ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ഒരു വിധം എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. എന്തുകൊണ്ടാണ് പ്രസവങ്ങള്‍ വീട്ടില്‍ എടുക്കേണ്ട സാഹചര്യം വരുന്നത്?
പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. (1) പ്രസവ വേദന പെട്ടെന്ന് തുടങ്ങി, വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിപ്പറ്റാന്‍ സമയവും ഗതാഗത സൗകര്യങ്ങളും ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാകാം. വയനാട്, ഇടുക്കി പോലുള്ള മലയോര പ്രദേശങ്ങളില്‍, ആദിവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍, ഒക്കെ പെട്ടെന്ന് പ്രസവവേദന ഉണ്ടാകുമ്പോള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീടുകളില്‍ തന്നെ പ്രസവം നടത്തേണ്ടതായി വരുന്നു. എന്നാല്‍ ഈ സാഹചര്യം ഒഴിവാക്കുന്നതിനായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യരംഗത്ത് സമൂലമായ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടതുണ്ട്. അതിനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നു വരുന്നു.
(2) രണ്ടാമത്തെ കാരണമാണ് ആരോഗ്യ പ്രവര്‍ത്തകരെ മനപ്രയാസപ്പെടുത്തുന്നത്. മനപ്പൂര്‍വ്വമായി ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വച്ചു തന്നെ പ്രസവം നടത്തണമെന്ന് തീരുമാനിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. എന്താകാം ഇതിന്റെ പിന്നിലെ ചേതോവികാരം എന്നാലോചിക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ ആണ് തെളിഞ്ഞു വരുന്നത്.
1. പണ്ടുകാലത്തുള്ള ആള്‍ക്കാര്‍ വീടുകളില്‍ തന്നെയായിരുന്നു പ്രസവം നടത്തിയിരുന്നത്. പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയോ ആദ്യ പ്രസവത്തില്‍ എന്തെങ്കിലും അപകടഘട്ടം നേരിടേണ്ടി വന്നാലോ മാത്രമാണ് പ്രസവിക്കുന്നതിനായി ആശുപത്രി തെരഞ്ഞെടുത്തിരുന്നത്. പണ്ടത്തെ പോലെ വീടുകളില്‍ പ്രസവിച്ചാല്‍ മതി എന്ന ചിന്ത ചിലരിലും കാണുന്നുണ്ട്.
2. വികസിത രാജ്യങ്ങളില്‍ ഒക്കെ തന്നെയും വീടുകളിലെ പ്രസവം സര്‍വ്വസാധാരണമാണ്. അവര്‍ക്കൊക്കെ കുഴപ്പമില്ലെങ്കില്‍ എന്തുകൊണ്ട് നമുക്ക് ഇത് ആയിക്കൂടാ എന്ന ചിന്തയാണ് മറ്റൊന്ന്.
3. വീടുകളില്‍ പ്രസവം നടക്കുമ്പോള്‍ പ്രസവ വേദനയുടെ സമയത്ത് ഗര്‍ഭിണികളെ സമാധാനിപ്പിക്കുന്നതിനായി വേണ്ടപ്പെട്ടവര്‍ അടുത്തുണ്ടല്ലോ എന്ന ചിന്ത. മാത്രമല്ല ആശുപത്രികളില്‍ പോയാല്‍ അനാവശ്യമായി സിസേറിയന്‍ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുമോ എന്ന ഭയം.
ഈ കാരണങ്ങള്‍ വസ്തു നിഷ്ഠമായി നമുക്ക് പരിശോധിക്കാം
· പണ്ടുകാലത്തെ പ്രസവം വീടുകളില്‍ ആയിരുന്നെങ്കിലും അത്തരത്തില്‍ ജനിച്ച എത്ര കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്, അംഗവൈകല്യം സംഭവിച്ചിട്ടുണ്ട് എന്നുള്ളതിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. അതുപോലെ തന്നെ എത്ര അമ്മമാര്‍ പ്രസവാനന്തരം മരിച്ചിട്ടുണ്ട് എന്നതിനും കണക്കില്ല. മരണം നടന്നിട്ടില്ലെങ്കില്‍ തന്നെ ശിഷ്ട ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനും രേഖകളൊന്നുമില്ല. പണ്ടത്തെ കാലത്ത് 8, 9, 10 കുഞ്ഞുങ്ങള്‍ ഒരു കുടുംബത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഒരു കുഞ്ഞു നഷ്ടപ്പെടുക എന്നത് വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല ഒരു കുടുംബത്തില്‍ ഒന്നോ ഏറിയാല്‍ രണ്ടോ കുട്ടികള്‍ മാത്രമാണുള്ളത്. അതില്‍ ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്ന അവസ്ഥ സ്വീകാര്യമല്ല തന്നെ. അതുകൊണ്ടുതന്നെ പണ്ടുകാലങ്ങളില്‍ പ്രസവം വീട്ടില്‍ നടത്തിയിരുന്നതിന്റെ പേരില്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാം എന്ന തീരുമാനം എടുക്കുന്നത് തീര്‍ത്തും അഭികാമ്യമല്ല.
· വികസിത രാജ്യങ്ങളില്‍ വീട്ടിലെ പ്രസവം നടത്തുന്നത് കൃത്യമായ പരിശീലനവും പരിജ്ഞാനവും ലഭിച്ചിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അത്തരം ഒരു രീതി നിലവില്‍ വന്നിട്ടില്ല. വികസിത രാജ്യങ്ങളില്‍ പ്രസവ വേദന തുടങ്ങി എന്ന് അറിയിക്കുമ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടെയാണ് വീട്ടില്‍ എത്തുന്നത്. എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടായാലും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ അവിടെ നിലവിലുണ്ട്. അതുകൊണ്ട് ഈ നാട്ടിലെ സാഹചര്യവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.
· പ്രസവ സമയത്ത് ഒറ്റയ്ക്കായി പോകും എന്ന ഭയം ഒഴിവാക്കി രോഗിയെ ആശ്വസിപ്പിക്കുന്നതിനായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കൂടി ചേര്‍ന്ന് മുന്നോട്ട് വച്ച ആശയമാണ് ‘Birth Companion’. ആശുപത്രി ജോലിക്കാര്‍ അല്ലെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കള്‍, വേണ്ടപ്പെട്ട മറ്റാളുകള്‍, എന്നിവരെ തിരഞ്ഞെടുക്കാം. പണ്ടത്തെ കാലത്തെപ്പോലെ പ്രസവ മുറിയില്‍ ആരെയും കയറ്റി വിടില്ല എന്ന സ്ഥിതി വിശേഷം മാറിയിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് നേരത്തേക്കെങ്കിലും ഒക്കെ ബന്ധുക്കളെ കയറ്റുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും ‘Birth Companion’ എന്ന സംവിധാനം ലഭ്യമാണ്. അതുകൊണ്ടുതന്നെ പ്രസവ സമയത്ത് തനിച്ചാകും എന്ന കാരണത്താല്‍ പ്രസവം വീട്ടില്‍ നടത്തേണ്ടതില്ല.
· ആശുപത്രികളില്‍ കൊണ്ടുപോയാല്‍ ആവശ്യമില്ലാതെ സിസേറിയന്‍ ചെയ്യുമെന്നത് ഒരു മിഥ്യാ ധാരണയാണ്. എന്നാല്‍, ഇന്നത്തെ കാലത്ത് ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമേ ഉള്ളൂ, ഇത്തരം ഒരു സാഹചര്യത്തില്‍ പ്രസവസമയത്ത് കുഞ്ഞിന്റെ ജീവന് ഭീഷണിയായി എന്തെങ്കിലും ഘടകം ഉണ്ടെങ്കിലോ അമ്മയുടെ ജീവനെ ബാധിക്കുന്ന ഒരു സാഹചര്യം ഉണ്ടായാലോ മാത്രമാണ് സിസേറിയന്‍ എന്നത് സ്വീകരിക്കുക.
എന്തുകൊണ്ടാണ് ആശുപത്രിയിലെ പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്
പ്രസവ സമയത്ത് എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീര്‍ണ്ണതകളും ഉണ്ടാകാം. അത് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, വിചാരിക്കുന്നതിലും കൂടുതല്‍ പ്രസവം നീണ്ടു പോകുന്നതും ഒക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണ്ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയവരും ഉണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ കിട്ടില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ. തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അമ്മയുടെ രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനു തന്നെ അപകടം സംഭവിക്കാം. പ്രസവ വേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമെടുപ്പിന് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവ് വന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ചു ഉടനടി പരിഹാരം നിര്‍ദ്ദേശ്ശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും കൂടെത്തന്നെയുണ്ടാവണം.
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള രീതികളുടെ വസ്തുത മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവന് തന്നെ ഭീഷണിയാണെന്ന് മനസ്സിലാക്കുക.
വീടുകളില്‍ പ്രസവിക്കുക എന്നത് ഒരു “ഫാഷന്‍ തരംഗം” ആകുമോ എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭയം. പ്രസവം എന്നത് ഏതുസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയേയോ കുഞ്ഞിനെയേയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം.
വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്‍തിരിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.