
അനുരാധ. നല്ല പേര്. അനു എന്നു വിളിക്കണോ, അതോ രാധേ എന്ന് വിളിക്കണോ? അവളുടെ പ്രായത്തിൽ ആർക്കും രാധ എന്ന പേര് കേട്ടിട്ടില്ല. വളരെ മനോഹരമായ പേര്. കാണാനും രാധ സുന്ദരി തന്നെ. അച്ഛനും അമ്മയും ഉറപ്പിച്ച ബന്ധം. ഇനി താനായിട്ട് എതിര് നിൽക്കേണ്ട എന്ന് കരുതി. പഴയ കാമുകിമാരുടെ എല്ലാം കല്യാണം കഴിഞ്ഞു കുട്ടികളുമായി. പുതുതായി പണിത വീട്ടിൽ താനും ഭാര്യയും അച്ഛനും അമ്മയും മാത്രം. കല്യാണവും പുതിയ വീടിന്റെ പാലുകാച്ചലും ഒരുമിച്ച് നടത്താൻ അച്ഛനും അമ്മയും എത്ര നാളായി തിരക്കുകൂട്ടുന്നു. വീണ്ടും ഗൾഫിലേക്ക് മടങ്ങുന്നത് ആലോചിക്കുമ്പോൾ നല്ല വേദനയും ഉണ്ട്. രാധ വലതുകാൽ വച്ച് പുതിയ വീട്ടിലേക്ക് കയറിയ ദിവസം,എന്തൊരു സന്തോഷമായിരുന്നു എല്ലാവർക്കും.
അയാൾ ഭൂതകാലത്തിൽ നിന്ന് എഴുന്നേറ്റിരുന്നു. ഒന്നും വിചാരിച്ചത് പോലെ ആയില്ല. ഇതുപോലെ സ്വപ്നങ്ങൾ മാത്രമായി ഒതുങ്ങി. പാവം പെണ്ണ്! പാവത്തരം കൊണ്ട് എല്ലാവരുടെയും വഴക്ക് വാങ്ങിച്ചു കൂട്ടി. താനും ഒരിക്കൽപോലും അവളോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല, നോക്കിയിട്ട് പോലുമില്ല. അച്ഛനും, അമ്മയ്ക്കും അവൾ എന്തു ചെയ്താലും കുറ്റം ആയിരുന്നു. അതൊക്കെ താനും കേട്ടില്ലെന്ന് നടിച്ച് അവർക്ക് ഒത്താശ ചെയ്തു. 15 വർഷം കഴിഞ്ഞു. ഇനി ഒന്നും ആലോചിച്ചിട്ട് കാര്യമില്ല. അവളെയും മക്കളെയും ഇനിയെങ്കിലും ചേർത്തുപിടിക്കണം.
“ഡോക്ടർ വിളിക്കുന്നു ഇങ്ങോട്ട് വാ…“രാധ പറഞ്ഞു.
“എത്രയും പെട്ടെന്ന് തന്നെ നമുക്ക് സർജറി നടത്താം.” അയാൾ തലയാട്ടി.
രാധയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ആണെന്ന്, അത് റിമൂവ് ചെയ്യണമെന്ന്. സത്യത്തോട് പൊരുത്തപ്പെട്ടേ മതിയാകു. വീട്ടിലേക്ക് കാറിൽ തിരിച്ചു പോകുമ്പോൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. മനസ് വിങ്ങിപ്പൊട്ടി.
എല്ലാവരും കൂടി അവളെ എത്ര വിഷമിപ്പിച്ചിരിക്കുന്നു. എല്ലാ വിഷമവും ഉള്ളിൽ സഹിച്ചത് കൊണ്ടായിരിക്കുമോ ഇങ്ങനെയൊരു രോഗം വന്നത്? സഹനങ്ങളുടെ ഒരു കട്ട. ഒരു ട്യൂമർ… എടുത്തു കളയട്ടെ എത്രയും പെട്ടെന്ന്. എന്നിട്ട് അവൾ സ്വതന്ത്രയാവണം. ഇനി രാധയെ ആരും വിഷമിപ്പിക്കാൻ പാടില്ല.
അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോഴേ കാര്യങ്ങൾ തിരക്കി, മുഖം കറുപ്പിച്ചു. അവർക്കൊന്നും ഇഷ്ടപ്പെടുന്നില്ല.
“നിങ്ങൾ ഇനി അവളോട് ഒന്നും ഇതിനെക്കുറിച്ച് കുത്തി ചോദിക്കാൻ നിൽക്കണ്ട അവളാകെ തകർന്നിരിക്കുകയാ.”
“അതു കൊള്ളാം, ഞങ്ങൾ എന്തു ചെയ്യുന്നു, നിങ്ങൾക്ക് സഹായമല്ലാതെ. ഒരു വിഷമവും ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കത്തുമില്ല.”
“നിങ്ങൾ ഇനി കുറച്ചു ദിവസം നിഷയുടെ വീട്ടിൽ പോയി നിൽക്കൂ.”
നിഷയും അവരുടെ മകൾ അല്ലേ. പിന്നെന്താണ് ഒരു ദിവസംപോലും പോയി നിൽക്കാത്തത്. കുറെ നാളായി പറയണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെയെങ്കിലും രാധയ്ക്ക് സമാധാനം കിട്ടുമെങ്കിലോ.
പിന്നെയൊരു പൊട്ടിത്തെറിയും ചീറ്റലും തന്നെയായിരുന്നു. അയാളും തിരിച്ചെന്തൊക്കെയോ പറഞ്ഞു. രാധ അകത്തു പോയി കിടന്നു. എന്തൊരു ജീവിതമാണിത്! ആർക്കും ഉപകാരമില്ലെന്നതുപോട്ടെ, ബുദ്ധിമുട്ട് ആയാലോ. തന്റെ അച്ഛനും അമ്മയ്ക്കും ഇതിലും ബുദ്ധിമുട്ടാണ്, ആങ്ങളയ്ക്കും ഭാര്യക്കും അതിനേക്കാൾ ബുദ്ധിമുട്ട്. ഇതൊക്കെ സഹിക്കുക തന്നെ.
പെയ്തൊഴിഞ്ഞ മാനം പോലെയായി വീട്. അവർ നിഷയുടെ വീട്ടിൽ പോയി. ഇപ്പോൾ താനും, ഭർത്താവും, മക്കളും മാത്രം. പതിനഞ്ച് വർഷമായി അവർ ഇവിടെ കൂടെ തന്നെയുണ്ട്. അച്ഛന് എവിടെ പോയാലും വീട്ടിൽ തന്നെ കിടന്നുറങ്ങണമെന്ന് നിർബന്ധമായിരുന്നു. അവർ കുറെ വിഷമിച്ചായിരിക്കും ഇവിടെ നിന്ന് അങ്ങോട്ട് പോയത്. എല്ലാത്തിനും കുറ്റം പതിവുപോലെ തന്റെ പേര് തന്നെയായിരിക്കും.
നല്ല ക്ഷീണമുണ്ട്, വയ്യെങ്കിലും അടുക്കളയിൽ കയറി. ആഹാരം ഉണ്ടാക്കാൻ നല്ല ഉത്സാഹം തോന്നി. യൂട്യൂബിൽ നോക്കി വെറൈറ്റി ആയിട്ട് ഉണ്ടാക്കാം എന്ന് വച്ചു. എന്തോ ഒരു പുതുമയുടെ സന്തോഷം. പതിവില്ലാതെ കലപില ഉണ്ടാക്കുന്ന മക്കളെ അദ്ദേഹം അടക്കിയിരുത്തി പഠിപ്പിക്കുന്നുണ്ട്. അതും പതിവില്ലാത്തതു തന്നെ. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കാൻ മക്കൾ ഉത്സാഹം കാട്ടി.
അയാൾക്കും നന്നായിരിക്കുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു. ഇത്രയും വർഷമായി അവളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടായിരിക്കും ഒരു മടി. പക്ഷേ ഗംഭീരം തന്നെ. ചെറുപുഞ്ചിരിയോടെ അയാൾ അത് ആസ്വദിച്ചു കഴിച്ചു.
നാലു ചുവരുകൾക്കുള്ളിൽ രണ്ടുപേർക്ക് ശ്വാസംമുട്ടി ജീവിക്കാം, ഉറക്കം നടിച്ചു കിടക്കാം, ഉറക്കം പോലും മടുത്തു തുടങ്ങാം. എന്നാൽ അതേ നാലു ചുവരുകൾക്കുള്ളിൽ രാത്രി അവസാനിക്കാതിരുന്നെങ്കിൽ, ഉറക്കം വരാതിരുന്നെങ്കിൽ എന്നും തോന്നാം. ഇപ്പോൾ രണ്ടാമത്തെ അവസ്ഥയിലാണ് താൻ. ചെറുതായി ചിരിച്ചുകൊണ്ടിരിക്കുകയാണ് താനെന്ന് കണ്ണാടിയിലേക്ക് നോക്കിയപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്. അസുഖത്തിന്റെ കാര്യം ഒട്ടും ഇപ്പോൾ അലട്ടുന്നില്ല. കാൻസർ ആണെന്നും നെഞ്ചിൽ കത്തി വീഴാൻ സമയമായി എന്നും ചിന്തിച്ചു അസ്വസ്ഥപ്പെടുന്നില്ല. സമാധാനമാണ് ജീവിതത്തിൽ ഏറ്റവും വലുത്. എന്താണ് സമാധാനം എന്നറിഞ്ഞാലല്ലേ അതിനുവേണ്ടി പോരാടണമെന്നു തോന്നൂ.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അയാളുടെ നെഞ്ച് നനഞ്ഞു. കരയട്ടെ, എത്ര വേണമെങ്കിലും. ഇത്രയും നാൾ കരയാൻ കൂടി വിട്ടിരുന്നില്ലല്ലോ. ഇരുട്ടിൽ അവളും തന്റെ കണ്ണുനീർ കാണല്ലെ എന്ന് അയാൾ ആഗ്രഹിച്ചു. രാധേ എന്ന് സ്നേഹത്തോടെ വിളിക്കാൻ തോന്നി. പക്ഷേ പുറത്തു വരുന്നില്ല. അവളെ ഒന്നുകൂടി ചേർത്തുപിടിച്ചതല്ലാതെ. ഒരിക്കലും താൻ രാധേ എന്ന് വിളിച്ചിട്ടില്ല. എത്ര ഇഷ്ടപ്പെട്ടതായിരുന്നു ആ പേര്. അച്ഛനും അമ്മയും അനുരാധ എന്ന് വിളിച്ചപ്പോൾ താനും അതുതന്നെ വിളിച്ചു.
അയാൾ അവളുടെ മുടിയിൽ, നെറുകയിൽ, കവിളിൽ തലോടി. ഇരുട്ടിൽ രാധ നനഞ്ഞ കണ്ണുകളോടെ അയാളെ നോക്കി. ടേബിൾ ലാമ്പിന്റെ സ്വിച്ച് അയാൾ ഓൺ ചെയ്തു. അവളുടെ മുഖത്ത് നോക്കി രാധേ എന്ന് വിളിച്ചു, ഒരുപാട് തവണ. രാധയുടെ നിറഞ്ഞ ചിരി അയാളെ കോരിത്തരിപ്പിച്ചു. “പെണ്ണിന്റെ ഹൃദയം കീഴടക്കാൻ സ്നേഹമുള്ള ഒരു ശബ്ദം മാത്രം മതി. ഈ വിളി മാത്രം മതി” അവൾ പറഞ്ഞു. ആ വെളിച്ചത്തിൽ അവർ ഉറങ്ങി, സമാധാനത്തോടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.