30 March 2025, Sunday
KSFE Galaxy Chits Banner 2

തുല്യതയും നീതിയും ഉറപ്പാക്കണം

ഡി രാജ
മണ്ഡല പുനർനിർണയം: പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും 
March 27, 2025 4:50 am

സാമ്പത്തിക സംഭാവനയും രാഷ്ട്രീയ പങ്കാളിത്തവും തമ്മിലുള്ള വ്യത്യാസം വിവാദത്തിന്റെ മറ്റൊരു തലമാണ്. തെക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ സമ്പദ്ഘടനയിൽ നിർണായക പങ്കാളിത്തം വഹിക്കുന്നവരാണ്. തമിഴ്‌നാട്, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ജിഡിപിയിലും നികുതി വരുമാനത്തിലും ഉയർന്ന പങ്ക് വഹിക്കുന്നു. എങ്കിലും പുതിയ പുനർനിർണയ മാനദണ്ഡമനുസരിച്ച് അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയാനുള്ള സാധ്യതയാണ് നിലവിലുള്ളത്. രാഷ്ട്രീയ പ്രാതിനിധ്യത്തിലെ കുറവ് സാമ്പത്തിക അനീതിക്ക് ഇടയാക്കുമെന്ന ആശങ്കയും ശക്തിപ്പെടുത്തുന്നു. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് വൻതോതിൽ നിക്ഷേപം നടത്തിയ സംസ്ഥാനങ്ങൾ അവയുടെ ഫലപ്രദമായ നടത്തിപ്പിന് പിഴ നേരിടുന്ന സ്ഥിതിയാണുണ്ടാകുന്നത്. സാമൂഹ്യ വികസന പ്രക്രിയാ നിക്ഷേപങ്ങൾക്ക് മുൻഗണന നൽകിയ സംസ്ഥാനങ്ങൾക്ക്, പുരോഗമനപരമായ നേട്ടങ്ങളുണ്ടെങ്കിലും, രാഷ്ട്രീയ പങ്കാളിത്തം നഷ്ടപ്പെടുന്നതിനും സാധ്യതയുണ്ട്.
2026 വരെ ജനസംഖ്യാനുപാതികമായ അതിർത്തി നിർണയ പ്രക്രിയ മരവിപ്പിക്കാൻ നിർദേശിക്കുന്ന വേളയിൽ, 2001ൽ അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ നിയമമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്‌സഭയിൽ ഈ ആശയം വ്യക്തമാക്കുകയുണ്ടായി. കുടുംബാസൂത്രണ പരിപാടി വളരെ ഫലപ്രദമായി നടപ്പിലാക്കിയ ചില സംസ്ഥാനങ്ങളുണ്ട്, അതിനൊപ്പം അത് ഫലപ്രദമായി നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ എന്ത് മാറ്റമാണുണ്ടായത് എന്ന് വിശദീകരിക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണ്. എന്നുമാത്രമല്ല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുന്നത് വടക്കൻ സംസ്ഥാനങ്ങളുടെ മുൻഗണനകളെയും ഉത്ക്കണ്ഠകളെയും അനുപാതരഹിതമായി പ്രതിഫലിപ്പിക്കുന്ന ഒരു പാർലമെന്ററി ഘടനയും സൃഷ്ടിച്ചേക്കാം. ഈ മാറ്റം വടക്കു-തെക്ക് രാഷ്ട്രീയ വിടവ് കൂടുതൽ ആഴത്തിലാക്കുകയും, വിഭവവിഹിതം, ഭാഷ അടിച്ചേല്പിക്കൽ, പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ എന്നിവയെക്കുറിച്ച് നിലവിലുള്ള പരാതികൾ വർധിപ്പിക്കുകയും ചെയ്യും.

വരാനിരിക്കുന്ന മണ്ഡല പുനർനിർണയ പ്രക്രിയ ഇന്ത്യയുടെ രാഷ്ട്രീയ ചട്ടക്കൂടിന്റെ ആണിക്കല്ലായ സഹകരണ ഫെഡറലിസത്തെ ദുർബലപ്പെടുത്താനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്ക് സ്വന്തം കാര്യങ്ങളിൽ ഗണ്യമായ നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്ന വിധത്തിലാണ് നമ്മുടെ രാജ്യത്തെ ഫെഡറലിസം രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാരിന്റെ വർധിച്ചുവരുന്ന കേന്ദ്രീകൃത നടപടികളും അതിർത്തി പുനർനിർണയ നീക്കത്തിന്റെ അനന്തരഫലങ്ങളും ഈ സന്തുലിതാവസ്ഥയെ ദുർബലപ്പെടുത്താനും ഇടയാക്കും. സാമൂഹ്യക്ഷേമത്തിലും സാമ്പത്തിക വളർച്ചയിലും സ്ഥിരമായി നിക്ഷേപം നടത്തിയിട്ടുള്ള കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക്, ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടും രാഷ്ട്രീയാധികാര പങ്കാളിത്തം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. എണ്ണത്തിന്റെ വർധനയുടെ ഫലമായി ഫെഡറൽ മൂല്യങ്ങൾ തകർക്കപ്പെടുന്നത് രാഷ്ട്രീയ സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. ഈ ആശങ്കകൾ ലഘൂകരിക്കുന്നതിന്, ഭരണഘടനാപരമായ നിരവധി പ്രതിവിധികൾ അത്യാവശ്യമാണ്. ജനസംഖ്യയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനങ്ങൾ അന്യായമായി ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സന്തുലിത പ്രാതിനിധ്യം നിർണായകമാണ് എന്നതിനാലും അതിർത്തി നിർണയ പ്രക്രിയയിൽ ജനസംഖ്യാ നിയന്ത്രണത്തിനുള്ള പ്രാധാന്യവും ഉൾപ്പെടുത്തണം. സാമ്പത്തിക സംഭാവന, വികസന നേട്ടങ്ങൾ, ഭരണ വിജയം എന്നിവയും പാർലമെന്ററി സീറ്റുകളുടെ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യണം. ഫെഡറലിസം ശക്തിപ്പെടുത്തുന്നതും നിർണായകമാണ്. ജനസംഖ്യാ വളർച്ച നിയന്ത്രിക്കുകയും സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് തുല്യമായ സാമ്പത്തിക വിഹിതം ഉറപ്പാക്കുന്നതിനും സാമ്പത്തിക അന്യവൽക്കരണം തടയുന്നതിനുമായി ധനനയങ്ങൾ പുനഃപരിശോധിക്കുകയും വേണം. 

വരാനിരിക്കുന്ന അതിർത്തി നിർണയ പ്രക്രിയ ഇന്ത്യയുടെ ജനാധിപത്യത്തിനും ഫെഡറൽ ഘടനയ്ക്കും ഒരു നിർണായക വെല്ലുവിളി ഉയർത്തുന്നുണ്ട്. ജനസംഖ്യാ പ്രവണതകളെ അടിസ്ഥാനമാക്കി പ്രാതിനിധ്യം സന്തുലിതമാക്കുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യമെങ്കിലും ഭരണ മികവും സാമ്പത്തിക ദീർഘവീക്ഷണവും പ്രകടമാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് ശിക്ഷയായി മാറാൻ സാധ്യതയുണ്ട്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ, ബിജെപി സ്വീകരിച്ചേക്കാവുന്ന കേന്ദ്രീകൃത നടപടികൾ സഹകരണ ഫെഡറലിസത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും രാഷ്ട്രീയ സ്വാധീനത്തിൽ പ്രാദേശിക അസമത്വങ്ങൾ വർധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് 2026 ലെ അതിർത്തി നിർണയം എല്ലാ പ്രദേശങ്ങളുടെയും സംഭാവനകളോടുള്ള തുല്യതയും നീതിയും ആദരവും ഉറപ്പാക്കണം. തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ചട്ടക്കൂടിലൂടെ മാത്രമേ നീതിയുടെയും ജനാധിപത്യത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാകുകയുള്ളൂ. ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. കൂടാതെ അളവുകോലുകൾക്കനുസൃതമായി മാത്രം നടത്തുന്ന ഏതൊരു അതിർത്തി നിർണയ പ്രക്രിയയും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ നിർണായകമായ പ്രദേശങ്ങളെ പിന്തള്ളുന്നതിന് ഇടയാക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ, എല്ലാ പ്രദേശങ്ങളുടെയും തുല്യതയും നീതിയും പ്രാദേശിക പ്രത്യേകതകളും ഉറപ്പാക്കുക എന്നത് അതിർത്തി നിർണയത്തിനുള്ള മാർഗനിർദേശക തത്വമായിരിക്കണം. 

(അവസാനിച്ചു)

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.