8 September 2024, Sunday
KSFE Galaxy Chits Banner 2

കടന്നുപോയത് ഏറ്റവും ചൂടുകൂടിയ എപ്രില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2024 9:35 pm

കടന്നുപോയത് ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍. അന്തരീക്ഷ താപനിലയും സമുദ്രോപരിതല താപനിലയും ശരാശരിക്കും മുകളിലാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഗവേഷണ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് വ്യക്തമാക്കുന്നു. എല്‍നിനോ പ്രതിഭാസം ദുര്‍ബലമായിരുന്നിട്ടും അസാധാരണമായ ചൂടാണ് കഴിഞ്ഞമാസം ഉണ്ടായത്. ഉയര്‍ന്ന താപനിലയും ഉഷ്ണതരംഗവുംം മാത്രമല്ല, കനത്ത മഴയും പ്രളയവും കാരണം വ്യത്യസ്തമായ കാലാവസ്ഥയായിരുന്നു ഏപ്രിലിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലുള്ള എല്ലാ മാസവും റെക്കോഡ് ചൂട് രേഖപ്പെടുത്തി. ഏപ്രിലില്‍ ശരാശരിയില്‍ നിന്ന് 1.58 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉയര്‍ന്നു. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള 1850–1900 വര്‍ഷങ്ങളിലുണ്ടായതിനെക്കാള്‍ ചൂടാണിത്. 1991–2020 കാലഘട്ടത്തേക്കാള്‍ 0.67 ഡിഗ്രി സെല്‍ഷ്യസും 2016 ഏപ്രിലിനേക്കാള്‍ 0.14 ഡിഗ്രി സെല്‍ഷ്യസും ഈ ഏപ്രിലില്‍ രേഖപ്പെടുത്തി. കഴിഞ്ഞ 12 മാസത്തെ ശരാശരി താപനില വ്യവസായിക കാലഘട്ടത്തിനു മുൻപുള്ള വർഷങ്ങളിലേക്കാൾ 1.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ നിലനിര്‍ത്തുക എന്ന പാരീസ് ഉടമ്പടി ലക്ഷ്യത്തെ മറികടന്നു. 

കുറച്ച് ആഴ്ചകളായി ഇന്ത്യ മുതല്‍ വിയറ്റ്‌നാം വരെയുള്ള ഏഷ്യയിലെ പ്രദേശങ്ങളില്‍ കടുത്ത ഉഷ്ണതരംഗം രേഖപ്പെടുത്തി. എന്നാല്‍ തെക്കന്‍ ബ്രസീലാകട്ടെ വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടി. വടക്കേ അമേരിക്ക, പശ്ചിമേഷ്യ, ഗള്‍ഫ് രാജ്യങ്ങളിലും കിഴക്കന്‍ ഓസ്‌ട്രേലിയയിലും പ്രളയക്കെടുതികള്‍ നേരിട്ടു. സമുദ്രത്തിലുണ്ടാകുന്ന കൂടിയ ചൂട് സമുദ്ര ജീവികളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. എല്‍നിനോയില്‍ വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും ഇത് ആഗോളതാപനിലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. 

Eng­lish Summary:It was the warmest April ever
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.