
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം കഴിഞ്ഞദിവസം പൂർത്തിയായതോടെ കേരളത്തിൽ 25-ാം പാർട്ടി കോൺഗ്രസിലേക്കുള്ള തയ്യാറെടുപ്പുകൾ സംസ്ഥാന സമ്മേളനമെന്ന അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാന സമ്മേളനം സെപ്റ്റംബർ എട്ടുമുതൽ 12 വരെ ആലപ്പുഴയിൽ നടക്കുകയാണ്. അതിന്റെ മുന്നോടിയായുള്ള ബഹുമുഖ പരിപാടികൾ ഇതിനകം വൻ ബഹുജനശ്രദ്ധ പിടിച്ചുപറ്റി തുടർന്നുവരികയാണ്. പാർട്ടിയുടെ വിമർശകരും പ്രതിയോഗികളുമായ മാധ്യമങ്ങൾ പ്രവചിച്ചതിൽനിന്നും പ്രചരിപ്പിച്ചതിൽനിന്നും തികച്ചും വ്യത്യസ്തമായി രാഷ്ട്രീയമായും സംഘടനാപരമായും വിപുലവും ഊർജസ്വലവുമായ ഉൾപ്പാർട്ടി ജനാധിപത്യവും ഐക്യവും ഉദ്ഘോഷിക്കുന്ന സമ്മേളനങ്ങളാണ് ജില്ലാതലംവരെ വിജയകരമായി പൂർത്തിയാക്കിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്തെ 11,143 ബ്രാഞ്ചുകളുടെയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 1,457 ലോക്കലുകളിലെയും മേയ്, ജൂൺ മാസങ്ങളിലായി 182 മണ്ഡലങ്ങളിലെയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 14 ജില്ലകളിലെയും സമ്മേളനങ്ങൾ പൂർത്തിയാക്കി. സിപിഐ കേരള സംസ്ഥാന ഘടകത്തിലെ 1,44,852 പൂർണ അംഗങ്ങളും 18,720 സ്ഥാനാർത്ഥി അംഗങ്ങളും പങ്കാളികളായ ബൃഹത്തായ ഒരു ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയാണ് ഈ നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കിയത്.
14 ജില്ലാ സമ്മേളനങ്ങൾ 400 അംഗങ്ങൾക്ക് ഒന്നുവീതം തെരഞ്ഞെടുത്ത പ്രതിനിധികളും സംസ്ഥാന നിർവാഹകസമിതി അംഗങ്ങളുമായിരിക്കും പൂർണ വോട്ടവകാശത്തോടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുക. പാർട്ടിയുടെ സംസ്ഥാന സമ്മേളനം സംസ്ഥാന കൗൺസിൽ തീരുമാനിച്ച് പ്രഖ്യാപിച്ചതോടെ ഉൾപ്പാർട്ടി ജനാധിപത്യ പ്രക്രിയയെ പരിമിതപ്പെടുത്താനും നേതൃഘടകങ്ങളിലേക്ക് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് തടയാനും പാർട്ടി നേതൃത്വം ശ്രമിക്കുന്നതായി ഒരുപറ്റം മാധ്യമങ്ങൾ തെറ്റിദ്ധാരണാജനകമായ വാർത്തകൾ വൻ പ്രധാന്യത്തോടെ പ്രചരിപ്പിക്കുകയുണ്ടായി. പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ഘടകസമ്മേളനങ്ങളിൽ ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയ ഉറപ്പുവരുത്തുന്നതിന് പരമ്പരാഗതമായി നേതൃഘടകങ്ങൾ പുറപ്പെടുവിക്കുന്ന മാർഗനിർദേശത്തെ ദുർവ്യാഖ്യാനം ചെയ്താണ് മാധ്യമങ്ങൾ അത്തരം ദുഷ്‌പ്രചരണത്തിന് മുതിർന്നത്. അത്തരം പ്രചരണങ്ങൾ അസ്ഥാനത്താണെന്ന് തെളിയിക്കുന്നവയായിരുന്നു ഇതിനകം പൂർത്തിയാക്കിയ സമ്മേളനങ്ങൾ എല്ലാംതന്നെ. ഇതുവരെ പൂർത്തിയായ പാർട്ടി സമ്മേളനങ്ങൾ ദേശീയ, സാർവദേശീയ, സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികളും പാർട്ടിയുടെ അവയോടുള്ള നയസമീപനങ്ങളും സംഘടനാപരമായ ശക്തി ദൗർബല്യങ്ങളും വിശകലന വിധേയമാക്കുകയും വിലയിരുത്തുകയുമുണ്ടായി.
കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയുടെ ഒരു സുപ്രധാന ഘടകം എന്നനിലയിൽ സർക്കാരിന്റെ നയസമീപനങ്ങളും ഭരണനിർവഹണവും സമ്മേളനങ്ങളുടെ നിശിത പരിശോധനയ്ക്ക് വിധേയമാകുക എന്നത് ഒരു ജനാധിപത്യക്രമത്തിലെ പങ്കാളികൾ എന്നനിലയിൽ ഒഴിവാക്കാനാകാത്ത അനിവാര്യതയാണ്. സമ്മേളനങ്ങളിൽ നേതൃത്വം വിമർശനവിധേയമാകുന്നത് ‘വിമർശനവും സ്വയംവിമർശനവും’ എന്നത് ജനാധിപത്യ പ്രക്രിയയുടെ ജീവശ്വാസമായി ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തികച്ചും സ്വാഭാവികവും ഒട്ടും പുതുമയില്ലാത്തതുമായ സവിശേഷതയാണ്. കമ്മ്യൂണസ്റ്റ് പാർട്ടിയുടെ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ബലതന്ത്രം മനസിലാകാത്തവരോ അങ്ങനെ നടിക്കുന്നവരോ മാത്രമേ അത്തരം തുറന്ന വിമർശനങ്ങളിൽ അത്ഭുതംകൂറുകയും അതില്‍ അനൈക്യത്തിന്റെയും വിഭാഗീയതയുടെയും വിത്തുകൾ കണ്ടെത്താൻ ശ്രമിക്കുകയുമുള്ളൂ.
‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം’ എന്ന കവിവാക്യത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സമ്മേളന കാലയളവിൽ മാധ്യമങ്ങൾ പടച്ചിറക്കിയ കഥകൾ ഏറെയും. പാർട്ടി സംസ്ഥാന സമ്മേളനത്തെയും പാർട്ടി കോൺഗ്രസിനെയും ചുറ്റിപ്പറ്റി അത്തരം കഥകൾ ഇനിയും ഉണ്ടാവുമെന്നത് പാർട്ടിയെ ഒട്ടും ഉത്ക്കണ്ഠപ്പെടുത്തുന്നില്ല. സമ്മേളനങ്ങളിലടക്കം പാർട്ടിവേദികളിൽ ഉയരുന്ന വിമർശനങ്ങളും സ്വയം വിമർശനങ്ങളുമാണ് നേതൃത്വത്തെ സ്ഫുടംചെയ്തെടുക്കുന്നത്. കേരളത്തിലെ എൽഡിഎഫ് സർക്കാരിലെ ഒരു സുപ്രധാന പങ്കാളി എന്നനിലയിൽ ഭരണനയങ്ങളിലും നിർവഹണത്തിലും പാർട്ടിക്കുള്ള വിമർശനങ്ങളും വിലയിരുത്തലും മുന്നണിയെയും ഭരണത്തെയും ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് നിർവഹിക്കുന്നത്. ആ ദൗത്യം ഫലപ്രദമായി നിർവഹിക്കുന്നതിൽ ഇതിനകം പൂർത്തിയായ സമ്മേളനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനകം പൂർത്തിയാക്കിയ സമ്മേളനങ്ങളിൽ പ്രകടമായ സംഘടനാപരമായ ഐക്യത്തിന്റെയും പകർന്നുകിട്ടിയ ഊർജത്തിന്റെയും ഉയർന്ന രാഷ്ട്രീയ അവബോധത്തിന്റെയും പിൻബലത്തോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്നത്. ഇതുവരെയുള്ള സമ്മേളനാനുഭവങ്ങൾ വിജയകരമായ ഒരു സംസ്ഥാന സമ്മേളനവും പൂർവാധികം ഊർജസ്വലമായ രാഷ്ട്രീയഭാവിയുമാണ് പാർട്ടിക്ക് വാഗ്ദാനം ചെയ്യുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പുമടക്കം രാഷ്ട്രീയ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ആവേശവും ഊർജവും പകർന്നുനൽകുന്ന സമ്മേളനങ്ങളാണ് അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം ചണ്ഡീഗഢിൽ നടക്കുന്ന 25-ാമത് പാർട്ടി കോൺഗ്രസിലേക്കുള്ള 100 പ്രതിനിധികളെ തെരഞ്ഞെടുക്കും. ശതാബ്ദി ആഘോഷിക്കുന്ന പാർട്ടി ഈ പാർട്ടി കോൺഗ്രസോടെ രാജ്യം നേരിടുന്ന അഭൂതപൂർവമായ രാഷ്ട്രീയവെല്ലുവിളികളെ നേരിടാൻ പര്യാപ്തമായ വിശാല ദേശീയ ചെറുത്തുനില്പിൽ നിർണായക പങ്കാളിയും മുന്നണിപ്പോരാളിയുമായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.