സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 2023 ഇടം നേടുക ഏതുവിധേനയായിരിക്കുമെന്നോ? മോഡി ഭരണകൂടം അവകാശപ്പെടുന്നതനുസരിച്ച് ‘ഭാരത’ത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ ഏറ്റവും നല്ലൊരു വര്‍ഷം എന്നുതന്നെയായിരിക്കും. നമുക്ക് പിന്നിട്ട വര്‍ഷത്തില്‍ ആഘോഷിക്കാന്‍ പലതും ഉണ്ടായിരുന്നു. നിരവധി സംഘി ഗവര്‍ണര്‍മാര്‍ പുതുതായി സംസ്ഥാന തലസ്ഥാനങ്ങളില്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള ഭരണതലവന്മാരായി നിയോഗിക്കപ്പെട്ടു. അങ്ങനെ ഭാരതം നിരവധി കേന്ദ്ര ഭരണപ്രദേശങ്ങളുടെ ഒരു യൂണിയനായി രൂപാന്തരപ്പെടുകയും ചെയ്തു. ഇൗ ഗവര്‍ണര്‍മാര്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാന നിയമസഭകള്‍ പാസാക്കിയ നിയമങ്ങളോ, ഓര്‍ഡിനന്‍സുകളോ അംഗീകരിക്കുന്നതിനുപകരം അവയെല്ലാം മരവിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനിടെ ഭാരതം അനുഗ്രഹീതമായത് നമ്മുടെ പ്രധാനമന്ത്രി ‘വിശ്വഗുരു’ എന്ന പദവിയോടെ സ്ഥാനാരോഹണം നടത്തിയതോടെയായിരുന്നു. ഈ ചരിത്രസംഭവത്തിന് വേദി ഒരുക്കിയതോ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ‘മഹത്തര’വും ചെലവേറിയതുമായ ജി20 എന്ന വിശ്വമഹാസമ്മേളനവും. പോരെ പൂരം! ജി20ല്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞവരെല്ലാം ഭാഗ്യവാന്മാരായിരുന്നു. അതിനുവേണ്ടി കൂടിയൊഴിക്കപ്പെട്ട ന്യൂഡല്‍ഹിയിലെ സാധാരണ ജനതയും പാവപ്പെട്ടവരും ഹതഭാഗ്യരും ആയ ജനലക്ഷങ്ങളും ശപിക്കപ്പെട്ടവരും ഇരകളുമായി. ഗതാഗത തടസങ്ങള്‍ മണിക്കൂറുകളോളമാണ് ഡല്‍ഹി നിവാസികളെ കഠിനമായി ദ്രോഹിച്ചത്.
യഥാര്‍ത്ഥത്തില്‍ മറ്റ് നിരവധി നേട്ടങ്ങളിലൊന്ന് മാത്രമായിരുന്നു ഇത്. ഭാരതം സ്വാതന്ത്ര്യം നേടി 75 വര്‍ഷം പൂര്‍ത്തിയാക്കിയതോടെ, ദാരിദ്ര്യം എന്നൊരു പ്രതിഭാസം തന്നെ ഈ പ്രദേശത്തുനിന്നും തുടച്ചുനീക്കപ്പെട്ടില്ലേ? ഏതാനും ചില കുബുദ്ധികളും വികസനവിരോധികളും വിദേശ വിദ്രോഹശക്തികളും മാത്രം ഈ അവകാശവാദം തള്ളിക്കളഞ്ഞേക്കാം. ലോകബാങ്കിന്റെ വക പുതുക്കിയ ദാരിദ്ര്യ നിലവാര സൂചികയുടെ കാര്യമെന്തെന്നത് ഒരു പ്രശ്നമാവില്ലേ? ലോകബാങ്കിന്റെ വക 13 വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത് ദാരിദ്ര്യത്തിന്റെ യുഗം തന്നെ അവസാനിച്ചിരിക്കുന്നു എന്നാണ്. ഇത് ശരിയാണെങ്കില്‍ 2023ലെ ആഗോള വിശപ്പ് സൂചിക (ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്സ്)- ജിഎച്ച്ഐ- 125 ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഭാരതത്തെ 111-ാം സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് എന്തിനാണെന്ന സംശയം ഉദിക്കുന്നു. മാത്രമല്ല പിന്നിട്ട രണ്ട് ദശകക്കാലയളവില്‍ വെല്‍തങ്കര്‍ ഹില്‍ഫെ, കണ്‍സേണ്‍ വേള്‍ഡ് വെെഡ് എന്നീ രണ്ട് ആഗോള സംഘടനകളും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ചുവരുന്ന ആഗോള ഹങ്കര്‍ ഇന്‍ഡെക്സ് അടിസ്ഥാനമാക്കിയാണ് ലോകരാജ്യങ്ങളെല്ലാം വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും നിലവാരങ്ങള്‍ സംബന്ധമായ നിഗമനങ്ങളില്‍ എത്താറുള്ളത് എന്നതും ഒരു വസ്തുതയാണ്. ആഗോളതലത്തില്‍ മാത്രമല്ല, ദേശീയ, പ്രാദേശിക തലങ്ങളിലും വിശപ്പ് എന്ന വിപത്ത് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും പരിഹരിക്കാനും ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ക്ക് ദിശാബോധം നല്കിവരുന്നതും ഈ പഠന റിപ്പോര്‍ട്ടുകള്‍ തന്നെയാണ്. അപ്പോള്‍ പിന്നെ ഇന്ത്യയിലെ മോഡി ഭരണകൂടം 2023ലെ ജിഎച്ച്ഐ കണ്ടെത്തലുകളുടെ ശാസ്ത്രീയതയെപ്പറ്റി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും എന്തിനുവേണ്ടിയാണെന്നത് ന്യായമായൊരു സംശയമാണ്. വിശപ്പുസൂചിക തയ്യാറാക്കുന്നതിന് സ്വീകരിച്ചുവരുന്ന നീതിശാസ്ത്രത്തെ കുറ്റപ്പെടുത്താന്‍ തുടങ്ങിയത് നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനത്തെത്തിയതിന് ശേഷമുള്ള കാലഘട്ടത്തിലാണെന്നതും ഒരു യാദൃച്ഛികതയായി കാണാനാവില്ല. തുടര്‍ച്ചയായി രണ്ടാംവട്ടമാണ് തീര്‍ത്തും സംശയകരമായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഈവിധമൊരു കടന്നാക്രമണമുണ്ടാകുന്നതെന്നതും ശ്രദ്ധേയമായി കാണേണ്ടതാണ്.
ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും അവിടെ അധിവസിക്കുന്ന ജനത സ്വന്തം നിത്യജീവിതാനുഭവങ്ങള്‍ കണക്കിലെടുത്തായിരിക്കുമല്ലോ ഭരണകൂടങ്ങളുടെ ചെയ്തികളെ വിലയിരുത്തുക. ഇത്തരമൊരു സമീപനത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നതിലാണ് സംശയങ്ങള്‍ ഒളിച്ചിരിക്കുന്നത്. ജനങ്ങള്‍ ഉന്നയിക്കുന്ന ഓരോ ആരോപണത്തിനും അവര്‍ തന്നെ തെളിവ് നിരത്തണമെന്ന് വാദിക്കുന്നതും അര്‍ത്ഥശൂന്യമാണ്. ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും 2023ല്‍ ഒരു പരിധിവരെയെങ്കിലും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടേണ്ടി വന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകബാങ്ക് മാത്രമല്ല, ഓക്സ്ഫാം പോലുള്ള മറ്റ് നിരവധി ആഗോള ഏജന്‍സികളും 500 കോടിയോളം വരുന്ന ദരിദ്ര ലോകജനതയ്ക്കൊപ്പം പട്ടിണിക്കും രോഗാതുരതയ്ക്കും ഇരകളായി ഇന്ത്യന്‍ ജനതയുമുണ്ടെന്ന വസ്തുത തുറന്നുകാട്ടിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ തികച്ചും ദേശീയമായൊരു പഠന ഗവേഷണ ഏജന്‍സിയായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യും ഈ യാഥാര്‍ത്ഥ്യം ആവര്‍ത്തിച്ചിട്ടുമുണ്ട്. ഇതെല്ലാം മതിയായ തെളിവല്ലെന്നതിന്റെ പേരിലാണോ രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞു എന്ന അവകാശവാദവുമായി മോഡി സര്‍ക്കാര്‍ രംഗത്തുവരുന്നതും പട്ടിണിയും പോഷകാഹാരക്കുറവും രോഗാതുരതയും വര്‍ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വസ്തുതകളും കണക്കുകളും നിരത്താന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതും. നാം പിന്നിട്ട വര്‍ഷത്തില്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച തമാശ തൊഴിലില്ലായ്മ രാജ്യത്തുനിന്നും തീര്‍ത്തും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെ. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ ഈ ലക്ഷ്യം നേടി എന്നത് ലോക പ്രസിദ്ധി നേടിയ ഹങ്കേറിയന്‍ മജീഷ്യന്‍ ഹൗഡിനിയെപ്പോലും അത്ഭുതപ്പെടുത്താന്‍ ഇടയാക്കുന്നൊരു സൂത്രവിദ്യയാണ്. സമാനമായ അനുഭവം തന്നെയാണ് അഴിമതിയുമായി ബന്ധപ്പെട്ടുള്ളത്. ഗൗതം അഡാനി എന്ന ഒരു കോര്‍പറേറ്റ് ഭീമന്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഒഴിവാക്കുകയും ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന പ്രതിഭാസം നിലവിലുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുകയും ചെയ്താല്‍ ഭാരതത്തില്‍ നിന്നും അഴിമതിയും 2023 അവസാനത്തോടെ അപ്രത്യക്ഷമായിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. കാരണം നാം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വന്‍കിട കോര്‍പറേറ്റ് അഴിമതിക്കാരെയെല്ലാം ഭാരതത്തില്‍ നിന്നും ഓടിച്ചുകളഞ്ഞതല്ലേ? വിജയമല്യ, നീരവ് മോഡി, മെഹുല്‍ ചോക്സി തുടങ്ങിയവരെ എല്ലാം വിദേശ രാജ്യങ്ങളില്‍ സുഖവാസത്തില്‍ കഴിയാനായി നാം അനുവദിച്ചിരിക്കുകയുമാണല്ലോ. ഇതു മാത്രമോ, അഴിമതിപ്പണമായി ഈ ‘രാജ്യദ്രോഹികള്‍’ സമ്പാദിച്ച കോടികള്‍ മോറീഷ്യസ്, കേയ്‌മാന്‍ അയര്‍ലന്‍ഡ്സ് തുടങ്ങിയ സുരക്ഷിത താവളങ്ങളിലെത്തിച്ചുകഴിഞ്ഞിട്ടുമുണ്ട്. ഇത്രയൊക്കെയാണെങ്കിലും നമ്മുടെ ജിഡിപി പുതുവര്‍ഷത്തിലും രണ്ടക്കത്തിലെത്താന്‍ മോഡിയും നിതി അയോഗും പെടാപ്പാടുപെടുകയാണ്. സ്വയം സമാധാനിക്കാന്‍ ജിഡിപി വളര്‍ച്ചാനിരക്ക് 9.99 ശതമാനം വരെ ആയിട്ടുണ്ടെന്ന് ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്യാം. പിന്നിട്ട ഒരു ദശകക്കാലത്തിനിടയിലെ പണപ്പെരുപ്പവും വരുമാനവും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ കഴിയാതെ ഭാരതീയരില്‍ വലിയൊരു വിഭാഗം നട്ടംതിരിയുന്ന സ്ഥിതിയിലും 2023ല്‍ ഭാരതം എങ്ങനെ ഒരു ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി എന്നതാണ് ഇന്നും ഒരു മില്യന്‍ ഡോളര്‍ ചോദ്യമായി ജനമനസുകളില്‍ അവശേഷിക്കുന്നത്. ഈ അവസരത്തില്‍ ഇതാ നരേന്ദ്രമോഡി സര്‍ക്കാര്‍ അലംഭാവത്തിന് വിട നല്കിക്കൊണ്ട് മല്യ, നീരവ് മോഡി, ചോക്സി പ്രഭൃതികളെ വിദേശ രാജ്യങ്ങളില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ഭാരതത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ശക്തമായൊരു ടീമിനെ അവിടങ്ങളിലേക്കയച്ചിരിക്കുന്നതായ വാര്‍ത്ത വരുന്നു. നല്ലകാര്യം.
ഭാരത് എന്ന ഇന്ത്യ മറ്റൊരു നടപടിയിലൂടെയും ചരിത്രത്തില്‍ സ്വന്തമായൊരു സ്ഥാനം നേടിയിട്ടുണ്ട്. ഇതാണെങ്കിലോ നിയമനിര്‍മ്മാണ മേഖലയിലുമാണ്. 19-ാം നൂറ്റാണ്ടില്‍ രൂപം നല്കപ്പെട്ടതും ബ്രിട്ടീഷ് കോളനിവാഴ്ച നിലവിലിരുന്ന കാലഘട്ടത്തിലുടനീളം അതേപടി നടപ്പാക്കുകയും ചെയ്തുവന്നിരുന്ന മൂന്ന് ക്രിമിനല്‍ നിയമസംഹിതകള്‍ക്കാണ് കര്‍ക്കശമായ ഭേദഗതികളോടെയും കൂടുതല്‍ ശക്തമായ പരിപാലന വ്യവസ്ഥകളോടെയും മോഡി സര്‍ക്കാര്‍ നയത്തിന്റെ പിന്‍ബലം നല്‍കിയിരിക്കുന്നത്. മാത്രമല്ല, തദ്ദേശീയരായ ക്രിമിനല്‍ കുറ്റവാളികള്‍ക്ക് ശക്തമായൊരു ഓര്‍മ്മപ്പെടുത്തലും മുന്നറിയിപ്പും കൂടിയാവട്ടെ എന്നുകരുതിയിട്ടായിരിക്കാം ഈ പുതുക്കിയ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്കപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ, ഒരു പുതിയ ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് ബില്‍ കൂടി നിയമമാകാന്‍ പോകുന്നു. ജനങ്ങള്‍ എന്തു കാണണമെന്ന് നിര്‍ണയിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്ന് വ്യക്തമാണല്ലോ. കൂടാതെ ഒരു പുതിയ ടെലികോം ബില്ലും വരുന്നു; ഭാരതീയര്‍ പരസ്പരം എന്ത് സംസാരിക്കുന്നു എന്ന് നിര്‍ണയിക്കുക ഈ നിയമം വഴിയായിരിക്കാം. മൂന്നാമത്തേത് ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ആണ്. ഭാരതത്തിലെ പാവം ജനങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ ഗതിവിഗതികളെപ്പറ്റിയും ഭരണകൂടത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും പറ്റിയും ഏതെല്ലാം കണക്കുകളാണ് പരസ്പരം കൈമാറുക എന്നും ഭരണകൂടത്തിന് കൃത്യമായി അറിയാന്‍ ഈ നിയമം സഹായകമാകും. ഇത്തരം സംവിധാനങ്ങളെല്ലാം ശരിപ്പെടുന്നതോടെ ഓരോ സാധാരണ ഭാരതീയന്റെയും ജീവനും സ്വത്തും പൂര്‍ണമായും സുരക്ഷിതമാവുകയും ചെയ്യും. ആനന്ദലബ്ധിക്കിനി എന്തുവേണം? അങ്ങനെ 2023 എന്ന കാല്പനികവും വൈവിധ്യമാര്‍ന്നതുമായ ഒരുവര്‍ഷക്കാലയളവിനുശേഷം അമൃത്‌കാല്‍ എന്ന കാലഘട്ടത്തിനാണല്ലോ തുടക്കമിട്ടിരിക്കുന്നത്. പുതുവര്‍ഷവും സംഭവബഹുലമായിരിക്കാനാണ് സാധ്യത. ഇതില്‍ ചിലതെങ്കിലും വ്യാജമായിരിക്കാം. എന്നാല്‍, മുകളില്‍ ചേര്‍ത്തിരിക്കുന്ന ഖണ്ഡികകളിലെ വിവരങ്ങള്‍ ഒന്നുംതന്നെ ഒരുതരത്തിലും ദേശീയ ഐക്യത്തിനോ അഖണ്ഡതയ്ക്കോ സുസ്ഥിരതയ്ക്കോ പരമാധികാരത്തിനോ നയതന്ത്രബന്ധങ്ങള്‍ക്കോ ദേശീയ‑വിദേശീയ തല സൗഹൃദത്തിനോ ഭീഷണിയാവില്ലെന്ന് ഉറപ്പാക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും വസ്തുതയുടെ പേരില്‍ ലേഖകനെതിരായി രാജ്യദ്രോഹക്കുറ്റം ആരോപിച്ചോ യുഎപിഎ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലോ പിഎംഎല്‍എ വകുപ്പുകളോ മറ്റും ചുമത്തിയും സിബിഐ, ഐഡി, എന്‍ഐഎ തുടങ്ങിയ കേന്ദ്രാന്വേഷണ ഏജന്‍സികളെ തുടരന്വേഷണം ഏല്‍പ്പിച്ചും വോട്ടുബാങ്ക് രാഷ്ട്രീയം കൊഴുപ്പിക്കാമെന്ന് സ്വപ്നം കാണേണ്ടതില്ല എന്നര്‍ത്ഥം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.