
കൗമാരക്കാരുടെയും യുവാക്കളുടെയും കൂട്ടായ്മകളിലും വിദ്യാലയങ്ങളിലും ലഹരിയുടെയും ആക്രമണോത്സുകതയുടെയും സംസ്കാരം പിടിമുറുക്കുന്നു എന്നാണ് കേരളത്തിലെ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. നാം നേടിയ സാമൂഹ്യപുരോഗതിയെയും നവോത്ഥാന മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സാഹചര്യമാണിത്. പുതുതലമുറയ്ക്കിടയില്‍ ശക്തമായൊരു സാംസ്കാരിക പ്രതിരോധം വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യത്തിലേക്കാണ് സാഹചര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകള്‍ക്കിടയില്‍ നമ്മുടെ സമൂഹത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനമാണ് പുതുതലമുറയില്‍ കണ്ടുവരുന്നത്. 21-ാം നൂറ്റാണ്ടിലെ തലമുറ ഡിജിറ്റല്‍ ലോകത്ത് ജനിച്ചുവളര്‍ന്നവരാണ്. ഡിജിറ്റല്‍ ഉപകരണങ്ങളില്ലാതൊരു ജീവിതം അവര്‍ക്ക് പരിചിതമല്ല. ഏതൊരാവശ്യവും ഡിജിറ്റല്‍ ഉപകരണം വഴി നിറവേറ്റാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. കാത്തിരിക്കാനും പരാജയപ്പെടാനും പുതുതലമുറ തയ്യാറല്ല. ഒരു മൊബെെല്‍ ഫോണോ മറ്റ് ഉപകരണങ്ങളോ കൂട്ടായി മതി അവര്‍ക്ക് എത്രസമയം വേണമെങ്കിലും സന്തോഷമായിരിക്കാന്‍. സമൂഹമാധ്യമങ്ങളുടെ പ്രളയത്തിനിടയില്‍ തരംതാണ രസിപ്പിക്കല്‍ തന്ത്രമറിയുന്ന യുട്യൂബറോ, വ്ലോഗറോ, റീല്‍സോ അവരുടെ ആരാധനാമൂര്‍ത്തികളാകുന്നു. യുക്തിയോ, ശാസ്ത്രമോ, അറിവോ ഒന്നുമല്ല ഇവയില്‍ ഭൂരിഭാഗവും. പകരം ഏറ്റവും ചുരുങ്ങിയ സമയത്തെ നേരമ്പോക്ക് മാത്രം. അതില്‍ വയലന്‍സും വീരകൃത്യങ്ങളും കടന്നുവരുന്നു.
ആധുനിക മനഃശാസ്ത്രം ഈ തലമുറയെ വിശകലനം ചെയ്ത് പറയുന്നത് ‘നോ’ പറയാനും ഏതിനോടും പാകപ്പെടാനും വിമുഖത കാണിക്കുന്നവരെന്നാണ്. സ്വഭാവത്തില്‍ എടുത്തുചാട്ടവും അക്ഷമയും, ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ വെെകാരിക പ്രതികരണത്തിലേക്കും അക്രമത്തിലേക്കും നീങ്ങുകയും ചെയ്യുന്നു. ഓണ്‍ലെെന്‍ ഗെയിമുകളില്‍ നിന്നും തീവ്ര വയലന്‍സുകളുള്‍പ്പെട്ട റീല്‍സ്, വെബ് സീരീസ് എന്നിവയില്‍ നിന്നും മനസില്‍ പതിഞ്ഞവയുടെ ബഹിര്‍സ്ഫുരണമാകാം ഇതെന്നാണ് വിലയിരുത്തുന്നത്. ഇവയാകട്ടെ പലപ്പോഴും ഗ്രൂപ്പ് തിരിഞ്ഞ് ചെയ്യുന്നവയാണ്. വിദ്യാലയങ്ങളില്‍ ഈ അധ്യയന വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത സംഘര്‍ഷങ്ങളെല്ലാം ഇത്തരത്തില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ളവയാണ്. 11ഉം 12ഉം ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍, അതിനും താഴെ ഒമ്പതും പത്തും തമ്മില്‍ എന്നിങ്ങനെ. ഗ്രൂപ്പ് തിരിഞ്ഞുള്ള സംഘര്‍ഷങ്ങള്‍ കുട്ടികളുടെ ഉത്തരവാദിത്തവും കുറ്റബോധവും കുറയ്ക്കുന്നതായി കാണാം. എന്തിനാണ് അക്രമം നടത്തിയതെന്നോ കാരണമെന്തെന്നോ ഇതില്‍പ്പെടുന്ന പലര്‍ക്കും വിശദീകരിക്കാന്‍ കഴിയാറില്ല; അറിയാറുമില്ല. ഈ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ക്കൊപ്പം രാസലഹരി കൂടിയെത്തുമ്പോള്‍ സ്ഥിതി ഗുരുതരമാകുന്നു. ആത്മനിയന്ത്രണവും ആളുംതരവും നോക്കി പെരുമാറാനുള്ള ശേഷിയും ഇല്ലാത്തവരോട് ഇടപെടാന്‍ അധ്യാപകരും ഭയക്കുന്നു. മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു മാര്‍ഗമായി അവര്‍ അക്രമത്തെ സ്വീകരിക്കുന്നു.
വിദ്യാലയങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് മിക്കവാറും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളോ, കമന്റുകളോ ആണ് കാരണമാകുന്നത്. കൗമാരക്കാര്‍ക്ക് ക്ലാസിലും വീട്ടിലും സമൂഹത്തിലും സ്വന്തം സ്ഥാനം എന്തെന്ന് മനസിലാക്കാനും, പ്രശ്നങ്ങളെ മറ്റുള്ളവരുടെ കാഴ്ചപ്പാടുള്‍ക്കൊണ്ട് മനസിലാക്കാനും സാധിക്കുന്നില്ല. മാത്രമല്ല അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ അഭിരുചി, കാഴ്ചപ്പാട് എന്നിവ ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയുന്നില്ല. കൂടിയ എണ്ണം കുട്ടികളുള്ള ഒരു ക്ലാസില്‍ ഓരോ കുട്ടിയെയും പ്രത്യേകം ശ്രദ്ധിക്കാനോ അവന്റെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനോ കഴിയാറില്ല എന്നതാണ് വസ്തുത. പഴയ അധ്യാപക — വിദ്യാര്‍ത്ഥി ബന്ധത്തില്‍ ഇന്ന് കാതലായ മാറ്റം വന്നിട്ടുണ്ട്. ഭയഭക്തി ബഹുമാനത്തിന്റെയും പൊലീസിങ്ങിന്റെയും ക്ലാസ് മുറികള്‍ ഇന്നില്ല. പകരം പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷമാണ് സ്കൂളുകളില്‍. അവിടെ പഴയ ചൂരലിന് സ്ഥാനമില്ല. പകരം പുതിയ ‘വിഷ്വല്‍ ജനറേഷന്റെ’ വികാര വിചാരങ്ങളിലെ മാറ്റങ്ങളും അതനുസരിച്ച് അവരെ പരിശീലിപ്പിക്കേണ്ടതെങ്ങനെയെന്നുമുള്ള ആധുനിക പാഠങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുകയാണ് വേണ്ടത്. അധ്യാപകര്‍ മാത്രമാണ് എല്ലാ വിവരങ്ങളുടെയും സ്രോതസ് എന്ന ധാരണ ഇന്നത്തെ കുട്ടികള്‍ക്കില്ല.
പ്രശസ്ത മാനവിക മനഃശാസ്ത്രജ്ഞനായ കാള്‍റോജസ് പറയുന്നത് അധ്യാപക — വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്ക് ആത്മാര്‍ത്ഥത, സഹാനുഭൂതി, പരിഗണന എന്നിവ ആവശ്യമാണെന്നാണ്. ഇന്ന് നമ്മുടെ സമൂഹത്തിലെ ചില കുട്ടികള്‍ക്ക് ശ്രദ്ധാലുക്കളായ രക്ഷിതാക്കള്‍ വീട്ടിലുണ്ടാകുമെങ്കിലും ചിലര്‍ക്ക് അതില്ല. അര്‍ത്ഥവത്തായ ബന്ധങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ അക്രമാസക്തരാകാനും സമപ്രായക്കാരോട് അനുകമ്പയോടെ പെരുമാറാന്‍ സാധിക്കാത്തവരുമാകും. അവര്‍ എല്ലാറ്റിനോടും അസഹിഷ്ണുതയോടെ പെരുമാറും. ഇത് നേരിടാന്‍ സഹാനുഭൂതി, അഭിനന്ദനം എന്നിവയാണാവശ്യം. അതാവട്ടെ അവന്റെ കുടുംബത്തില്‍ നിന്നും, മാതാപിതാക്കളില്‍ നിന്നും തുടങ്ങണം.
രക്ഷകര്‍ത്താക്കളില്‍ നിന്ന് കിട്ടാത്ത ശ്രദ്ധ ഫോണിലൂടെ പരിചയപ്പെടുന്നവരില്‍ നിന്നും ലഭിക്കുമ്പോള്‍ അടുപ്പം സ്വാഭാവികം. അതിനാല്‍ കരുതല്‍ തുടര്‍ച്ചയായി ലഭിക്കേണ്ടത് വീട്ടില്‍ നിന്നും തന്നെയാണ്. അതിന് രക്ഷിതാക്കള്‍ക്ക് മതിയായ ‘പാരന്റിങ്’ വിദ്യാഭ്യാസം നല്‍കണം. ഇന്നത്തെ മാറിയ കുടുംബഘടനയെ ഉള്‍ക്കൊള്ളണം. പഴയ രീതിയല്ല, കുട്ടികളാണ് ഇന്ന് കുടുംബത്തില്‍ കേന്ദ്രസ്ഥാനത്ത്. അവരുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചാണ് വീടുകളിലെ ആഘോഷങ്ങളും ഭക്ഷണവും വസ്ത്രവുമെല്ലാം ക്രമീകരിക്കപ്പെടുന്നത്.
ഡിജിറ്റല്‍ ലഹരിയും രാസലഹരിയും യുവതലമുറയെ സാരമായി ബാധിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്ന നമ്മുടെ കുട്ടികളെ എങ്ങനെ രക്ഷിക്കാം. സമൂഹം കൂട്ടായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ നിഷേധിച്ചതുകൊണ്ടോ ഉപയോഗം നിരോധിച്ചുകൊണ്ടോ ഇത് തടയാനാവില്ല. അവ വിപരീതഫലമേ ഉണ്ടാക്കൂ. മൊബെെല്‍ ഫോണ്‍ നല്‍കാത്തതിന് വീട് വിട്ടിറങ്ങുന്ന, ആത്മഹത്യ വരെ ചെയ്യുന്ന കുട്ടികളുടെ വാര്‍ത്തകള്‍ കാണാറും കേള്‍ക്കാറുമുണ്ട്. മാത്രമല്ല, ശരിയായ ഡിജിറ്റല്‍ ഉപയോഗം കുട്ടികളുടെ പഠനത്തിന് സഹായകവുമാണ്. വീടുകളിലിരുന്നാണ് ഭൂരിഭാഗം കുട്ടികളും ഫോണ്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ ഫോണ്‍ ഉപയോഗത്തിന് ‘സ്ക്രീന്‍ ടെെം’ നിശ്ചയിച്ച് നല്‍കി നിയന്ത്രിക്കുകയാണ് വേണ്ടത്. നിശ്ചിതസമയം മാത്രം അനുവദനീയമായവ ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. അതിന് രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം. അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന സിനിമകള്‍, ഗെയിമുകള്‍, വെബ്സീരീസുകള്‍ തുടങ്ങിയവയെ നിയമംമൂലം നിയന്ത്രിക്കണം.
ലഹരിവ്യാപനത്തില്‍ സമൂഹത്തോടൊപ്പം ഭരണകൂടവും ജാഗ്രത പുലര്‍ത്തണം. പണ്ടത്തെപ്പോലെ ‘സമൂഹത്തിന്റെ ഒരു കണ്ണ്’ നാട്ടിലെ കുട്ടികളുടെമേല്‍ വേണം. അരാഷ്ട്രീയ ചിന്തകള്‍, സമൂഹമാധ്യമ ചതിക്കുഴികള്‍, സാമ്പത്തികപ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍ തുടങ്ങിയവ കുട്ടികളെ വഴിമാറ്റി നടത്തും. രാജ്യത്ത് നിരോധിക്കപ്പെട്ട രാസലഹരിയുടെ ഉല്പാദനം ആരംഭിച്ചതായി വര്‍ഷങ്ങള്‍ക്കുമുമ്പേ വാര്‍ത്തകള്‍ വന്നിരുന്നു. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ഉല്പാദനം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവ തടയാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വാര്‍ത്തകള്‍ വരുമ്പോഴുള്ള നടപടികള്‍ മാത്രമല്ല ആവശ്യം. മയക്കുമരുന്നിനാല്‍ തകര്‍ക്കപ്പെട്ട സമൂഹങ്ങളുടെയും ദേശങ്ങളുടെയും ചരിത്രം നമുക്ക് മുന്നിലുണ്ട്. പുതുതലമുറയ്ക്ക് ആരോഗ്യത്തോടെ വളരാന്‍ വേണ്ട സാഹചര്യമൊരുക്കുക എന്നത് ഇന്നത്തെ സമൂഹത്തിന്റെ കടമയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.