23 December 2024, Monday
KSFE Galaxy Chits Banner 2

ചരിത്രത്തില്‍ തൊട്ട് സുമംഗല ദാമോദരൻ

അനിൽമാരാത്ത്
February 19, 2023 12:59 pm

സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ആടുന്നവരുടെയും പാടുന്നവരുടെയും ജനകീയകലാപ്രസ്ഥാനമാണ് ഇന്ത്യൻ പീപ്പിൾ തിയ്യേറ്റർ അസോസിയേഷൻ (ഇപ്റ്റ).
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ ഉൾത്തുടിപ്പായി മാറി തലമുറകൾക്ക് വഴികാട്ടിയായ ജനകീയ കലാ പ്രസ്ഥാനം.
സമരപഥങ്ങളിൽ കരുത്തും ആവേശവുമായിരുന്ന ഇപ്റ്റയുടെ ഗാനവഴികളന്വേഷിച്ച് ശ്രദ്ധേയയാകുകയാണ് ഇഎംഎസിന്റെ ചെറുമകളായ പ്രൊഫ. സുമംഗല ദാമോദരൻ. അവര്‍ തയ്യാറാക്കിയ ‘ദ റാഡിക്കൽ ഇംപൽസ് — മ്യൂസിക് ഇൻ ദ ട്രെഡിഷൻ ഓഫ് ദ ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ’ എന്ന ഗ്രന്ഥം ഇപ്റ്റയുടെ സംഗീത പാരമ്പര്യത്തെ കുറിച്ചുള്ള ആധികാരിക പുസ്തകമാണ്.
ഏഷ്യയിലേയും ആഫ്രിക്കയിലെയും നിരവധി സർവ്വകലാശാലകളും പണ്ഡിതന്മാരും സംഗീതജ്ഞരും ഉൾപ്പെടുന്ന സംഗീതവും കുടിയേറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു അന്താരാഷ്ട്ര സഹകരണ പദ്ധതിയുടെ ഭാഗമായാണ് അദ്ധ്യാപികയും ഗായികയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുമംഗല ദാമോദരൻ
ഇപ്റ്റ യുടെ സംഗീതവഴികളെ അനാവരണം ചെയ്യുന്നത്. 

1940 മുതൽ 1950 വരെയുള്ള ഇന്ത്യയിലുടനീളം ഇപ്റ്റയുടെ വേദികളിൽ പ്രതിധ്വനിച്ച സമര ഗീതങ്ങളാണ് കൃത്യതയും സൂക്ഷ്മതയും പാലിച്ച് പഠനവിധേയമാക്കിയാണ് ഭാവിതലമുറക്കായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി പ്രദേശങ്ങളിൽ ഭാരതീയ ജൻ നാട്യസംഘ്, ആന്ധ്ര പ്രദേശിലെ പ്രജാനാട്യമണ്ഡലിയും കേരളത്തിലെ കെപിഎസിയും ഇപ്റ്റയുടെ ആദ്യകാലഘടകങ്ങൾ എന്ന നിലയിൽ പഠനവിഷയമാകുന്നു. 1980 കളുടെ തുടക്കത്തിൽ സുമംഗല ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഇപ്റ്റ ഗാനങ്ങൾ ആലപിച്ചു.
ഇഎംഎസിന്റെ മകൾ ഡോ. ഇ എം മാലതിയുടെയും പ്രമുഖ ശാസ്ത്രജ്ഞനും സിഎസ്ഐആർ ഡയറക്ടറുമായിരുന്ന ഡോ. എ ഡി ദാമോദരന്റെ മകളുമായ സുമംഗല പഠിച്ചതും വളർന്നതും ഹൈദരാബാദിലാണെങ്കിലും മലയാളവുമായുള്ള ഹൃദയബന്ധം കെപിഎസി പാട്ടുകളിലൂടെ ചേർത്തുനിർത്തി.
സഫ്ദർ ഹാഷ്മിയുടെ ജനനാട്യമഞ്ചിന്റെ പർച്ചം എന്ന പ്രതിഷധ ഗാനഗ്രൂപ്പിന്റെ ഭാഗം കൂടിയായിരുന്നു അവർ. ഹാഷ്മി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പ്രേംചന്ദിന്റെ ഒരു കഥയെ ആസ്പദമാക്കി ‘മോട്ടേറാം കാ സത്യാഗ്രഹ’ എന്ന പ്രൊസീനിയം നാടകം നിർമ്മിച്ച ജനനാട്യമഞ്ച് തിയ്യേറ്ററുമായി പർച്ചം സഹകരിച്ചു. നാട്യമഞ്ച്, ഹബീബ് തൻവീറിന്റെ ഗ്രൂപ്പായ നയാ തിയേറ്റർ എന്നിവയുമായി ബന്ധപ്പെടാനും കഴിഞ്ഞു. ഹബീബ് സാഹബുമായി വർഷങ്ങളോളമുള്ള സൗഹൃദവും സംവാദവും സർഗാത്മക പ്രവർത്തനങ്ങൾക്ക് സുമംഗലയ്ക്ക് പ്രോത്സാഹ്നമായി.
സാമൂഹിക പരിവർത്തനങ്ങൾക്ക് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ ഒരു അവിഭാജ്യ ഘട്ടമാണ് സംസ്കാരവും സൗന്ദര്യശാസ്ത്രവുമെന്ന തിരച്ചറിവിൽ നിന്നാണ് ഇപ്റ്റയെക്കുറിച്ച് ഇങ്ങനെയൊരു പദ്ധതി രൂപപ്പെടുത്തിയത്. 

മുത്തച്ഛൻ ഇഎംഎസിനോടൊപ്പം നാല് വർഷക്കാലം ഡൽഹിവാസ അനുഭവവും രാഷ്ട്രീയ ചിന്തകളും പ്രതിരോധ ഗാനങ്ങളുടെ അന്വേഷണത്തിന് പ്രേരകമായി. അതിന്റെ രാഷ്ട്രീയ പ്രതിഫലം കൂടിയാണ് ഇപ്റ്റ പാട്ടുകൾ തേടിയുള്ള യാത്ര. മുത്തച്ഛന് സംഗീതവുമായുള്ള ഏക ബന്ധം താൻ മാത്രമായിരുന്നുവെന്ന് സുമംഗല പറയുന്നു. അതുകൊണ്ടുതന്നെ ഇഎഎസിനാണ് 2017ൽ ഡൽഹിയിലെ തൂലിക ബുക്സ്പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ഇപ്റ്റയുടെ സംഗീത പഠന ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ ഇടത് പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളുമായുള്ള ഇടപഴകൽ ആവേശകരമായ അനുഭവമാണ് ജീവിതത്തിൽ സമ്മാനിച്ചത്.
ഇപ്റ്റയുടെ പാട്ടകളുടെ വൈവിധ്യവും സൗന്ദര്യവും അമ്പരിപ്പിക്കുന്നതാണ്. പ്രഗത്ഭരായ നിരവധി സംഗീതജ്ഞർ, ജനങ്ങളുടെ സംഗീതം സൃഷ്ടിക്കുമ്പോൾ വ്യത്യസ്ത പാരമ്പര്യങ്ങളിൽ നിന്നും വൈവിധ്യങ്ങളിൽ നിന്നും ഗാനങ്ങൾ രചിക്കുമ്പോൾ, ആ താളലയഭാവങ്ങൾ അവിസ്മരണീയ അനുഭവമാകുയാണ്. സൗന്ദര്യ ശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള ഏറ്റവും സങ്കീർണ്ണമായ സംവാദങ്ങളെയും അഭിസംബോധനകളെയുമാണ് സുമംഗല ഇപ്റ്റ ഗാനങ്ങളുടെ അന്വേഷണത്തിലൂടെ അടയാളപ്പെടുത്തുന്നത്. 

ഇപ്റ്റയുടെ പാട്ടുകൾ യുദ്ധം, പട്ടിണി, ഭൂമി, ജോലി, ചൂഷണം എന്നിവയെക്കുറിച്ചാണ്. പല പാട്ടുകളും പ്രത്യേക സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് രചിച്ചിട്ടുള്ളത്. ഇപ്റ്റയുടെ പാട്ടുകൾക്ക് ഇന്നും അനുരണങ്ങളുണ്ട്. ജനകീയ പ്രതിഷേധവും വിമർശനവും പ്രകടിപ്പിക്കാൻ ഇപ്റ്റ യുടെ സംഗീതത്തിന് അതിരുകൾ ഭേദിച്ച് ഉപയോഗപ്പെടുത്താൻ കഴിയും. പല ഗാനങ്ങളുടെയും സംഗീതനിലവാരം വരികൾക്കപ്പുറത്ത് ആകർഷകവും വർത്തമാനകാലത്ത് വ്യാഖ്യാനിക്കാൻ കഴിയുന്നതുമാണന്ന് ഡൽഹി അംബേദ്ക്കർ യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക കൂടിയയായ സുമംഗല ദാമോദരൻ സാക്ഷ്യപ്പെടുത്തുന്നു.
ഇപ്റ്റയുടെ എൺപതാം വാർഷികവേളയിൽ ഗ്രന്ഥകാരിയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.