22 December 2024, Sunday
KSFE Galaxy Chits Banner 2

ഇവിടെ പ്രശ്നമൊന്നുമില്ല

രാധാകൃഷ്ണൻ പെരുമ്പള
August 14, 2022 7:46 am

ഇവിടെ പ്രശ്നമൊന്നുമില്ല
സൂര്യൻ എന്നും രാവിലെ
കൃത്യസമയത്തു ദിക്കുണ്ട്
കാറ്റു വീശുന്നുണ്ട്
പക്ഷികൾ ചിലക്കുന്നതു
കേൾക്കുണ്ട്
ടൈംപീസിൽ സൂചികൾ
തിരിയുന്നുണ്ട്
ഒരു ആസ്പത്രി പോലെ തോന്നിപ്പിക്കുന്ന
ഇവിടെ പ്രശ്നമൊന്നുമില്ല
അതിരാവിലെ നഴ്‌സ് വരുന്നുണ്ട്
ദേഹോഷ്മാവും പ്രഷറും
നോക്കുന്നുണ്ട്
ഹൃദയമിടിപ്പ് പരിശോധിക്കുന്നുണ്ട്
രക്തം കുത്തിയെടുത്ത്
കൊണ്ടു പോകുന്നുണ്ട്
ഇവിടെ പ്രശ്നമൊന്നുമില്ല
രണ്ടു നേരം ഭക്ഷണമുണ്ട്
ഏതൊക്കെയോ മരുന്നും കഴിപ്പിക്കുന്നുണ്ട്
ഇടയ്ക്ക് ഓരോ ഷോക്ക് തരുന്നുണ്ട്
ഇവിടെ പ്രശ്നമൊന്നുമില്ല
എനിക്ക് ആവശ്യമെങ്കിൽ
എഴുന്നേറ്റ് മുറിയിൽ നടക്കാം
കയ്യിലോ കാലിലോ
വിലങ്ങുകളൊന്നുമില്ല
ശബ്ദമുണ്ടാകുന്നതിനും പ്രശ്നമില്ല
ജയിലിലായിരുന്നപ്പോഴത്തെ
ശിക്ഷാ മുറകളൊന്നുമില്ല
ഇവിടെ പ്രശ്നമൊന്നുമില്ല
ഡോക്ടർ എന്നും വരാറുണ്ട്
ടെസ്റ്റ് റിപ്പോർട്ടുകൾ വരട്ടെ
എന്നിടയ്ക്കിടെ പറയുന്നുണ്ട്
എന്തു റിപ്പോർട്ടാണ്
എന്തു ചെയ്യാനാണ്
എന്നു ഞാൻ ചോദിച്ചിട്ടില്ല
ഡോക്ടർ ഒരു സാധുവാണ്
ജയിലറെപ്പോലെയല്ല
തലയിലെ കൊമ്പ്
പുറത്ത് കാണുന്നില്ല
ഇവിടെ പ്രശ്നമൊന്നുമില്ല
എനിക്കു വേണ്ടി കൊടുത്ത
ജാമ്യാപേക്ഷയിൽ
വാദം നടക്കുന്നുണ്ട്
എന്റെ പുസ്തകങ്ങളൊന്നും
ഇപ്പോൾ പ്രചാരത്തിലില്ല
പ്രസാധകരുടെ മാപ്പപേക്ഷ
വന്നിട്ടുണ്ട്
റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്
ഇവിടെ പ്രശ്നമൊന്നുമില്ല
സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്
എന്നെ സന്ദർശിക്കാൻ
ആർക്കും അനുവാദമില്ല
ഇവിടെ പ്രശ്നമൊന്നുമില്ല
ഇടയ്ക്കിടയ്ക്ക് കൗൺസെലർ വന്ന്
രാജ്യകാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്
രാഷ്ട്ര പുനർനിർമ്മാണത്തിന്റെ
കാര്യങ്ങൾ കുറേ പറഞ്ഞിട്ടുണ്ട്
ഞാൻ കേട്ടു നിന്നതേയുള്ളു.
പഴയ പോലെ തർക്കിച്ചൊന്നുമില്ല
എന്നാലുമവർക്കു വിശ്വാസമൊന്നും
വന്നിട്ടുണ്ടാവില്ല
അതു കൊണ്ടു ചിലപ്പോൾ
എന്നെ കൊല്ലാൻ ഇടയുണ്ട്
അങ്ങനെ പലർക്കും
സംഭവിച്ചു വരുന്നുണ്ടല്ലോ
ഇവിടെ പ്രശ്നമൊന്നുമില്ല
എനിക്ക് ഉറക്കം കുറവാണ്
പക്ഷെ സ്വപ്നങ്ങൾക്ക്
ഒരു കുറവുമില്ല
വല്ലപ്പോഴും അല്പനേരം
ഉറങ്ങാൻ പറ്റിയാൽ
നിറയെ വന്നു മൂടുന്ന
സ്വപ്നങ്ങൾ
ഓർത്തെടുക്കുമ്പോൾ
വിശ്വസിക്കാനാവാത്ത
സ്വപ്നങ്ങൾ
ഇവിടെ പ്രശ്നമൊന്നുമില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.