെടലലും കെഎസ്എഫ്ഡിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഞാന്‍ മനസ്സില്‍ കണ്ട സിനിമ അത് പോലെ പകര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സമയത്തിന്റെയും ബഡ്ജറ്റ്‌ന്റെയും പരിമിതികള്‍ ഉണ്ടായിരുന്നു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാ നിലയിലും സംതൃപ്തി ഉണ്ട്.
ഉടലിന്റെ രാഷ്ട്രീയം പ്രമേയം ആവുന്ന സിനിമയുടെ സംവിധായിക എന്ന നിലയില്‍, സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റംവരുന്ന എന്തെങ്കിലും കാര്യങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടോ?
ഈ സിനിമ ഇറങ്ങിയതിനു ശേഷം ഉണ്ടായ ചില പ്രതികരണങ്ങളെ ഭയത്തോടും നിരാശയോടും കൂടിയാണ് ഞാന്‍ നോക്കി കാണുന്നത്. 20നും 30നും മദ്ധ്യേ പ്രായം ഉള്ള ആണ്‍കുട്ടികളുടെ ഫെയ്ക്ക് ഐഡിയില്‍ നിന്ന് ഉണ്ടായ ഹേറ്റ് സ്പീച്ച് /ഹരാസ്‌മെന്റ് അതി ഭീകരമാണ്. സംവിധായിക എന്ന നിലയില്‍ ഞാനും, അഭിനയിച്ചവര്‍ എന്ന നിലയില്‍ മറ്റു സ്ത്രീകളും സംഘടിതമായ ആക്രമണം നേരിടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും സിനിമ കണ്ടിട്ടില്ല എന്നതും മനസിലാക്കണം. അതുകൊണ്ട് തന്നെ പുതിയ തലമുറ മാറ്റം ഉള്‍ക്കൊള്ളുന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. നമ്മള്‍ മുന്‍പിലേക്കാണോ, അതോ പുറകിലേക്കാണോ സഞ്ചരിക്കുന്നത് എന്നൊരു കണ്‍ഫ്യൂഷന്‍ എന്നെ അലട്ടുന്നുണ്ട്
സ്ത്രീകള്‍ അഭിനേതാക്കള്‍ മാത്രമായി ഒതുങ്ങിയിരുന്ന സിനിമ മേഖലയില്‍, സംവിധാനം ഉള്‍പ്പെടെ എല്ലാ മേഖലയിലേക്കും സ്ത്രീകള്‍ കടന്നു വരുന്നു… എന്തെല്ലാം ആണ് വെല്ലു വിളികള്‍?
തുടക്കത്തില്‍ വെല്ലു വിളികള്‍ ഉണ്ട്. പക്ഷെ നമ്മള്‍ സ്വയം തെളിയിച്ചു കഴിഞ്ഞാല്‍ വഴികള്‍ താനെ വെട്ടപ്പെടും എന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെ കേരള സര്‍ക്കാര്‍ ന്റെ ഈ ഉദ്യമത്തെ വളരെ പോസിറ്റീവ് ആയാണ് കാണുന്നത്
മലയാള സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ എങ്ങനെയാണ് ശ്രുതി നോക്കി കാണുന്നത്?
സമീപകാലത്ത് ഏറ്റവും കൂടുതല്‍ മാറ്റം ഉണ്ടായത് മലയാള സിനിമയില്‍ ആണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ പത്തോ /പതിനഞ്ചോ വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രം നോക്കിയാല്‍ പുതിയ വിഷയങ്ങളും പരീക്ഷണ സിനിമകളും എല്ലാം വന്നിട്ടുണ്ട്. പ്രേക്ഷകരുടെ കാഴ്ച്ച ശീലങ്ങളില്‍ ഗുണപരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ആ നിലക്ക് പുരോഗമനപരമായ പാതയിലാണ് മലയാള സിനിമ സഞ്ചരിക്കുന്നത് എന്നാണ് എന്റെ ഭാഷ്യം.
English Sammury: janayugom interview with b32 muthal 44 vare film director shruthi sharanyam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.