5 May 2024, Sunday

സപ്ലൈകോ: തെറ്റായ പ്രചരണവുമായി പ്രതിപക്ഷം

സനില്‍ രാഘവന്‍
July 30, 2023 4:45 am

“നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടു മാസത്തിനിടെ റോക്കറ്റ് പോലെ കുതിക്കുന്നു. വിപണി ഇടപെടൽ നടത്തേണ്ട സർക്കാർ ഏജൻസിയായ സിവിൽ സപ്ലൈസ് കോർപറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങൾ പോലും സപ്ലൈകോയിൽ ലഭ്യമല്ല. ഇതുപോലൊരു പ്രതിസന്ധി സംസ്ഥാനത്ത് ഒരിക്കലും ഉണ്ടായിട്ടല്ല”.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും അതിന്റെ തിരക്കുകളും തീര്‍ത്തശേഷം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതിയ ആരോപണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. വസ്തുതകളന്വേഷിക്കാതെയുള്ള ആരോപണ ആവര്‍ത്തനങ്ങളുടെ ഏറ്റവും ഒടുവിലത്തേത്. പതിവുപോലെ ഇതിലും കഴമ്പില്ലെന്ന കാര്യം സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ.ജി ആര്‍ അനിലും സപ്ലൈകോ ഉദ്യോഗസ്ഥരും വസ്തുതകള്‍ നിരത്തി കേരളത്തെ തൊട്ടടുത്ത ദിവസം തന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതോടെ പ്രതിപക്ഷനേതാവ് പുതിയതിനായി തിരിഞ്ഞു. എങ്കിലും സപ്ലൈകോയിലെ കാര്യങ്ങളെങ്ങനെയെന്ന് അറിയണ്ടേ. പ്രത്യേകിച്ച് ഓണക്കാലം അടുത്തിരിക്കെ. അതൊന്നുനോക്കാം.

പ്രതിപക്ഷശ്രമം പതിവുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഏവര്‍ക്കും കയ്യെത്തും ദൂരത്ത് എത്തിച്ചുകൊടുക്കുന്ന സംവിധാനമാണ് സപ്ലൈകോ. സംസ്ഥാനത്ത് ആകമാനം വ്യാപിച്ചുകിടക്കുന്ന വില്പനശാലകള്‍ വഴി മിതമായ വിലയ്ക്കാണ് അത്യാവശ്യ സാധനങ്ങള്‍ സപൈകോ വിതരണം ചെയ്യുന്നത്. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ച് ഉയരുമ്പോള്‍ അതു പിടിച്ചു നിര്‍ത്തുന്നതിനും സബ്സിഡിയായി പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതിനും സപ്സൈകോ മര്‍ക്കറ്റുകളുടെ ഇടപെടല്‍ ഏറെ വലുതാണ്. അതിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്താമെന്നാണ് ഈ ഓണക്കാലത്ത് പ്രതിപക്ഷം പരീക്ഷിച്ചത്. സര്‍ക്കാരിനെതിരെ കച്ചകെട്ടിയിറങ്ങിയ ഏതാനും മാധ്യമങ്ങള്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തതോടെ എല്ലാം പൊടുന്നനെ പാളി. പ്രതിപക്ഷ നേതാവിന്റെ ആരോപണവും ചാനലുകളിലെ വാര്‍ത്തകളും ഇന്ന് അപ്രതക്ഷ്യമാണ്.

മന്ത്രി തന്നെ നേരിട്ട് പരിശോധനയ്ക്കിറങ്ങി

റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമാണെന്ന പ്രചാരണത്തിന്റെ വസ്തുതകള്‍ പരിശോധിക്കാന്‍ ഭക്ഷ്യമന്ത്രി അഡ്വ.ജി ആര്‍ അനില്‍ തന്നെ നേരിട്ടിറങ്ങി. പ്രതിപക്ഷം പറയുന്നതില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് ബോധ്യപ്പെട്ടതായും മന്ത്രിയോടൊപ്പമുണ്ടായ ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടും ബോധ്യപ്പെടുത്തുന്നു. തന്റെ മണ്ഡലമായ നെടുമങ്ങാട്ടെ റേഷൻ ഡിപ്പോ ഗോഡൗണിലും സപ്ലൈകോ പീപ്പിൾസ് ബസാറിലുമടക്കം മന്ത്രി മിന്നൽ പരിശോധന നടത്തിയിരുന്നു.

വടക്കേ ഇന്ത്യയിലെ മഴയും യാത്രാ പ്രതിസന്ധിയും മൂലം ചുരുക്കം ചില ഇനങ്ങൾ ലഭ്യമല്ലാതെ വന്നിട്ടുണ്ട്. വൻപയർ, ജീരകം, സബ്സിഡി ഇനത്തിലുള്ള മുളക് എന്നിവയാണത്. ഇവ കേരളത്തിലെത്തിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ നേരത്തെ തന്നെ പൂർത്തിയായിട്ടുള്ളതാണ്. കാലാവസ്ഥയും ചരക്കുനീക്കവും അനുകൂലമായാല്‍ ഇവയെല്ലാം കേരളത്തിലെത്തും. സാധനങ്ങൾ ഗോഡൗണുകളിൽ എത്തുന്ന മുറയ്ക്ക് കാലതാമസം കൂടാതെ വിതരണം നടത്തണമെന്ന് മന്ത്രി ബന്ധപ്പെട്ട ഡിപ്പോ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. മറ്റു ഡിപ്പോകളും ഉടൻ സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും മന്ത്രി ജി ആർ അനിൽ ജനയുഗത്തോട് പറഞ്ഞു.

സാധനങ്ങള്‍ ലഭ്യമാക്കും

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ എല്ലാ സാധനങ്ങളും ലഭ്യമാകാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മന്ത്രി ജി ആർ അനിൽ ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ലെന്ന് മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. മാസാവസാനത്തോടെ ചില സാധനങ്ങൾ തീർന്നുപോകാറുണ്ട്‌. അതാണ് ഇപ്പോഴും സംഭവിച്ചത്. ഓഗസ്റ്റ് ‌ ആദ്യം പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ സാധനങ്ങളും ലഭ്യമാകും. റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുന്നവർ ബിൽ ചോദിച്ചു വാങ്ങാനാണ് മന്ത്രി പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്. ബിൽ ചോദിച്ചു വാങ്ങിയില്ലെങ്കിൽ അർഹതപ്പെട്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളില്ലെന്ന്‌ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്‌, ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണെന്ന്‌ മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

വൻപയറും മുളകുമാണ്‌ ചിലയിടത്ത്‌ കിട്ടാതെ വന്നത്‌. അത്‌ അടുത്ത ദിവസങ്ങളില്‍ തന്നെ പരിഹരിക്കുകയും ചെയ്തു. ഓണംകൂടി മുൻകൂട്ടി കണ്ട്‌ വിപണി ഇടപെടലിന്‌ ഓരോ മാസവും വാങ്ങുന്നതിന്റെ ഒന്നര ഇരട്ടിയിലധികം വസ്‌തുക്കളാണ്‌ സപ്ലൈകോ സംഭരിക്കുന്നത്‌. ഒരു ക്ഷാമവും ഓണക്കാലത്തും അതിനു മുമ്പും ശേഷവും സംസ്ഥാനത്തുണ്ടാവില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.

അമിതവില തടയാന്‍

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കാനും തീരുമാനമെടുത്തു. വില പിടിച്ചുനിര്‍ത്താന്‍ പല വകുപ്പുകൾ കാര്യക്ഷമമായി യോജിച്ച് പ്രവർത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആ യോഗത്തില്‍ ആവശ്യപ്പെട്ടത്.

ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും കാര്യക്ഷമമാക്കുന്നുണ്ട്. ഒരേ ഇനത്തിന് പല സ്ഥലങ്ങളില്‍ പല വില ഈടാക്കുന്നുണ്ടെങ്കില്‍ അതത് ജില്ലാ കളക്ടര്‍മാര്‍ ഇടപെട്ട് പരിഹാരം കാണണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും കളക്ടര്‍മാര്‍ അവലോകനം നടത്തണം. സംസ്ഥാനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല്‍ ചേരണമെന്നും യോഗം നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതൊരു ഫലപ്രദമായ ഇടപെടലാണ്.

പരാതികള്‍ ഒഴിവാക്കാന്‍ ബാര്‍കോഡ്
തെറ്റുകള്‍ കൂടുതല്‍ കടന്നു വരാതിരിക്കാനായി സപ്ലൈകോ ഹൈപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും സബ്സിഡി നിരക്കിൽ വിൽപ്പന നടത്തുന്നതിനുവേണ്ടി ബില്ലടിക്കുമ്പോൾ, റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്ത് എന്റർ ചെയ്യുന്നതിന് പകരം, ബാർകോഡ് സ്കാനർ ഉപയോഗിച്ച് റേഷൻ കാർഡ് നമ്പർ സ്കാൻ ചെയ്ത് മാത്രം എന്റർ ചെയ്യാനുള്ള സംവിധാനം. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷൻ കാർഡ് നമ്പർ എന്റർ ചെയ്ത് സബ്സിഡി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സപ്ലൈകോ ബാർകോഡ് സ്കാൻ ചെയ്യുന്നത്. സപ്ലൈകോ വില്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കിൽ വിൽപ്പന നടത്തുന്നത്.

റേഷൻ കാർഡുകൾ പുസ്തകരൂപത്തിൽ മാത്രമായിരുന്ന സമയത്ത് സബ്സിഡി വിതരണം സപ്ലൈകോ വില്‍പ്പനശാലകളിൽ നിന്ന് അതത് റേഷൻ കാർഡുകളിൽ രേഖപ്പെടുത്തി നൽകിയിരുന്നു. എന്നാൽ പൊതുവിതരണ വകുപ്പിൽ നിന്ന് നിലവിൽ അനുവദിക്കുന്ന റേഷൻ കാർഡുകൾ ലാമിനേറ്റഡ് കാർഡ് രൂപത്തിൽ ഉള്ളതിനാൽ സബ്സിഡി സാധനങ്ങൾ വാങ്ങുന്നത് കാർഡിൽ രേഖപ്പെടുത്താൻ കഴിയുകയില്ല. ഇത് നിരവധി പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു.

കേന്ദ്രത്തില്‍ കേരളത്തിന്റെ ഇടപെടല്‍
സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാന്‍ നിരന്തരം ശ്രമം തുടരുന്ന പ്രതിപക്ഷം മറച്ചുവയ്ക്കന്ന ഒന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന. ഓണക്കാലത്ത്‌ സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും അഞ്ചു കിലോ അധികം അരി വേണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യമന്ത്രി പീയൂഷ്‌ ഗോയലുമായി നടത്തിയ ചർച്ചയിൽ ഇതടക്കം നിരവധി വിഷയങ്ങൾ മന്ത്രി ജി ആര്‍ അനില്‍ ഉന്നയിച്ചിരിക്കുകയാണ്. റേഷൻ കടകളുടെ വിസ്‌തൃതി കൂട്ടൽ, ഇ‑പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കൽ എന്നിവ വരെ മന്ത്രിതല ചർച്ചയില്‍ വിഷയമായി. ഇതിനായി ചെലവുവരുന്ന 32 കോടിയുടെ പകുതി കേന്ദ്രം വഹിക്കണമെന്ന ആവശ്യത്തോട്‌ അനുകൂല മറുപടിയായിരുന്നില്ല ഗോയലിന്റേത്. ഒരു ക്വിന്റൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന രണ്ട് രൂപ എന്നത്‌ മൂന്ന് രൂപയായി ഉയർത്തുന്നത്‌ പരിഗണിക്കാമെന്ന് സംസ്ഥാനത്തിന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

ഇ‑പോസ്‌ മെഷീനിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എൻഐസി ഉദ്യോഗസ്ഥരുമായി മന്ത്രി ജി ആര്‍ അനില്‍ ചർച്ച നടത്തിയിരുന്നു. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനമായത്. ടൈഡ് ഓവർ ഇനത്തിൽ ലഭിക്കേണ്ട ഗോതമ്പ് വിഹിതം അടുത്ത വർഷം മാർച്ച്‌ 31 വരെ തുടരാൻ ഉദ്യോഗസ്ഥർക്ക്‌ ഗോയൽ നിർദേശം നൽകിയിട്ടുണ്ട്.

മണ്ണെണ്ണ നിര്‍ത്താനൊരുങ്ങി കേന്ദ്രം

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്നാണ് കേന്ദ്ര പെടോളിയം മന്ത്രി ഹർദ്ദീപ് സിങ് പുരിയെ നേരില്‍ കണ്ട് സംസ്ഥാന ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ മണ്ണെണ്ണയുടെ ഉൽപാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിറുത്തലാക്കാനാണ് കേന്ദ സർക്കാരിന്റെ നയമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. നിലവിൽ നൽകിവരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിനു മാത്രമായി വർധിപ്പിക്കാൻ കഴിയില്ല. എന്നാൽ നോൺ പിഡിഎസ്‌ വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നൊരു ഉറപ്പ് കേന്ദ്ര മന്ത്രി നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം, സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുടെ ആവശ്യം എന്നിവ പരിഗണിച്ച് 5000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്നാണ് സംസ്ഥാന മന്ത്രി ആവശ്യപ്പെട്ട മറ്റൊരു കാര്യം. മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളിൽ ഗ്യാസ് ഉപയോഗിച്ചുള്ള എന്‍ജിനുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്നുമാണ് കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചത്.

കേന്ദ്ര നയങ്ങളും വിലക്കയറ്റവും
കോർപറേറ്റുകൾക്കും വൻകിട വ്യാപാരികൾക്കും ഊഹക്കച്ചവടക്കാർക്കും പൂഴ്‌ത്തിവയ്‌പിനും കൊള്ളലാഭത്തിനും അവസരമൊരുക്കുന്ന മോഡി സർക്കാരിന്റെ നയങ്ങളാണ്‌ വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം. മോഡി അധികാരമേറ്റശേഷം അവശ്യസാധന നിയമത്തിൽ വരുത്തിയ ഭേദഗതിപ്രകാരം പയറുവർഗങ്ങളുടെ സംഭരണപരിധി എടുത്തുകളഞ്ഞു. നിയമഭേദഗതിയുടെ നേട്ടം രാജ്യത്തെ കർഷകർക്കോ ജനങ്ങൾക്കോ ലഭിച്ചില്ല. രാജ്യത്തെ പയർ, പരിപ്പ്‌ ഉൽപ്പന്നങ്ങളുടെ അറുപത്‌ ശതമാനവും ഇപ്പോൾ കൈകാര്യം ചെയ്യുന്നത്‌ അദാനിക്ക്‌ ഓഹരി പങ്കാളിത്തമുള്ള മൂന്നു കമ്പനി ഉൾപ്പെടെ പത്ത്‌ വൻകിട കമ്പനിയാണ്‌. ഉള്ളി, സവാള, ഉരുളക്കിഴങ്ങ്‌, തക്കാളി എന്നിവയുടെ വിലക്കയറ്റവും വൻകിട കമ്പനികളുടെ സൃഷ്ടിയാണ്‌.

വിളവെടുപ്പ്‌ സമയത്ത്‌ കുറഞ്ഞ വിലയ്‌ക്ക്‌ കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ വാങ്ങി ശീതീകരിച്ച വൻകിട ഗോഡൗണുകളിൽ സൂക്ഷിക്കുന്നവരാണ് റിലയൻസ്‌ ഉൾപ്പെടെയുള്ള വന്‍കിട കമ്പനികൾ. ഇവര്‍ ജൂൺ മുതൽ സെപ്‌റ്റംബർ വരെയുള്ള മൺസൂൺകാലത്ത്‌ കൃത്രിമക്ഷാമമുണ്ടാക്കി വില മൂന്നും നാലും ഇരട്ടിയാക്കി ലാഭം കൊയ്യുകയാണ്‌. പഞ്ചസാര, ഭക്ഷ്യയെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും ഇത്തരത്തിൽ ഊഹക്കച്ചവടത്തിന്‌ വിധേയമാക്കി വൻകിട കമ്പനികൾ ലാഭമുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ ദുരന്തത്തിലേക്ക്‌ തള്ളിവിടുംവിധം രാജ്യത്ത്‌ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഉപഭോക്തൃ വിലസൂചികയെക്കാൾ കൂടുതലാണ്‌ വിപണിയിലെ യഥാർത്ഥ വിലക്കയറ്റത്തിന്റെ നിരക്ക്‌. ഭക്ഷ്യവസ്‌തുക്കൾ കഴിഞ്ഞാൽ വിലക്കയറ്റത്തിലെ പ്രധാനഘടകം ഇന്ധനമാണ്‌. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവില കുറയ്‌ക്കാൻ മോഡി സർക്കാർ തയ്യാറാകുന്നില്ല. അസംസ്‌കൃത എണ്ണ വിലയുമായി താരതമ്യം ചെയ്‌താൽ ഇന്ധനവിലയിൽ 15–20 ശതമാനംവരെ കുറവുവരുത്തേണ്ടതാണ്‌. വൻകിട കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം ഉണ്ടാക്കാനാണ്‌ വില കുറയ്‌ക്കാത്തത്‌.

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍
ദേശീയ തലത്തിലെ വിലക്കയറ്റം കൂടുതൽ ബാധിക്കുന്നത്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. വിപണിയിൽ ശക്തമായി ഇടപെട്ടുകൊണ്ട്‌ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാവശ്യമായ നടപടികൾ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നുണ്ട്‌. പൊതുവിപണിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടൽ നടത്തുന്നത്‌ കേരളത്തിലാണ്‌. ഹോർട്ടികോർപ്പും കൺസ്യൂമർഫെഡും സിവിൽ സപ്ലൈസും സഹകരണ സംഘങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തുന്ന സംസ്ഥാനമാണ് കേരളം.

ഓണക്കിറ്റ്: കുപ്രചരണത്തിന് മത്സരിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ 
ജനാധിപത്യ പ്രക്രിയയില്‍ ഭരണകക്ഷിക്കെന്നപോലെ പ്രതിപക്ഷത്തിനും അവരുടേതായ പങ്കുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാത്ത തരത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രസ്താവനകള്‍ ഇറക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെ ആരാദ്യം എന്ന രീതിയിലാണ് പതിവുപോലെ ഇരവരും ഇക്കുറിയും മത്സരിച്ച് പ്രസ്താവനകള്‍ ഇറക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ ഓണക്കിറ്റ് നല്‍കാന്‍ കഴിയില്ലെന്നും വിലക്കയറ്റം പിടച്ചുനിര്‍ത്താന്‍ സപ്ലൈകോയ്ക്ക് കഴിയുന്നില്ലെന്നുമാണ് ആരോപണം. 3400കോടിയുടെ ബാധ്യതയില്‍ മുന്നോട്ട് പോകുന്ന സിവിൽ സപ്ലൈസ് കോർപറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വില രണ്ട്‌ മാസത്തിനിടെ റോക്കറ്റ് പോലെ കുതിക്കുകയാണ്. വിപണി ഇടപെടൽ നടത്തേണ്ട സർക്കാർ ഏജൻസി ഇതുപോലൊരു പ്രതിസന്ധി സംസ്ഥാനത്ത് ഒരിക്കലും ഉണ്ടായിട്ടില്ലെന്നുമാണ് സതീശന്റെ ആരോപണം.

ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രചാരണങ്ങള്‍ നടത്തുന്നത്. എല്ലാ സാധനങ്ങൾക്കും തീപിടിച്ച വിലയാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഇങ്ങനെ പോയാൽ ഇത്തവണത്ത കാണം വിറ്റാൽ പോലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാകും. ഓണ കിറ്റ് ഇല്ലായെന്ന് സർക്കാർ പറയുന്നു. അത് കൊലച്ചതിയാണ്. ഓണ കിറ്റ് എല്ലാവർക്കും നൽകണം. കോവിഡിനും അതിനും മുൻപും ഓണത്തിനു കിറ്റുകൾ നൽകിയിട്ടുണ്ട്. എല്ലാ കാലഘട്ടങ്ങളിലും ഓണ കിറ്റ് കൊടുത്തിട്ടുളളതാണ്. അതുകൊണ്ട് ഓണ കിറ്റ് ഇല്ലായെന്നും സാമ്പത്തിക പ്രതിസന്ധിയാണെന്നും പറയുന്ന സർക്കാരിന്റെ വാദം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല‑രമേശ് ചെന്നിത്തലയുടെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങള്‍ ആക്ഷേപങ്ങളോടെയാണ് വരവേറ്റത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, ഇടതുപക്ഷം ഭരണം നിലനിര്‍ത്തിയത് കിറ്റ് കൊടുത്താണെന്ന് അധിക്ഷേപിച്ചവരില്‍ പ്രധാനിയായിരുന്നു രമേശ് ചെന്നിത്തല.

ഇത്തവണയും ഓണക്കിറ്റ് നല്‍കും
അതേസമയം സംസ്ഥാനത്ത്‌ ഇത്തവണയും ഓണക്കിറ്റ്‌ നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകൾ മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരിക്കുന്നു. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ്‌ നൽകും. അതിനായി സപ്ലൈകോയ്‌ക്ക്‌ ഈയാഴ്‌ചതന്നെ കുറച്ച്‌ പണം അനുവദിക്കും. സംസ്ഥാനത്ത്‌ പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താൻ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ പൊതുവിപണിയേക്കാൾ വിലകുറച്ച്‌ വിൽക്കുന്ന നടപടി തുടരുമെന്നും ധനമന്ത്രി പറഞ്ഞു. റേഷൻ നൽകുന്നതിനുവേണ്ടി നെല്ല്‌ ഏറ്റെടുത്ത്‌ നൽകിയതിന്റെ തുക കേന്ദ്രം തിരിച്ചുതന്നിട്ടില്ല. കേന്ദ്രം തരുന്നതിനൊപ്പം മൂന്നിലൊന്നോളം തുക കേരളം പ്രത്യേക സപ്പോർട്ടിങ്‌ സബ്‌സിഡിയായി നൽകുന്നുണ്ട്‌. കേന്ദ്രത്തിൽനിന്ന്‌ പണം ലഭിക്കുമ്പോൾ ഈ തുകയും ചേർത്ത്‌ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ സേവനങ്ങള്‍

കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉല്‍പ്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വില്‍പ്പന നടത്തി.സപ്ലൈകോ പർച്ചേസ് വിഭാഗം നേരിട്ട് വാങ്ങി, കുറഞ്ഞ ലാഭത്തില്‍ വിൽപ്പന നടത്തുന്ന മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോൺ സബ്സിഡി വിഭാഗത്തിലുള്ളത്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് ഇനത്തിൽ വിറ്റുവരവ് 1081.53 കോടി രൂപയും ശബരി ഉല്പന്നങ്ങളുടേത് 199.74 കോടി രൂപയുമാണ്.

സബ്സിഡി വെളിച്ചെണ്ണ ഒഴികെയുള്ള ശബരി ഉല്പന്നങ്ങളായ വെളിച്ചെണ്ണ, തേയില, കറിപ്പൊടികൾ, മസാല, കായം, കടുക്, ജീരകം തുടങ്ങിയവയുടെ വിൽപ്പനയാണിത്. 3316 ടൺ ശബരി തേയിലയുടെ വിൽപ്പനയും ഇക്കാലയളവിൽ നടന്നു. ശബരി തേയില വില്‍പ്പനയിലൂടെ സപ്ലൈകോയ്ക്ക് 24.30 കോടി രൂപയുടെ ലാഭം നേടാനായതായി മാനേജിംങ് ഡയറ്ടര്‍ അറിയിച്ചു. ശബരി ബ്രാൻഡിനു കീഴിൽ ശബരി സുപ്രീം, ഗോൾഡ്, ഹോട്ടൽ ബെൻഡ്, സൂപ്പർ ഫൈൻ ഡസ്റ്റ് എന്നീ പേരുകളിലാണ് തേയില വില്‍പ്പന നടത്തുന്നത്. ഇതിനു പുറമേ ഇന്ത്യൻ ബ്ലാക്ക് ടീ, ഗോൾഡ് ഫൈൻ ബ്ലെൻഡ് എന്നീ പേരുകളിൽ സപ്ലൈകോ യുഎഇയിലേക്ക് തേയില കയറ്റുമതി നടത്തുന്നുണ്ട്.

2022ൽ ഏകദേശം 100 കോടി രൂപയുടെ മരുന്നു വില്‍പ്പനയും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ നടത്തി. 921.7 കോടി രൂപയുടെ സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ 2022ൽ വിതരണം ചെയ്തത്. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിഷു-റംസാൻ ഫെയറുകൾ സംസ്ഥാനതലത്തിലും 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചും സംഘടിപ്പിച്ചു വിഷുവിനും റംസാനും സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ മേളകളിൽ വില്‍പ്പന നടത്തി. ഉത്സവ സീസണുകളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ഇടപെടുക എന്ന എല്‍ഡിഎഫ് സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്പെഷ്യൽ മേളകള്‍ ഒരുക്കിയത്.

Eng­lish Sam­mury: Ser­vices of Sup­ply­Co in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.