അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ എന്ന സമാഹാരത്തിൽ നിന്നും
കാനഡയിലെ ഒന്റാരിയോയിൽ ഹാമിൽട്ടൺ നഗരത്തിൽ താമസം. രണ്ടു മക്കൾ. എട്ട് വയസ്സുകാരി ആമി (അമാരിസ്)യും മൂന്ന് വയസ്സുകാരി നദി (നദീൻ)യും. ഒന്റാരിയോയിലെ ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ചേഞ്ച് മാനേജർ ആണ്. ജീവിത പങ്കാളി രാജേഷ് ഒന്റാരിയോയിൽ ഫിസിയോ തെറാപ്പിസ്റ്റാണ്.
എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ചാത്തമറ്റം എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു.
സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ വായനയും എഴുത്തും പ്രവാസിയായി കാനഡയിൽ വന്നപ്പോഴും തുടരുന്നു. 2019 ൽ ആദ്യ കഥാസമാഹാരം ‘അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ’ പ്രസിദ്ധീകരിച്ചു. ‘പെണ്ണടയാളങ്ങൾ’, ‘പാർശ്വവീഥികൾ പറഞ്ഞു തുടങ്ങുന്നു’, ‘അമേരിക്കൻ കഥക്കൂട്ടം’, ‘കാക്കനാടൻ കഥോത്സവം’ എന്നീ ആന്തോളജികളിലും കഥകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഓൺലൈൻ — നവമാധ്യമങ്ങളും എഴുതുന്നു.
മകൾ എന്നും ഒറ്റക്ക് ഇരിക്കുമായിരുന്നല്ലോയെന്ന് അമ്മയോർത്തു. സ്ക്കൂൾ വിട്ടു വന്നാലുടനേ പോയിരിക്കും ഉമ്മറക്കോലായിൽ… ആരോടും അധികം സംസാരമില്ലാത്ത വളരെ അച്ചടക്കമുള്ള കുട്ടിയെന്ന് ചുറ്റുമുള്ളവർ പറയാറുള്ളത് എത്ര അഭിമാനത്തോടെയാണെന്നോ അമ്മ കേൾക്കാറുണ്ടായിരുന്നത്. പുസ്തകങ്ങളോടായിരുന്നു എന്നും കൂട്ട്. ചിലപ്പോഴൊക്കെ അവൾ മുറ്റത്തിനരികത്തെ പേരമരച്ചുവട്ടിലെ ഉറുമ്പിൻ കൂടിനടുത്തു പോയിരിക്കുന്നതു കാണാം.…
ഉറുമ്പുകൾ കൂട്ടുകാർ ആണെന്ന് പറയുന്നത് കേൾക്കുമ്പോൾ അമ്മയ്ക്ക് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. . കൂട്ടുകൂടാൻ ആരുമില്ലാതായി പോയ കുഞ്ഞിൻറെ വിഷമം അമ്മയ്ക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. പക്ഷേ അവൾ ഓരോ ഉറുമ്പുകൾക്കും ഓരോ പേരിട്ടു വിളിക്കുന്നത് കേൾക്കുമ്പോൾ അമ്മയ്ക്ക് ചിരിയും വരും!
ഉറുമ്പുകളെ അവൾ തൻറെ ജീവിതത്തിൽ കണ്ടെത്തുന്ന ഓരോരുത്തരുടെയും പേരിട്ടു വിളിച്ചു. അമ്മയുടെ വയറ്റിൽ നിന്ന് പുറത്തുവന്ന് നാലാം മാസത്തിൽ മടങ്ങിപ്പോയ കുഞ്ഞനിയനെ അവൾ വിളിച്ചിരുന്നത് ‘ചക്കരക്കുട്ടാ’ എന്നായിരുന്നു. ഉറുമ്പുകളിൽ ഏതോ ഒന്നിന് ആ പേര് കൊടുത്തിരുന്നവൾ… !
പിന്നെയുമുണ്ട് പേരുകൾ; മിനി മിസ്സ്, ഉമ്പായി മാഷ്, അച്ഛമ്മ… !
അവളുടെ പ്രിയ കൂട്ടുകാരികളായ റിത്വികയും ആഷ്നയുമൊക്കെ കൂട്ടിൽ ഇടക്കിടെ ഇറങ്ങിയും കയറിയും ഉറുമ്പുകളെപ്പോലെ ചുറ്റി നടക്കുന്നുവെന്ന് അമ്മക്ക് തോന്നാറുളളത് അവരുടെയെല്ലാം പേരുകൾ വിളിച്ച് അവൾ ഉറുമ്പുകളോട് സംസാരിക്കുന്നത് കേൾക്കുമ്പോഴാണ്.
നല്ലൊരു നേരമ്പോക്കെന്ന് അമ്മയുമച്ഛനും ചിരിച്ചു പറയും… ! !
ഒരു ദിവസം കരഞ്ഞു കൊണ്ടാണ് മകൾ കയറി വന്നത്. എത്ര ചോദിച്ചിട്ടും കാരണം പറഞ്ഞില്ല. പിറ്റേന്നാണ് അവളുടെ കൂട്ടുകാരി റിത്വികയുടെ മരണവാർത്ത അമ്മയറിഞ്ഞത്.
എത്താക്കൊമ്പിലെ ഉയരത്തിൽ തൂങ്ങി നിന്ന ആ എട്ടുവയസ്സുകാരി ആത്മഹത്യ ചെയ്തതാണത്രേ! !
അമ്മ തന്റെ മകളെ കൂട്ടുകാരിയെ അവസാനമായൊന്ന് കാണാൻ കൂടി വിട്ടില്ല. പാവം കുഞ്ഞ്… ഭയന്നു പോയാലോ… ! !
അമ്മയുമച്ഛനും ശവസംസ്കാരത്തിനു പോയി വന്നപ്പോഴാകട്ടെ മകൾ ഉറുമ്പിന്റെ കൂട് പൊളിച്ചിട്ടിരിക്കുകയായിരുന്നു. നാലു വീടപ്പുറത്തെ രവിയങ്കിളും മാത്യൂസങ്കിളും റിത്വികയുടെ കൊച്ചച്ഛനും കൂട്ടിനകത്തേക്ക് കയറിപ്പോയിട്ടുണ്ടെന്ന്…
അവരെ കണ്ടു പിടിച്ച് റിത്വിക തൂങ്ങി നിന്ന അതേ മരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കണമെന്ന്…
“ഈ കൊച്ചിതെന്തൊക്കെയാ പറേന്നേ… ! ! ? ? ”
അമ്മ ഒരേങ്ങലോടെ മകളെ ചേർത്തു പിടിച്ചു. ആ രാത്രി അവൾ തളർന്നുറങ്ങവേ പതിവില്ലാതെ അച്ഛനുമമ്മയും അവളുടെ അടുത്തു ചേർന്നിരുന്നു.
“പാവം! പേടിച്ചു പോയീന്നാ തോന്നണേ… ” മകളുടെ കവിളിൽ തലോടി അച്ഛൻ.
രണ്ടാളും ചേർന്ന് കാവലിരുന്നിട്ടും പിറ്റേന്ന് രാവിലെ അച്ഛനുമമ്മയും എഴുന്നേറ്റു വരുമ്പോൾ മകളെ കിടന്നിടത്ത് കണ്ടില്ല.
അച്ഛനും കൂട്ടുകാരും മകളെത്തേടിയിറങ്ങി… അമ്മയാകട്ടെ പൊട്ടുന്ന നെഞ്ചുമായി തലേന്ന് മകൾ പൊളിച്ചിട്ട ഉറുമ്പിൻ കൂടിനടുത്ത് ചേർന്നിരുന്നു…
ഉറുമ്പുകളെ നോക്കി നോക്കിയിരുന്ന് പെണ്ണ് മറ്റൊരുറുമ്പായി ഉറുമ്പിൻ കൂട്ടിലേക്കിറങ്ങിപ്പോയോയെന്ന് അവർ അമ്പരന്നു… അമ്മ നോക്കി നോക്കിയിരിക്കവേ കുന്നു പോലുയർന്നു നിന്ന മണ്ണിന്റെ കൂട്ടിൽ നിന്നുമൊരു കുഞ്ഞനുറുമ്പ് പുറത്തു വന്നു… അതിന് മകളുടെ മുഖമാണെന്ന് അമ്മക്ക് തോന്നി…
നോക്കി നില്ക്കവേ ആ കുഞ്ഞനുറുമ്പ് പതിയെ പതിയെ വലുതായി. ആദ്യം തല. . പിന്നെ മുടി. . അമ്മ മകളുടെ മുടി പിന്നാറുള്ളതു പോലെ ഉറുമ്പിന്റെയും മുടി രണ്ടായിപ്പകുത്ത് അതിൽ ചുവന്ന റിബണുകൾ കെട്ടി വച്ചിട്ടുണ്ടായിരുന്നു… അമ്മയും ഉറുമ്പും ഇപ്പോൾ കണ്ണിൽ കണ്ണിൽ നോക്കുകയാണ്… മകളുടേതു പോലെ തന്നെ നനഞ്ഞ കൺപീലികൾ… മകളെ ഒന്നു കെട്ടിപ്പിടിക്കണമെന്നോർത്ത് അമ്മയുടെ നെഞ്ച് പിന്നെയും കഴച്ചു…
ഇതിനിടയിൽ അച്ഛനും കൂട്ടുകാരും തേടിത്തേടി മകളെക്കണ്ടെത്തി… ഉറുമ്പുകളെ തൂക്കാനിറങ്ങിപ്പോയവൾ കൂട്ടുകാരി തൂങ്ങിക്കിടന്ന അതേ മരക്കൊമ്പിൽ അതേയിടത്ത് തൂങ്ങി നില്ക്കുന്നു…
രണ്ടു പെൺകുട്ടികൾ… കൂട്ടുകാരികൾ. ഒരാൾ തൂങ്ങിനിന്നതിന്റെ രണ്ടു നാളപ്പുറം മറ്റേയാളും… എന്താവും കാരണം… ! !
അന്തിച്ചർച്ചകൾ മരച്ചുവട്ടിൽ തുടങ്ങിയപ്പോഴാണ് നാലു വീടപ്പുറം ഒരമ്മക്ക് ഭ്രാന്തിളകിയത്.
അതോടെ എല്ലാവരും കാണാനായങ്ങോട്ടോടി.… ! ! !
(ഫോക്കാനയുടെ 2022‑ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.