19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 19, 2024
November 19, 2024
November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024

ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി കുത്തകകള്‍ക്ക്

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 26, 2023 10:43 pm

ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ ഐഎസ്ആര്‍ഒ ചെറു ഉപഗ്രഹ വിക്ഷേപണത്തിനായി വികസിപ്പിച്ച എസ്എസ്എല്‍വി റോക്കറ്റുകള്‍ കുത്തകകള്‍ക്ക് വില്‍ക്കുന്നു. സ്വകാര്യവല്‍ക്കരണ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. സ്വകാര്യ മേഖലയില്‍ നിന്നും ലാര്‍സന്‍ ആന്റ് ടൂബ്രോ (എല്‍ ആന്റ് ടി), പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) എന്നിവര്‍ക്കാണ് സാധ്യത.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ വികസിപ്പിച്ച റോക്കറ്റാണ് എസ്എസ്എല്‍വി. ഇവയുടെ പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററാണ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നും 20 താല്പര്യ പത്രങ്ങളാണ് എസ്എസ്എല്‍വിക്കായി ലഭിച്ചത്. ഇതില്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നവരുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ പിഎസ്എല്‍വി റോക്കറ്റ് നിര്‍മ്മാണത്തില്‍ ഈ കമ്പനികള്‍ ഐഎസ്ആര്‍ഒയുമായി സഹകരിക്കുന്നുണ്ട്.

500 കിലോ വരെ ഭാരവാഹക ശേഷിയുള്ള റോക്കറ്റ് ലോ ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ എസ്എസ്എല്‍വിക്ക് സാധിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. പിഴവുകള്‍ പരിഹരിച്ച ശേഷം ഫെബ്രുവരിയിലെ വിക്ഷേപണം വിജയകരമാകുകയും ചെയ്തു.

ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ കാലതാമസം ഒഴിവാക്കാനും ആവശ്യാനുസരണം റോക്കറ്റ് ലഭ്യമാക്കാനും ബഹിരാകാശ മേഖലയിലെ വളര്‍ച്ചാ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതേസമയം ചന്ദ്രയാന്‍ ദൗത്യ വിജയത്തിലൂടെ ബഹിരാകാശ ഗവേഷണ‑വിക്ഷേപണരംഗത്ത് ഇന്ത്യക്ക് വന്‍ വാണിജ്യ സാധ്യതകള്‍ തുറക്കുമ്പോഴാണ് സ്വകാര്യവല്‍ക്കരണനീക്കം ശക്തിപ്പെടുത്തിയിരിക്കുന്നത്.

നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, സ്‌പെയ്‌സ് എക്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ നിലവില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. തന്ത്ര പ്രധാനമായ ഈ മേഖലകൂടി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.