31 March 2025, Monday
KSFE Galaxy Chits Banner 2

സ്ത്രീത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ

സി ദിവാകരന്‍
March 28, 2025 4:35 am

ഇന്ത്യയിൽ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന തൊഴിലാളികളുടെ അംഗ സംഖ്യയിൽ സ്ത്രീകളുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്നതായി (ഏകദേശം 14 ശതമാനം) ദേശീയ സാമ്പിൾ സർവേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ തെരഞ്ഞെടുപ്പുകളിൽ സ്ത്രീപങ്കാളിത്തം അനുക്രമമായി വർധിച്ചുവരുന്നതായി കാണാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ സാന്നിധ്യം വർധിച്ചുവരുന്നു. എന്നാല്‍ തൊഴിൽ മേഖലകളിൽ പുരുഷന്മാരുടെ സംഖ്യയോടൊപ്പമെത്താൻ ഇപ്പോഴും സ്ത്രീകൾക്ക് കഴിഞ്ഞിട്ടില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ അവസ്ഥ തുടരുകയാണ്. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളിൽ അനുഭവപ്പെടുന്ന ഗതിവിഗതികൾ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകളുടെ അംഗസംഖ്യയെ ബാധിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ കുറഞ്ഞ വേതനത്തിൽ വീട്ടുജോലിക്കാരായിരുന്ന സ്ത്രീകൾക്ക് കൂടുതൽ വേതനവും സാമൂഹ്യസുരക്ഷയും ലഭ്യമാക്കുന്ന മുറയ്ക്ക് അവർക്ക് സമൂഹത്തിൽ അംഗീകാരവും ലഭിക്കുന്നു. സ്ത്രീത്തൊഴിലാളികൾക്കിടയിൽ വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയും മെച്ചപ്പെടുന്നതോടെ അവർ മാന്യമായ ജീവിതം നയിക്കാൻ പ്രാപ്തരായി മാറുന്നു. ദേശവ്യാപകമായി സ്ത്രീകൾ ഉന്നതങ്ങളിലെത്തുന്നു. ചില പ്രത്യേക ജാതിക്കാരെ മാത്രം വീട്ടുജോലിക്കാരികളായി പരിഗണിക്കുന്ന ധാരണകളും മാറുകയാണ്. വിദ്യാഭ്യാസരംഗത്ത് പ്രകടമാകുന്ന പുരോഗതിയും സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുന്നു. ഈയടുത്തകാലത്ത് കേന്ദ്ര ഏജൻസികൾ നടത്തിയ പഠനത്തിൽ സെക്കന്‍ഡറി, ഹയർ സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യത നേടുന്ന പെൺകുട്ടികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി സൂചിപ്പിക്കുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവരവരുടെ യോഗ്യതയ്ക്കനുയോജ്യമായ തൊഴിലവസരങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ലഭ്യമാകുന്നില്ല. സ്ത്രീകളുടെ തൊഴിൽ മേഖലയെ ബാധിക്കുന്ന ഒരു ദുരന്തമാണ് ഈ അവസ്ഥ. ഇത് തുടർന്നാൽ തൊഴിൽ മേഖലകളിൽനിന്ന് സ്ത്രീകൾ സ്വയം ഒഴിഞ്ഞുപോകുന്ന ദാരുണമായ സ്ഥിതി സംജാതമാകും. 

സ്ത്രീകൾ ഗണ്യമായി പണിയെടുക്കുന്ന രാജ്യത്തെ കാർഷിക മേഖലയിൽ യന്ത്രവൽക്കരണം നടക്കുകയാണ്. ഇതിന്റെ ഫലമായി വിളവെടുപ്പ് കാലത്തുണ്ടാകുന്ന തൊഴിലവസരങ്ങൾ വലിയ തോതിൽ നഷ്ടപ്പെടുന്നു. അതോടൊപ്പം തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്ന കരാർ, താൽക്കാലിക തൊഴിൽ സമ്പ്രദായവും നടപ്പിലാകുന്നതോടെ മിനിമം വേതനം, ഗ്രാറ്റുവിറ്റി, ന്യായമായ അവധി ദിനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും കരാറുകാരുടെ അടിമകളായി പണിയെടുക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ഇതിന് രാജ്യത്ത് ഏറ്റവും കൂടുതൽ ഇരകളാകുന്നത് സ്ത്രീത്തൊഴിലാളികളാണ്.
കാർഷിക മേഖലയിൽ തൊഴിൽ ലഭിക്കുന്ന നിരക്കിൽ ഒരിക്കലും വ്യവസായ മേഖലകളിൽ സ്ത്രീകൾക്ക് പണിക്കുള്ള സാധ്യത ഇപ്പോഴും നിലവിലില്ല. കോവിഡിന്റെ ഫലമായി സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട സന്ദർഭത്തിൽ പോലും രാജ്യത്തെ സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിച്ചതായി നിതി ആയോഗിന്റെ പഠനത്തിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഗ്രാമീണ മേഖലകളിൽ പ്രകടമായപ്പോൾ നഗരങ്ങളിൽ പ്രത്യേകിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ അവസരങ്ങൾ വളരെ പരിമിതമായിരുന്നു. 2022–23ൽ 24.8 ശതമാനത്തിൽ നിന്ന് ഗ്രാമീണ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ തൊഴിലവസരം 42.75 ശതമാനത്തിലേക്ക് വർധിച്ചു. 

ഒരു സ്ത്രീത്തൊഴിലാളിക്ക് വർഷത്തിൽ ഒരു മാസം മാന്യമായ വേതനം ലഭിക്കുന്ന തൊഴിൽ ലഭിച്ചാൽ ആ വിഭാഗത്തെ തൊഴിലാളികളായി പരിഗണിക്കണമെന്നാണ് സർക്കാരിന്റെ മാനദണ്ഡം. എന്നാല്‍ ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിലവസരം ഗണ്യമായി വർധിച്ചുവരുന്നത് കാർഷിക മേഖലയിലാണ്. ഈ രംഗത്ത് തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷം സ്ത്രീകൾക്കും ഭരണഘടന ഉറപ്പുനൽകുന്ന മാന്യമായ ജീവിതത്തിനുള്ള വേതനം ലഭിക്കുന്നില്ല. ഉത്തരേന്ത്യയിലെ കാർഷിക മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പട്ടിണിക്കാശ് പോലും വേതനമായി ലഭിക്കുന്നില്ല. ഭക്ഷ്യോല്പാദനത്തിൽ സർവകാല റെക്കാേഡ് സൃഷ്ടിക്കുമ്പോഴും വിദേശങ്ങളിലേക്ക് വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുമ്പോഴും യാഥാർത്ഥ കർഷകത്തൊഴിലാളികള്‍ ദരിദ്ര്യമേഖലയ്ക്ക് താഴെ ജീവിക്കുന്ന ദാരുണമായ അവസ്ഥ നിലനിൽക്കുന്നു. കർഷക പ്രക്ഷോഭങ്ങൾ അണപൊട്ടി ഒഴുകിയിട്ടും ബഹുരാഷ്ട്ര കുത്തകകൾ ഇന്ത്യയിലെ കാർഷികരംഗത്ത് പിടിയുറപ്പിച്ചിട്ടും ഭരണാധികാരികളുടെ പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ തൊഴിലാളികളുടെ ജീവിതത്തിൽ കാര്യമായി മാറ്റം സംഭവിക്കുന്നില്ല. ഇന്നും കടുത്ത ചൂഷണത്തിന്റെ ഇരകളാകുന്നത് സ്ത്രീത്തൊഴിലാളികളാണ്. പ്രത്യേകിച്ച് കാർഷികരംഗത്തും അസംഘടിത മേഖലകളിലും. കേന്ദ്രസർക്കാരിന്റെ ലേബർ കോഡ് നടപ്പിലാകുന്നതോടെ ഇന്ത്യയിലെ തൊഴിൽ മേഖല സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് നീങ്ങുകയായിരിക്കും ഫലം. 

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.