രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ് എന്നത് നിർബന്ധമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് വീണ്ടും കത്തയച്ചിരിക്കുകയാണ്. പ്രീ പ്രൈമറിതലത്തിൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ എജ്യൂക്കേഷൻ കോഴ്സ് പ്രത്യേകമായി രൂപകല്പന ചെയ്തു നടപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്നു കാണിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ നിര്‍ദേശം നല്കിയിരുന്നെങ്കിലും കേരളമുള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ കാലാവധി നീട്ടിവാങ്ങുകയായിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് മാനദണ്ഡം കഴിഞ്ഞവർഷം മുതൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ പരിശോധന നടത്തിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂകയുള്ളു എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേവലം സാങ്കേതികമായ തടസമല്ല, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ളത്. പുതിയനയം മുന്നോട്ടുവയ്ക്കുന്ന വിഭ്യാഭ്യാസരംഗത്തെ കമ്പോളവല്‍ക്കരണം സാമൂഹികസാംസ്കാരിക രംഗത്തുണ്ടാക്കാവുന്ന അപചയം വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, കണ്‍കറന്റ് പട്ടികയില്‍പ്പെടുന്ന വിദ്യാഭ്യാസരംഗത്തെ സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്ന് ഏകമാനമായ പാഠ്യപ്രക്രിയ വഴി കേന്ദ്രം ലക്ഷ്യമിടുന്ന ഹിന്ദുത്വവല്‍ക്കരണവും കരുതിയിരിക്കേണ്ടതുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഭാവിയുടെ ആവശ്യങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃക്രമീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ഒരു വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം നേരത്തെ കാഠിന്യത്തിന്റേതായിരുന്നുവെന്നും എൻഇപി അതിനെ വഴക്കമുള്ളതാക്കി ഭാവി ആവശ്യങ്ങൾക്ക് വേണ്ടി പുനഃക്രമീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്താണ് നിലവിലെ കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്ന ‘ഭാവി ആവശ്യം’ എന്ന് പരിശോധിക്കപ്പെടണം. ശാസ്ത്രപഠനവും ചരിത്രപഠനവും സ്വതന്ത്രഗവേഷണവുമെല്ലാം തടയപ്പെടുന്ന സ്ഥിതിയിലേക്കാണ് ദേശീയ നയം അതിവേഗം രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ബഹുവിഷയ പഠനസമീപനം എന്ന പേരിൽ കേവലം തൊഴിൽ നൈപുണി പരിശീലനശാലകളാക്കി സ്കൂളുകളെയും കോളജുകളെയും മാറ്റിത്തീർക്കാനുള്ള നിർദേശങ്ങൾ എൻഇപി മുന്നോട്ടുവയ്ക്കുന്നു. അറിവും ചിന്താശേഷിയുമുള്ള മനുഷ്യരല്ല, തൊഴിൽ കമ്പോളത്തിലെ ആധുനിക യന്ത്രങ്ങൾ ചലിപ്പിക്കാനാവശ്യമായ നൈപുണികൾ നേടിയ വേലക്കാർ മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സൃഷ്ടിക്കപ്പെടുക.
സംസ്ഥാന സർക്കാരുകളുടെ അഭിപ്രായമാരായുകയോ പാർലമെന്റിൽ ചർച്ച ചെയ്യുകയോ ചെയ്യാതെ സ്വതസിദ്ധമായ ജനാധിപത്യവിരുദ്ധ മാർഗത്തിലൂടെയാണ് പുതിയ വിദ്യാഭ്യാസ നയവും അടിച്ചേൽപ്പിക്കാന്‍ ശ്രമിക്കുന്നത്. സാമൂഹ്യനീതിയെയും സ്വാതന്ത്ര്യ സമരചരിത്രത്തെയും നിരാകരിച്ചും സംവരണത്തെ അട്ടിമറിച്ചും ബ്രാഹ്മണിക്ക് മേധാവിത്വമുള്ള പഴയ കാലത്തേക്ക് ഇന്ത്യൻ വിദ്യാഭ്യാസത്തെ തിരികെ നടത്തുന്നു. പട്ടികജാതി-പട്ടികവർഗ മറ്റ് പിന്നാക്ക മേഖലകളിൽ ഇന്ന് നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ കാരണംപോലും പുതിയനയം അന്വേഷിക്കുന്നില്ല എന്നത് സാമൂഹ്യനീതിയുടെ നിഷേധത്തെ ഉറപ്പിക്കുകയാണ്. രാജ്യത്തെ അഞ്ചു കോടിയിലേറെ കുട്ടികൾക്ക് അടിസ്ഥാന സാക്ഷരതയില്ല, സംഖ്യാബോധമില്ല എന്ന് കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയരേഖ തന്നെ സമ്മതിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഓര്‍ക്കണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓപ്പൺ സ്കൂളിങ് (എൻഇഒഎസ്) എന്ന നിര്‍ദേശം ഏറ്റവും അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം നല്കുന്നതിനായി കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുകയും വികസിപ്പിക്കുകയുമല്ല ഇതിന്റെ ഉദേശ്യം. ഒരു വിദ്യാർത്ഥിപോലും സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസ ശ്രേണിയിൽനിന്നും ഒഴിഞ്ഞുപോകരുതെന്ന നിർബന്ധം ഇല്ലാത്തതുകൊണ്ടാണ് ഈ നിർദേശമുണ്ടായത് എന്ന് വ്യക്തമാണ്. സ്കൂൾ വിദ്യാഭ്യാസത്തിനു ബദലായി ഇത്തരത്തിലൊരു സംവിധാനം പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത് ആശാസ്യമല്ല. വിദ്യാലയങ്ങളില്‍ എത്താനാകാത്തവർക്ക് വിദൂരവിദ്യാഭ്യാസ രൂപത്തില്‍ ക്ലാസ് ലഭ്യമാക്കുന്നത് ഒറ്റനോട്ടത്തില്‍ നല്ലതാണെന്ന് തോന്നാം. പക്ഷേ കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്താതിരിക്കുന്നതിന്റെ കാരണം കണ്ടെത്തി ഇല്ലാതാക്കുന്നതിൽ നിന്നും പിൻവലിയുകയെന്ന ലക്ഷ്യമാണ് ഈ സംവിധാനം. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടിന്റെ സമ്പൂര്‍ ണ നിരാകരണമാണിത്.
കരിക്കുലവും ബോധനരീതിയും നിർണയിക്കുന്നതിൽ യാതൊരു സ്ഥാനവും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗൺസിലുകൾക്ക് നൽകിയിട്ടില്ല. കുട്ടികളുടെ കഴിവുകൾ വിലയിരുത്തി അതിനൊത്ത നിലയിൽ പാഠ്യപദ്ധതിയും പഠനരീതിയും തയ്യാറാക്കുന്നതിന് എൻസിആർടിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന തലത്തിലെ ഗവേഷണ സ്ഥാപനങ്ങൾ കേവലം എൻസിഇആർടി നിർദേശങ്ങൾക്ക് അനുസരിച്ച് പുസ്തകങ്ങൾ അച്ചടിച്ചുകൊടുക്കുന്ന സ്ഥാപനങ്ങള്‍ മാത്രമാകും. വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതമാവുകയില്ലെന്ന് മാത്രമല്ല, ഉള്‍ച്ചേര്‍ക്കല്‍ എന്ന അടിസ്ഥാന ദൗത്യം തന്നെ നിരസിക്കപ്പെടുകയാണ്. സിലബസ് തയ്യാറാക്കുന്നതിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സമൂഹത്തെയും ഉള്‍പ്പെടുത്തിയുള്ള നവീന പദ്ധതിക്ക് കേരള വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ മാസങ്ങളില്‍ തുടക്കമിട്ട വിപ്ലവകരമായ മാറ്റങ്ങളെയെല്ലാം തിരസ്കരിക്കുന്നത് വിദ്യാഭ്യാസത്തിലെ വികാസമല്ല,സങ്കോചമാണ്.
യഥാര്‍ത്ഥത്തില്‍ ഒരു രാജ്യത്തെ വിദ്യാഭ്യാസ നയം ശ്രദ്ധ ചെലുത്തേണ്ടത് നിലവില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യുക എന്നതാണ്. എന്നാല്‍ നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സേവനമേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന നയം വ്യക്തമാക്കുന്നതാണ് എന്‍ഇപിയും. ജിഡിപിയുടെ ആറ് ശതമാനവും മൊത്തം ബജറ്റിന്റെ 10 ശതമാനവും വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കണം എന്ന കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ കാലങ്ങളായി മുന്നോട്ടുവയ്ക്കുന്ന സമര മുദ്രാവാക്യമാണ്. 1991ന് ശേഷം വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവയ്ക്കുന്ന ബജറ്റ് തുക കുറയുകയാണ്. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിന് എടുക്കുന്ന ബാങ്ക് വായ്പയും അതിന്റെ പലിശയും ഉള്‍പ്പെടെ സര്‍ക്കാരിന്റെ ചെലവായി അവതരിപ്പിച്ചുള്ള തട്ടിപ്പും നടക്കുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റും ഭിന്നമല്ല.
2022–23ലെ ബജറ്റിനെക്കാൾ നാമമാത്രമായ വർധനവാണ് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഇത്തവണയുണ്ടായത്. 68,804.85 കോടി രൂപയാണ് വകയിരുത്തിയത്. 2022–23ൽ 63,449.37 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ബജറ്റ് റിവൈസ് ചെയ്തപ്പോൾ അത് 59,052.78 കോടിയായി ചുരുങ്ങുകയും ചെയ്തു. പ്രീ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തും എന്ന് പറയുന്ന കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ സമഗ്ര ശിക്ഷയ്ക്ക് 37,353.36 കോടി രൂപയും ഈ വർഷം 37,453.47 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതിക്ക് കഴിഞ്ഞ തവണ 10233.75 കോടി നീക്കിവയ്ക്കുകയും ബജറ്റ് പുതുക്കിയപ്പോള്‍ 12,800 കോടി രൂപയായി വർധിക്കുകയും ചെയ്തിരുന്നു. ഉച്ചഭക്ഷണത്തിനുള്ള തുകയും ഇത്തവണ 11,600 കോടിയായി പരിമിതപ്പെടുത്തുകയാണ് ചെയ്തത്.
തകർക്കപ്പെടുന്ന ഫെഡറലിസത്തിന്റെ നേര്‍ച്ചിത്രവും മോഡി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിൽ കാണാം. നേരത്തെ സംസ്ഥാന ലിസ്റ്റിലായിരുന്ന വിദ്യാഭ്യാസം ഇപ്പോൾ സമാവർത്തി പട്ടികയിലാണ്. ദേശീയ വിദ്യാഭ്യാസ നയമാകട്ടെ അത് കേന്ദ്ര പട്ടികയിലെന്നതുപോലെയാണ് പരിഗണിച്ചിരിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പരാമർശിക്കുന്ന നയം വിദ്യാഭ്യാസ പ്രക്രിയയിൽ സംസ്ഥാനങ്ങൾക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും അധ്യാപകരക്ഷാകർതൃ സമിതികൾക്കും ഒരു പരിഗണനയും നല്കുന്നില്ല.
ചില ജില്ലകളെ ടാർഗറ്റഡ് ലിസ്റ്റിൽപ്പെടുത്തി അവിടങ്ങളെ കേന്ദ്ര ഏജൻസികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കുകയെന്ന വികല കാഴ്ചപ്പാടും ഇതിനകത്തുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള കുതിച്ചുചാട്ടം വികേന്ദ്രീകൃത ആസൂത്രണ വിജയത്തിന്റെ സാക്ഷ്യപത്രമാണ്. ജില്ലാതലങ്ങളില്‍ കേന്ദ്രം നിർവഹണ ഉദ്യോഗസ്ഥരെ നിയമിക്കുകയും പ്രവർത്തനങ്ങളെല്ലാം കേന്ദ്രത്തിന്റെ കീഴിലാക്കുകയും ചെയ്യുന്നത് ഫെഡറലിസം എന്ന ഇന്ത്യയുടെ അടിസ്ഥാനമൂല്യത്തെ തന്നെ പരിഹസിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.