2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെ തന്റെ മണ്ഡലമായ ന്യൂഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെടുത്തിയപ്പോൾ, ഒരു സാധാരണക്കാരന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഔന്നത്യം കീഴടക്കിയതിന്റെ ആഹ്ലാദവുമായി അനുയായികൾ തെരുവിലിറങ്ങി. കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി വെെകാതെ ഡൽഹി രാഷ്ട്രീയത്തില്‍ പ്രധാനശക്തിയായി മാറി. ഒരു ദശാബ്ദത്തിനുള്ളിൽ, 2022ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് കൂടി അതിന്റെ അധികാരം വ്യാപിപ്പിച്ചു. അങ്ങനെ രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ഏക പ്രാദേശിക പാർട്ടിയായി. ഗോവ, അസം, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളിലെ വേരോട്ടവും ആം ആദ്മി പാർട്ടിയെ ബിജെപി-കോൺഗ്രസിതര രാഷ്ട്രീയ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അതിന്റെ നേതാവിന്റെ പ്രതിച്ഛായ ഉയർത്തുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ചിൽ കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത് പാർട്ടിയുടെ മോശം സമയത്തായിരുന്നില്ല. എങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് തങ്ങളുടെ നേതാവിനെ ജയിൽ മോചിതനാക്കാനുള്ള ശ്രമത്തിലായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശരാശരിയിലും താഴെ മാത്രം പ്രകടനം നടത്തിയ പാര്‍ട്ടി. ഒരു ദശാബ്ദക്കാലം ഡൽഹി നിയമസഭയിൽ ആധിപത്യം പുലർത്തിയിട്ടും, തലസ്ഥാനത്ത് എല്ലാ പാർലമെന്റ് സീറ്റുകളും തുടർച്ചയായി മൂന്നാം തവണയും ബിജെപി നേടുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു. ഈ നഷ്ടം ദേശീയപാര്‍ട്ടിയെന്ന എഎപിയുടെയും ദേശീയ നേതാവെന്ന നിലയില്‍ കെജ്‌രിവാളിന്റെയും വിശ്വാസ്യത ഇല്ലാതാക്കി. പഞ്ചാബിലെ അവസ്ഥയും പ്രതീക്ഷിച്ച പോലെയായില്ല, കോൺഗ്രസ് ഏഴ് സീറ്റുകള്‍ നേടിയപ്പോള്‍ മൂന്ന് സീറ്റുകൾ മാത്രമാണ് എഎപിക്ക് നേടാനായത്. പാർട്ടിയുടെ വോട്ട് വിഹിതം 26 ശതമാനമായി കുറഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടും 92 സീറ്റുകളും ഉണ്ടായിരുന്നു. അസം, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് അക്കൗണ്ട് തുറക്കാനായില്ല.
‘ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എഎപിയുടെ പ്രകടനവും കെജ്‌രിവാളിന്റെ ജയില്‍വാസവും പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമായതാണ്. അതിന്റെ വിപുലീകരണ പദ്ധതികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം’ വികസ്വര സമൂഹങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ലോക്‌നീതിയുടെ കോ-ഡയറക്ടറായ പ്രൊഫ. സജ്ജൻ കുമാർ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് ഈ സാഹചര്യം കടുത്ത രാഷ്ട്രീയ വെല്ലുവിളി ഉയർത്തും. ഇഡി കേസിൽ ഡൽഹി കോടതി ജൂൺ 21ന് ജാമ്യം അനുവദിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം ഹൈക്കോടതി അത് തടഞ്ഞു. സുപ്രീം കോടതിയിൽ നിന്ന് ജാമ്യം തേടിയപ്പോൾ, അതേ കേസിൽ ജൂൺ 26ന് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണങ്ങൾ എഎപിക്ക് ഒരു പുതിയ പോരാട്ടമുഖം തുറന്നിരിക്കുകയാണ്. 2022ലെ മദ്യനയ കുംഭകോണത്തിൽ സിബിഐ കെജ്‌രിവാളിനെ പ്രതിയാക്കി. പൊതുപ്രവർത്തകരുടെ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച ആരോപണങ്ങൾ സിബിഐ അന്വേഷണത്തിലായതിനാല്‍ കെജ്‌രിവാളിനു ചുറ്റുമുള്ള വല ശക്തമാണ്. അതേസമയം കേസിൽ ആരോപിക്കപ്പെടുന്ന പണമിടപാട് ഇഡി അന്വേഷിക്കുന്നുമുണ്ട്.
ദക്ഷിണേന്ത്യയിൽ നിന്നുള്ള ചില നേതാക്കളുമായി ബന്ധപ്പെട്ട് മദ്യ ലോബിക്ക് നേട്ടമുണ്ടാക്കാൻ അബ്കാരിനയം തിരുത്തിയതിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ള മുതിർന്ന എഎപി നേതാക്കളുടെ പങ്ക് സിബിഐ അന്വേഷിക്കുന്നു. ‘സൗത്ത് ഗ്രൂപ്പുമായി’ കൂടിക്കാഴ്ച ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയ കെജ്‌രിവാളിന്റെ അടുത്ത സഹായി വിജയ് നായർക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും അനിശ്ചിതത്വത്തിലാണ്. സഹായികൾ തയ്യാറാക്കിയ റിപ്പോർട്ട്, ലാഭവിഹിതം ആറ് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തുന്ന നയമായി മാറിയെന്ന് സിബിഐ പറയുന്നു.
എഎപി ഒരു നേതാവിനെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന പാർട്ടിയാണ്. 12 വർഷം മുമ്പ് പാര്‍ട്ടി രൂപീകരണത്തിന് സഹായിച്ച മുതിർന്ന നേതാക്കൾ മിക്കവരും കെജ്‌രിവാളുമായി ഭിന്നിച്ച് പാർട്ടി വിട്ടു. കെജ്‌രിവാൾ ജയിലിലായതോടെ 2025ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ പ്രതികൂലാവസ്ഥയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റിലും തോറ്റ് ഇതിനകം ചീത്തപ്പേര് സമ്പാദിച്ചിട്ടുമുണ്ട്. 2013, 15, 20 തെരഞ്ഞെടുപ്പുകൾ പോലെ 25ലെ ഡൽഹി തെരഞ്ഞെടുപ്പിലും വിജയിക്കേണ്ടത് പാർട്ടിക്ക് അനിവാര്യമാണ്. ഡൽഹി മുഖ്യമന്ത്രിയുടെ ജയിൽ മോചനത്തെ ആശ്രയിച്ചിരിക്കും ഫലം. ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം ജയിലിൽ കിടക്കുന്ന കെജ്‌രിവാളല്ലാതെ മറ്റൊരു നേതാവില്ലതാനും.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.