13 November 2024, Wednesday
KSFE Galaxy Chits Banner 2

ബ്രോഡ്കാസ്റ്റിങ് ബില്‍ 2023; സെന്‍സര്‍ഷിപ്പിന്റെ മാഗ്നാകാര്‍ട്ട

പ്രത്യേക ലേഖകന്‍
January 30, 2024 4:30 am

രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളുടെയും വായമൂടിക്കെട്ടാനുള്ള മാഗ്നാകാര്‍ട്ടയുടെ അണിയൊരുക്കങ്ങളും പൂര്‍ത്തിയാകുന്നു. ദി ബ്രോഡ്കാസ്റ്റിങ് സര്‍വീസ് (റെഗുലേഷന്‍) ബില്‍ 2023 നടപ്പായാല്‍ മാധ്യമങ്ങളുടെ മേല്‍ സമ്പൂര്‍ണ സെന്‍സര്‍ഷിപ്പായിരിക്കും അനന്തരഫലം. സര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകരായ രാജ്യത്തെ പ്രിന്റ്, ഡിജിറ്റല്‍ സമൂഹമാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കുന്നതിനായി മോഡി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ബ്രോഡ്കാസ്റ്റിങ് ബില്‍. 2023ലെ ടെലി കമ്മ്യൂണിക്കേഷന്‍ ആക്ട്, 2023ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് എന്നിവയാണ് ഈ പരമ്പരയിലുള്ള രണ്ട് നിയമങ്ങള്‍. ഇവയില്‍ ഡാറ്റാ സുരക്ഷാ നിയമം കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പാസാക്കി. ടെലി കമ്മ്യൂണിക്കേഷന്‍ ബില്‍ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തെ പുറത്താക്കിക്കൊണ്ട് പാസാക്കിയെടുക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടിട്ടുണ്ട്. നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബ്രോഡ്കാസ്റ്റിങ് ബില്ലും നിയമമാക്കി മാറ്റാനാണ് മോഡി സര്‍ക്കാരിന്റെ നീക്കം. വ്യക്തി സ്വകാര്യതയെ ഹനിക്കുന്നുവെന്ന ആരോപണത്തില്‍ മദ്രാസ്, ബോംബെ ഹൈക്കോടതികള്‍ സ്റ്റേ ചെയ്തിരിക്കുന്ന 2021ലെ ഐടി റൂള്‍സിന്റെ ആവശ്യം പുതിയ ബില്‍ കൂടി നിലവില്‍ വരുന്നതോടെ ഇല്ലാതാകും. രാജ്യത്തെ വിനോദ, വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ബ്രോഡ്‌കാസ്റ്റിങ് ബിൽ ഭരണകൂടത്തിന് അമിതമായ അധികാരങ്ങൾ നൽകുന്നു. മാധ്യമസ്ഥാപനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിക്കോ, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ മുന്നറിയിപ്പുകള്‍ പോലും കൂടാതെ സ്വന്തം നിലയില്‍ പരിശോധനകള്‍ നടത്താനും ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും വരെയുള്ള അധികാരം ബ്രോഡ്കാസ്റ്റിങ് ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളെയും ഉപയോഗിച്ച് വിമര്‍ശകരായ മാധ്യമങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നയത്തിന് കൂടുതല്‍ ശക്തി വര്‍ധിപ്പിക്കുന്നതായിരിക്കും പുതിയ ബില്‍.


ഇതുകൂടി വായിക്കൂ:  മാധ്യമനിയന്ത്രണത്തിന് ബിജെപിയുടെ പുതിയ തന്ത്രം


സെന്‍സര്‍ ബോര്‍ഡ് ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന കണ്ടന്റ് ഇവാലുവേഷന്‍ കമ്മിറ്റി(സിഇസി)ക്ക് വാര്‍ത്താ ഉള്ളടക്കങ്ങളുടെ മേല്‍ പരമാധികാരം ലഭിക്കുന്ന വിധത്തിലാണ് പുതിയ ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഇതോടെ അപ്രത്യക്ഷമാകും. 2021 ഐടി ആക്ടില്‍ വ്യവസ്ഥ ചെയ്തിരുന്ന ത്രിതലസംവിധാനം വഴി മാധ്യമമേഖലയെ നിയന്ത്രിക്കാനുള്ള വിവാദ ശുപാര്‍ശയാണ് മറ്റൊരു വിധത്തില്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2023 നവംബര്‍ 10ന് കരട് ബില്ലില്‍ അഭിപ്രായവും നിര്‍ദേശവും സമര്‍പ്പിക്കാന്‍ പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബര്‍ ഒമ്പത് വരെയാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ 72 പേജുള്ള കരട് ബില്ലിലെ ഒമ്പത് പേജുകള്‍ 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) ആക്ടിന്റെ ഭാഗമാണ്. പുതിയ ബില്‍ വരുന്നതോടെ മൂന്ന് പതിറ്റാണ്ടോളമായി നിലവിലുണ്ടായിരുന്ന കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ആക്ട് ഇല്ലാതാകും. സാറ്റലൈറ്റ് വഴിയുള്ള അപ് ലിങ്ക്-ഡൗണ്‍ ലിങ്ക് വ്യവസ്ഥകള്‍ മാത്രമായിരുന്നു ഇതുവരെ ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ ഇന്റര്‍നെറ്റ് വഴിയുള്ള യൂട്യൂബ് സംപ്രേഷണവും പരിധിയില്‍ വരുംവിധമാണ് കരട് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഒടിടി, ഡിജിറ്റല്‍ ന്യൂസ് സംവിധാനവും സര്‍ക്കാര്‍ നിരീക്ഷണത്തിലായി മാറും. ഒടിടി വഴിയുള്ള ശബ്ദ‑വീഡിയോ ഓണ്‍ലൈന്‍ വാര്‍ത്തകളും അനുബന്ധ പരിപാടികളും ബില്ലിന്റെ പരിധിയിലാകും. സ്വതന്ത്രമായ വാര്‍ത്തകള്‍, അഭിപ്രായങ്ങള്‍, വിശദീകരണം എന്നിവ നിരീക്ഷിക്കപ്പെടും. ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ പരിപാടികള്‍, സീരിയല്‍, ഡോക്യുമെന്ററികള്‍, അല്ലാതെയുള്ള വിനോദ‑വിജ്ഞാന പരിപാടികള്‍ എന്നിവയും സെന്‍സര്‍ഷിപ്പിന് വിധേയമാകും. ‘വാർത്തകളും സമകാലിക പരിപാടികളും’ എന്നതിന്റെ നിർവചനം ഉൾപ്പെടെ കരട് ബില്ലില്‍ അവ്യക്തമായ പദങ്ങളുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ(എന്‍ഡബ്ല്യുഎംഐ) ഐടി മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിഗത യൂട്യൂബർമാരും പ്രൊഫഷണൽ ജേണലിസ്റ്റുകളുടെയും സിറ്റിസൺ ജേണലിസ്റ്റുകളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ വരെയും ഇതോടെ നിയന്ത്രണത്തിലാകും.


ഇതുകൂടി വായിക്കൂ:  മോഡിയുടെ മന്‍കി ബാത് കേള്‍ക്കാന്‍ ആളില്ല


ബ്രോഡ്കാസ്റ്റിങ് ബില്ലിൽ ഒരു പ്രോഗ്രാം കോഡും ഒരു പരസ്യ കോഡും പരാമർശിക്കുന്നുണ്ട്. എന്നാല്‍ ഇവ ഇനിയും വെളിച്ചം കണ്ടിട്ടില്ല. സർക്കാർ നിർദിഷ്ട കോഡുകളുടെ ഒരു രൂപരേഖ പ്രസിദ്ധീകരിക്കുകയും ആ കോഡുകളെക്കുറിച്ചും അഭിപ്രായം തേടുകയും ചെയ്യുന്നില്ലെങ്കിൽ ബില്ലിനെക്കുറിച്ചുള്ള ഏതൊരു പൊതു കൂടിയാലോചനയും അർത്ഥശൂന്യമായി മാറും. വാർത്തകൾക്കും വിനോദ സ്ഥാപനങ്ങൾക്കും യുക്തിരഹിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അടിസ്ഥാനപരമായ തലത്തിൽ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെറിയ സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളെ തകര്‍ക്കുകയും ചെയ്യും. വാർത്തകളെക്കുറിച്ച് മാത്രമല്ല വാർത്താ സ്ഥാപനങ്ങളെക്കുറിച്ചും വിനോദ പരിപാടികളുടെ സ്വഭാവത്തെക്കുറിച്ചും ധാരണയില്ലാതെയാണ് ബില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് മാധ്യമ സംഘടനകള്‍ പറയുന്നു. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം എല്ലാ പ്രക്ഷേപകരും പ്രക്ഷേപണ ശൃംഖലകളും ചേർന്ന് രൂപീകരിക്കേണ്ട അവലോകന സമിതികള്‍ സ്വയം സർട്ടിഫിക്കേഷൻ എന്ന സംവിധാനമായാണ് ബിൽ പ്രതിപാദിക്കുന്നത്. എന്നാല്‍ സ്വയം സർട്ടിഫിക്കേഷൻ എന്ന പദം സമിതിയുടെ പ്രവര്‍ത്തനരീതിയുമായി യോജിക്കുന്നില്ല. സിഇസികള്‍ രൂപീകരിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റിന് പ്രധാന പങ്ക് ബില്‍ നൽകുന്നു. അംഗങ്ങളുടെ എണ്ണം ഉള്‍പ്പെടെ നിര്‍ദേശിക്കുന്നത് കേന്ദ്രസര്‍ക്കാരായിരിക്കും. കൂടാതെ ഇതിന് മുകളില്‍ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് വാര്‍ത്താസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി എഡിറ്റോറിയൽ സമിതികള്‍ പ്രത്യേകം രൂപീകരിക്കാനും ഭരണകൂടത്തെ അനുവദിക്കുന്നുണ്ട്. വാർത്താ-വിനോദ മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ബ്രോഡ്കാസ്റ്റ് അഡ്വൈസറി കൗൺസിലായിരിക്കും സെന്‍സര്‍ഷിപ്പിന്റെ പരമാധികാരി. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന ചെയര്‍മാനും അഞ്ചംഗങ്ങള്‍ക്കും പുറമെ അഞ്ച് മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതായിരിക്കും കൗണ്‍സില്‍. കൗണ്‍സിലിന് കീഴില്‍ പ്രത്യേകം അവലോകന കമ്മിറ്റികള്‍ രൂപീകരിച്ചായിരിക്കും മാധ്യമസ്ഥാപനങ്ങളുടെ മേലുള്ള നിരീക്ഷണം.


ഇതുകൂടി വായിക്കൂ:  പുതിയ ടെലികോം ബില്‍: സ്വകാര്യതയെ ഹനിക്കും


രാജ്യത്തെ മുഴുവന്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മാധ്യമങ്ങളെയും സെന്‍സര്‍ഷിപ്പ് പരിധിക്കുള്ളില്‍ കൊണ്ടുവരുന്ന നിര്‍ദിഷ്ട ബില്‍ മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഹീനമായ മുഖമാണ് വെളിവാക്കുന്നതെന്ന് ഡിജിറ്റല്‍ അവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ആരോപിക്കുന്നു. യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിലാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു. എതിര്‍ക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനും, സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുമുള്ള ഗൂഢനീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് അടക്കമുള്ള മാധ്യമസംഘടനകളും ചൂണ്ടിക്കാട്ടുന്നുണ്ട്. അമിതമായി നിയന്ത്രിക്കുകയെന്ന മോഡി സര്‍ക്കാരിന്റെ ആഗ്രഹം മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ആരോഗ്യകരവും സ്വതന്ത്രവുമായ ഒരു മാധ്യമസംസ്കാരത്തിനോ അഭിവൃദ്ധി പ്രാപിക്കുന്ന വിനോദ സംസ്കാരത്തിനോ ഗുണം ചെയ്യുന്നതായിരിക്കില്ല. ഇത് തീര്‍ച്ചയായും ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സൃഷ്ടിപരമായ സ്വാതന്ത്ര്യം എന്നിവയ്ക്കുമേല്‍ പുതിയ വെല്ലുവിളിയായി മാറും.

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.